ADVERTISEMENT

ഓരോ തിരഞ്ഞെടുപ്പും മറക്കാനാകാത്ത ഓരോ അനുഭവമാണ്. പതിനൊന്നോ പന്ത്രണ്ടോ തിരഞ്ഞെടുപ്പുകൾക്കു ജോലി ചെയ്തിട്ടുണ്ട്. ജോലിക്കു ചേർന്ന കാലത്തു പെട്ടിയാണ്. മൂന്നാറിലെ വട്ടവടയിലായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. വട്ടവടയിലെ പച്ചക്കറി ഗോഡൗണായിരുന്നു ബൂത്ത്. പുലർച്ചെ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ നടത്തി ജോലി തുടങ്ങി. വെളിച്ചം ഉദിച്ചപ്പോഴാണ് അറിയുന്നത്, പ്രഭാതകൃത്യങ്ങൾക്കായി ഇരുന്നത് അഗാധമായ ഗർത്തത്തിന്റെ വക്കത്തായിരുന്നു! 

അക്കാലത്തു ഫോമുകളൊക്കെ വെവ്വേറെയാണ്. ദീർഘകാലം പോളിങ് ഉദ്യോഗസ്ഥർ ആവശ്യമുന്നയിച്ചതിന്റെ ഫലമായാണ് എല്ലാ ഫോമുകളും ചേർത്തു പുസ്തകമാക്കിയത്. ഇന്ന് അതു വലിയ സൗകര്യമാണ്. ഇങ്ങനെയുള്ള മാറ്റങ്ങൾ ആവശ്യമാണ്. 

പെട്ടി പോയി വോട്ടിങ് യന്ത്രം വന്നപ്പോൾ ജനങ്ങൾ സ്വീകരിച്ചു. വിവിപാറ്റ് യന്ത്രത്തെ എത്രമാത്രം സ്വീകരിച്ചു എന്നതിൽ ഉറപ്പില്ല. താൻ ചെയ്ത വോട്ടു തന്നെയാണോ പതിഞ്ഞത് എന്നറിയാൻ വളരെക്കുറച്ചു പേർ മാത്രമാണു വിവിപാറ്റിലെ സ്ലിപ്പിലേക്കു നോക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സംബന്ധിച്ചു വിവിപാറ്റ് അനുഗ്രഹമാണ്.

Raman-JPG
പി.രാമൻ (ലേഖകൻ)

ഓരോ വോട്ടും പൂർത്തിയാക്കാൻ അൽപസമയം പിടിക്കും. അത്രയും സമയം വോട്ടർ അവിടെ നിൽക്കുകയാണ്. അതുകൊണ്ടു വോട്ടുകൾ ടാലിയായില്ല, മെഷീനിൽ വോട്ടു പതിഞ്ഞില്ല തുടങ്ങിയ പരാതികളില്ല. മുൻപ്, ചിലപ്പോൾ തിരക്കിനിടെ ഒന്നോ രണ്ടോ വോട്ടുകൾ ചെയ്യാതെ പോകുന്ന പതിവുണ്ടായിരുന്നു. അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കൂടിയാണ് വിവിപാറ്റ്. പുതിയ ആപ്പുകൾ ഉൾപ്പെടെ വേറെയും പല പരിഷ്കാരങ്ങളും വന്നുകൊണ്ടിരിക്കുന്നു. 

ഈ പുത്തൻ സൗകര്യങ്ങൾ തിരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ അധ്വാനഭാരം കുറയ്ക്കേണ്ടതാണ്. നിർഭാഗ്യവശാൽ അതുണ്ടാവുന്നില്ല. മറിച്ച് ഭാരം കൂടുകയാണ്. പണ്ടു പെട്ടി ചുമന്നു, ഇപ്പോൾ യന്ത്രങ്ങൾ ചുമക്കുന്നു. മറ്റൊരു പ്രശ്നം ഓരോ കലക്‌ഷൻ സെന്ററിലും ഓരോ രീതിയാണ് എന്നതാണ്. ചിലയിടത്തു പ്രിസൈഡിങ് ഓഫിസേഴ്സ് ഡയറി 2 കോപ്പി വേണം. ചിലയിടത്തു 3 കോപ്പി വേണം. ഇതിലൊന്നും ഏകരൂപം വന്നിട്ടില്ല. ഓരോ തിരഞ്ഞെടുപ്പിലും രീതികൾ മാറുന്നുണ്ട്. മാറ്റമുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കണം. അത് എല്ലായിടത്തും ഒരുപോലെയാവുകയും വേണം. 

തിരഞ്ഞെടുപ്പിനു തലേന്നു സാധനങ്ങൾ ഏറ്റുവാങ്ങുന്ന സമയത്തു പടക്കളത്തിൽ നിൽക്കുന്ന പ്രതീതിയാണ്. ഇത്തവണ ആലത്തൂരിലെ കലക്‌ഷൻ സെന്ററിൽ പൊരിവെയിലത്താണ് ഉദ്യോഗസ്ഥർ ക്യൂ നിന്നിരുന്നത്. ഞാൻ നേരത്തേ എത്തിയതുകൊണ്ട് 8 മണിക്കു ക്യൂ നിന്നു 10 മണിയോടെ സാധനം കൈപ്പറ്റി. പക്ഷേ, 12 മണിക്കും പൊരിവെയിലിൽ ക്യൂ നീണ്ടു. മനുഷ്യന്റെ വ്യക്തിപരമായ കാര്യങ്ങളൊന്നും പ്രശ്നമല്ല എന്നു വ്യവസ്ഥിതി നമ്മളോടു പറഞ്ഞുകൊണ്ടിരിക്കുന്ന പരിപാടി കൂടിയാണു തിരഞ്ഞെടുപ്പ്. തമിഴ്നാട് അടക്കം മറ്റു പല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥർ നേരെ ബൂത്തിലെത്തുന്നു. തിരഞ്ഞെടുപ്പു സാധനങ്ങൾ അവിടെ എത്തിക്കും. വോട്ടിങ് കഴിഞ്ഞാൽ രാത്രി എട്ടര, ഒൻപതു മണിയോടെ അവ തിരിച്ചെടുക്കാനും ഉദ്യോഗസ്ഥർ വരുന്നു. 

കേരളത്തിലും തിരഞ്ഞെടുപ്പുരീതികൾ ഇങ്ങനെ മാറ്റാൻ ശ്രമിക്കാത്തതിനു കാരണമെന്താവും? ഓരോ തിരഞ്ഞെടുപ്പും വലിയ തോതിൽ പണം മറിയുന്ന പരിപാടി കൂടിയായതു കൊണ്ടാവുമോ? ഇത്തവണ കോവി‍ഡുമായി ബന്ധപ്പെട്ട് സാനിറ്റൈസർ, പിപിഇ കിറ്റ് തുടങ്ങി ഒട്ടേറെ സാധനങ്ങളുണ്ടായിരുന്നു. അതെല്ലാം പോളിങ് ഉദ്യോഗസ്ഥർ ചുമന്ന് ബൂത്തുകളിലേക്കു കൊണ്ടുപോയി. അതിൽ കാൽഭാഗത്തോളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ബാക്കി കലക്‌ഷൻ സെന്ററിൽ തിരിച്ചേൽപിക്കുന്നു. ഇവ പിന്നീട് എന്തു ചെയ്യുന്നുവെന്ന് അറിയില്ല. ഓരോ ബൂത്തിലേക്കും ആവശ്യത്തിനുള്ള സാനിറ്റൈസറും മറ്റും ആരോഗ്യവകുപ്പ് അധികൃതർ നേരിട്ടെത്തിച്ചിരുന്നെങ്കിൽ എത്ര സൗകര്യമായേനെ! പാഴ്ച്ചെലവും ഒഴിവാക്കാമായിരുന്നു. 

സാധാരണ ബൂത്തിലെത്തിയാൽ പോളിങ് ഉദ്യോഗസ്ഥർക്ക് അർധരാത്രി വരെ ചെയ്യാനുള്ള കടലാസുപണികളുണ്ട്. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പു സാമഗ്രികൾക്കൊപ്പം ബൂത്തിന്റെ ചുമരിൽ പതിക്കാൻ പത്തിരുപത്തഞ്ചു നോട്ടിസുകൾ തന്നു. അതിനു പുറമേ, സെക്ടറൽ ഓഫിസർ ഓരോ സമയത്തും നാലും അഞ്ചും നോട്ടിസുകൾ പുതുതായി തന്നു. അതിൽ ഹരിതചട്ടം മുതൽ കള്ളവോട്ടു വരെയുള്ള കാര്യങ്ങളുണ്ട്. സത്യത്തിൽ, അത്യാവശ്യം വേണ്ട നോട്ടിസുകളേ പതിപ്പിക്കേണ്ടതുള്ളൂ. പക്ഷേ, ഇത്തവണ ഒട്ടേറെ നോട്ടിസുകൾ പതിപ്പിക്കാൻ കിട്ടി. ആകെ മൂന്നോ നാലോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണുള്ളത്. അവർക്കു ചെയ്യാൻ ഒരുപാടു കടലാസുപണികളുണ്ട്. അതിനു പുറമേയാണു നോട്ടിസുകൾ. ഫലത്തിൽ, നോട്ടിസുകളിൽ കാൽഭാഗം മാത്രമേ പതിക്കുന്നുള്ളൂ. പിന്നെ എന്തിനാണ് ഇവ അച്ചടിച്ചു പണം പാഴാക്കുന്നത്? 

രാഷ്ട്രീയ പാർട്ടികൾ പണം ചെലവാക്കുന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ നിയന്ത്രിക്കുന്നുണ്ട്. പക്ഷേ, തിരഞ്ഞെടുപ്പു നടത്താൻ ഒരുപാടു പണം ചെലവാക്കുന്ന അവസ്ഥയാണ്. അതൊക്കെ മാറിയേ തീരൂ എന്നാണ് ഇത്രയും നാളത്തെ തിരഞ്ഞെടുപ്പ് അനുഭവം പഠിപ്പിക്കുന്നത്. 

(കവിയും അധ്യാപകനുമാണ് ലേഖകൻ)

Content Highlight: Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com