ADVERTISEMENT

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ വിഭൂതി ശങ്കർ ദൗണ്ഡിയാലിന്റെ ഭാര്യ നികിത കൗൾ ഇന്ത്യൻ സൈന്യത്തിന്റെ  ഭാഗമായതും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ കേരള നിയമ സഭാംഗമായതും സമീപദിവസങ്ങളിലാണ്. നികിതയെ തോളിലേറ്റിത്തന്നെ അവരുടെ നിശ്ചയദാർഢ്യത്തോടും വിഭൂതിയുടെ ജീവത്യാഗത്തോടുമുള്ള ആദരം ഇന്ത്യൻ സേന അറിയിച്ചു. ഭർത്താവിന്റെ ചിത്രമുള്ള ബാഡ്ജുമായി കേരള നിയമസഭയിലേക്കു പക്ഷേ രമ കടന്നുവന്നതു ശക്തമായ 99 അംഗ ഭരണപക്ഷത്തെ ഉള്ളാലെങ്കിലും ചകിതരാക്കി. അവരിൽ ചിലരെങ്കിലും ടി.പി.ചന്ദ്രശേഖരനെ ഓർത്തു ഹൃദയഭാരത്താൽ തലകുനിച്ചു കാണണം.

നിയമസഭയുടെ 64 വർഷ ചരിത്രമെടുത്താൽ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ഒരു രക്തസാക്ഷിയുടെ വിധവ ആദ്യമായാണ് അതിൽ അംഗമാകുന്നത്. ഇതുവരെ അംഗങ്ങളായ 51 വനിതകളിൽ രമയ്ക്കു സംഭവിച്ച നഷ്ടമോ ദുരന്തമോ ആർക്കും ഉണ്ടായിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിനു മുന്നിൽ ഒരുപിടി ചോദ്യങ്ങൾ ഉയർത്തിയാണ് അവർ അവിടെ ഇരിക്കുന്നത്. തുടർഭരണത്തിന്റെ ആവേശ തിരത്തള്ളലിലും മുഖ്യഭരണകക്ഷിയായ സിപിഎമ്മിനെ കുത്തിനോവിക്കുന്ന സാന്നിധ്യമാണു രമയുടേത്; ഇനിയങ്ങോട്ട് അങ്ങനെതന്നെയാകുകയും ചെയ്യും. 

കേരള നിയമസഭയിൽ ഒരു ഭരണകക്ഷിയും ഇങ്ങനെ കുടുക്കിൽപെട്ടിട്ടില്ല. സ്വന്തം ഭർത്താവിനെ മൃഗീയമായി കൊന്നുതള്ളിയ പാർട്ടിയുടെ ഭാഗമായവർ എന്ന കണ്ണോടെയാണു രമ എഴുന്നേറ്റു നിൽക്കുന്നതെന്നു സിപിഎമ്മിന്റെ  ഓരോ അംഗത്തിനും തോന്നാം. അവരുടെ കന്നിപ്രസംഗത്തിൽ ഉടനീളം ഭരണപക്ഷം പുലർത്തിയ നിശ്ശബ്ദത ആരുടെയും നിർദേശപ്രകാരമായിരുന്നില്ല, അതു സംഭവിച്ചതാണ്. രാജീവ് ഗാന്ധിയുടെ ജീവത്യാഗത്തിനുശേഷം സോണിയ ഗാന്ധി ഇന്ത്യൻ പാർലമെന്റിൽ അംഗമായപ്പോൾ ചുറ്റും ഇരിക്കുന്നവരെ കുറ്റബോധം വേട്ടയാടേണ്ട സാഹചര്യം ഇല്ലായിരുന്നു.

റേയ്ച്ചൽ സണ്ണി പനവേലിലും രാധാ രാഘവനും എലിസബത്ത് മാമ്മൻ മത്തായിയും ഭർത്താവിന്റെ വേർപാടിനു ശേഷം കേരള നിയമസഭയിൽ അംഗങ്ങളായിട്ടുണ്ട്. പക്ഷേ, അവരുടെ രാഷ്ട്രീയ, നിയമസഭാപ്രവേശം ആരെയും അസ്വസ്ഥരാക്കിയില്ല. അതികായരായ പി.ടി.പുന്നൂസിന്റെ ഭാര്യ റോസമ്മ പുന്നൂസും കെ.എ.ദാമോദര മേനോന്റെ ഭാര്യ ലീല ദാമോദര മേനോനും എകെജിയുടെ സ്വന്തം സുശീല ഗോപാലനും വയലാർ രവിയുടെ പ്രിയപ്പെട്ട മേഴ്സിയും രമയ്ക്കു മുൻപേ സഭയിൽ കടന്നുവന്നവരാണ്. ഭൂരിപക്ഷം വനിതാ അംഗങ്ങളുടെയും ജീവിതപങ്കാളികൾ സജീവരാഷ്ട്രീയക്കാരാണ്. ആരും 51 വെട്ടിന് ഇരയായവരല്ല എന്നതാണു രമയുടെ സാന്നിധ്യത്തെ വേറിട്ടതാക്കുന്നത്.

ടിപി കൊല്ലപ്പെട്ടപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രമ ഇതുവരെ കണ്ടു സംസാരിച്ചിട്ടില്ല. ചില സിപിഎം മന്ത്രിമാരെ ഓഫിസിൽ പോയി കണ്ടു. മന്ത്രിമാരായ കെ.എൻ.ബാലഗോപാലും പി.രാജീവും സ്പീക്കർ എം.ബി.രാജേഷും രമയ്ക്കൊപ്പം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്നവരാണ്. അവരെല്ലാം പഴയ സ്നേഹബന്ധം പുലർത്തുമെന്നു രമ കരുതുന്നു. ടിപിയുടെ ഘാതകരെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ നിയമസഭാവേദികൂടി ഉപയോഗിക്കാനാണ് അവരുടെ ഉറച്ച തീരുമാനം. 

ടിപി വധത്തിനു പിന്നിലെ  ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഹർജിയിലെ ആവശ്യം സഭയിൽ അവർ ഉയർത്തിയാൽ മറുപടി നൽകേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന      മുഖ്യമന്ത്രിയാണ്. ‘കുലംകുത്തി,  കുലംകുത്തി തന്നെ’ എന്നു ടി.പി. ചന്ദ്രശേഖരനെ ആക്ഷേപിച്ച പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. ‘അന്ന് അതുകേട്ടു ഞാൻ ഞെട്ടിപ്പോയി.      അദ്ദേഹത്തിനുള്ള മറുപടിതന്നെയാണ് ഈ നിയമസഭാപ്രവേശം. ഞാൻ സഭയിൽ നിൽക്കുമ്പോൾ സഖാവ് ടിപിയാണു        പിണറായി വിജയനു മുന്നിൽ നിൽക്കുന്നത്’ – രമ പറഞ്ഞു. 

വനിതാ വൈവിധ്യം 

വനിതാ അംഗങ്ങളായ 11 പേരിൽ പലരും പലതുകൊണ്ടും പ്രത്യേകതയുള്ളവരാണ്. സർക്കാരുമായി നേരിട്ട് ഇടപെടുന്ന പ്രധാന വിഭാഗമായ മാധ്യമങ്ങളിൽ വളരെ സജീവമായിരുന്ന ഒരാൾ ഇതാദ്യമായി മന്ത്രിസഭാംഗമായി. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് ഇന്നലെ അവതരിപ്പിച്ചത് അവർ പ്രവർത്തിച്ച വാർത്താ ചാനലിന്റെ ചെയർമാനായിരുന്ന ഡോക്ടർ കൂടിയായ എം.കെ.മുനീറാണ്. ദലീമ ജോജോയിലൂടെ ഒരു പ്രഫഷനൽ ഗായികയും ആദ്യമായി സഭയിലെത്തി. ഇരുപതോളം സിനിമകളിൽ പാടിയ ദലീമയുടെ ‘മഞ്ഞുമാസപ്പക്ഷി’ (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്), ‘ഈ തെന്നലും തിങ്കളും’ (നീ വരുവോളം) എന്നിവ ഹിറ്റ് ഗാനങ്ങളാണ്.

സംസ്ഥാനതല മീറ്റുകളിൽ പങ്കെടുത്ത ഓട്ടക്കാരിയായിരുന്നു മന്ത്രി ജെ.ചിഞ്ചുറാണി. കഥകളി ആർട്ടിസ്റ്റായിരുന്ന മന്ത്രി ആർ.ബിന്ദു പണ്ടു ചെറുകഥക‍ൾ എഴുതുമായിരുന്നു. ആത്മകഥയ്ക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരം തന്നെ ലഭിച്ച ഒരു വനിതാ അംഗമുണ്ടായിരുന്നു, മുൻപ്; ലീലാ ദാമോദര മേനോൻ. കെ.കെ.രമ അലങ്കരിക്കുന്ന ഈ സഭയിൽ ആ പുസ്തകത്തിന്റെ പേരിനു പ്രസക്തിയുണ്ട്: ‘ചേട്ടന്റെ നിഴലിൽ.’ ടി.പി.ചന്ദ്രശേഖരൻ നിഴൽപോലെ കൂടെയുണ്ട് എന്നാണു രമ വിശ്വസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com