ADVERTISEMENT

അഫ്ഗാനിൽ നിന്നു യുഎസ് സൈന്യം പിന്മാറുമ്പോൾ, വീണ്ടുമൊരിക്കൽക്കൂടി അവിടെ ‘കയറിക്കളിക്കാൻ’ ഒരുങ്ങുകയാണ് പാക്കിസ്ഥാൻ. ഇതിന് ഇന്ത്യയുടെ വൈരിയായ ചൈനയെയും സുഹൃത്തായ റഷ്യയെയും കൂട്ടുപിടിക്കാനാണു ശ്രമം. നീണ്ട ദശകങ്ങൾക്കുശേഷം ഇതാദ്യമായി പാക്കിസ്ഥാന് ആയുധസഹായം വരെ നൽകാൻ തയാറാവുകയാണ് റഷ്യ. മാറുന്ന ദക്ഷിണേഷ്യൻ ശാക്തിക രാഷ്ട്രീയവും പാക്ക് തന്ത്രങ്ങളും സംബന്ധിച്ച് ദ് വീക്ക് സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ ആർ.പ്രസന്നൻ തയാറാക്കിയ പരമ്പര ഇന്നുമുതൽ

വീണ്ടുമൊരു മാറ്റത്തിന്റെ പടിവാതിലിലാണ് അഫ്ഗാനിസ്ഥാൻ. 1980കളുടെ അന്ത്യത്തിൽ ഒരു ദശകക്കാലത്തെ ഇടപെടലിനു ശേഷം സോവിയറ്റ് സൈന്യം പിന്മാറിയത് ഇന്നും നടുക്കത്തോടെ ഓർക്കുന്ന ഇന്ത്യ, വീണ്ടും ആശങ്കയുടെ മുൾമുനയിലാണ്. അന്നത്തെ സോവിയറ്റ് പിന്മാറ്റത്തോടെ ഉരുത്തിരിഞ്ഞ ശാക്തിക ശൂന്യതയിലേക്ക് താലിബാനെ അഴിച്ചുവിട്ട് അഫ്ഗാൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുകയായിരുന്നു പാക്കിസ്ഥാൻ. ഇന്ത്യയുടെ സുഹൃത്തായിരുന്ന പ്രസിഡന്റ് നജീബുല്ലയെ കാബൂളിലെ യുഎൻ മിഷനു മുന്നിൽ തല്ലിക്കൊന്ന് വിളക്കുകാലിൽ തൂക്കിയിട്ടാണ് താലിബാൻ തങ്ങളുടെ കരാളഭരണത്തിനു തുടക്കം കുറിച്ചത്.

ഇന്നിപ്പോൾ രണ്ടു ദശാബ്ദക്കാലത്തെ രക്തരൂഷിത ഇടപെടലിനുശേഷം അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനൊരുങ്ങുകയാണ് പ്രസിഡന്റ് ജോ ബൈഡൻ. അതോടെ സംജാതമാകാവുന്ന ശാക്തിക ശൂന്യതയിലേക്ക് വീണ്ടും കയറിക്കളിക്കാനൊരുങ്ങുകയാണ് പാക്കിസ്ഥാൻ. അന്ന് നജീബുല്ലയുടേതെന്നപോലെ, ഇന്ത്യയുടെ സുഹൃത്തായ അഷ്റഫ് ഘാനിയുടെ ഭരണകൂടമാണ് ഇന്നിപ്പോൾ കാബൂളിൽ.

സോവിയറ്റ് പിന്മാറ്റക്കാലത്ത് അമേരിക്കയെ കൂട്ടുപിടിച്ചാണ് അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ ശാക്തികകളികൾ കളിച്ചതെങ്കിൽ, ഇന്നിപ്പോൾ ഇന്ത്യയുടെ വൈരിയായ ചൈനയെയും സുഹൃത്തായ റഷ്യയെയുമാണ് കൂട്ടുപിടിക്കാൻ ശ്രമിക്കുന്നത്. നീണ്ട ദശകങ്ങൾക്കുശേഷം ഇതാദ്യമായി പാക്കിസ്ഥാന് ആയുധസഹായം വരെ നൽകാൻ തയാറാകുകയാണ് റഷ്യ. ഇന്ത്യയുമായുള്ള സൗഹൃദത്തിനു മാറ്റമില്ലെന്ന് മോസ്കോ പറയുന്നുണ്ടെങ്കിലും ദക്ഷിണേഷ്യൻ ശാക്തിക രാഷ്ട്രീയം കീഴ്മേൽ മറിയുകയാണെന്നതിന്റെ സൂചനകൾ വന്നുതുടങ്ങിയിട്ടുണ്ട്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന്റെ രണ്ടാഴ്ച മുൻപുള്ള പാക്ക് സന്ദർശനം അതിലൊന്നായിരുന്നു.

മാറുന്ന വൻശക്തി രാഷ്ട്രീയത്തെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ പാക്ക് നയതന്ത്രത്തിന് എന്നും പ്രത്യേക പാടവമുണ്ടായിരുന്നു. ഇന്നും അതു തന്നെയാണു കാണുന്നത്.

1960കളുടെ മധ്യത്തിൽ പാക്ക് ഭരണാധികാരി ഫീൽഡ് മാർഷൽ അയൂബ് ഖാൻ വീമ്പിളക്കുമായിരുന്നു – പരസ്പരം വെല്ലുവിളിച്ചുകൊണ്ടിരുന്ന മുതലാളിത്ത ലോകത്തിനും കമ്യൂണിസ്റ്റ് ലോകത്തിനും പൊതുസുഹൃത്തായി പാക്കിസ്ഥാൻ മാത്രമേയുള്ളൂ.

കുറച്ചു കടന്ന അവകാശവാദമായിരുന്നെങ്കിലും അതിൽ സത്യമുണ്ടായിരുന്നു. അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നു അന്നു പാക്കിസ്ഥാൻ. അതേസമയം, കമ്യൂണിസ്റ്റ് വൻശക്തിയായിരുന്ന സോവിയറ്റ് റഷ്യയുമായല്ലെങ്കിലും, വളർന്നുവരികയായിരുന്ന കമ്യൂണിസ്റ്റ് ചൈനയുടെ സൗഹൃദം പാക്കിസ്ഥാൻ നേടിയെടുത്തിരുന്നു.

അന്ന് എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെയും ശത്രുവായിരുന്നു യുഎസ്. അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോൺ ഫോസ്റ്റർ‌ ഡല്ലസിന്റെ ആശയപ്രകാരം, പടിഞ്ഞാറൻ യൂറോപ്പ് മുതൽ പൂർവേഷ്യ വരെ സോവിയറ്റ് യൂണിയനും ചൈനയ്ക്കും ചുറ്റുമുള്ള രാജ്യങ്ങളുമായി നാറ്റോ, സെന്റോ, സിയാറ്റോ തുടങ്ങിയ സൈനികസഖ്യങ്ങൾ രൂപീകരിച്ച് കമ്യൂണിസ്റ്റ് ലോകത്തെ ചുറ്റിവളഞ്ഞ് ഒതുക്കിനിർത്താൻ ശ്രമിക്കുകയായിരുന്നു അമേരിക്ക. പടിഞ്ഞാറൻ യൂറോപ്പിലേക്കും ദക്ഷിണേഷ്യയിലേക്കും റഷ്യൻ കമ്യൂണിസവും കൊറിയയിലെന്ന പോലെ ദക്ഷിണ പൂർവേഷ്യയിലേക്ക് ചൈനീസ് കമ്യൂണിസവും പടരുന്നതു തടയാനായി ഉയർത്തിയ ഈ മതിൽക്കെട്ടിന്റെ ആണിക്കല്ലായിരുന്നു പാക്കിസ്ഥാൻ.

എന്നാൽ, 1962ൽ ഇന്ത്യൻ അതിർത്തിയിൽ ചൈന ആക്രമണം നടത്തിയതോടെ കടുത്ത കമ്യൂണിസ്റ്റ് വിരോധികളായിരുന്ന പാക്ക് ഭരണകൂടം പുതിയ സ്ഥിതിവിശേഷം മുതലെടുക്കാൻ നീക്കമാരംഭിച്ചു. ദക്ഷിണേഷ്യയിലോ മുസ്‌ലിം രാജ്യങ്ങൾക്കിടയിലോ സുഹ‍ൃത്തുക്കളില്ലാതിരുന്ന ചൈനയുമായി അവർ അടുക്കാൻ തുടങ്ങി.

President R Venkataraman receiving the President of Republic of Afghanistan Dr Najibullah in Rashtrapathi Bhavan
അഫ്ഗാൻ പ്രസിഡന്റായിരിക്കെ ഇന്ത്യയിലെത്തിയ നജീബുല്ലയെ സ്വീകരിക്കുന്ന അന്നത്തെ രാഷ്ട്രപതി ആർ.വെങ്കട്ടരാമൻ. (ഫയൽ ചിത്രം)

കശ്മീരിലെ കുതന്ത്രം

ഇന്ത്യയ്ക്ക് ഇരുട്ടടിപോലെ വന്ന ഒരു നീക്കത്തിലൂടെയാണ് പാക്കിസ്ഥാൻ ചൈനയുമായി ശാക്തികസൗഹൃദം നേടിയെടുത്തത്. അതു നാടകീയമായി അവർ അവതരിപ്പിക്കുകയും ചെയ്തു. 1963ൽ കശ്മീർ പ്രശ്നം ചർച്ചചെയ്യാൻ ഇന്ത്യൻ നയതന്ത്രസംഘം പാക്കിസ്ഥാനിലെത്തിയ ദിവസം പാക്കിസ്ഥാൻ നാടകീയമായൊരു പ്രഖ്യാപനം നടത്തി – 1947–48ലെ യുദ്ധത്തിൽ തങ്ങൾ പിടിച്ചെടുത്ത കശ്മീർ പ്രദേശത്തിന്റെ ഒരു ഭാഗം (1942 ചതുരശ്ര കിലോമീറ്റർ) ചൈനയ്ക്കു സമ്മാനിച്ചതായി!

ചുരുക്കത്തിൽ, ഉഭയകക്ഷി പ്രശ്നമായിരുന്ന കശ്മീർ തർക്കത്തെ അതോടെ ത്രികക്ഷി പ്രശ്നമാക്കി, പാക്കിസ്ഥാൻ. അതോടെ അക്സായ് ചിനിലൂടെ അഫ്ഗാനിസ്ഥാൻ ഉൾപ്പെടുന്ന മധ്യേഷ്യയിലേക്കു ചൈനയ്ക്ക് ‘അക്സസ്’ ലഭിച്ചു.

അതോടെ മറ്റൊന്നുകൂടി പാക്കിസ്ഥാൻ ഉറപ്പാക്കി – തങ്ങൾ കശ്മീർ ആക്രമിച്ചാൽ, കിഴക്കൻ ലഡാക്ക് പ്രദേശത്തിനു മേൽ അവകാശവാദം ഉയർത്തിയിരുന്ന ചൈന, ഇന്ത്യയ്ക്ക് അനുകൂലമായി ഇടപെടില്ല. ആ വിശ്വാസത്തിന്റെയും കമ്യൂണിസ്റ്റ് ലോകത്തിനെതിരെ പ്രയോഗിക്കാനെന്ന പേരിൽ അമേരിക്കയിൽനിന്നു സഹായവിലയ്ക്കു ലഭിച്ച അത്യാധുനിക പാറ്റൺ ടാങ്കുകളുടെയും സാബർജെറ്റ് പോർവിമാനങ്ങളുടെയും ബലത്തിലാണ് 1965ൽ പാക്കിസ്ഥാൻ കശ്മീർ ആക്രമിച്ചത്. അതായത്, ഒരു കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ശാക്തിക പിന്തുണയും കമ്യൂണിസ്റ്റ് രാജ്യങ്ങളോടു പൊരുതാൻ മുതലാളിത്തലോകം നൽകിയ ആയുധങ്ങളും ഉപയോഗിച്ചാണ് പാക്കിസ്ഥാൻ അന്ന് കശ്മീർ ആക്രമിച്ചത്. ശരിക്കും വെട്ടിലായ ഇന്ത്യയ്ക്കു പാശ്ചാത്യ ലോകത്തിന്റെയോ കമ്യൂണിസ്റ്റ് റഷ്യയുടെയോ കാര്യമായ സായുധസഹകരണം അന്നു ലഭിക്കാതെ വന്നു. ഒടുവിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തേക്കു പ്രത്യാക്രമണം അഴിച്ചുവിട്ടാണ് അന്ന് ഇന്ത്യ പാക്ക് സൈന്യത്തെ തടഞ്ഞത്.

ഇന്ത്യയുടെ മറുനീക്കം 

മാറിയ ശാക്തിക രാഷ്ട്രീയമനുസരിച്ച് നയതന്ത്ര മറുനീക്കങ്ങൾ നടത്താൻ അതോടെ ഇന്ത്യയും നിർബന്ധിതമായി. 1962ൽ ചൈനയുമായുണ്ടായ യുദ്ധത്തിനു ശേഷം, മിഗ്–21 വിമാനങ്ങൾ നൽകാൻ തയാറായ സോവിയറ്റ് റഷ്യയോട് ഇതോടെ ഇന്ത്യ കൂടുതൽ അടുക്കാനാരംഭിച്ചു. മാത്രമല്ല, ചൈനയും റഷ്യയും തമ്മിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലും അതിർത്തിത്തർക്കത്തിന്റെ പേരിലും അകലുകയുമായിരുന്നു.

അതോടെ, ഇന്ത്യയ്ക്കു പരിമിതമെങ്കിലും ആധുനിക ആയുധങ്ങൾ നൽകാൻ അന്നു സോവിയറ്റ് റഷ്യ തയാറായി. അന്നു ലഭിച്ച ആദ്യ സൂപ്പർസോണിക് വിമാനങ്ങളായ ഇവയുടെ ഒരു പതിപ്പ് (മിഗ്–ബിസ്) ഇന്നും ഇന്ത്യൻ വ്യോമസേനയുടെ സർവീസിലുണ്ട് (അതിലൊന്നിൽ പറന്നുചെന്നാണ് 2019ൽ അഭിനന്ദൻ വർധമാൻ, അമേരിക്ക പാക്കിസ്ഥാനു നൽകിയ ഒരു അത്യാധുനിക എഫ്–16 വിമാനം തകർത്തിട്ടത്).

modi
ഇന്ത്യാ സന്ദർശനത്തിനെത്തിയ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്റഫ് ഘാനിയെ ഡൽഹി ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു. (2018ലെ ചിത്രം)

യുഎസിനും ചൈനയ്ക്കും മധ്യേ പാക്ക് പാലം! 

പരസ്പരവൈരികളായ തങ്ങളുടെ രണ്ടു ചങ്ങാതിമാരെ (അമേരിക്ക, ചൈന) തമ്മിൽ അടുപ്പിക്കാനായിരുന്നു പാക്കിസ്ഥാന്റെ അടുത്ത ശ്രമം. ഇതിനുള്ള നീക്കങ്ങൾ അതീവ രഹസ്യമായിരുന്നു. 1971ൽ പാക്കിസ്ഥാൻ സന്ദർശനത്തിനായി എത്തിയ അമേരിക്കൻ സുരക്ഷാകാര്യ ഉപദേശകൻ ഹെൻറി കിസിൻജറെ പർവതപ്രദേശത്തെ ഒരു രഹസ്യതാവളത്തിലേക്കു കൊണ്ടുപോയി അവിടെനിന്ന് ആരുമറിയാതെ ചൈനയിലേക്ക് അയച്ചത് പാക്ക് ഭരണാധികാരി യഹ്‌യ ഖാനും വിദേശകാര്യമന്ത്രി സുൽഫിക്കർ ഭൂട്ടോയുമായിരുന്നു. തുടർന്നാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കമ്യൂണിസ്റ്റ് ചൈന സന്ദർശിക്കാൻ താൻ ഉദ്ദേശിക്കുന്നതായി യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൺ പ്രഖ്യാപിച്ചത്. ചുരുക്കത്തിൽ രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോക ശാക്തിക രാഷ്ട്രീയത്തിൽ നടന്ന ആദ്യത്തെ വിപ്ലവകരമായ മാറ്റത്തിനു വഴി‌യൊരുക്കിയത് പാക്ക് നയതന്ത്രമായിരുന്നു.

ഏഷ്യയിൽ തങ്ങൾക്കു വൈരികളില്ലെന്ന സോവിയറ്റ് റഷ്യയുടെ വിശ്വാസം അതോടെ തകർന്നു. പുതുതായി ഉയർ‌ന്ന യുഎസ് – ചൈന – പാക്കിസ്ഥാൻ അച്ചുതണ്ട് റഷ്യൻ നേതൃത്വത്തിൽ അരക്ഷിതബോധം ഉയർത്തി. ഏതായാലും ഇതിൽ നിന്നു നേട്ടമുണ്ടാക്കാൻ ഇന്ത്യയ്ക്കു സാധിച്ചു. പരമ്പരാഗതമായി പിന്തുടർന്നുപോന്നിരുന്ന ചേരിചേരാനയം കൈവിടാതെ തന്നെ സോവിയറ്റ് റഷ്യയുമായി നിലനിന്നിരുന്ന ചങ്ങാത്തം ഒരു ശാക്തികസഖ്യമാക്കി മാസങ്ങൾക്കുള്ളിൽ മാറ്റിയെടുക്കാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു സാധിച്ചു.

1971 ഡിസംബറിലെ ബംഗ്ലദേശ് വിമോചനയുദ്ധത്തിൽ സൈനികമായും നയതന്ത്രപരമായും പൂർണവിജയം നേടാൻ റഷ്യയുമായുള്ള സുരക്ഷാസഖ്യം ഇന്ത്യയ്ക്കു സഹായകമായി. പാക്ക് സൈന്യത്തെ കിഴക്കൻ ബംഗാളിൽനിന്നു രക്ഷപ്പെടുത്താൻ പസിഫിക് സമുദ്രത്തിൽനിന്നു പുറപ്പെട്ട അമേരിക്കൻ നാവികവ്യൂഹത്തെ പിന്തുടരാൻ റഷ്യ മുങ്ങിക്കപ്പലുകൾ അയച്ചു. ഇന്ത്യൻ അതിർത്തിയിൽ പ്രശ്നമുണ്ടാക്കരുതെന്ന് ചൈനയ്ക്കു മുന്നറിയിപ്പു നൽകാനെന്നോണം തങ്ങളുടെ ചൈനാ അതിർത്തിയിലേക്ക് റഷ്യൻ നേതൃത്വം നാൽപതോളം ഡിവിഷൻ സൈന്യത്തെ നീക്കുകയും ചെയ്തു. ചുരുക്കത്തിൽ മൂന്നാമതൊരു ശക്തിയുടെ ഇടപാടില്ലാതെ യുദ്ധം നടത്തി വിജയിക്കാൻ ഇന്ത്യയ്ക്കു റഷ്യ കളമൊരുക്കിത്തന്നു.

പുതിയ അടവുകൾ 

1971ലെ യുദ്ധത്തിൽ തങ്ങളുടെ കിഴക്കൻ പ്രദേശം നഷ്ടപ്പെട്ട പാക്കിസ്ഥാൻ ഒട്ടും താമസിയാതെ പുതിയ ശാക്തിക കളിക്കളം തിരഞ്ഞുപിടിച്ചു. കിഴക്കിലെ ‘ബാധ്യത’ ഒഴിഞ്ഞതോടെ പടിഞ്ഞാറോട്ടായി പാക്കിസ്ഥാന്റെ നോട്ടം. പശ്ചിമേഷ്യയിലെ ഇസ്‍ലാമിക രാജ്യങ്ങളുമായി അതോടെ പാക്കിസ്ഥാൻ കൂട്ടുകൂടിത്തുടങ്ങി. 1970കളിലെ പെട്രോളിയം പ്രതിസന്ധിയിൽ പശ്ചിമേഷ്യൻ അറബ് രാജ്യങ്ങൾ എണ്ണ ഫലപ്രദമായ ഒരായുധമാക്കിയതോടെ അവരുമായുള്ള ചങ്ങാത്തത്തിനായി പാക്കിസ്ഥാന്റെ ശ്രമം. പാക്കിസ്ഥാനിലെ ഭരണമാറ്റവും ഇതു സുഗമമാക്കി. വാക്കാലെങ്കിലും സോഷ്യലിസവും പുരോഗമനാശയങ്ങളും പ്രസംഗിച്ചിരുന്ന സുൽഫിക്കർ ഭൂട്ടോ ഭരണകൂടത്തെ പുറത്താക്കി അധികാരം കയ്യാളിയ പട്ടാളമേധാവി സിയാ ഉൾ ഹഖിന് മതതീവ്രവാദം ഒരു ആഭ്യന്തരനയം മാത്രമല്ല, നയതന്ത്ര കറൻസിയുമായിരുന്നു.

പാക്കിസ്ഥാന്റെ പടിഞ്ഞാറൻ അയൽരാജ്യമായ ഇറാനിൽ ഷിയാ മുസ്‌ലിം ഫണ്ടമെന്റലിസം ഉടലെടുത്തതോടെ ബദലായി മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സുന്നി ഫണ്ടമെന്റലിസവും തലയുയർത്തിത്തുടങ്ങിയ കാലമായിരുന്നു അത്. ഈ രാജ്യങ്ങളുമായി അമേരിക്കയോടൊപ്പം പാക്കിസ്ഥാനും ശാക്തികമായി അടുത്തുതുടങ്ങി.

നാളെ: പാക്കിസ്ഥാന്റെ  അഫ്ഗാൻ കളികൾ

Content Highlights: Politics of Pakistan after US troops withdrawal from Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com