ADVERTISEMENT

പിലൂ മോഡി എന്നൊരു മോഡിയുണ്ടായിരുന്നു, പണ്ട്. ഇന്നാണെങ്കിൽ ഒരുപക്ഷേ, പിലൂ മോദി എന്നു നാം വിളിച്ചേനെ.

ആർക്കിടെക്ടായിരുന്നു പിലൂ മോഡി. അമേരിക്കയിലെ കലിഫോർണിയ സർവകലാശാലയിൽ പഠിച്ച് ആർക്കിടെക്ചറിൽ ബിരുദാനന്തര ബിരുദമെടുത്തു വന്ന അദ്ദേഹം പക്ഷേ, രാഷ്ട്രീയത്തിലേക്കു ചാടി.

കലിഫോർണിയയിൽ പഠിക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ ഒപ്പമുണ്ടായിരുന്നതു പിൽക്കാലത്തു പാക്കിസ്ഥാൻ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായിത്തീർന്ന സുൽഫിക്കർ അലി ഭൂട്ടോ.

സഹപാഠിയെക്കുറിച്ചു ‘സുൽഫി, എന്റെ സുഹൃത്ത്’ (സുൽഫി, മൈ ഫ്രണ്ട്) എന്നൊരു നല്ല പുസ്തകം പിലൂ എഴുതിയിട്ടുമുണ്ട്.

അക്കാലത്തു നമ്മുടെ രാഷ്ട്രീയക്കാരെല്ലാം മൂന്നു നേരം ജപിച്ചു പോന്ന സോഷ്യലിസത്തിൽ വിശ്വസിക്കാൻ വിസമ്മതിച്ചവർ സ്വതന്ത്രാ പാർട്ടി എന്നൊരു കക്ഷിയുണ്ടാക്കിയപ്പോൾ അതിന്റെ സ്ഥാപകരിലൊരാളായി പിലൂ.

ഗുജറാത്തിലെ ഗോധ്ര മണ്ഡലത്തിൽനിന്ന് 1967–ൽ അദ്ദേഹം ലോക്സഭാംഗമായി. 1971–ൽ അവിടെനിന്നുതന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ആ നാളുകളിലും അദ്ദേഹം തിരക്കുള്ള ആർക്കിടെക്ട് തന്നെയായിരുന്നു. പാർലമെന്റിൽ ആർക്കിടെക്ട് ആക്ട് എന്ന നിയമം പാസ്സാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതു പിലൂ മോഡിയാണ്; 1972–ൽ.

വലിയ തമാശക്കാരനായിരുന്നു പിലൂ.

എതിർക്കുന്നവരെയൊക്കെ സിഐഎ ഏജന്റ് എന്ന് ഇന്ദിരാഗാന്ധി വിളിക്കുന്ന കാലം. അതു കേട്ടുകേട്ടു സഹികെട്ട്, 1972–ൽ ഒരു ദിവസം പിലൂ മോഡി പാർലമെന്റിലെത്തിയത് ‘ഞാനൊരു സിഐഎ ഏജന്റാണ്’ എന്നൊരു വലിയ ബാഡ്ജ് ധരിച്ചാണ്.

പിലൂവിന്റെ ബാഡ്ജ് കണ്ടു പാർലമെന്റംഗങ്ങൾ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് എല്ലാവരും പൊട്ടിച്ചിരിച്ചു. ഇന്ദിരാഗാന്ധി ചിരിച്ചോ എന്നു ചരിത്രത്തിൽ കാണുന്നില്ല.

അന്നു ജി.എസ്.ധില്ലനാണ് ലോക്സഭാ സ്പീക്കർ. പിലൂ മോഡിയുടെ ബാഡ്ജ് കണ്ടു സ്പീക്കറും ഒന്നു ചിരിച്ചെങ്കിലും ഇത്തരം ബാഡ്ജുകൾ ധരിക്കുന്നതു ക്രമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അഥവാ അത്രയുമേ പറഞ്ഞുള്ളു.

നിയമസഭയിലെ സത്യപ്രതിജ്ഞാവേളയിൽ ഭർത്താവ് ടി.പി.ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി ധരിച്ചതിനു വടകര എംഎൽഎ കെ.കെ.രമയെ സ്പീക്കർ താക്കീതു ചെയ്യാൻ പോകുന്നു എന്നു കേട്ടപ്പോഴാണ് അപ്പുക്കുട്ടൻ പിലൂ മോഡിയുടെ ബാഡ്ജിന്റെ കാര്യം ഓർത്തത്.

രമയുടെ ബാഡ്ജ് ആദ്യപാപമായി കണക്കാക്കി, നടപടിയൊന്നും വേണ്ടെന്നു പിന്നീടു തീരുമാനമായപ്പോൾ പരലോകത്തിലിരുന്നു ധില്ലൻ മന്ദഹസിക്കുന്നത് അപ്പുക്കുട്ടൻ കണ്ടു. കെ.കെ.രമയുടെ ബാഡ്ജിനെതിരെ ആരോ പരാതി നൽകുകയായിരുന്നത്രെ. മറ്റേതോ എംഎൽഎയാണോ അതോ വെറും വഴിപോക്കനാണോ പരാതി നൽകിയതെന്നു വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും പിലൂ മോഡിയെന്നോ ജി.എസ്.ധില്ലനെന്നോ പരാതിക്കാരൻ കേട്ടിട്ടുണ്ടാവില്ല.

ജയിച്ചുവന്നാൽ എംഎൽഎ സ്ഥാനം അമ്മയ്ക്കു സമർപ്പിക്കുമെന്നു വ്രതമെടുത്ത ആരെങ്കിലും അമ്മയുടെ ചിത്രം ധരിച്ചു നിയമസഭയിലെത്തിയാൽ അമ്മ അൺപാർലമെന്ററിയാകുമോ എന്നാണു പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ നക്ഷത്രമിട്ട ചോദ്യം.

ഇന്ദിരാഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു പിലൂ. പക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് അവർ സൗഹൃദങ്ങൾക്ക് അവധി കൊടുത്തതിനാൽ പിലൂവിനെയും അറസ്റ്റ് ചെയ്തു ജയിലിലാക്കി. എന്നിട്ട്, എല്ലാ ദിവസവും പിലൂവിന്റെ ക്ഷേമം അന്വേഷിക്കും. ചില വ്യവസ്ഥകളോടെ പുറത്തുവിടാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.

അപ്പോൾ പിലൂ പറഞ്ഞു, വേണ്ട ശ്രീമതി, ഞാനിവിടെ കിടന്നോളാം.

പിന്നെ സ്വതന്ത്രാ പാർട്ടി ഇല്ലാതായി. പിലൂ മോഡി  ഭാരതീയ ക്രാന്തി ദൾ, ലോക്ദൾ വഴി ജനതാ പാർട്ടിയിലെത്തി. 1978 മുതൽ 1983–ൽ മരണം വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.

ഒഡീഷയിലെ കട്ടക്കിലുള്ള പിലൂ മോഡി കോളജ് ഓഫ് ആർക്കിടെക്ചർ പ്രഗത്ഭനായ ആ ആർക്കിടെക്ടിന്റെ ബാഡ്ജ് ധരിച്ച് ഇപ്പോഴും അന്തസ്സോടെ നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com