ADVERTISEMENT

രാജ്യം കോവിഡ് രണ്ടാം വ്യാപനത്തിന്റെ പിടിയിൽ ഞെരുങ്ങുമ്പോൾ, ഈയാഴ്ച ബംഗാളിലും യുപിയിലും ലക്ഷങ്ങളാണു വോട്ടു ചെയ്യാൻ വരിനിന്നത്. ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പുകൾ ഒരുമിച്ചാക്കാനും പ്രചാരണം വിലക്കാനും തിരഞ്ഞെടുപ്പു കമ്മിഷൻ വിസമ്മതിച്ചു. 4 ഘട്ടങ്ങളായി നടക്കുന്ന യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ രണ്ടു ഘട്ടങ്ങൾ പൂർത്തിയായി. ഇരു സംസ്ഥാനങ്ങളിലെയും ഡസനിലേറെ നഗരങ്ങൾ കർഫ്യൂവിൽ ആണെങ്കിലും കുംഭമേളയ്ക്കും മറ്റ് ഉത്സവങ്ങൾക്കുമൊപ്പം, ജനാധിപത്യ ഉത്സവത്തിനായും ലക്ഷങ്ങളാണു തെരുവിലേക്ക് ഇറങ്ങുന്നത്.

ഒരുവർഷം മുൻപ് കോവിഡിന്റെ ആദ്യ വ്യാപനസമയത്തു കണ്ട പ്രധാനമന്ത്രിയിൽ നിന്നു വ്യത്യസ്തനാണ് നരേന്ദ്ര മോദി ഇപ്പോൾ. ആദ്യ ഘട്ടത്തിൽ, എല്ലാവരും നിർബന്ധമായും വീടിനുള്ളിൽ കഴിയാനും അകലം പാലിച്ചു വൈറസിനെ തുരത്താനും ആഹ്വാനം ചെയ്ത് കോവിഡ് പ്രതിരോധത്തിൽ മുന്നിൽനിന്ന മോദി, ആഭ്യന്തരമന്ത്രി അമിത് ഷായെയും ആരോഗ്യമന്ത്രി ഹർഷ്‌വർധനെയും അടിയന്തര സാഹചര്യം നേരിടാൻ രംഗത്തിറക്കുകയും ചെയ്തു. കേന്ദ്ര – സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിച്ചുള്ള പ്രവർത്തനങ്ങൾ എല്ലാ സംസ്ഥാനങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തി.

പക്ഷേ, രണ്ടാം വ്യാപനം കനത്തതോടെ സ്ഥിതി മാറി. വിവിധ സംസ്ഥാനങ്ങൾ കടുത്ത വാക്സീൻ ക്ഷാമത്തിലാണ്. എഴുപതിലേറെ രാജ്യങ്ങളിലേക്കു വാക്സീൻ കയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ ‘വാക്സീൻ മൈത്രി’ പദ്ധതിയും തിരിച്ചടിയായി. വാക്സീൻ യോഗ്യതാ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തിറങ്ങി. വ്യാപനം നിയന്ത്രണാതീതമായതോടെ റെംഡിസിവിർ അടക്കമുള്ള മരുന്നുകളുടെ പൂഴ്ത്തിവയ്പും പ്രശ്നമായി. 

അതേസമയം, ഈ ദിവസങ്ങളിലേറെയും ബംഗാളിൽ തിരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിക്കുകയാണു നരേന്ദ്ര മോദിയും അമിത് ഷായും. മന്ത്രിമാരും ഉദ്യോഗസ്ഥരുമായുള്ള കോവിഡ് അവലോകന യോഗങ്ങളുടെ അറിയിപ്പുകൾ വന്നുകൊണ്ടിരുന്നെങ്കിലും ഈ യോഗങ്ങളിലേറെയും നടന്നത് രാത്രി വൈകി പ്രധാനമന്ത്രി ബംഗാളിൽനിന്നു തിരിച്ചെത്തിയ ശേഷമാണ്. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രചാരണ യാത്രകളിൽ സാമൂഹിക അകലം ഉറപ്പാക്കാൻ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും മോദിക്കു ചുറ്റുമുള്ള ജനത്തിരക്കു തടയാൻ അവർക്കു കഴിയാറില്ല. അമിത് ഷായാകട്ടെ, എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും റോഡ് ഷോ നടത്തണമെന്നു നിർബന്ധമുള്ള നേതാവും.

കോവിഡ് പ്രതിസന്ധി നേരിടുന്നതിനു പകരം ബംഗാൾ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ പ്രധാനമന്ത്രിയുടെ സമീപനത്തിനെതിരെ പ്രതിപക്ഷവും ബിജെപി ഇതര മുഖ്യമന്ത്രിമാരും രൂക്ഷവിമർശനം ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ടിവിയിലൂടെ കോവിഡ് പ്രതിരോധ സന്ദേശം തുടർച്ചയായി നൽകിയ നരേന്ദ്ര മോദിയെ ഇത്തവണ ടിവിയിൽ കാണാനില്ല. പകരം കാണുന്നതു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബിജെപി എതിരാളികൾക്കെതിരെയും രൂക്ഷവിമർശനങ്ങൾ ഉയർത്തുന്ന മോദിയെ മാത്രം.

കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രതിപക്ഷത്തിനെതിരെ ആക്രമണവുമായി രംഗത്തുണ്ട്. ബിജെപിയുടെ വിമർശനം പ്രധാനമായും മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ കൂട്ടുകക്ഷി സർക്കാരിനെതിരെയാണ്. വാക്സീൻ വിതരണം, ഓക്സിജൻ ലഭ്യത, മരുന്നുകൾ, ആശുപത്രിക്കിടക്ക എന്നീ വിഷയങ്ങളിൽ കടുത്ത രാഷ്ട്രീയപ്പോരാണു മഹാരാഷ്ട്രയിൽ.

പ്രധാനമന്ത്രി ബഹുമുഖ പ്രതിഭയാണെന്നു ചൂണ്ടിക്കാട്ടിയാണു ബിജെപി നേതാക്കളുടെ പ്രതിരോധം. ആരോഗ്യപരിപാലനം, രാജ്യാന്തര നയതന്ത്രം, വൻകിട പദ്ധതികളുടെ പൂർത്തീകരണം എന്നിവയ്ക്കെല്ലാം പുറമേ, ബിജെപിയുടെ കരുത്തു വർധിപ്പിക്കുക എന്ന രാഷ്ട്രീയ ദൗത്യം കൂടി മോദി ഏറ്റെടുത്തിട്ടുണ്ട്. അപ്പോൾ ഇവയിൽ ഏതിനാണു മുൻഗണന എന്നാണു വിമർശകരുടെ ചോദ്യം. എന്നാൽ, കഴിഞ്ഞ വർഷത്തേതിൽനിന്നു വിഭിന്നമായി ഈ വർഷം കോവിഡ് പ്രതിരോധത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളെല്ലാം സംസ്ഥാന സർക്കാരുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കുമായി പങ്കിട്ടു നൽകിയിട്ടുണ്ടെന്നു ബിജെപി നേതാക്കൾ വാദിക്കുന്നു.

2000ൽ ബിജെപിയുടെ പ്രമുഖ നേതാവ് ഗോവിന്ദാചാര്യ പറഞ്ഞത്, അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയി പാർട്ടിയുടെ മുഖംമൂടിയാണെന്നാണ്; വാജ്പേയിയുടെ യഥാർഥ മുഖം വ്യത്യസ്തമാണെന്നും. ‘മോദി മാസ്ക്കുകൾ’ തിരഞ്ഞെടുപ്പു റാലികളിലെങ്ങും കണ്ടുകൊണ്ടിരിക്കേ, അദ്ദേഹം എപ്പോഴാണു കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന്റെ ശക്തിയും മുഖവും ആയിത്തീരുക എന്ന ചോദ്യമുയരുന്നു. അതോ ഈ മാസം 27വരെ ബംഗാളിലെ ഓരോ ജില്ലയിലും പോയി പ്രചാരണം നടത്തുമെന്ന സ്വയംപ്രഖ്യാപിത ലക്ഷ്യം അദ്ദേഹം പൂർത്തിയാക്കുമോ? എല്ലാറ്റിലുമുപരിയായി, ബിജെപിയുടെ മുദ്രാവാക്യം തന്നെ ‘രാഷ്ട്രം പാർട്ടിക്കു മുകളിലും പാർട്ടി വ്യക്തിക്കു മുകളിലും’ എന്നാണല്ലോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com