ADVERTISEMENT

ബ്രിട്ടിഷ് – കനേഡിയൻ എഴുത്തുകാരനായ പോൾ അബ്ദുൽ വദൂദ് സതർലൻഡിനെ പരിചയപ്പെടുന്നത് 2014ൽ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ നടന്ന പത്താമത് രാജ്യാന്തര ഇസ്‌ലാമിക് മാനുസ്ക്രിപ്റ്റ് അസോസിയേഷൻ സമ്മേളനത്തിനിടെയാണ്.

കാനഡയിലെ ഒന്റാറിയോയിൽ ജനിച്ച്, സ്കൂൾ കാലം തൊട്ട് നാടോടിയെപ്പോലെ അലഞ്ഞ പോൾ, തന്റെ 26–ാം വയസ്സിലാണ് ബ്രിട്ടനിലേക്കു കുടിയേറുന്നത്. സൈപ്രസിലെ സൂഫി ഗുരുവുമായുള്ള ആദ്യ കൂടിക്കാഴ്ചയും കാലിഗ്രഫിയെ പ്രണയിക്കുന്ന അഫീഫ സതർലൻഡ് ജീവിതത്തിലേക്കു കടന്നുവരുന്നതും തിരുനബി ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ ഗുരുമുഖത്തുനിന്ന് കേട്ടനുഭവിച്ചതുമെല്ലാമടങ്ങിയ ജീവിതം പറച്ചിൽ.

ആത്മീയഗുരുവിന്റെ സന്നിധിയിൽ വച്ച് പ്രവാചകനെക്കുറിച്ചെഴുതാനുള്ള ഒരു പ്രതിജ്ഞയുണ്ടായിരുന്നു. Poems on the life of the Prophet Muhammed എന്ന പേരിൽ അതു പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിൽ കൂടിയായിരുന്നു അദ്ദേഹം. ആ വർഷം വിശുദ്ധ റമസാൻ 30 ദിവസവും തുടർന്നുള്ള 10 ദിവസവും ഒരു തപസ്സുപോലെ ഇരുന്നാണ് പ്രവാചക ശ്രേഷ്ഠർക്കുള്ള ആ കവിതാഞ്ജലി പൂർത്തിയാക്കിയതെന്ന് തിളങ്ങുന്ന കണ്ണുകളോടെ പോൾ അബ്ദുൽ വദൂദ് സതർലൻഡ് പറഞ്ഞു.

എന്തുകൊണ്ട് റമസാൻ എന്നതിനു കൃത്യമായ മറുപടിയുണ്ടായിരുന്നു അദ്ദേഹത്തിന്. മക്കയിലെ ഊഷരമായ മരുഭൂമിയിൽ, ജബലുന്നൂർ പർവതത്തിലെ ഹിറാ ഗുഹയിൽ പ്രവാചകനു ദിവ്യവെളിപാടെത്തിയതു വിശുദ്ധ റമസാനിലാണ്. വായിക്കുകയെന്ന ആഹ്വാനത്തോടെ തുടങ്ങുന്ന പുണ്യവചനങ്ങൾ സംസ്‌കാരങ്ങളെ തഴുകിത്തലോടി, എഴുത്തിന്റെയും വായനയുടെയും മഹത്വം ഉദ്ഘോഷിക്കുന്ന വെളിപാടുണ്ടായ റമസാനിനെക്കാൾ എന്റെ രചനയ്ക്കു ചേർന്ന സമയമില്ല.

പ്രവാചക തിരുമേനിക്കു സ്രഷ്ടാവ് നൽകിയ ഏറ്റവും വലിയ ആദരവാണ് വിശുദ്ധ ഖുർആൻ. അതുകൊണ്ടുതന്നെ എന്റെ ജീവിതത്തിൽ വെളിച്ചം നിറച്ച പ്രവാചക ശ്രേഷ്ഠർക്കു സമർപ്പിക്കുന്ന ഈ സമ്മാനത്തിന് റമസാൻ തന്നെ യോജ്യം - സന്തോഷക്കണ്ണീർ ഒലിച്ചിറങ്ങുന്ന താടിയിഴകൾ തടവി പോൾ ചിരിച്ചു. അദ്ദേഹം കേരളത്തിൽ വച്ചെഴുതിയ പ്രവാചക പ്രകീർത്തനങ്ങളുടെ ആസ്വാദനം The Burda and Nasheed on a roof top പൂർത്തിയാക്കിയതും മറ്റൊരു റമസാനിലായിരുന്നു.

ലാളിത്യം, സമർപ്പണം

സ്രഷ്ടാവിലേക്കുള്ള സമ്പൂർണ സമർപ്പണവും സൃഷ്ടികളോടുള്ള ഉദാരതയും അതിന്റെ എല്ലാ ഭാവങ്ങളോടെയും പൂത്തുലയുന്ന മാസമാണ് റമസാൻ. ക്ഷമ, കാരുണ്യം, ദയ, സാഹോദര്യം, സഹാനുഭൂതി, സമർപ്പണം, ദാനം, പ്രാർഥന... എല്ലാ സുകൃതങ്ങൾക്കും നൂറിരട്ടി പ്രതിഫലമുണ്ട്. 84 വർഷങ്ങളുടെ പുണ്യം മുഴുവൻ നിറച്ച ലൈലത്തുൽ ഖദ്ർ (നിർണയ രാത്രി) എന്ന സമ്മാനവുമുണ്ട്. നോമ്പിന്റെ വിശുദ്ധിയിൽ കടഞ്ഞെടുത്തവർ റയ്യാൻ എന്ന പ്രത്യേക കവാടത്തിലൂടെയാണ് സ്വർഗത്തിൽ പ്രവേശിക്കുക എന്നും പുണ്യപ്രവാചകൻ അരുൾ ചെയ്തു.

തിരുനബി മക്കയിൽനിന്നു മദീനയിലേക്കു ധർമപലായനം (ഹിജ്‌റ) ചെയ്തതിന്റെ രണ്ടാം വർഷമാണ് റമസാൻ വ്രതം നിർബന്ധമാകുന്നത്. റമസാൻ ദിനം നന്മകളുടെ ഉത്സവമാക്കുന്നതെങ്ങനെ എന്നതിനു മാതൃക, തിരുനബിയുടെ ജീവിതം തന്നെയാണ്. ലളിതമായ ഭക്ഷണവും വെള്ളവും ഈന്തപ്പഴവും ചേർന്ന അത്താഴം. തുടർന്ന് സ്വഹാബാക്കൾക്കൊപ്പം (അനുചരന്മാർ) പ്രഭാതപ്രാർഥന നിർവഹിക്കാൻ പള്ളിയിലേക്ക്. വീട്ടിലെ കാര്യങ്ങളിൽ സഹായിച്ചും നിർബന്ധ നിസ്‌കാരങ്ങൾക്കു നേതൃത്വം നൽകിയും സമൂഹത്തിന്റെ തലവനെന്ന നിലയിലുള്ള ബാധ്യതകൾ നിർവഹിച്ചും തിരക്കുപിടിച്ച പകൽ. ഈന്തപ്പഴം/കാരയ്ക്ക, അല്ലെങ്കിൽ സാധാരണ വെള്ളം ആയിരുന്നു നോമ്പു തുറക്കാൻ ഉപയോഗിച്ചിരുന്നത്. രാത്രിയിലെ നിർബന്ധ നമസ്‌കാരങ്ങൾക്കു പുറമേ, ദീർഘമായ പ്രാർഥനകൾ. സ്വർഗീയ കവാടങ്ങൾ മലർക്കെ തുറന്നിടുകയും നരകകവാടങ്ങൾ കൊട്ടിയടയ്ക്കുകയും പൈശാചിക ചോദനകൾക്കു നിയന്ത്രണമുണ്ടാവുകയും ചെയ്യുന്ന റമസാനിൽ അല്ലാഹു തന്റെ സൃഷ്ടികളോടു കൂടുതൽ അടുക്കുമെന്ന് തിരുനബി അരുൾ ചെയ്തു.

വിശുദ്ധ ഖുർആൻ അവതരിച്ച മാസമെന്ന പ്രത്യേകതയുള്ളതിനാൽ അതിന്റെ പാരായണത്തിന് ഏറെ സമയം നീക്കി വയ്ക്കാറുണ്ടായിരുന്നു. അതുവരെ അവതീർണമായ വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ മുഴുവനായി റമസാനിൽ ജിബ്രീൽ മാലാഖയ്ക്കൊപ്പം പ്രവാചകൻ പാരായണം ചെയ്യാറുണ്ടായിരുന്നു. റമസാനിലെ ഓരോ രാത്രിയിലും ജിബ്രീൽ മാലാഖ അടുത്തെത്തുകയും ഖുർആൻ പരസ്പരം ഓതിക്കേൾപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഒരു പ്രവാചകവചനത്തിൽ കാണാം.

റമസാനിലെ അവസാന പത്തു ദിനങ്ങളിൽ പ്രവാചകൻ കൂടുതൽ സജീവമാകും. പുറത്തിറങ്ങാതെ പള്ളിക്കകത്തു തന്നെ കഴിയും (ഇഅ്തികാഫ്). ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്നതാണ് ഈ ദിനങ്ങൾ.

ഉദാരതയുടെ ഉന്നതി

പ്രവാകശ്രേഷ്ഠർ റമസാനിൽ അങ്ങേയറ്റം ഉദാരശീലനായിരുന്നു. അടിച്ചുവീശുന്ന കാറ്റിനു സമാനമായി വളരെ വേഗമുള്ളതും എല്ലാവരിലേക്കും എത്തുന്നതുമായിരുന്നു നബിയുടെ റമസാനിലെ ഉദാരതയെന്ന് പ്രിയ ശിഷ്യൻ ഇബ്‌നു അബ്ബാസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ധന്യമായ ഈ മാതൃക മുന്നിലുള്ളതു കൊണ്ടാണ് സമൂഹത്തിലെ കഷ്ടപ്പെടുന്നവരെയും വേദനയനുഭവിക്കുന്നവരെയും കൂടുതൽ ശ്രദ്ധിക്കാനുള്ള വിശുദ്ധവേളയായായി റമസാൻ മാറുന്നത്. സൃഷ്ടികളുടെ കഷ്ടപ്പാടുകൾ ലഘൂകരിച്ചു കൊടുക്കുന്നവർക്കൊപ്പം അല്ലാഹുവുണ്ടാകും. മറ്റുള്ളവരുടെ കണ്ണീരൊപ്പിയുള്ള പ്രാർഥനകൾക്കു സ്വീകാര്യത കൂടും.

ഉദാരത സമ്പത്തിന്റെ കാര്യത്തിൽ മാത്രം പോരെന്നും തന്റെ ജീവിതത്തിലൂടെ പ്രവാചകൻ കാണിച്ചു. സ്വഭാവത്തിലും ഇടപെടലുകളിലും മറ്റുള്ളവരോടുള്ള മനോഭാവത്തിലും വരെ ഇതു വേണം. നമുക്ക് അവകാശപ്പെട്ടതാണെങ്കിലും ഒപ്പമുള്ളവർക്കു പ്രഥമ പരിഗണന നൽകുകയെന്നതു മഹത്തരമാണ്. നല്ല വാക്ക് സ്വദഖ (ദാനം) ആണെന്ന് തിരുനബി വചനമുണ്ട്. വ്യക്തികൾക്കും സമൂഹത്തിനുമിടയിലുള്ള പ്രശ്നങ്ങൾക്കു ഗുണകാംക്ഷയോടെ പരിഹാരം കാണുകയെന്നത് വലിയ ധർമമാണ്. ബഹുസ്വര സമൂഹത്തിൽ പെരുമാറ്റത്തിലെ ഉദാരതയ്ക്കു വലിയ പ്രാധാന്യമുണ്ട്. സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ടു തന്നെ എല്ലാ വിഭാഗം ജനങ്ങളുമായും ഇടപഴകാനുള്ള വിശാലതയാണ് കാലം ആവശ്യപ്പെടുന്നത്.

(കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും  മലപ്പുറം മഅ്ദിൻ അക്കാദമി ചെയർമാനുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com