ADVERTISEMENT

കൈവിരലുകൾ തമ്മിൽ കലഹമായി. ചെറുവിരൽ പറഞ്ഞു – ‘കൈകൂപ്പുമ്പോൾ ഞാനാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്; ഞാനാണു കേമൻ’. ഇതു കേട്ട മോതിരവിരൽ പറഞ്ഞു – ‘ഞാനില്ലെങ്കിൽ വിവാഹം പോലും നടക്കില്ല. അതുകൊണ്ടു മിടുക്കൻ ഞാനാണ്’. നടുവിരലും വിട്ടുകൊടുത്തില്ല – ‘ഏറ്റവും നീളമുള്ള ഞാനുള്ളപ്പോൾ നിങ്ങളിങ്ങനെ സംസാരിക്കാൻ പാടില്ല’. ചൂണ്ടുവിരൽ ചോദിച്ചു – ഞാനില്ലെങ്കിൽ നിങ്ങളെങ്ങനെ ഒരാളെ വിമർശിക്കും? 

എല്ലാം കേട്ട തള്ളവിരൽ പറഞ്ഞു – എന്നെക്കൂടാതെ നിങ്ങൾക്കാർക്കും ഒന്നും ചെയ്യാൻ കഴിയില്ല. മാത്രമല്ല, നിങ്ങളില്ലെങ്കിൽ ഞാനിങ്ങനെ വലുപ്പം കാണിച്ചു നിൽക്കുന്നതിലും അർഥമില്ല!

വിശിഷ്ടമാണെന്ന് ഉറപ്പുണ്ടെങ്കിൽ ആ വൈശിഷ്ട്യത്തെക്കുറിച്ചു വിളിച്ചുപറഞ്ഞു നടക്കേണ്ടതില്ല; ആളുകൾ കണ്ടും കേട്ടും തിരിച്ചറിഞ്ഞുകൊള്ളും. കഴമ്പുണ്ടെങ്കിൽ പിന്നെ കഴിവുകളെക്കുറിച്ചു പ്രസംഗിക്കേണ്ട; പ്രവൃത്തികളിലൂടെ അതു വ്യക്തമാകും. ശരാശരിക്കും താഴെ പ്രകടനങ്ങൾ നടത്തുന്നവർക്കാണ് തങ്ങളുടെ ‘അസാധാരണ’ പാടവത്തെക്കുറിച്ചു മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കേണ്ടത്. 

ഉജ്വലപ്രകടനങ്ങളുടെ ഉടമകൾക്കു പ്രചാരണതന്ത്രങ്ങളുടെ ആവശ്യമില്ല. ഓരോരുത്തരും അവരവരുടെ മികവുകളെക്കുറിച്ചു സംസാരിക്കുന്നതിനു പകരം മികവുകൾ അവരെക്കുറിച്ചു സംസാരിച്ചെങ്കിൽ മാത്രമേ, വൈദഗ്ധ്യത്തിനും സാമർഥ്യത്തിനും വിശ്വസനീയത ഉണ്ടാകൂ. 

ചെറുതാകാൻ കഴിയുന്നവർ മാത്രമേ വലുതാകൂ. അല്ലാത്തവരെല്ലാം സ്വന്തം ഈഗോയിൽ തട്ടിവീഴും. സ്വയം പ്രശംസിക്കുന്നവരെ കേൾക്കാൻ ആർക്കാണു താൽപര്യമുണ്ടാകുക?

Content Highlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com