ADVERTISEMENT

കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള ഏക പ്രതീക്ഷയായ വാക്സീനെ ‘വിൽപനക്കാരന്റെ വിപണിയിലെത്തിച്ച’ തീരുമാനമാണു കേന്ദ്ര സർക്കാരിന്റേത്. ഈ വിപണിയിൽ വാങ്ങുന്നയാൾക്കു മിണ്ടാനാകില്ല. വിലയും വിഹിതവും വിൽപനക്കാരൻ തീരുമാനിക്കും. വാക്സീൻ വാങ്ങാൻ വിപണിയിലെത്തുന്ന സംസ്ഥാന സർക്കാരുകൾ കൂടുതൽ ദുർബലരാകുന്ന സ്ഥിതി. സംസ്ഥാനങ്ങളുമായി ചർച്ചയ്ക്കുള്ള സാധ്യത പോലുമില്ലാതെയാണ് വിലനിർണയാധികാരം ഉൽപാദക കമ്പനികളിലേക്കു നേരിട്ടെത്തുന്നത്. സർക്കാരിന്റെ പതിവു ‘പർച്ചേസിങ്’ നടപടിക്രമങ്ങൾ പോലും അപ്രസക്തമാകുന്നു.

വാക്സീൻ ഉൽപാദനച്ചെലവു വച്ചു നോക്കുമ്പോൾ, കേന്ദ്ര സർക്കാർ നൽകുന്ന 150 രൂപ തന്നെ കമ്പനികൾക്കു മാന്യമായ ലാഭം നൽകുമെന്നു വ്യക്തമാണ്. രാജ്യമാകെ പ്രതിസന്ധി നേരിടുന്ന ഘട്ടമായതിനാൽ ലാഭം മാത്രമല്ലല്ലോ നോക്കേണ്ടത്. ഭാവിയിലേക്കുള്ള ഉൽപാദനക്ഷമത വർധിപ്പിക്കാനാണ് ഉയർന്ന തുക ഈടാക്കുന്നതെന്നാണു കമ്പനികളുടെ വാദം. നോക്കൂ, രണ്ടു കമ്പനികൾക്കുമായി 4500 കോടി രൂപ സർക്കാർ മുൻകൂർ നൽകിക്കഴിഞ്ഞു. പ്ലാന്റുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾക്ക് ഈ തുക ഉപയോഗിക്കാമെന്നതിനാൽ, സംസ്ഥാന സർക്കാരുകൾക്കു വില കൂട്ടി വിൽക്കുന്നതിൽ ന്യായമില്ല. മാത്രവുമല്ല, ഈ സജ്ജീകരണങ്ങൾക്ക് ഒറ്റത്തവണ ഉപയോഗമല്ലല്ലോ? ഭാവിയിൽ ഇവ കമ്പനികളുടെ സ്വകാര്യ നിക്ഷേപമാകുന്നതിന്റെ നേട്ടം കമ്പനികൾക്കു തന്നെയാണ്. ഉൽപാദനത്തിനു ഗ്രാന്റ് അനുവദിക്കണമെന്നതായിരുന്നു ഒരുഘട്ടത്തിൽ കമ്പനികളുടെ ആവശ്യം. എന്നാൽ, ഭാവിയിൽ വിതരണം ചെയ്യുന്ന വാക്സീനുകൾക്കുള്ള മുൻകൂർ പണമായാണു സർക്കാർ തുക അനുവദിച്ചത്. ഇതു നല്ല കാര്യം തന്നെ.

വിലനിർണയത്തിലെ സ്വാതന്ത്ര്യം മുതൽ, സമീപനാളുകളിൽ സർക്കാർ സ്വീകരിച്ച ഉദാര നടപടികളുടെയെല്ലാം പ്രാഥമിക ലക്ഷ്യം വാക്സീൻ ക്ഷാമം പരിഹരിക്കലാണ്. എന്നാൽ, വാക്സീൻ ലഭ്യത സുഗമമാകാൻ ഇനിയും മാസങ്ങളെടുത്തേക്കാം. കുത്തിവയ്പെടുക്കാനുള്ള പ്രായനിബന്ധന ലഘൂകരിക്കുമ്പോൾ വാക്സീൻ ക്ഷാമം എന്ന പ്രശ്നംകൂടി മുന്നിൽക്കണ്ട് സർക്കാർ കരുതലെടുക്കണമായിരുന്നു. ഇപ്പോഴത്തെ തീരുമാനം, മുൻഗണനാ വിഭാഗത്തിനു പോലും വാക്സീൻ കിട്ടാത്ത സാഹചര്യമുണ്ടാക്കിയേക്കാം.

മത്സരം വന്നേക്കാം

കമ്പനികൾ നിശ്ചയിക്കുന്ന വിലയ്ക്കു സംസ്ഥാനങ്ങൾ നേരിട്ടു വാങ്ങുമ്പോൾ വരാവുന്ന മറ്റൊരു പ്രശ്നം നേരിടേണ്ടി വരുന്ന കടുത്ത മത്സരമാണ്. മറ്റു സംസ്ഥാനങ്ങൾക്കു പുറമേ, സ്വകാര്യ ആശുപത്രികളും വാക്സീൻ വാങ്ങാൻ സർക്കാരിനോടു മത്സരിക്കും. വില കൂടുതൽ കിട്ടുമെന്നതിനാൽ, സംസ്ഥാന സർക്കാരുകളെക്കാൾ സ്വകാര്യ ആശുപത്രികൾക്കു വിൽക്കാനാവും കമ്പനികൾക്കു താൽപര്യം. വാക്സീൻ ലഭ്യതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ പരുങ്ങലിലാകും.

അടുത്ത കരാറിൽ കേന്ദ്രത്തിനുള്ള വിലപോലും കൂട്ടുമെന്നു കമ്പനികൾ തന്നെ പ്രഖ്യാപിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തി. കേന്ദ്രത്തിനായാലും സംസ്ഥാനങ്ങൾക്കായാലും കമ്പനികൾ വില പ്രഖ്യാപിക്കുന്നത് വരാനിരിക്കുന്ന വാക്സീനുകളുടെ കാര്യത്തിലും തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും.

കൈവിട്ട കുത്തക

വാക്സീൻ ഉൽപാദനത്തിന്റെ സാങ്കേതികവിദ്യയും ബൗദ്ധികാവകാശവും സർക്കാർ വാങ്ങി കൂടുതൽ ഇന്ത്യൻ കമ്പനികൾക്ക് ഉപകരാറുകൾ നൽകി ഉൽപാദനം വൻതോതിൽ വർധിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നത്.

ഈ ഇടപെടൽ നടത്തുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള കമ്പനികൾക്കു കൂടുതൽ കുത്തകയ്ക്കു വഴിയൊരുക്കുന്നതാണ് നയത്തിൽ വന്ന മാറ്റങ്ങൾ. പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി ഉൽപാദനത്തിൽ പങ്കാളികളാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അപ്പോഴും നേരിട്ടു സർക്കാർ കരാറില്ല. ചുരുക്കത്തിൽ വാക്സീൻ ഉൽപാദനത്തിൽ നിലവിലെ കമ്പനികൾ കൂടുതൽ പിടിമുറുക്കിക്കഴിഞ്ഞു.

അടിയന്തരാനുമതി മാത്രമുള്ള വാക്സീനുകൾ പരമാവധി വിൽപന വില (എംആർപി) നിശ്ചയിച്ചു സ്വകാര്യ വിപണിയിൽ വിൽക്കില്ലെന്നായിരുന്നു നേരത്തേയുള്ള സർക്കാർ നിലപാട്. പുതിയ തീരുമാനം ഫലത്തിൽ സ്വകാര്യ വിപണി വിൽപന തന്നെയാണ്. ഇപ്പോൾ റെംഡിസിവിർ ഉൾപ്പെടെയുള്ള മരുന്നുകൾക്കായുള്ള ആളുകളുടെ നെട്ടോട്ടവും കരിഞ്ചന്ത വിൽപനയും വാക്സീന്റെ കാര്യത്തിലും ആവർത്തിച്ചുകൂടെന്നില്ല. സുലഭമല്ലാത്ത വിധം, ഉയർന്ന വിലയ്ക്കു വിൽക്കുന്ന അപൂർവ വസ്തുവായി വാക്സീൻ മാറിയാൽ അതും ഭയക്കണം.

(ഡ്രഗ്സ് ആക്ടിവിസ്റ്റും ഓൾ ഇന്ത്യ ഡ്രഗ്സ് ആക്‌ഷൻ നെറ്റ്‌വർക് കോ – കൺവീനറുമാണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com