പഞ്ചനക്ഷത്ര ഹോട്ടലില്‍ വാസെയുടെ 100 ദിവസം; ഒപ്പം ദുരൂഹനായിക മീന ജോര്‍ജ്

IND0156B
ശിവസേനാ നേതാവായിരിക്കെ മാധ്യമങ്ങളോടു സംസാരിക്കുന്ന സച്ചിൻ വാസെ (ഫയൽ ചിത്രം)
SHARE

മുംബൈ പൊലീസിലെ ഏറ്റുമുട്ടൽ വിദഗ്ധരിൽ ഒരാളാണ്, അംബാനിക്കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ. കള്ളക്കടത്തു വർധിക്കുകയും അധോലോകം സജീവമാകുകയും ചെയ്ത കാലത്താണ് ക്രൈംബ്രാഞ്ചിനു കീഴിൽ ഒരുവിഭാഗം പൊലീസുകാരെ ഏറ്റുമുട്ടൽ വിദഗ്ധരായി ഉയർത്തിക്കൊണ്ടുവന്നത്. അവരിൽ പലരും പിന്നീട് അധോലോകത്തെ വെല്ലുന്ന കുറ്റവാളികളായി മാറിയെന്നതാണു ചരിത്രം.

സച്ചിൻ വാസെ 1990ൽ പൊലീസിൽ ചേർന്ന കാലത്ത് പ്രദീപ് ശർമയായിരുന്നു പേരെടുത്ത ഏറ്റുമുട്ടൽവീരൻ. 312 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ഭാഗമായ ശർമയുടെ പാത പിന്തുടരുകയായിരുന്നു വാസെയും. 63 കുറ്റവാളികളെ സച്ചിൻ വാസെയുൾപ്പെട്ട സംഘം വകവരുത്തിയിട്ടുണ്ട്. 83 ഏറ്റുമുട്ടലുകൾ നടത്തിയിട്ടുള്ള ദയാ നായിക്കാണ് മറ്റൊരാൾ. ഇവരിൽ പലരുടെയും ജീവിതം സിനിമയായതോടെ വീരനായകപരിവേഷമായി. പതിയെ കുറ്റകൃത്യങ്ങളിലേക്കു വഴുതി. സ്വന്തം താൽപര്യത്തിനു പുറമേ, രാഷ്ട്രീയ നേതാക്കൾക്കും വൻകിട വ്യവസായികൾക്കുമായി ഇവർ പലവിധ ‘ഓപ്പറേഷ’നുകളുടെയും ഭാഗമായി. അധികാരകേന്ദ്രങ്ങളോടു ചേർന്നുനിന്നു; കോടീശ്വരന്മാരായി.

വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിൽ 2006ലാണ് ദയാ നായിക് അറസ്റ്റിലായത്; വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രദീപ് ശർമ 2010ലും. വൻകിട ഗുഡ്ക വ്യാപാരികളുമായുള്ള ഇടപാടായിരുന്നു വിജയ് സലാസ്കർ എന്ന ഏറ്റുമുട്ടൽ വിദഗ്ധനെതിരായ ആരോപണം. പിന്നീട് 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ രവീന്ദ്ര ആൻഗ്രെ എന്ന ഉദ്യോഗസ്ഥനും പിടിയിലായി.

സസ്പെൻഷൻ കാലത്ത് കമ്പനി ഡയറക്ടർ

കസ്റ്റഡിമരണക്കേസിൽ 2004ൽ സസ്പെൻഷനിലായ സച്ചിൻ വാസെ, രാജി നൽകിയെങ്കിലും കേസ് നടക്കുന്നതിനാൽ സർക്കാർ സ്വീകരിച്ചില്ല. ഇതോടെ, ബിസിനസിലേക്കായി ശ്രദ്ധ. സോഫ്റ്റ്‌വെയർ അടക്കം വിവിധ മേഖലകളിൽ സ്ഥാപനങ്ങൾ തുടങ്ങി. മൂന്നു കമ്പനികളുടെ ഡയറക്ടറായി. രണ്ടു പുസ്തകങ്ങളെഴുതി. അതിലൊന്ന് 26/11 ഭീകരാക്രമണത്തെക്കുറിച്ചാണ്. 2008ൽ ശിവസേനയിൽ ചേർന്ന അദ്ദേഹം, പിറ്റേ വർഷം അംഗത്വം പുതുക്കിയില്ലെങ്കിലും ശിവസേനാബന്ധം തുടർന്നുപോന്നു.

ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ എൻസിപി– ശിവസേന–കോൺഗ്രസ് (മഹാവികാസ് അഘാഡി) സർക്കാർ അധികാരത്തിൽ വന്നശേഷം 2020ലാണ് സച്ചിൻ വാസെയെ തിരികെയെടുത്തത്. മുംബൈ പൊലീസിൽ ഉദ്യോഗസ്ഥരുടെ കുറവു ചൂണ്ടിക്കാട്ടിയായിരുന്നു അത്. തന്ത്രപ്രധാനമായ ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെ ചുമതല വാസെയെ ഏൽപിച്ചതിനു പിന്നാലെ അദ്ദേഹം വാർത്തകളിൽ നിറയാൻ തുടങ്ങി. അർഹരായ പലരെയും മറികടന്ന് അദ്ദേഹത്തെ നിയമിച്ചതിനു പിന്നിൽ ഭരണകക്ഷിക്കോ പൊലീസ് മേധാവികൾക്കോ പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.

ചാനൽ റേറ്റിങ് തട്ടിപ്പുകേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ ഫ്ലാറ്റിൽനിന്നു നാടകീയമായി അറസ്റ്റ് ചെയ്തത് വാസെയുടെ നേതൃത്വത്തിലാണ്. ആഡംബര കാർ ഡിസൈനർ ദിലീപ് ഛബ്രിയയെ സാമ്പത്തിക തട്ടിപ്പുകേസിലും പിടികൂടി. ഋത്വിക് റോഷൻ - കങ്കണ റനൗട്ട് മാനനഷ്ടക്കേസ് ഇപ്പോൾ അന്വേഷിക്കുന്നതും വാസെയാണ്. ഇങ്ങനെ ദേശീയശ്രദ്ധ നേടിയ ഒട്ടേറെ കേസുകളുമായി സച്ചിൻ വാസെ പൊലീസിലെ താരമായി നിൽക്കുന്ന വേളയിലാണ് അംബാനിക്കുടുംബത്തിനു ബോംബ് ഭീഷണിയുയർത്തിയ കേസിൽ അറസ്റ്റിലായിരിക്കുന്നത്.

waze-s-car
വാസെ ഉപയോഗിച്ചിരുന്ന ആഡംബരക്കാറുകൾ എൻഐഎ കസ്റ്റഡിയിലെടുത്തപ്പോൾ.

കുറ്റകൃത്യം എന്തിന്?

അംബാനിയുടെ വസതിക്കു സമീപം സച്ചിൻ വാസെയുടെ നേതൃത്വത്തിൽ സ്ഫോടകവസ്തുക്കളുമായി വാഹനം ഉപേക്ഷിച്ചത് എന്തിനാണെന്ന്  എൻഐഎ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇങ്ങനെയൊരു കേസ് ഉണ്ടാക്കിയ ശേഷം അതു സ്വയം തെളിയിച്ചു പ്രശസ്തി വർധിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഒരു വാദം. മുകേഷ് അംബാനിയുടെ ജീവനു ഭീഷണിയുണ്ടെന്നു വരുത്തിത്തീർത്ത് പണം തട്ടാനായിരുന്നു പദ്ധതിയെന്നു മറ്റൊരു കഥ. ക്രൈംബ്രാഞ്ചും എടിഎസും എൻഐഎയും അന്വേഷണത്തിനെത്തിയിട്ടും ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരമായിട്ടില്ല.

കേസിൽ, സച്ചിൻ വാസെയ്ക്കു പുറമേ അറസ്റ്റിലായ കോൺസ്റ്റബിൾ വിനായക് ഷിൻഡെ, ബുധനാഴ്ച എൻഐഎ ചോദ്യം ചെയ്ത ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമ എന്നിവരെല്ലാം ഈയിടെ മുംബൈ പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്നു നീക്കപ്പെട്ട പരംബീർ സിങ്ങിന്റെ ശിഷ്യരാണ്. യോഗ്യരായ പലരെയും തഴഞ്ഞ് സച്ചിൻ വാസെയെ ക്രൈം ഇന്റലിജൻസ് യൂണിറ്റ് മേധാവിയായി നിയമിച്ചത് സിങ് നേരിട്ടാണ്. അതിനാൽ, പരംബീർ സിങ്ങിനെക്കുറിച്ചുള്ള അടക്കംപറച്ചിലുകളും ഇടനാഴികളിലുണ്ട്.

പാളിയ ആസൂത്രണം

സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയായ മൻസുക് ഹിരണിനെക്കൊണ്ടു കുറ്റം സമ്മതിപ്പിച്ച് എളുപ്പം കേസ് തെളിയിക്കാനാണ് വാസെ ആലോചിച്ചിരുന്നതത്രെ! ഇരുവരും പരിചയക്കാരാണ്. ഗൂഢാലോചനയിൽ പങ്കാളിയായ ഹിരണിനോട് കുറ്റം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വാസെ, പിന്നീട് രക്ഷിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. അതിനു വിസമ്മതിച്ചതിനു പിന്നാലെയാണ് ഹിരൺ കൊല്ലപ്പെടുന്നത്.  വാസെയുടെ സംഘാംഗങ്ങൾ ഫെബ്രുവരി 4നു രാത്രി അദ്ദേഹത്തെ വിളിച്ചുവരുത്തി വാഹനത്തിൽ കയറ്റി ക്ലോറോഫോം മണപ്പിച്ചു ബോധരഹിതനാക്കിയ ശേഷം കടലിൽ തള്ളുകയായിരുന്നു എന്നാണ് എൻഐഎ നൽകുന്ന സൂചന. മൃതദേഹം കണ്ടെത്തിയതോടെ കേസന്വേഷണം വാസെ ഉൾപ്പെടുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽനിന്ന് എടിഎസിലേക്ക് (തീവ്രവാദവിരുദ്ധ സേന) പോയി. പിന്നീടാണ് എൻഐഎയുടെ വരവും അറസ്റ്റും.

pradeep-daya
പ്രദീപ് ശർമ, ദയാ നായിക്

അടുത്ത വഴിത്തിരിവ്

വാസെ അറസ്റ്റിലായതിനു പിന്നാലെ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിനെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് സ്ഥലംമാറ്റി. കുറ്റകൃത്യം തടയുന്നതിൽ പരാജയപ്പെട്ടതിനുള്ള ശിക്ഷയാണിതെന്ന് ദേശ്മുഖ് പരസ്യമായി പറഞ്ഞു. രോഷാകുലനായ പരംബീർ ആഭ്യന്തരമന്ത്രിക്കെതിരെ വലിയ അഴിമതിയാരോപണത്തിന്റെ ബോംബിട്ടു. അതിന്റെ പ്രകമ്പനത്തിൽ സർക്കാർ തന്നെ വിറച്ചു. ബാറുകളിലും ഹോട്ടലുകളിലും നിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചുനൽകാൻ സച്ചിൻ വാസെ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോട് മന്ത്രി നേരിട്ട് ആവശ്യപ്പെട്ടെന്നാണ് പരംബീറിന്റെ ആരോപണം. ഇതെക്കുറിച്ച് ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ദേശ്മുഖിന് രാജിയല്ലാതെ വഴിയില്ലെന്നായി.

അതിനു പിന്നാലെ, സച്ചിൻ വാസെ അടുത്ത ബോംബിട്ടിരിക്കുന്നു. ശിവസേന നേതാവും ഗതാഗത മന്ത്രിയുമായ അനിൽ പരബ് 50 കോടി രൂപയും അനിൽ ദേശ്മുഖ് 2 കോടി രൂപയും പിരിച്ചുനൽകാൻ ആവശ്യപ്പെട്ടെന്നാണ് പുതിയ ആരോപണം. മുറുക്കാൻ ഉൽപന്നങ്ങളുടെ അനധികൃത കച്ചവടത്തിനു സഹായിക്കണമെന്നും വിൽപനക്കാരിൽ നിന്നു 100 കോടി രൂപ പിരിച്ചുനൽകാമെന്നും അറിയിച്ച് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അടുപ്പക്കാരൻ സമീപിച്ചിരുന്നതായും എൻഐഎ കോടതിയിൽ നൽകിയ കത്തിൽ സച്ചിൻ വാസെ അവകാശപ്പെടുന്നു. വരുംദിവസങ്ങളിൽ കൂടുതൽ മന്ത്രിമാരുടെ രാജിയുണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. വിവാദങ്ങൾ മഹാ വികാസ് അഘാഡി സർക്കാരിനെ വലിയ തലവേദനകളിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

‘ഡോൺ’ വാസെ ആഡംബരക്കാറുകൾ

അസിസ്റ്റന്റ് ഇൻസ്പെക്ടറായ സച്ചിൻ വാസെ ഉപയോഗിച്ചിരുന്ന 6 ആഡംബരക്കാറുകൾ ഉൾപ്പെടെ 8 കാറുകളാണ് ഇതുവരെ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുള്ളത് – മിത്‌സുബിഷി ഒൗട്ട്ലാൻഡർ, മെഴ്സിഡീസ് ബെൻസ് ജിഎൽസി, മെഴ്സിഡീസ് ബെൻസ് എംഎൽ ക്ലാസ്, ടൊയോട്ട ലാൻഡ് ക്രൂസർ പ്രാഡോ, ഒൗഡി, വോൾവോ കമ്പനികളുടെ ഓരോ കാറുകൾ എന്നിവയ്ക്കു പുറമേ, ഇന്നോവയും സ്കോർപിയോയും.

ചില വാഹനങ്ങൾ സ്വന്തം പേരിലും മറ്റുള്ളവ ബെനാമി േപരിലുമാണ്. ചിലതു സുഹൃത്തുക്കളുടേതാണ്. ഇതിനു പുറമേയാണ് ബെനലി 6000 സൂപ്പർബൈക്ക് പിടിച്ചെടുത്തിരിക്കുന്നത്. വാസെയുടെ അടുപ്പക്കാരി മീന ജോർജിന്റെ പേരിലുള്ളതാണ് ഇൗ ബൈക്ക് എന്നാണു സൂചന.

ദുരൂഹനായിക,  മീന

വാസെയുടെ കാമുകി, ബിസിനസ് പങ്കാളി എന്നിങ്ങനെ പല വിശേഷണങ്ങളുമുള്ള മീന ജോർജിന് പേരുകൊണ്ടു മലയാളിത്തമുണ്ടെങ്കിലും ഏതു നാട്ടുകാരിയാണെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടില്ല. ദക്ഷിണ മുംൈബയിൽ വാസെ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ ഇവർ പതിവായി വന്നുപോയിരുന്നു. വാസെയുടെ കാറിൽ ഇരുവരും ഹോട്ടലിൽനിന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. വാസെയുടെ കള്ളപ്പണം െവളുപ്പിച്ചിരുന്നതിൽ ഒരാളാണ് ഇവരെന്നും പറയപ്പെടുന്നു. പിടിച്ചെടുത്ത ബെൻസ് കാറിൽനിന്നു കണ്ടെത്തിയ നോട്ടെണ്ണൽ യന്ത്രം മീനയുടേതാണെന്നാണ് വിവരം.

പഞ്ചനക്ഷത്ര ഹോട്ടലിൽ 100 ദിവസം 

ദക്ഷിണ മുംൈബ മറൈൻ ഡ്രൈവിലെ ‍‍ട്രൈഡന്റ് ഹോട്ടലിൽ സച്ചിൻ വാസെ 100 ദിവസം താമസിച്ചതിന്റെ രേഖകളാണ് എൻഐഎ കണ്ടെടുത്തത്. ഇൗ നക്ഷത്രഹോട്ടൽ കേന്ദ്രീകരിച്ചാണ് അദ്ദേഹം പണപ്പിരിവ് ഇടപാടുകൾ നടത്തിയിരുന്നതത്രെ. മറ്റൊരു പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. 100 ദിവസത്തെ താമസത്തിനുള്ള 12 ലക്ഷം രൂപയുടെ ബിൽ മുംബൈയിലെ ജ്വല്ലറിയുടമയാണ് അടച്ചത്. താനുൾപ്പെട്ട കേസിൽ വാസെ സഹായിച്ചതിനുള്ള പ്രത്യുപകാരമായി തുക അടച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA