ADVERTISEMENT

പട്ടാപ്പകൽപോലും ക്രൂരമായി ആക്രമിക്കപ്പെട്ടു കവർച്ചയ്‌ക്കിരയാകുന്നവരുടെ മുന്നിൽ ശുഭയാത്ര എന്ന റെയിൽവേ മുദ്രാവാചകം നാണംകെട്ടു തലതാഴ്‌ത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തിൽനിന്ന് അതിനു തക്ക സുരക്ഷ കിട്ടുന്നില്ലെങ്കിൽ വലുപ്പപ്പെരുമ കൊണ്ട് എന്തു കാര്യം? ഓടുന്ന ട്രെയിനിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നതും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്നു പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരുക്കേറ്റതും ഞെട്ടലോടെയാണു കേരളം കേട്ടത്. കോവിഡ് മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ട്രെയിനുകളിൽ ഒറ്റയ്ക്കുള്ള യാത്ര സുരക്ഷിതമല്ലെന്നാണോ ഗുരുവായൂർ – പുനലൂർ എക്സ്പ്രസിലുണ്ടായ  ഈ അക്രമസംഭവം വിളിച്ചുപറയുന്നത്? 

മുളന്തുരുത്തിയിൽനിന്നാണു യുവതി ട്രെയിനിൽ കയറിയത്. മറ്റൊരു കോച്ചിലുണ്ടായിരുന്ന അക്രമി ട്രെയിൻ വിടുന്നതിനു തൊട്ടുമുൻപ് ഇൗ കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. ഈ സമയത്തു കോച്ചിൽ മറ്റാരുമുണ്ടായിരുന്നില്ല. മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ജനലിലൂടെ പുറത്തേക്കെറിഞ്ഞതിനു ശേഷമായിരുന്നു അക്രമം. സ്ക്രൂഡ്രൈവർ കാണിച്ചു ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം യുവതിയുടെ മുടിയിൽ പിടിച്ച്, ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു. ആക്രമണം ചെറുത്ത യുവതി വാതിൽ തുറന്ന്, ഓടുന്ന ട്രെയിനിന്റെ വാതിൽപ്പിടിയിൽ പിടിച്ചു കുറച്ചുനേരം പുറത്തേക്കു തൂങ്ങിക്കിടന്നു. അക്രമി കൈകൾ വിടുവിച്ചതോടെ പുറത്തേക്കുവീണു. റെയിൽവേ ട്രാക്കിനടുത്തു വീണുകിടന്ന യുവതിയെ നാട്ടുകാർ കണ്ടെത്തി ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു. 

ഏതാനും മാസങ്ങളായി 10 ശതമാനത്തിൽ താഴെ യാത്രക്കാരുമായാണു ഗുരുവായൂർ – പുനലൂർ എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇപ്പോൾ റിസർവേഷനില്ലാതെ യാത്ര ചെയ്യാവുന്ന ഏതാനും ട്രെയിനുകളിലൊന്നാണിത്. കോവിഡ് വ്യാപനം കൂടിയതോടെ ട്രെയിനുകളിൽ ചില കോച്ചുകളിൽ ആളില്ലാത്ത സ്ഥിതിയാണുള്ളത്. കൂടുതൽ പേരുള്ള കോച്ചുകളിൽ ഇരുന്നാൽ കോവിഡ് പകരുമെന്ന ആശങ്കയിൽ ഒഴിഞ്ഞ കോച്ചുകളിലേക്ക് ആളുകൾ മാറിയിരിക്കുന്നുണ്ട്. ഉള്ളിലൂടെ നടന്നുപോകാവുന്നവിധം പരസ്പരം ബന്ധിപ്പിച്ച കോച്ചുകളാണെങ്കിൽ ഇത്തരം ആക്രമണസാധ്യതകൾ കുറയും. ഇപ്പോൾ അക്രമം നടന്ന ട്രെയിനിൽ ഒരു കോച്ചിൽനിന്നു മറ്റൊരു കോച്ചിലേക്ക് ഉള്ളിലൂടെ കടക്കാനുള്ള സൗകര്യമില്ലായിരുന്നു. 

ട്രെയിൻ കവർച്ച എന്നപോലെ ട്രെയിൻ യാത്രയ്‌ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും തുടർക്കഥയാവുമ്പോഴും പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സുരക്ഷ ഉറപ്പാക്കാനാവാത്തതു യാത്രക്കാരോടുള്ള അവഗണന തന്നെയാണ്. പത്തു വർഷം മുൻപ്, ഷൊർണൂർ പാസഞ്ചറിൽ യാത്രചെയ്യവേ ക്രൂരമായി പീഡിപ്പിക്കപ്പെട്ട സൗമ്യയുടെ മരണത്തിനുശേഷം സുരക്ഷാകാര്യങ്ങളിൽ ശ്രദ്ധിച്ചുതുടങ്ങിയെന്ന തോന്നൽ റെയിൽവേ ഉണ്ടാക്കിയെങ്കിലും അതു നിലനിർത്താനായില്ല. 

കോവിഡ്കാലത്തു തിരക്കൊഴിഞ്ഞ് ഓടുന്ന ഏതു ട്രെയിനിലും ഇങ്ങനെയൊരു ആക്രമണസാധ്യത ഉണ്ടെന്ന തിരിച്ചറിവുകൂടി ഈ നിർഭാഗ്യസംഭവത്തിലൂടെ റെയിൽവേ അധികൃതർക്കും പൊലീസിനും യാത്രക്കാർക്കും ഉണ്ടായേതീരൂ. തിരക്കില്ലാത്ത ട്രെയിനിലെ യാത്രക്കാർക്കു കൂടുതൽ സുരക്ഷയാണു നൽകേണ്ടതെന്ന് റെയിൽവേ മറന്നുകൂടാ. ആരുമില്ലാത്ത കോച്ചുകളിൽ യാത്ര ചെയ്യാതെ, യാത്രക്കാരുള്ള കോച്ചുകളിലേക്കു മാറുന്നതാണു സുരക്ഷിതമെന്നു റെയിൽവേ പൊലീസ് പറയുന്നുണ്ട്. രാത്രി സർവീസുകളിൽ മാത്രമാണ് ഇപ്പോൾ ആർപിഎഫ് സാന്നിധ്യമുള്ളത്. അതു പോരെന്നും വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി കൂടുതൽ മുൻകരുതലുകൾ റെയിൽവേ എടുക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. 

വനിതകൾക്കു നേരെ ട്രെയിനുകളിൽ ഇത്തരത്തിൽ അരാജകത്വം അഴിഞ്ഞാടുമ്പോൾ, സുരക്ഷാസംവിധാനങ്ങൾ എന്നും വെയ്‌റ്റ്‌ലിസ്‌റ്റിലാണെന്ന അവസ്ഥ അതീവഗൗരവമുള്ളതാണ്. വനിതകളുടെ സുരക്ഷിതത്വത്തിനു വേണ്ടി നിർദേശിക്കപ്പെട്ട പ്രധാന ശുപാർശകൾപോലും റെയിൽവേ അവഗണിച്ചുപോരുന്നതായാണു പരാതി. ട്രെയിനുകളിൽ പൊലീസിന്റെ സജീവസാന്നിധ്യം 24 മണിക്കൂറും ഉറപ്പാക്കിയേതീരൂ. ഇനിയൊരു ആക്രമണം ആവർത്തിക്കപ്പെട്ടുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com