ADVERTISEMENT

തിരഞ്ഞെടുപ്പു ഫലം നാളെ അറിയാനിരിക്കെ, വോട്ടുകളുടെ ഒഴുക്കും അടിയൊഴുക്കും സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഒട്ടേറെ നിയമസഭാ മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. 2011ലെ കണക്കുകളുമായി ചേർത്തുനോക്കുമ്പോൾ ഒരു കാര്യം കൂടി വ്യക്തമാകും. 2016ൽ വോട്ടർമാരുടെ എണ്ണം കുത്തനെ കുതിച്ചുയർന്നിരുന്നു. എന്നാൽ ഇക്കുറി ആനുപാതിക വർധനയുണ്ടായില്ല. അതെങ്ങനെ സംഭവിച്ചു ? തിരഞ്ഞെടുപ്പു ഫലം എന്തായാലും  ഇതുകൂടി തിരഞ്ഞെടുപ്പു വിശകലനത്തിൽ ചർച്ചാവിഷയമാകും. 

∙2016ലെ വോട്ടുപ്രളയം

ഇത്തവണ ബൂത്തിനുള്ളിലെ പോളിങ് 74.06 %. തപാൽ വോട്ടായി ചേർക്കുന്ന കോവിഡ്, 80 പ്ലസ്, സർവീസ് വോട്ടുകൾ കൂടിയാകുമ്പോൾ 2 % കൂടിയേക്കാം. (2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അന്തിമ പോളിങ് യഥാക്രമം 75.12 %, 77.10 % എന്നിങ്ങനെയായിരുന്നു). എന്നാൽ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനമല്ല, പോൾ ചെയ്ത വോട്ടുകളുടെ എണ്ണം തന്നെയാണു ജയപരാജയങ്ങളെ നിർണയിക്കുന്നത്. വോട്ടുകൾ എങ്ങോട്ട്, എത്ര, എന്തുകൊണ്ടു മാറി എന്നതൊക്കെ നിർണയിക്കാൻ കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടുകളുടെ എണ്ണം കൂടി കണക്കിലെടുക്കണം.

  2011, 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ മൊത്തത്തിലും, മണ്ഡലം തിരിച്ചും താരതമ്യം ചെയ്യുമ്പോൾ  ഞെട്ടിക്കുന്ന വിവരങ്ങളാണു കിട്ടുന്നത്. 2016ൽ ഒട്ടേറെ നിയോജകമണ്ഡലങ്ങളിൽ ജനസംഖ്യാ വർധനയെക്കാൾ വളരെ കൂടുതലാണ് വോട്ടിലെ വർധന. എന്നാൽ 2021 ലെ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലങ്ങളിൽ വർധനയുടെ തോത് കുറഞ്ഞു. (്‘ജനസംഖ്യയും വോട്ടർമാരുടെ എണ്ണവും’ ചാർട്ട് കാണുക). ആദ്യം 2011– 16 കാലയളവു പരിശോധിക്കാം. ജനസംഖ്യയിലെ വർധന 8 ലക്ഷമാണ്. എന്നാൽ വോട്ടർമാരുടെ എണ്ണത്തിലെ വർധന 29 ലക്ഷം. പോൾ ചെയ്ത വോട്ടുകളിലെ വർധന 28 ലക്ഷം. 

  ഇനി 2016– 21 കാലയളവു പരിശോധിച്ചാലോ ? ജനസംഖ്യയിലെ വർധന 6 ലക്ഷം. വോട്ടർമാരുടെ എണ്ണത്തിൽ ആ വർധനയില്ല. പോൾ ചെയ്ത വോട്ടുകളിലെ വർധനയാകട്ടെ വെറും 2 ലക്ഷം. തപാൽ വോട്ട്  3.53 ലക്ഷം പേരെക്കൂടി ചേർത്താലും വർധന ആനുപാതികമല്ല.2016ൽ വോട്ടർ ജനസംഖ്യാ വർധനക്ക് ആനുപാതികമായി ഉണ്ടാവേണ്ടതിലും കവിഞ്ഞ് 14 ലക്ഷം വോട്ടുകൾ വോട്ടർ പട്ടികയിൽ കടന്നുകൂടി. ഈ വ്യാജ വോട്ടുകൾ കഴിഞ്ഞ(2016) തിരഞ്ഞടുപ്പിൽ പോൾ ചോയ്യപ്പെട്ടോ എന്നാണ് ഇനി അറിയനുള്ളത്. ഇത്തവണത്തെ വോട്ടുകളുമായി താരതമ്യം ചെയ്ത് അത് കണ്ടുപിടിക്കാനാകുമെന്നു വിദഗ്ദ്ധർ

∙ഉദുമ മുതൽ നേമം വരെ

കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലം. 2011 ൽ ആകെ പോൾ ചെയ്യപ്പെട്ട  വോട്ട് 1,28,313. എന്നാൽ 2016 ൽ വോട്ടുകളുടെ എണ്ണം 31,865 വർധിച്ച് 160,178 ൽ എത്തി. 2021ൽ ബൂത്തിൽ പോൾ ചെയ്തത് 1,61,580 വോട്ടുകൾ. വർധന വെറും 1402 വോട്ട് . തപാൽ വോട്ടു കൂടി ചേർത്താൽ പോലും 1.65 ലക്ഷത്തിൽ കൂടാൻ സാധ്യതയില്ല. ആദ്യത്തെ 5 വർഷം കൊണ്ട് 31,865 വോട്ട് കൂടിയിടത്ത് രണ്ടാമത്തെ 5 വർഷ കാലയളവിൽ കൂടുന്നത് വെറും അയ്യായിരത്തോളം വോട്ട് മാത്രം .നേമത്തെ കണക്ക് ഇതിലും രസകരം. 2011 ൽ 1,15,969 വോട്ട് പോൾ ചെയ്തു. 2016 ൽ 25,975 വോട്ട് വർധിച്ച് 1,41,944 ൽ എത്തി. എന്നാൽ കോൺഗ്രസിന്റെ കെ. മുരളീധരൻ, ബിജെപിയുടെ കുമ്മനം രാജശേഖരൻ സിപിഎമ്മിന്റെ ശിവൻകുട്ടി എന്നിവർ ഏറ്റുമുട്ടുന്ന, അതിശക്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഇത്തവണ പോൾ ചെയ്തത് 1,42,578 വോട്ട് മാത്രം. വെറും 634 വോട്ടിന്റെ വർധന. ബാക്കി വോട്ട് എവിടെപ്പോയി ?

  എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ  2011 ൽ കെ. ബാബു ജയിച്ച തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ട് 1,30,713. ബാബു തോറ്റ 2016 ൽ പോൾ ചെയ്തത് 1,53,853 വോട്ട്. ഒറ്റയടിക്ക് കൂടിയത് 23,000 വോട്ട്. എന്നാൽ 2021 ലെ  വർധന വെറും 1183 വോട്ട്.

മധ്യ തിരുവിതാംകൂറിലെ റാന്നിയിലാകട്ടെ 5 വർഷം കഴിഞ്ഞപ്പോൾ പോൾ ചെയ്ത വോട്ടു കുറയുകയായിരുന്നു. അവിടെ 2011 ൽ 1,20,121 പേർ വോട്ടു ചെയ്ത സ്ഥാനത്ത് 2016 ൽ 1,33,442 പേരാണു സമ്മതിദാനം വിനിയോഗിച്ചത്. കൂടിയത് 13,321 വോട്ട്. എന്നാൽ 2021 ൽ 1,23,594 വോട്ടാണു കിട്ടിയത്. 9848 വോട്ട് കുറഞ്ഞു. തപാൽ വോട്ട് കൂട്ടിയാലും കഴിഞ്ഞ തവണത്തെക്കാൾ ഏകദേശം 6000 വോട്ടു കുറയും.

∙സംഭവിച്ചതെന്ത് 

2016 ൽ നടന്ന മാജിക് എന്താണ് ? എന്തുകൊണ്ടത് 2021 ൽ നടന്നില്ല ? ഒട്ടേറെ ചോദ്യങ്ങൾക്കു വഴി തുറക്കുകയാണ് ഈ കണക്കുകൾ. ഇരട്ടവോട്ട്, കള്ളവോട്ട് തുടങ്ങിയവയിലേക്കു സൂചന നൽകുന്ന കണക്കുകളാണിത്. 

 കുറെ വ്യാജ വോട്ടർമാരെ തിരഞ്ഞെടുപ്പു കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പിനു വളരെ മുൻപേ നീക്കിയതായും സൂചനയുണ്ട്. പക്ഷേ അത് എത്രത്തോളം ? കഴിഞ്ഞ തവണ വോട്ടു ക്രമാതീതമായി വർധിച്ച മണ്ഡലങ്ങളിലെ ഇത്തവണത്തെയും കഴിഞ്ഞ തവണത്തെയും ഭൂരിപക്ഷം താരതമ്യം ചെയ്താൽ  കഴിഞ്ഞ തവണ എന്താണു നടന്നതെന്നതിന്റെ സൂചന കിട്ടും. ഫലപ്രഖ്യാപനത്തിനുശേഷം  പോളിങ് ശതമാനത്തിൽ മണ്ഡലം തിരിച്ചുള്ള ഏറ്റക്കുറച്ചിലും ഓരോ പാർട്ടിക്കും കിട്ടിയ വോട്ടിലെ വ്യത്യാസവും ചർച്ചയാകും.(പോൾ ചെയ്ത വോട്ടിന്റെ കണക്കിൽ  തപാൽ വോട്ട് ചോർത്തിട്ടില്ല) 

Content Highlights: Kerala assembly election 2021: Vote share

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com