ADVERTISEMENT

പുതിയ കാലത്തിനെ‍ാത്തുള്ള സഞ്ചാരവേഗം തേടുകയാണു കേരളം. സ്ഥലമെടുപ്പ് അടക്കമുള്ള പല കീറാമുട്ടികളും റോഡ് വികസനത്തിനു വിലങ്ങുതടിയാകുമ്പോൾ റെയിൽ പദ്ധതികളിലാണു സംസ്ഥാനത്തിന്റെ പ്രതീക്ഷ. പക്ഷേ, കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനം മുതൽ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളും വേഗ റെയിൽപാതയുമെ‍ാക്കെ പലവിധ അനിശ്ചിതത്വങ്ങളിലാണെന്നതു വേഗച്ചിറകുകൾ സ്വപ്നം കാണുന്ന നവകേരളത്തെ ആശങ്കപ്പെടുത്തുന്നു.

കലൂർ ജവാഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽനിന്നു കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിനു കേന്ദ്ര ബജറ്റിൽ തുക വകയിരുത്തിയപ്പോൾ ഏറെ സന്തോഷത്തോടെയാണു കേരളം അതു സ്വീകരിച്ചത്. എന്നാൽ, പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നത് ആശങ്കാജനകമാണ്. കേന്ദ്ര ബജറ്റിന് 5 മാസം മുൻപുതന്നെ മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണിത്. 11 മാസം മുൻപു പൊതുനിക്ഷേപ ബോർഡിന്റെ അനുമതിയും ലഭിച്ചു. ഇത്രയും മുന്നോട്ടുപോയ പദ്ധതിക്കു മന്ത്രിസഭാ അനുമതി ഇനിയും ലഭിച്ചില്ലെന്നതു വിചിത്രമായിത്തോന്നാം. കൊച്ചി മെട്രോയ്ക്ക് ഇനി വേണ്ടതു രാഷ്ട്രീയ അനുമതിയാണെന്ന ആരോപണത്തെ ഇൗ കാലതാമസം ശരിവയ്ക്കുന്നു.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടായിരിക്കാം പദ്ധതി കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയതെന്നുവേണം കരുതാൻ. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമുള്ളതിനാൽ മന്ത്രിസഭാ അനുമതി നൽകാനാവില്ലെന്ന വാദം അതേപടി അംഗീകരിക്കാനാവില്ല, ബജറ്റിനും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമിടയിൽ ഒരു മാസം സമയം ലഭിച്ചിരുന്നതിനാൽ പ്രത്യേകിച്ചും. കൊച്ചി മെട്രോ എംഡിയായിരുന്ന അൽകേഷ്കുമാർ ശർമയുടെ പുതിയ നിയമനം കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലാണെന്നത് ആശ്വാസം നൽകുന്നു. മന്ത്രിസഭാ യോഗത്തിന്റെ അനുമതി തേടുന്ന ഫയലുകളുടെ ചുമതല അദ്ദേഹത്തിനാണ്. മറ്റാരെക്കാളും മെട്രോയുടെ രണ്ടാംഘട്ട വികസനം അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവും.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ, തുടർ സാമ്പത്തിക ബാധ്യതകളെക്കുറിച്ചു സംസ്ഥാന സർക്കാർ ആലോചിക്കൂ. 20% വിഹിതവും 60% വായ്പയുടെ തിരിച്ചടവും നിർമാണകാലത്തു വരുന്ന അധികച്ചെലവും പൂർണമായും സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ്. പദ്ധതി ടെൻഡറിങ് വൈകുന്തോറും ചെലവേറും. അതിനാൽ എത്രയും വേഗം മെട്രോ രണ്ടാംഘട്ടത്തിന് അനുമതി ലഭിച്ചാലേ നിശ്ചിതസമയത്ത്, ഉദ്ദേശിച്ച ചെലവിൽ മെട്രോ വികസനം പൂർത്തിയാക്കാനാവൂ. ആ അനുമതി വൈകാതെ ലഭിക്കുമെന്നു പ്രതീക്ഷിക്കാം. ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ടവരെ ഓടുന്ന മെട്രോ കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തേണ്ടതു കാലത്തിന്റെ ആവശ്യമാണ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്കു നീട്ടുന്ന കാര്യം അടിയന്തര പരിഗണനയിലുണ്ടാകണം. തൃശൂർ, ആലപ്പുഴ ജില്ലകളിലേക്കും കോട്ടയം വഴി പത്തനംതിട്ട ജില്ലയിലേക്കുമെ‍ാക്കെ കെ‍ാച്ചി മെട്രോ നീട്ടുന്നതിനെക്കുറിച്ചുകൂടി ഇപ്പോഴേ ആലോചിച്ചുതുടങ്ങാം.

കൊച്ചി മെട്രോ രണ്ടാംഘട്ടം പോലെ തന്നെ കേരളം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ പുതുക്കിയ രൂപരേഖ സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം ഫെബ്രുവരിയിൽ കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചതാണ്. രൂപരേഖ തയാറായിട്ട് 2 വർഷത്തോളമായി. തിരുവനന്തപുരത്ത് 4673 കോടിയും കോഴിക്കോട്ട് 2773 കോടി രൂപയുമാണു ചെലവു കണക്കാക്കിയിരിക്കുന്നത്. രൂപരേഖയുടെ അടിസ്ഥാനത്തിൽ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ പരിശോധന ഉടൻ തുടങ്ങും. 2 പദ്ധതികൾക്കുമായി കേന്ദ്രസർക്കാർ വിഹിതമായി 1260 കോടി രൂപ നൽകണമെന്നതിനാൽ കർശനമായ വിലയിരുത്തലുകൾക്കുശേഷമാവും അന്തിമ തീരുമാനം.

രാജ്യത്തെ ഏറെ നഗരങ്ങൾ മെട്രോ റെയിൽ ആവശ്യപ്പെട്ടതിനാൽ കേന്ദ്രസർക്കാർ നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. കേന്ദ്രാനുമതി ലഭിക്കുകയെന്ന വലിയ കടമ്പ കൂടി കടന്നാലേ നമ്മുടെ രണ്ടു വലിയ നഗരങ്ങളിൽ ലൈറ്റ് മെട്രോ എത്തുകയുള്ളൂ. ഈ പദ്ധതികൾ എത്രയുംവേഗം യാഥാർഥ്യമാകാൻ കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടതുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്രയ്ക്കു 4 മണിക്കൂറിൽ താഴെ സമയം മാത്രമെടുക്കുന്ന വേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പ്രായോഗിക ബുദ്ധിമുട്ടുകളും ആശങ്കകളുമെ‍ാക്കെ പരിഹരിച്ച് നവകേരളത്തിലേക്കു വൈകാതെ ഓടിയെത്തുകയും വേണം.

Content Highlights: Kochi Metro second phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com