ADVERTISEMENT

യുഡിഎഫിനെയും കോൺഗ്രസിനെയും ഞെട്ടിച്ച തിരഞ്ഞെടുപ്പ് തിരിച്ചടിയിലും പ്രതീക്ഷയുടെ ചില കിരണങ്ങളുണ്ട്. കടുത്ത ത്രികോണ മത്സരത്തെ അതിജീവിച്ച് പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ജയിച്ചു.ജനങ്ങളുടെ കൂടെനിന്നു പ്രവർത്തിച്ചാൽ അവർ കൈവിടില്ലെന്ന പാഠമാണ് ഈ യുവനേതാവ് കോൺഗ്രസിനു നൽകുന്നത്. ശ്രദ്ധേയമായ ആ വിജയത്തെയും കോൺഗ്രസ് രക്ഷപ്പെടാൻ ഇനി എന്തുചെയ്യണമെന്നതിനെയുംകുറിച്ചും ഷാഫി പറമ്പിൽ സംസാരിക്കുന്നു.....

പാലക്കാട്ട് 2016 ൽ നേടിയ 17000 വോട്ടിന്റെ ഭൂരിപക്ഷം മൂവായിരങ്ങളിലേക്ക്  കുറഞ്ഞെങ്കിലും ഇ.ശ്രീധരനെയും ബിജെപിയെയും തടഞ്ഞു നിർത്തി എന്ന ക്രെഡിറ്റ് ഷാഫിക്കുണ്ട്.കഷ്ടിച്ചുള്ള വിജയം സമ്മാനിക്കുന്ന തോന്നൽ എന്താണ്? 

ഈ മൂവായിരത്തിനു മുപ്പതിനായിരത്തിന്റെ മൂല്യമാണ് ഞാൻ കൽപിക്കുന്നത്.പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും  വിവിധ  മുഖ്യമന്ത്രിമാരും നേരിട്ട് പിന്തുണച്ച ശക്തിയെയാണ് മറികടക്കാൻ കഴിഞ്ഞത്. ഇടത് അനുകൂല രാഷ്ട്രീയ കാലാവസ്ഥ ജനവിധിയിലും തെളിഞ്ഞു. രണ്ടിനെയും അതിജീവിക്കാൻ സഹായിച്ച പാലക്കാട്ടെ ജനങ്ങളോടുള്ള നന്ദി പറഞ്ഞുതീർക്കാനാകില്ല. 

? ബിജെപി വിജയം തടയാൻ‍ എൽഡിഎഫ് വോട്ടുകളും താങ്കൾക്കു ലഭിച്ചോ? 

സംഘടിതമായി അവരുടെ  രാഷ്ട്രീയവോട്ട്  ലഭിച്ചിട്ടില്ല. എന്നാൽ എന്റെ ജയം ആഗ്രഹിച്ച ഒരു പൊതു മനസ്സ് രൂപപ്പെട്ടിരുന്നു. 

? രണ്ടു മുന്നണികളെ അതിജീവിച്ചതു വഴി കോൺഗ്രസിന് നിർദേശിക്കാനുള്ള വിജയമന്ത്രം എന്താണ്?

ജനങ്ങളിൽ നിന്ന് അകലാതിരിക്കുക എന്നതു തന്നെ പ്രധാനം. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമുളള അടുപ്പം കൊണ്ടു കാര്യമില്ല. ജനങ്ങൾക്കിടയിൽ നിരന്തരം നിന്ന്, പറയുന്ന വാക്ക് പാലിച്ചാൽ അവർ കൈവിടില്ല. 

? പുതുമുഖ സ്ഥാനാർഥികൾക്കായി ഉയർന്ന മുറവിളി സഫലമായിട്ടും അതു പൂർണവിജയമാക്കി മാറ്റാൻ കഴിഞ്ഞില്ലല്ലോ? 

പൊതുതരംഗത്തെ മറികടക്കാൻ മതിയായ സമയം പുതുമുഖങ്ങൾക്കു കിട്ടിയില്ല. മണ്ഡലങ്ങളിൽ അവരെ അവതരിപ്പിക്കുന്നതിൽ പോരായ്മയുണ്ടായി. യൂത്ത് കോൺഗ്രസ് നേതൃയോഗം ചേർന്നു പ്രാഥമിക വിലയിരുത്തൽ നടത്തി. ബൂത്തുകളിൽ രാജീവ് ഗാന്ധി ബ്രിഗേഡ് എന്ന പേരിൽ യുവസേന രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും പൂർണതോതിൽ ആയില്ല.താഴേത്തട്ടിൽ കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തമാക്കാൻ സാധ്യമായത് ചെയ്യും.കരുനാഗപ്പള്ളിയിൽ സി.ആർ മഹേഷ് കാട്ടിയ മാതൃക പോലെ വിജയസാധ്യതയുള്ളവരെ  മണ്ഡലങ്ങളിൽ തുടരാൻ അനുവദിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടും. 

? തിരഞ്ഞെടുപ്പിൽ  ഇത്രയും  വലിയ തിരിച്ചടി യുഡിഎഫോ യൂത്ത് കോൺഗ്രസോ പ്രതീക്ഷിച്ചതല്ലല്ലോ?  

യുദ്ധത്തിനു ശേഷം നടക്കുന്ന ഒരു തിരഞ്ഞെടുപ്പ് പോലുള്ള  പ്രതീതി ആയിരുന്നു. പ്രതിസന്ധികളിൽ സർക്കാർ ജനങ്ങൾക്കും തിരിച്ച് അവരും പിന്തുണ നൽകുമല്ലോ.കോവിഡ് എന്ന ശത്രുവിനെ നേരിടാനുള്ള യുദ്ധത്തിന്റെ മുന്നിൽ നിന്ന സർക്കാരിനോട് രാഷ്ട്രീയത്തിന് അതീതമായ ഐക്യപ്പെടൽ ഉണ്ടായിട്ടുണ്ടാകാം. സിപിഎം തുടർന്നാലും കോൺഗ്രസ് വരരുതെന്ന് ബിജെപിയും ആഗ്രഹിച്ചു. 

? ഇതിൽ നിന്നു പഠിക്കേണ്ട പാഠങ്ങളും തിരുത്തേണ്ട കാര്യങ്ങളും എന്തൊക്കെ? 

തിരുത്തലുകൾ തലമാറ്റവും പേരുമാറ്റവും ആകരുത്. സമുദായത്തിനും സമവാക്യത്തിനും അപ്പുറത്ത് ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാൻ കഴിയുന്ന മാറ്റമാണ് വേണ്ടത്. ‘ബാലൻസിങ് ആക്ട്’ നിർത്തി തിരിച്ചുവരവിനുള്ള ആത്മാർഥ നടപടികൾ മേൽത്തട്ടു വരെ ഉണ്ടാകണം. അഞ്ചു വർഷം കൂടുമ്പോഴുള്ള സാധാരണ പരാജയമായി ഇതിനെ ചുരുക്കാൻ  കഴിയില്ല. 

? ആ അടിമുടി മാറ്റത്തിൽ നേതൃമാറ്റവും ഉൾപ്പെടുന്നോ? 

അതു തീരുമാനിക്കേണ്ടതു നേതൃത്വമാണ്. എന്തായാലും ഭാവിയിലേക്കുള്ള നിക്ഷേപമായി ഇനിയുള്ള തീരുമാനങ്ങൾ മാറണം. ഗ്രൂപ്പ് –സമുദായ സമവാക്യം മാറ്റത്തിനു മാനദണ്ഡം ആക്കരുത്. 

? മുതിർന്നവർ മാറ്റത്തോടു മുഖം തിരിച്ചാൽ യുവ നേതൃത്വം  ശബ്ദിക്കുമോ? 

അങ്ങനെ ഒരു വിമുഖത നേതൃത്വം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുണ്ടായാൽ പാർട്ടിയുടെ നിലനിൽപിനോടു തന്നെയുള്ള  വെല്ലുവിളിയായേ കാണാൻ കഴിയൂ. മാറിക്കൊടുക്കേണ്ടവർ മാറിക്കൊടുത്ത് അടുത്ത തലമുറയെ കാര്യങ്ങൾ ഏൽപിക്കണം. 

  തലപ്പത്തു ഞങ്ങളിരുന്നു, ബാക്കി സ്ഥാനങ്ങളിൽ  അവസരങ്ങൾ കൊടുക്കാം എന്ന ഔദാര്യമല്ല വേണ്ടത്. താക്കോൽ സ്ഥാനങ്ങളിൽ തന്നെ മാറ്റത്തിനു സമയമായി. കൂടുതൽ കാര്യങ്ങൾ പുറത്തു പറഞ്ഞ് വിഴുപ്പലക്കുന്നില്ല. പാർട്ടിക്കകത്ത് എല്ലാം പറയാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. 

?പിണറായി വിജയന്റെ വ്യക്തി പ്രഭാവത്തിനും വിശ്വാസ്യതയ്ക്കും ചേരുന്ന ഒരാൾ ഇപ്പുറത്ത് ഇല്ലാതെ പോയെന്നു തോന്നുന്നുണ്ടോ?

പ്രളയ, കോവിഡ് പ്രതിരോധത്തിലെ വീഴ്ച പോലും ചിലരെല്ലാം അർധ മനസ്സോടെയാണ് എതിർത്തത്.  പ്രതിപക്ഷത്തിന് ആരു നേതൃത്വം നൽകുമെന്നതിലും ആശയക്കുഴപ്പത്തിനു വഴി നൽകാത്ത തീരുമാനം ഉണ്ടാകണമായിരുന്നു. ഇപ്പോൾ തന്നെ, തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെ എന്നു പറയുന്നത് ഹൈക്കമാൻഡിലെ  വിശ്വാസം കൊണ്ടു മാത്രം അല്ലല്ലോ. അനുഭവസമ്പത്തുള്ള നേതാക്കൾക്ക് സാഹചര്യം അറിയില്ലേ? എന്നിട്ടും തീരുമാനത്തിലേക്ക് എത്താൻ അവർക്കു  മറ്റൊരു സംവിധാനത്തെ ആശ്രയിക്കേണ്ടി വരുന്നു. 

  ഹൈക്കമാൻഡിന്റെ ഇടപെടൽ  അനിവാര്യമാണ്.എന്നാൽ ഹൈക്കമാൻഡിനു മുന്നിൽ പരിഹാരമാർഗം വയ്ക്കാനും ഈ നേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്.അല്ലാതെ ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കാമെന്ന നിലപാടല്ല വേണ്ടത്. 

? തോ‍ൽവിക്ക് ഉത്തരവാദികൾ ബാക്കി തീരുമാനവും എടുക്കണം എന്നാണോ?

അങ്ങനെ ഗൗരവമുള്ള രാഷ്ട്രീയ സാഹചര്യമാണുള്ളത്.അതാണ് ജനങ്ങളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത്.  

? കോൺഗ്രസിന്റെ 21 അംഗ  നിയമസഭാകക്ഷിയിലെ അംഗമായ താങ്കൾക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്  പേര് നിർദേശിക്കാനുണ്ടോ? 

അതു മാധ്യമങ്ങളിൽ  ചർച്ച ചെയ്യാനാവില്ലല്ലോ. മാനദണ്ഡം മാത്രം പറയാം. എടുക്കുന്ന തീരുമാനം ഭാവിയിലേക്ക് ഉള്ളതാവണം.

? ചെറുപ്പക്കാരെ കോൺഗ്രസിലേക്ക് കൂടുതലായി ആകർഷിക്കാൻ എന്തു ചെയ്യണം? 

നാടിനും പ്രസ്ഥാനത്തിനും ശുഭപ്രതീക്ഷ നൽകുന്ന തീരുമാനങ്ങൾ കോൺഗ്രസ് എടുത്താൽ മതി. ഒപ്പം താക്കോൽ സ്ഥാനങ്ങളിലും നിലപാടുകളിലും യുവത്വം  വേണ്ടിവരും.

English Summary: Shafi Parambil Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com