ADVERTISEMENT

ഒരു ദിവസം പശുക്കിടാവ് തീറ്റ കണ്ടെത്തിയത് ഉൾക്കാട്ടിലാണ്; തിരിച്ചെത്തിയത് വളഞ്ഞുതിരിഞ്ഞ ദൈർഘ്യമേറിയ വഴികളിലൂടെ. പിന്നീട് ഇതേ വഴിയിലൂടെ പശുക്കിടാവ് പലതവണ യാത്ര ചെയ്തു. മറ്റു മൃഗങ്ങളുടെ ശ്രദ്ധയിൽപെട്ടതോടെ അവരും ഈ വഴിയായി യാത്ര. പിന്നീട് കാലികളെ മേയ്ക്കാനെത്തിയ മനുഷ്യരും ഈ വഴി ഉപയോഗിച്ചു തുടങ്ങി. കാലം കഴിഞ്ഞപ്പോൾ കുതിരവണ്ടികളും അതിലേ സഞ്ചരിക്കാനാരംഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ അതൊരു നഗരവീഥിയായി മാറി. ദൂരക്കൂടുതലും വളവുകളുമുള്ള ആ വഴി മാറ്റാൻ ആരും ശ്രമിച്ചില്ല.

ഗുണപ്രദവും വളർച്ചയ്ക്കു സഹായിക്കുന്നതും ആണെങ്കിൽ അനുഗമനം തെറ്റല്ല. ആരെങ്കിലുമൊക്കെ തുടങ്ങിവച്ചവയുടെ പിറകെ പോകാൻ എളുപ്പമാണ് – ആദ്യ യാത്രയുടെ അസ്വാരസ്യങ്ങളില്ല, ആരും ചോദ്യം ചെയ്യില്ല, മുന്നിലും പിന്നിലും ആളുകളുണ്ടാകും. വഴികൾ തിരഞ്ഞെടുക്കുമ്പോൾ ഓരോ യാത്രികനും സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട് – ഇത് എനിക്കു യോജ്യമായ വഴിയാണോ?, ഇതിനെക്കാൾ പ്രയോജനകരമായ മറ്റു മാർഗങ്ങൾ ഉണ്ടാകുമോ?, എനിക്കു വേണ്ടി ഒരു പുതുവഴി ഞാൻ വെട്ടിത്തെളിക്കണോ?

എല്ലാവരും നടക്കുന്ന വഴികളിലൂടെ നടന്നാൽ എല്ലാവരും എത്തിച്ചേരുന്ന സ്ഥലത്തു മാത്രമേ എത്തൂ. ഒരാൾ തുടങ്ങുന്ന വഴി അയാളുടെ സാഹചര്യങ്ങളിൽ നിന്നോ നിവൃത്തികേടിൽ നിന്നോ തുടങ്ങിയതാകാം. തനതു വഴികൾ തുറന്നിട്ടുള്ളവരെല്ലാം തനതു ലക്ഷ്യങ്ങളും ഉൾപ്രേരണയും ഉള്ളവരായിരുന്നു.

ആരെയും ആശ്രയിക്കാതെ നിൽക്കാമെന്ന അഹങ്കാരമല്ല, ആരുമില്ലെങ്കിലും മുന്നോട്ടുപോകും എന്ന ആത്മവിശ്വാസമാണ് പഴയ വഴികളോടു വിട പറയാനുള്ള ധൈര്യം നൽകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com