ADVERTISEMENT

സിയാ ഉൾ ഹഖിന്റെ നേതൃത്വത്തിലുള്ള പാക്ക് ഭരണകൂടം, പശ്ചിമേഷ്യയിൽ ഉയർന്നുവരികയായിരുന്ന മതമൗലികവാദത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായിത്തന്നെ ഉപയോഗിച്ചു. ചെറിയൊരു ഉദാഹരണം: 1974ൽ ഇന്ത്യ നടത്തിയ അണുപരീക്ഷണം ആണവ ബോംബായി ഉയർത്തിക്കാട്ടി, അതിനെതിരെ ‘പാക്ക് ബോംബ്’ നിർമിക്കുമെന്നാണ് സുൽഫിക്കർ അലി ഭൂട്ടോ ഭീഷണി മുഴക്കിയിരുന്നതെങ്കിൽ, പാക്കിസ്ഥാന്റെ ബോംബ് ‘ഇസ്‌ലാമിക് ബോംബ്’ ആയിരിക്കുമെന്നാണ് സിയാ പ്രഖ്യാപിച്ചത്.

1980കളിൽ പാക്കിസ്ഥാന്റെ പ്രോത്സാഹനത്തിൽ സോവിയറ്റ് അതിർത്തിയിലെ അഫ്ഗാനിസ്ഥാനിലും മതമൗലികവാദം തലയുയർത്തിത്തുടങ്ങി. അഫ്ഗാനിസ്ഥാനിൽനിന്ന് ഇസ്‌ലാമിക ആശയങ്ങൾ തങ്ങളുടെ മധ്യേഷ്യൻ റിപ്പബ്ലിക്കുകളിലേക്കു വ്യാപിക്കുമെന്ന് മോസ്കോയിൽ ആശങ്കയുയർന്നു (19–ാം നൂറ്റാണ്ടു മുതൽ റഷ്യയുടെ ദൗർബല്യമായിരുന്നു അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനെ നിയന്ത്രിക്കാൻ വടക്കുനിന്നു റഷ്യൻ സാമ്രാജ്യവും ഇന്ത്യയിൽനിന്നു ബ്രിട്ടിഷ് സാമ്രാജ്യവും നടത്തിയ ശ്രമങ്ങളെയാണ് ‘ദ് ഗ്രേറ്റ് ഗെയിം’ എന്നു പ്രശസ്ത സാഹിത്യകാരൻ റഡ്യാഡ് കിപ്ലിങ് വിളിച്ചത്).

ഒടുവിൽ 1979ൽ സോവിയറ്റ് സൈന്യം കാബൂളിലെത്തി അവിടത്തെ ഭരണകൂടത്തെ പുറത്താക്കി. ഇസ്‌ലാമിക ലോകത്തേക്കു കമ്യൂണിസ്റ്റ് ശക്തി പടരുന്നതു ഭയന്ന അമേരിക്ക അതിനെതിരെ പോരാടാൻ തയാറായി. ഈ അവസരം ശരിക്കു മുതലാക്കിയ പാക്കിസ്ഥാൻ, ആ പോരാട്ടത്തിലെ മുന്നണിപ്പോരാളിയായി സ്വയം അവരോധിച്ചു. അഫ്ഗാൻ ഗോത്രത്തലവന്മാർക്കു നൽകാൻ അമേരിക്ക അയച്ച ആയുധക്കിറ്റുകളിൽ മതതീവ്രവാദവും കൂടി കുത്തിനിറച്ചാണ് പാക്കിസ്ഥാൻ വിതരണം ചെയ്തത്. യുഎസ് ഡോളർ ഉപയോഗിച്ച് ഡസൻ കണക്കിന് ആയുധനിർമാണശാലകൾ തുറന്ന് ആയിരക്കണക്കിനു കലാഷ്നിക്കോവ് റൈഫിളുകൾ നിർമിച്ച് ഐഎസ്ഐ (പാക്ക് ചാരസംഘടന) വിതരണം ചെയ്തു. ഒപ്പം, സോവിയറ്റ് സൈനിക ഹെലികോപ്റ്ററുകൾ വെടിവച്ചു വീഴ്ത്താൻ നൂറുകണക്കിന് അമേരിക്കൻ നിർമിത സ്റ്റിങ്ങർ മിസൈലുകളും. ഗോത്രത്തലവന്മാർക്കും മുജാഹിദീൻ മുന്നണിപ്പോരാളികൾക്കും ആയുധപരിശീലനവും ഭീകരവാദ സ്റ്റഡി ക്ലാസുകളും നൽകി വളർന്ന ഐഎസ്ഐ, പാക്ക് നയതന്ത്രത്തെ മാത്രമല്ല, ഭരണത്തെ വരെ നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്നായി.

Anti aircraft gun at Batalin
കാർഗിൽ പോരാട്ടകാലത്ത് വിമാനവേധ തോക്കുമായി ഇന്ത്യൻ സൈനികർ.

സോവിയറ്റ് പിന്മാറ്റം, കശ്മീരിൽ കണ്ണ്

ഒരു ദശകക്കാലത്തെ ആഭ്യന്തരയുദ്ധത്തിൽ അഫ്ഗാനിസ്ഥാൻ തകർന്നുവെന്നു മാത്രമല്ല, സോവിയറ്റ് യൂണിയന്റെ സൈനിക – ശാക്തിക വിശ്വാസ്യതയ്ക്കു ക്ഷതമേൽക്കുകയും ചെയ്തു. ഒടുവിൽ ഗത്യന്തരമില്ലാതെ എൺപതുകളുടെ അന്ത്യത്തോടെ സോവിയറ്റ് സൈന്യം പിന്മാറി. ഈ അവസരത്തിൽ അഫ്ഗാനിൽ ഉരുത്തിരിഞ്ഞ ശാക്തിക ശൂന്യതയിൽ അധികാരം കയ്യാളാൻ വിവിധ ഗോത്രമാടമ്പിമാർ ശ്രമിച്ചുതുടങ്ങി. ഇവരിൽ പഠാൻ നേതാവ് ഗുൽബുദീൻ ഹെക്മത്യാറെ പിന്തുണച്ച പാക്കിസ്ഥാൻ, തീവ്രവാദികളായ താലിബാനെ പിന്നാലെ അഴിച്ചുവിടുകയായിരുന്നു.

ഇതിനിടെ സോവിയറ്റ് യൂണിയന്റെ പതനം കൂടി സംഭവിച്ചതോടെ ഇന്ത്യയുടെ ശാക്തിക നയതന്ത്രം അവതാളത്തിലായി; ഒപ്പം സമ്പദ്ഘടനയും. ഈ അവസരം പാക്കിസ്ഥാൻ ശരിക്കു മുതലെടുത്തു. അതുവരെ പടിഞ്ഞാറു (അഫ്ഗാനിസ്ഥാനിൽ) മാത്രം ശ്രദ്ധിച്ചിരുന്ന അവർ അതോടെ കിഴക്കോട്ടു കൂടി നോട്ടമയച്ചു. ആ നോട്ടം ചെന്നുവീണത് ഇന്ത്യയുടെ കശ്മീരിലായിരുന്നു. അഫ്ഗാൻ മുജാഹിദീനു പരിശീലനം നൽകിയ അതേ ഐഎസ്ഐ ഉദ്യോഗസ്ഥർ തന്നെ കശ്മീർ യുവാക്കൾക്ക് ആയുധപരിശീലനം നൽകി ഇന്ത്യൻ മണ്ണിലേക്ക് അയച്ചുതുടങ്ങി. അഫ്ഗാനിസ്ഥാനിൽനിന്നു സോവിയറ്റ് സൈന്യം പിന്മാറിയ കാലയളവിൽത്തന്നെ കശ്മീരിൽ വിഘടനവാദം വീണ്ടും തലയുയർത്തിയത് ഒട്ടും ആകസ്മികമായിരുന്നില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പടിഞ്ഞാറൻ അതിർത്തിയിലെ ‘ബാധ്യത’ ഒഴിഞ്ഞപ്പോൾ കിഴക്കോട്ടായി നോട്ടം!

ഈ സമയം ചൈന ഇതിലൊന്നും താൽപര്യം കാട്ടാതെ സ്വന്തം ആധുനികവൽക്കരണ പ്രക്രിയയിലായിരുന്നു. കശ്മീർ വീണ്ടും തലവേദനയായപ്പോൾ ചൈനയുടെ ഈ നിസ്സംഗത മുതലെടുക്കാനായി ഇന്ത്യയുടെ നീക്കം. കശ്മീരിലെ നുഴഞ്ഞുകയറ്റം നേരിടാൻ കൂടുതൽ കാലാൾപ്പട ആവശ്യമാണെന്നു ബോധ്യമായ പ്രധാനമന്ത്രി നരസിംഹറാവു, അതിർത്തി പ്രശ്നങ്ങൾ മരവിപ്പിച്ചുകൊണ്ട് ചൈനയുമായി രണ്ടു കരാറുകളിൽ ഏർപ്പെട്ടു. തർക്കങ്ങൾ നിലനിൽക്കുമ്പോഴും, ഇരു സൈന്യവും നിലയുറപ്പിച്ചിരിക്കുന്ന സ്ഥാനത്തുതന്നെ നിലകൊള്ളുമെന്ന് പരസ്പരം ഉറപ്പുനൽകുന്നതായിരുന്നു ആ കരാറുകൾ. ഏതായാലും ഇതോടെ നാലു ഡിവിഷൻ (ആറ് എന്നും പറയപ്പെടുന്നു) വരെ സൈന്യത്തെ ചൈനീസ് അതിർത്തിയിൽനിന്നു പിൻവലിച്ച് കശ്മീരിലേക്കു മാറ്റാൻ ഇന്ത്യയ്ക്കു സാധിച്ചു.

കശ്മീരിൽ ഇന്ത്യയുടെ വർധിച്ച സൈനികശക്തിയെ നേരിടാൻ നിലവിലുള്ള നുഴഞ്ഞുകയറ്റ സംവിധാനം മതിയാവില്ലെന്നു ബോധ്യമായപ്പോഴാണ് പാക്ക് സൈനികമേധാവി പർവേസ് മുഷറഫ് 1999ൽ കാർഗിൽ മലനിരകൾ പിടിച്ചെടുക്കാൻ ശ്രമിച്ചത്. ആത്യന്തികമായി ലഡാക്ക് പ്രദേശമായിരുന്നു മുഷറഫിന്റെ ലക്ഷ്യമെന്നാണു കരുതുന്നത്. ഇന്നല്ലെങ്കിൽ നാളെ, ചൈനയും വടക്കൻ കശ്മീരിൽ താൽപര്യം കാട്ടുമെന്ന ബോധ്യത്തിലായിരുന്നു ഈ നീക്കം (മുഷറഫിന്റെ കണക്കുകൂട്ടൽ ശരിയായിരുന്നുവെന്ന് രണ്ടു ദശകം കഴിഞ്ഞ് ഇന്നിപ്പോൾ നമുക്കും ബോധ്യമായിരിക്കുകയാണ്).

അഫ്ഗാൻ എന്ന പാക്ക് കോളനി 

പാക്കിസ്ഥാന്റെ കാർഗിൽ ശ്രമം പരാജയപ്പെട്ടെങ്കിലും അഫ്ഗാനിലെ പാക്ക് കളികൾ വിജയകരമായി തുടർന്നുപോന്നു‌. കാബൂൾ ഉൾപ്പെട്ട അഫ്ഗാനിസ്ഥാന്റെ സിംഹഭാഗവും താലിബാനിലൂടെ പാക്ക് നിയന്ത്രണത്തിലായി. താലിബാന്റെ തീവ്രവാദ നയങ്ങളുടെ പേരിൽ ലോകരാജ്യങ്ങൾ അഫ്ഗാനിസ്ഥാന് ഉപരോധം ഏർപ്പെടുത്തിയത് പാക്കിസ്ഥാനു പ്രയോജനമായി. പാക്കിസ്ഥാനിലെ വ്യവസായശാലകൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ സ്രോതസ്സും അവർ നിർമിച്ചിരുന്ന ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണിയുമായി അഫ്ഗാൻ മാറി. ഫലത്തിൽ ഒരു പാക്ക് കോളനി. ഒപ്പം, പാക്ക് സൈന്യം എന്നും ആഗ്രഹിച്ചിരുന്ന ഒരു ശാക്തിക പിൻമുറ്റവും – അതായത്, ഇന്ത്യയിൽനിന്ന് ആക്രമണമുണ്ടായാൽ പിന്നോട്ടുമാറി തിരിച്ചടിക്കാൻ വേണ്ട ഭൂവിസ്തൃതി.

ഇക്കാലമത്രയും – അതായത് തൊണ്ണൂറുകളിൽ – തജിക് ഗോത്രക്കാരുടെ നേതാവായ അഹമ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള വടക്കൻ സഖ്യത്തെയാണ് ഇന്ത്യയും റഷ്യയും പിന്തുണച്ചിരുന്നത്. പഴയ ആക്രമണകാരിയെന്ന ദുഷ്പേരു നിലനിൽക്കുന്നതിനാൽ പല നീക്കങ്ങളും നേരിട്ടു നടത്താൻ അന്നു റഷ്യയ്ക്കാവില്ലായിരുന്നു. അവയ്ക്കെല്ലാം ഇന്ത്യയെയാണ് റഷ്യ മറയായി ഉപയോഗിച്ചിരുന്നത്. വടക്കൻ അഫ്ഗാനികൾക്കു റഷ്യ നൽകിയ സൈനികവും സൈനികേതരവുമായ വിവിധ സഹായങ്ങൾ ഇന്ത്യൻ പ്രതിനിധികളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയുമാണ് എത്തിച്ചുകൊടുത്തിരുന്നത്.

കളംമാറിക്കളിച്ച്...

ഈ ശാക്തിക കളികൾക്കെല്ലാം അന്ത്യം കുറിച്ചുകൊണ്ടായിരുന്നു, ഉസാമ ബിൻ ലാദന്റെ നിയന്ത്രണത്തിലുള്ള അൽഖായിദയുടെ 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം. അതോടെ താലിബാൻ ഭരണകൂടത്തിനെതിരെ അമേരിക്ക യുദ്ധത്തിനൊരുങ്ങിയപ്പോൾ പാക്കിസ്ഥാൻ വീണ്ടും ദ്രുതഗതിയിൽ കളംമാറിക്കളിച്ചു. അതുവരെ താലിബാൻ ഭരണകൂടത്തിനു പരസ്യമായിത്തന്നെ സൈനികോപദേശം നൽകിയിരുന്ന പാക്കിസ്ഥാൻ, ഒരു രാത്രികൊണ്ടു മറുകണ്ടം ചാടി താലിബാനെ തകർക്കുന്നതിൽ യുഎസിന്റെ സഹായിയാകാൻ തയാറായി. താനതു ചെയ്തില്ലെങ്കിൽ ഇന്ത്യയും പാക്കിസ്ഥാന്റെ മറ്റു ശത്രുക്കളും അവസരം മുതലെടുത്ത് യുഎസിനൊപ്പം അഫ്ഗാനിൽ കൈകടത്തുമെന്ന് ടെലിവിഷൻ പ്രസംഗത്തിൽ വിളിച്ചുപറയാൻ പോലും അന്നത്തെ പാക്ക് ഭരണാധികാരി പർവേസ് മുഷറഫ് തയാറായി. ‘ലേ ഓഫ്’ (വിട്ടുകളയൂ) എന്നാണ് അന്നു മുഷറഫ് ഇന്ത്യയോടാവശ്യപ്പെട്ടത്.

അതിനിടെ, യുഎസ് സൈന്യം അഫ്ഗാൻ മണ്ണിൽ പിടിമുറുക്കുന്നതിനു മുൻപ് സ്ഥലം വിടാൻ അഫ്ഗാനിലെ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരോടും ഐഎസ്ഐ ഉദ്യോഗസ്ഥരോടും പാക്ക് ഭരണകൂടം ആവശ്യപ്പെട്ടു. യുഎസ് സൈന്യത്തിന്റെ പിടിയിലായ താലിബാൻ സൈനികരെ പാർപ്പിച്ചിരുന്ന ക്യാംപുകളിൽനിന്നു പാക്ക് ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററുകളിൽ രക്ഷപ്പെടുത്താൻ ശ്രമിച്ചത് ചിലയിടങ്ങളിൽ തടവറലഹളകൾക്കുവരെ വഴിതെളിച്ചു.

പാക്കിസ്ഥാന്റെ ഈ കളി അധികനാൾ നീണ്ടുനിന്നില്ല. പാക്കിസ്ഥാൻ നിർദേശിക്കുന്ന മാർഗത്തിലൂടെ താലിബാനെ തകർക്കാനാവില്ലെന്ന് താമസിയാതെ യുഎസിനു ബോധ്യമായി. അതോടെ അവർ റഷ്യയുടെയും ഇന്ത്യയുടെയും സഹായം തേടി. തുടർന്നാണ് കാബൂൾ പിടിച്ചെടുക്കാൻ മോസ്കോ – ഡൽഹി അച്ചുതണ്ടിന്റെ പിന്തുണയുള്ള വടക്കൻ സഖ്യത്തെ യുഎസ് അനുവദിച്ചത്.

നാളെ: ഗോത്രവർഗങ്ങളുടെ പിടിവലിയും മാറുന്ന വൻശക്തി കളികളും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com