ADVERTISEMENT

ഡിജിറ്റൽ അധ്യയനം തുടരേണ്ടി വന്നാൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ്ബെൽ ക്ലാസുകൾക്കു പുറമെ അതതു സ്കൂളിലെ അധ്യാപകരുടെ ക്ലാസുകൾക്കു കൂടി സൗകര്യമൊരുക്കുമെന്നു വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. കുട്ടികളുടെ അധ്യയനനിലവാരം ഉറപ്പാക്കാനും ആശയവിനിമയം നടത്താനും അധ്യാപകരെ മെന്റർമാരാക്കി മാറ്റും. 

പുതിയ അധ്യയനവർഷം ഡിജിറ്റൽ അധ്യയനത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് മലയാള മനോരമ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) സിഇഒ കെ. അൻവർ സാദത്ത്, എസ്‌സിഇആർടി മുൻ ഡയറക്ടറും വിദ്യാഭ്യാസ വിദഗ്ധനുമായ പ്രഫ. എം.എ. ഖാദർ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അസി. പ്രഫസർ ഡോ. അരുൺ ബി. നായർ, കേരള സർവകലാശാലയിലെ വിദ്യാഭ്യാസവകുപ്പ് അസി. പ്രഫ. ഡോ. ദിവ്യ സി. സേനൻ, കോഴിക്കോട് ആവള കുട്ടോത്ത് ജിഎച്ച്എസ് പ്രധാനാധ്യാപകൻ ബാബു പയ്യത്ത്, മലപ്പുറം മാറഞ്ചേരി ജിഎച്ച്എസ്എസിലെ സൈക്കോ സോഷ്യൽ കൗൺസലർ ധന്യ ആബിദ്, കണ്ണൂർ പായങ്ങാടി സ്വദേശിയും രക്ഷിതാവുമായ എസ്.പി. ദിവ്യ എന്നിവരാണു വെബിനാറിൽ പങ്കെടുത്തത്. 

ഡിജിറ്റൽ പഠനത്തിൽ ഈ വർഷം വരുത്തേണ്ട മാറ്റങ്ങളെന്തൊക്കെ എന്ന ചോദ്യത്തിനു മറുപടിയായി വായനക്കാർ മുന്നോട്ടുവച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വെബിനാറിന്റെ അജൻഡ നിശ്ചയിച്ചത്. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്നായി ലഭിച്ച മൂവായിരത്തിയറുനൂറോളം സന്ദേശങ്ങളിൽനിന്നായി ക്രോഡീകരിച്ച അഞ്ചു പ്രധാന നിർദേശങ്ങളും അവയ്ക്ക് അധികൃതർ നൽകിയ മറുപടികളും ഇപ്രകാരം:

വിക്ടേഴ്സ് മാത്രം പോരാ

∙ ടിവിയിലെ ക്ലാസ് മാത്രം പോരാ; അതതു സ്കൂളിലെ അധ്യാപകർ നേരിട്ടു ക്ലാസ് എടുക്കുകയും വേണം.

മുഹമ്മദ് ഹനീഷ്: അതതു സ്കൂളിലെ അധ്യാപകരുടെ ക്ലാസുകൾക്കു കൂടി ഈവർഷം സൗകര്യമൊരുക്കും. ഒരു ടീച്ചർ ടിവിയിലൂടെ ക്ലാസെടുക്കുമ്പോൾ മറ്റൊരു ടീച്ചർ കുട്ടിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന സംവിധാനത്തിലേക്ക് ഡിജിറ്റൽ അധ്യയനം മാറ്റാനാണ് ആലോചിക്കുന്നത്. 

കെ. അൻവർ സാദത്ത്: അധ്യാപകരും വിദ്യാർഥികളും തമ്മിൽ നിരന്തര ആശയവിനിമയത്തിന് ജി– സ്വീറ്റ് പ്ലാറ്റ്ഫോം ലഭ്യമാക്കാനാകുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ പത്ത്, പ്ലസ് ടു ക്ലാസുകളിലാകും നടപ്പാക്കുക. 

അധ്യാപകക്ഷാമം

∙ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന സ്കൂളുകളിൽ കഴിഞ്ഞവർഷം പകരം സംവിധാനമുണ്ടായില്ല. പിഎസ്‌സി നിയമനം നടന്നതുമില്ല; ആ ഒഴിവുകളിൽ ദിവസവേതന അധ്യാപകരെപ്പോലും നിയോഗിച്ചതുമില്ല. എസ്എസ്എയിലുള്ള ബിആർസി ട്രെയിനർമാരെ നിയോഗിക്കുമെന്നു കഴിഞ്ഞവർഷം ‘മനോരമ’ ഇക്കാര്യം ചർച്ചയാക്കിയപ്പോൾ അന്നത്തെ വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതു ഫലപ്രദമല്ല. അതതു സ്കൂളിൽ തന്നെ അധ്യാപകർ വേണം. പ്രധാനാധ്യാപകർ ഇല്ലാത്തത് ഏകോപന നടപടികളെ ബാധിക്കുന്നു.

മന്ത്രി ശിവൻകുട്ടി: പരാതികൾ സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. പിഎസ്‌സി അഡ്വൈസ് മെമ്മോ ലഭിച്ച അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ മുഖ്യമന്ത്രിയായി ചർച്ച ചെയ്തിട്ടുണ്ട്. അധികം വൈകാതെ തീരുമാനമുണ്ടാകും.

അധ്യാപക ഇടപെടൽ

∙ നിരന്തര മൂല്യനിർണയം ഇപ്പോഴേ തുടങ്ങണം. ഓണം, ക്രിസ്മസ് പരീക്ഷകൾ വേണം. കഴിഞ്ഞവർഷം സ്കൂളുകൾ സ്വന്തം നിലയ്ക്കു നടത്തുന്ന ഓൺലൈൻ പരീക്ഷകളും അധ്യാപകർ സ്വയം തയാറാക്കിയ വർക്ക്ഷീറ്റുകളുമായിരുന്നു. ഇവയ്ക്കു പൊതുസ്വഭാവം വേണം. 

മുഹമ്മദ് ഹനീഷ്: പരീക്ഷകൾ നടത്തിയാൽ മാത്രമേ പഠിക്കാനുള്ള താൽപര്യം കുട്ടികൾക്കുണ്ടാവൂ. സ്പോട് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള സാധ്യതകൾ തേടും. പരീക്ഷകൾക്കും വർക്ക്ഷീറ്റുകൾക്കും പൊതു മാർഗരേഖ കൊണ്ടുവരും. 

ഹൈസ്കൂൾ, ഹയർ സെക്കൻഡറി  തലത്തിൽ പ്രത്യേക ശ്രദ്ധ 

∙ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ് എടുക്കാം. കൈറ്റിലെ ക്ലാസുകളും ലൈവ് ഓൺലൈൻ ക്ലാസുകളും ഡിസംബറിനകം തീരുന്ന രീതിയിൽ ഇപ്പോഴേ ക്രമീകരണമുണ്ടാകണം. ചെറു ബാച്ചുകളായി പ്രാക്ടിക്കൽ ക്ലാസുകൾ ആദ്യമേ ക്രമീകരിക്കണം. 

മുഹമ്മദ് ഹനീഷ്: ഗ്രൂപ്പ് ട്യൂട്ടർഷിപ്പിനുള്ള സാധ്യത തേടും. ക്ലാസുകൾ ഡിസംബറിനകം തീർക്കാനാകുമോയെന്നും പരിശോധിക്കാം. 

അനുബന്ധ / പാഠ്യേതര  പ്രവർത്തനങ്ങൾ

∙ ഹലോ വേൾഡ്, ഹലോ ഇംഗ്ലിഷ് തുടങ്ങിയവ ജൂണിൽ തന്നെ ആരംഭിക്കണം. കഴിഞ്ഞ തവണ ജനുവരിക്കു ശേഷമാണ് തുടങ്ങിയത്. കലോത്സവങ്ങളും കായികമേളകളും ഈ വർഷമെങ്കിലും നടത്താനാകുമോ ?

മുഹമ്മദ് ഹനീഷ്: കലാ, കായിക മേളകൾ നേരിട്ടു നടത്തുന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനമെടുക്കാനാകില്ല. നല്ല സമയം വരാൻ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. 

പ്രതീക്ഷയായി ജി–സ്വീറ്റ്

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം തന്നെ അതിന്റെ തുടർച്ചയായി ഈവർഷം പ്രതീക്ഷിക്കാവുന്ന മാറ്റമാണ് ഓൺലൈൻ പഠനത്തിനായുള്ള ജി–സ്വീറ്റ് (G-Suite) പ്ലാറ്റ്ഫോം. ഗൂഗിൾ സ്വീറ്റിന്റെ (ഗൂഗിൾ വർക്ക്സ്പേസ്‌) കസ്റ്റമൈസ്ഡ്‌ വേർഷനാണിത്‌. ഗൂഗിൾ ക്ലാസ്റൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവയുടെയൊക്കെ സാധ്യതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഗിൻ ചെയ്യാൻ ജിമെയിൽ അക്കൗണ്ട് വേണ്ടിവരില്ല. ഫലത്തിൽ വിദ്യാർഥികളുടെ വ്യക്തിഗതവിവരങ്ങൾ ചോരില്ല. അഡ്മിഷൻ നമ്പറും സ്കൂൾ കോഡും വച്ചു ലോഗിൻ ചെയ്യാനാകും. 

വിക്ടേഴ്സ്‌ ക്ലാസിന്റെ അടിസ്ഥാനത്തിലുള്ള തുടർപഠനമാകും ഇവിടെ നടക്കുക. അധ്യാപകരുമായി നേരിട്ടു സംവദിക്കാം. പഠനപ്രവർത്തങ്ങളും മറ്റും ഇവിടെ അപ്‌ലോഡ്‌ ചെയ്യാനുമാകും.

ഉല്ലാസപ്പറവകൾ കൂട്ടിലാകുമ്പോൾ

വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ ആർജിക്കേണ്ട സാമൂഹികവൽകരണത്തിന്റെ കാര്യത്തിലാണ് ഡിജിറ്റൽ / ഓൺലൈൻ ക്ലാസ് ഏറ്റവും വലിയ പരിമിതിയാകുന്നത്. ഓരോ പ്രായത്തിലും കുട്ടി അനുഭവത്തിലൂടെ ആർജിക്കേണ്ട നൈപുണ്യങ്ങളുണ്ട്. ഇതിനായി ഓരോ പ്രായവിഭാഗത്തിനുള്ള മൊഡ്യൂളുകൾ ‘ഉല്ലാസപ്പറവകൾ’ എന്ന പേരിൽ എസ്‍സിഇആർടി വികസിപ്പിച്ചിരുന്നു. ഇതിന്റെ ഡിജിറ്റൽ പതിപ്പ് വിക്ടേഴ്സിലൂടെ കുട്ടികളിലെത്തിക്കാനുള്ള നടപടികൾ ‘കൈറ്റ്’ തുടങ്ങിക്കഴിഞ്ഞു. ത്രിതല മെന്ററിങ് രീതിയും ആലോചിക്കണം. 

1) ടീച്ചർ ആസ് എ മെന്റർ: 10–15 കുട്ടികൾക്കു മാർഗനിർദേശങ്ങൾ നൽകാനും ഒരു ടീച്ചർ .

2) പിയർ മെന്ററിങ്: വിഷയങ്ങൾ / പാഠഭാഗങ്ങൾ സഹപാഠികൾ തന്നെ പറഞ്ഞു കൊടുക്കുന്ന രീതി.

3) സോഷ്യൽ മെന്ററിങ്: ഗാർഹികപ്രശ്നങ്ങളുള്ള കുട്ടികൾക്കുസഹായവും മാർഗനിർദേശങ്ങളുമായി സാമൂഹികപ്രവർത്തകർ മുന്നോട്ടുവരുന്ന രീതി. പക്ഷേ ഇവിടെ ദുരുപയോഗ സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്.

∙ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാൽ അധ്യാപകരെ സ്കൂളിലെത്തിച്ചു നിയന്ത്രണങ്ങളോടെ ക്ലാസുകൾ തുടങ്ങുന്ന കാര്യം ആലോചിക്കും. കുട്ടികളുടെ പഠനനിലവാരം അറിയാൻ പുതിയ മാർഗങ്ങൾ തേടും. ലാബ്, ലൈബ്രറി സൗകര്യം പ്രയോജനപ്പെടുത്താനും അവസരമൊരുക്കും. 

മന്ത്രി വി. ശിവൻകുട്ടി

∙  വിക്ടേഴസ് ക്ലാസിനു പുറമേ അധ്യാപകർ കുട്ടികളെ ഫോണിൽ വിളിച്ച് ഫോളോ അപ്പ് നടത്തുന്ന രീതിയുണ്ടെങ്കിലും അതു പോരാ. ടിവി സംപ്രേഷണത്തിന്റെ ലാഘവത്തിനപ്പുറം പാഠങ്ങൾ കുട്ടിയുടെ മനസ്സിൽ പതിപ്പിക്കാനാകണം. ഇക്കാര്യത്തിലെ പോരായ്മകൾ പരിഹരിക്കാനാണ് മെന്റർഷിപ്പിന്റെ സാധ്യത തേടുന്നത്.

എ.പിഎം. മുഹമ്മദ് ഹനീഷ്

∙  ഫസ്റ്റ്ബെൽ ക്ലാസുകൾ സ്കൂളിലെ ക്ലാസുകൾക്കു പകരമുള്ളതല്ല, പഠന വിടവ്‌ നികത്താനുള്ള താൽക്കാലിക സംവിധാനം മാത്രമാണ്‌. ഇവയ്ക്കു മികച്ച രീതിയിൽ ഫോളോഅപ്‌ നടത്തിയ സ്കൂളുകളിൽ അത്ര പ്രശ്നമായില്ല. അല്ലാത്ത സ്കൂളുകളിലെ കുട്ടികൾക്കു പ്രയാസം നേരിട്ടു. ഡിജിറ്റൽ ക്ലാസുകളുടെ ഫോളോ അപ്പും അതിന്റെ മോണിറ്ററിങ്ങും ഉറപ്പാക്കാൻ സംവിധാനം വേണം.

കെ.അൻവർ സാദത്ത്

∙  ഓൺലൈൻ വിദ്യാഭ്യാസം ക്ലാസ് റൂം പഠനത്തിനു ബദലായി കാണരുത്. ഇപ്പോഴത്തെ കേന്ദ്രീകൃത ഓൺലൈൻ പഠന സംവിധാനം മാറണം. ഇപ്പോൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഒരേ അധ്യാപകർ എന്നതാണു സ്ഥിതി. ആശയങ്ങളുടെ വിതരണം മാത്രമാണു നടക്കുന്നത്. അതു കുട്ടികൾ ഉൾക്കൊള്ളുന്നുവോ എന്നു വിലയിരുത്തപ്പെടുന്നില്ല.

പ്രഫ. എം.എ. ഖാദർ

∙  ഫ്ലിപ്ഡ് ക്ലാസ് സംവിധാനം നിലവിലെ പോരായ്മകൾ പരിഹരിക്കാനുള്ള വഴിയാണ്. സ്കൂളിൽ പഠനം, വീട്ടിൽ തുടർപ്രവർത്തനങ്ങൾ എന്ന പതിവു രീതി മറിച്ചിടുകയാണ് ഫ്ലിപ്ഡ് ക്ലാസിൽ – വീട്ടിൽ പഠനം, സ്കൂളിൽ തുടർപ്രവർത്തനം. വീട്ടിലിരുന്ന് വിക്ടേഴ്സിൽ ക്ലാസ് കാണുന്ന കുട്ടികളുമായി അതു ചർച്ച ചെയ്യുകയും പഠനപ്രവർത്തനങ്ങൾ ലഭ്യമാക്കുകയുമാണ് അധ്യാപകർ ചെയ്യേണ്ടത്. ഇത്തരം മൊഡ്യൂളുകൾ വികസിപ്പിച്ച് കുട്ടികളിലെത്തിക്കണം.

ഡോ. ദിവ്യ സി.സേനൻ

∙  കുട്ടികളുടെ പ്രയാസങ്ങൾ അവർ തുറന്നു പറയണമെങ്കിൽ നേരിട്ടു സംസാരിക്കണം. ഇപ്പോഴും ദിവസേന 5–10 കുട്ടികളെ വീതം വിളിക്കുന്നുണ്ട്. എന്നാൽ എന്റെ സ്കൂളിൽ നാലായിരത്തോളം കുട്ടികളുണ്ട്. എല്ലാ കുട്ടികളെയും ഫോണിലും മറ്റും ബന്ധപ്പെടുന്നതും പ്രശ്നങ്ങൾ മനസ്സിലാക്കുന്നതും കൗൺസലിങ് നൽകുന്നതും പ്രായോഗികമല്ല. 

ധന്യ ആബിദ്

∙    പഠനത്തിൽ പിന്നാക്കം പോയ ചില കുട്ടികളിൽ ഈയിടെ നടത്തിയ പഠനത്തിൽ അവരിൽ 86 % പേ‍ർക്കും വൈറ്റമിൻ ഡിയുടെ കുറവ് കണ്ടെത്തി. വെയിൽ കൊള്ളുന്നതു കുറഞ്ഞപ്പോൾ സ്വാഭാവികമായി സംഭവിക്കുന്നതാണിത്. അതിനാൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കപ്പുറത്തുള്ള കാര്യങ്ങളും വിലയിരുത്തണം.

ഡോ. അരുൺ ബി.നായർ

∙    വിക്ടേഴ്സിൽ ഓരോ വിഷയത്തിനും കിട്ടുന്ന സമയം പരിമിതമാണ്. അതിനാൽ ഓരോ വിഷയത്തിലും ഓരോ മാസവും തീർക്കേണ്ട പാഠഭാഗങ്ങളുടെ സ്കീം ഓഫ് വർക്ക് തയാറാക്കണം. അനുബന്ധ പഠനപ്രവർത്തനങ്ങൾക്കു വേണ്ട വർക്ക്ഷീറ്റുകൾ അധ്യാപകർക്കു പൊതു പോർട്ടലിലൂടെ എത്തിച്ചാൽ മതി.

ബാബു പയ്യത്ത്

∙എന്റെ കുട്ടി മൂന്നാം ക്ലാസിലാണ്. ക്ലാസിൽ എല്ലാവരെയും ഓൺലൈനിൽ വിളിച്ചുകൂട്ടിയപ്പോൾ ‘ഇവരൊക്കെ എന്റെ കൂട്ടുകാരാ’ എന്നു പറഞ്ഞ് ഓരോ സഹപാഠിയെയും ചൂണ്ടിക്കാട്ടുമ്പോൾ  സന്തോഷം കാണേണ്ടതായിരുന്നു. ഇങ്ങനെയെങ്കിലും ഒത്തുകൂടാനുള്ള അവസരം വേണം. ഇംഗ്ലിഷ് മീഡിയം കുട്ടികൾക്ക് ഇംഗ്ലിഷിൽ തന്നെ ഡിജിറ്റൽ ക്ലാസ് വേണം. 

എസ്.പി. ദിവ്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com