ADVERTISEMENT

തലമുറ മാറ്റമായിരുന്നു കോൺഗ്രസിലെ യുവതുർക്കികളുടെ അടിയന്തരാവശ്യം. എന്തു തലമുറയെന്നു ചോദിച്ചാൽ അത് ഒ.വി.വിജയന്റെ നോവലല്ലേ എന്നായിരിക്കും തലമുറിയൻമാരുടെ മറുചോദ്യം. ഒരു തലമുറയും അടുത്ത തലമുറയും തമ്മിലുള്ള പ്രായവ്യത്യാസം എന്താണെന്നു ചോദിച്ചാൽ അത് ഒരു മുറയാണെന്നു മാത്രമേ അവർ പറയൂ.

തിരഞ്ഞെടുപ്പു ഫലം വന്നു മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസുകാർ ഉഴലൂർ ദേവസ്വം ഭരണവുമായി നടക്കുന്നതിന്റെ ക്ഷീണം ഒടുവിൽ അവസാനിച്ചതിന്റെ ആഹ്ലാദത്തിലാണ് എല്ലാ തലമുറയിലുംപെട്ട കോൺഗ്രസുകാർ. ചെന്നിത്തല മാറി സതീശൻ വന്നതിൽ എന്താണിത്ര ആഹ്ലാദിക്കാൻ എന്നു ചോദിച്ചാൽ അതു മുറമാറ്റത്തിന്റെ സൂചനയാണെന്ന് ഇളമുറക്കാർ ആണയിടും. ഈ മുറമാറ്റത്തിന്റെ ചുവടുപിടിച്ചു മറ്റു പല മുറകളും മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അവരെല്ലാം.

പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ അൽപം വൈകിയതിന്റെ കാരണം അതിനു യോഗ്യരായ ആളുകൾ കോൺഗ്രസ് നിയമസഭാ കക്ഷിയിൽ ഇല്ലാത്തതുകൊണ്ടല്ല. പ്രതിഭാദാരിദ്ര്യം കോൺഗ്രസിൽ ഒരിക്കലും ഉണ്ടായിട്ടില്ല. മറിച്ചു പ്രതിഭാപ്രള‌യമാണ് എക്കാലത്തും പാർട്ടിയിൽ... ശരിക്കും പറഞ്ഞാൽ ‘പ്രോബ്ലം ഓഫ് പ്ലെന്റി’. അതായതു സമൃദ്ധി സൃഷ്ടിക്കുന്ന പ്രശ്നം. പ്രതിപക്ഷ നേതാവാകാൻ കോൺഗ്രസ് നിയമസഭാ കക്ഷിയിലെ 21 പേരും സർവഥാ യോഗ്യൻമാരാണ്. യുഡിഎഫിനു 69 സീറ്റാണു കിട്ടിയതെന്നും അതിൽ 69 പേരും കോൺഗ്രസുകാരാണെന്നും കരുതുക. അപ്പോൾ ആ 69 പേരും പ്രതിപക്ഷ നേതാവാകാൻ ശേഷിയും ശേമുഷിയും ഉള്ളവരായിരിക്കും. ഭാഗ്യവശാൽ അത്തരമൊരു അഗ്നിപരീക്ഷയൊന്നും ഇത്തവണ നേരിടേണ്ടി വന്നില്ലെന്നു കരുതി ആശ്വസിക്കാം. 

ഏതായാലും രമേശിനു പകരം പ്രതിപക്ഷ നേതാവായി സതീശൻ വന്നതോടെ നിയമസഭയിൽ 21 പേർ തന്നെ കോൺഗ്രസിനു ധാരാളത്തിൽ അധികമാകുമെന്നാണു തലമുറ മാറ്റത്തിന്റെ വക്താക്കളും പ്രയോക്താക്കളും പറയുന്നത്. നിയമസഭയിൽ 21 സീറ്റുള്ള പാർട്ടിക്കു പ്രസംഗിക്കാൻ കിട്ടുന്ന ഇത്തിരിപ്പോരം സമയം നോക്കുമ്പോൾ കോൺഗ്രസിൽ നിന്നു മറ്റാരും പ്രസംഗിക്കാൻ കോപ്പു കൂട്ടേണ്ടതില്ല. അല്ലാഹുവിന്റെ ഖജനാവിലുള്ള മുഴുവൻ സമയവും സ്പീക്കർ അനുവദിച്ചു നൽകിയാലും സതീശന്റെ പ്രസംഗം ഖണ്ഡശയായി മാത്രമേ നടത്താൻ പറ്റൂ.

കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്നാണു സതീശന്റെ പ്രകടനപത്രികയിലെ ആദ്യ വാഗ്ദാനം. ഇതു നടപ്പാക്കാൻ എളുപ്പമുള്ള കാര്യമല്ല. രണ്ടു കൂട്ടരും ഇപ്പോൾ എവിടെയാണെന്നു കണ്ടുപിടിക്കാൻ തന്നെ ഒന്നോ രണ്ടോ നൂറ്റാണ്ടു വേണ്ടിവരും. രാജ്യാന്തരം പോയ ഈ കക്ഷികളെ പാസ്പോർട്ടും വീസയുമെടുത്തു കടം വാങ്ങി വിമാനടിക്കറ്റ് സംഘടിപ്പിച്ചു കേരളത്തിൽ എത്തിക്കണമെങ്കിൽ പിന്നെയും മൂന്നുനാലു നൂറ്റാണ്ടെങ്കിലും വേണ്ടിവരും. സാക്ഷാൽ ഭഗീരഥൻ പോലും ഇത്തരമൊരു ഭഗീരഥയത്നത്തിനുള്ള ക്വട്ടേഷൻ കിട്ടിയാൽ ഏറ്റെടുക്കുമെന്നു തോന്നുന്നില്ല.

എന്നാൽ സതീശൻ ഐറ്റം വേറെയാണ്. അദ്ദേഹം ധിക്കൃതശക്തപരാക്രമിയാണ്. സിംഹത്തെ അതിന്റെ മടയിൽ ചെന്നു പിടിക്കുന്നതാണ് അദ്ദേഹത്തിന്റെ ഹോബി. പിടിക്കുക മാത്രമല്ല, അതിന്റെ താടിമീശയും സടയും പിടിച്ചുവലിക്കുകപോലും ചെയ്യും. അതിനാൽ ഇതിലും വലിയ ക്വട്ടേഷൻ വന്നാലും അദ്ദേഹം കുലുങ്ങില്ല.

പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ തീർപ്പായതോടെ അടുത്തതു കെപിസിസി പ്രസിഡന്റിന്റെ കാര്യമാണ്. അതിൽ വലിയ തർക്കമുണ്ടാകാൻ ഇടയില്ല. കാരണം മുല്ലപ്പള്ളി സർവസംഗ പരിത്യാഗിയാണ്. പ്രസിഡന്റ് മാറാൻ ഹൈക്കമാൻഡ് നാളെ പറയാൻ തീരുമാനിച്ചാൽ അദ്ദേഹം ഇന്നലെത്തന്നെ സ്ഥാനത്യാഗം ചെയ്തിരിക്കും. അത്രയ്ക്കാണു ത്യാഗസന്നദ്ധത.

ഈ വക കാര്യങ്ങളെ ഒരു സന്യാസിവര്യന്റെ നിസ്സംഗതയോടെ കാണാൻ യുഡിഎഫ് കൺവീനർ എം.എം.ഹസനു മാത്രമേ കഴിയൂ. എല്ലാ മാറ്റങ്ങളും നല്ലതിനാണ് എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അതു യുഡിഎഫ് കൺവീനർ സ്ഥാനമായാൽ പോലും. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതും നല്ലതിന്, സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന ആപ്തവാക്യമാണു ഹസൻജി എക്കാലവും പിന്തുടരുന്നത്.

ഇതൊക്കെ പോകട്ടെ. സ്ഥാനം നഷ്ടപ്പെടുന്ന പഴയ തലമുറക്കാർക്ക് എന്തെങ്കിലും പുനരധിവാസ പദ്ധതി ഹൈക്കമാൻഡ് അടിയന്തരമായി നടപ്പാക്കണം. കിറ്റ് വിതരണവും പെൻഷൻ വിതരണവും മുറയ്ക്കു നടക്കുമെന്നു എൽഡിഎഫ് സർക്കാർ ഉറപ്പു പറഞ്ഞിട്ടുള്ളതിനാൽ പഴയ തലമുറക്കാരാരും പട്ടിണിമൂലം സിദ്ധി കൂടില്ലെന്നു തീർച്ച. എങ്കിലും അതുകൊണ്ടുമാത്രം പ്രശ്നം പൂർണമായി പരിഹരിക്കപ്പെടില്ല. പഴയ തലമുറിയൻമാരെ ജവാഹർ ബാലവേദി, വിചാർ വിഭാഗ്, കെപിസിസി കലാവേദി, സംസ്കാര സാഹിതി, ഇന്ദിരാഗാന്ധി സ്റ്റഡി സർക്കിൾ തുടങ്ങിയ പ്രായം പ്രശ്നമല്ലാത്ത ലാവണങ്ങളിൽ പ്രതിഷ്ഠിക്കണം.

വിളമ്പിന്റെ റോൾ മോഡൽ

അ‍ഞ്ചപ്പവും രണ്ടു മീനും കൊണ്ടു സ്ത്രീകളെയും കുട്ടികളെയും കൂടാതെ അയ്യായിരം പേർക്കു വിളമ്പാനും പിന്നെയും 12 കുട്ട ബാക്കിയാക്കാനും കർത്താവായ യേശുവിനെപ്പോലെ അമാനുഷ ശക്തിയൊന്നും പിണറായി സഖാവിനില്ല. ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നെല്ലാം പലരും വിളിക്കുന്നുണ്ടെങ്കിലും താൻ അങ്ങനെയൊന്നും അല്ലെന്നു സഖാവു തന്നെ പറഞ്ഞതു നിയമസഭാ രേഖകളിലുണ്ട്. ‘‘ഞാനൊരു പാവം സാധു, അങ്ങനെ പോകുന്നു’’ എന്നായിരുന്നു അദ്ദേഹം നടത്തിയ സ്വയം നിർവചനം.

അതുപ്രകാരമാണെങ്കിൽ 21 മന്ത്രിസ്ഥാനം എൽഡിഎഫിലെ ഘടകകക്ഷികളും പിന്താങ്ങിയാൻമാരുമായ കാക്കത്തൊള്ളായിരം കക്ഷികൾക്കു വീതംവച്ച് അവരെ തൃപ്തരാക്കാനും പിന്നെയും ബാക്കിവരുന്ന സ്ഥാനങ്ങൾ കൊണ്ടു സ്വന്തം പാർട്ടിക്കാർക്കു പട്ടിണിക്കഞ്ഞി വിളമ്പാനുമൊന്നുമുള്ള വൈഭവം സഖാവിനില്ല. എങ്കിലും എൽഡിഎഫിന്റെ പടിപ്പുരയ്ക്കു മുന്നിൽ കുറെ നാളായി കീറച്ചാക്കു വിരിച്ചുകിടക്കുന്ന കോവൂർ കുഞ്ഞുമോനെയും അകത്തളത്തിൽ പ്രവേശനം കിട്ടിയിട്ടും അയിത്തക്കാരനായി തുടരുന്ന ലോക്താന്ത്രിക് ജനതാദളിനെയും ഒറ്റവെട്ടിനു കുളിപ്പിച്ചു കിടത്തി തന്ത്രവിദ്യാ പീഠത്തിന്റെ താന്ത്രിക പ്രമുഖായി ക്യാപ്റ്റൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com