ADVERTISEMENT

കോവിഡ്കാല വെല്ലുവിളികളെ നേരിട്ട് കേരളത്തിനു നിവർന്നുനിൽക്കാൻ കൈത്താങ്ങു നൽകണമെന്ന ആത്മാർഥമായ ആഗ്രഹം ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ ആദ്യബജറ്റിൽ പ്രകടമായി പ്രതിഫലിക്കുന്നു. കോവിഡ് രണ്ടാം വ്യാപനത്തിന്റെ ഭീഷണിയും മൂന്നാം വ്യാപനത്തെക്കുറിച്ചുള്ള ആശങ്കയും നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ, ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിയാൻ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം ബജറ്റിനു സാധിക്കുന്നുണ്ട്. പക്ഷേ, അതിന്റെ ഫലശ്രുതി ഇപ്പോൾ പറയാനാവില്ല. വലിയ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കാനുള്ള ധനസമാഹരണവഴികൾ എവിടെയെന്നോർത്തുള്ള ആശങ്ക തീർച്ചയായും കേരളത്തിനുണ്ട്.

ആലങ്കാരികഭാഷയോ കാവ്യഭംഗിയോ ഉപയോഗിക്കാതെ, ഏറ്റവും ചുരുക്കി, മിതമായ വാക്കുകളിലുള്ള ബജറ്റ് അവതരണം ഇപ്പോഴത്തെ കഠിനവും സങ്കീർണവുമായ കാലത്തിനു ചേർന്നതുതന്നെ. കോവിഡ് കാലത്തെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾക്കു മറുമരുന്നായി 20,000 കോടി രൂപയുടെ പാക്കേജാണു ബജറ്റിലെ മുഖ്യ പ്രഖ്യാപനം. ഇതിലൂടെ ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനുവേണ്ടി വിവിധ വായ്പകൾ, പലിശ സബ്സിഡി എന്നിവ നൽകാൻ 8300 കോടി രൂപയും വകയിരുത്തുന്നു. ഉപജീവനം പ്രതിസന്ധിയിലായവർക്കു നേരിട്ടു വരുമാനം ഉറപ്പാക്കാൻ 8900 കോടി പ്രഖ്യാപിച്ച മന്ത്രി, അതു പക്ഷേ പണം അക്കൗണ്ടിൽ ഇട്ടുകൊടുക്കൽ അല്ലെന്നു പിന്നീടു വ്യക്തമാക്കുകയുണ്ടായി.

ഈ പാക്കേജ് പ്രതീക്ഷാനിർഭരമാണെങ്കിലും, മുൻ സർക്കാർ പ്രഖ്യാപിച്ച ഇതേ തുകയുടെതന്നെ പാക്കേജിൽ ഭീമഭാഗം ചെലവഴിച്ചതു കുടിശിക നൽകാനായിരുന്നു എന്നുകൂടി ഓർമിക്കേണ്ടിവരുന്നു. ഉത്തേജക പാക്കേജെന്നു പറഞ്ഞ് അവതരിപ്പിച്ചശേഷം കരാറുകാരുടെ കുടിശിക തീർത്ത മാതൃകയാണ് ഈ ബജറ്റും പിന്തുടരുന്നതെന്നും ബജറ്റ് എസ്റ്റിമേറ്റുകളിൽ പൊരുത്തക്കേടുണ്ടെന്നുമാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം.

സാർവത്രിക വാക്സിനേഷൻ എന്ന അടിസ്ഥാന ആവശ്യത്തെ അടിയന്തരപ്രാധാന്യത്തോടെ ബജറ്റ് ഉൾക്കൊണ്ടത് ആശ്വാസകരമാണ്. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുന്നതിന് 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വാക്സീൻ ഗവേഷണത്തിനു മാത്രമല്ല, ഉൽപാദനത്തിനു കൂടിയുള്ള പ്രാരംഭകാര്യങ്ങളും ബജറ്റ് വിഭാവനം ചെയ്യുന്നു. കേരളത്തിൽ 150 മെട്രിക് ടൺ ശേഷിയുള്ള മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നതു മൂന്നാം വ്യാപന ആശങ്കയുടെ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ചികിത്സാസൗകര്യങ്ങൾ വർധിപ്പിച്ചു മൂന്നാം വ്യാപനത്തെ നേരിടാൻ നമ്മുടെ ആശുപത്രികളെ സജ്ജമാക്കുമെന്നും ബജറ്റ് പറയുന്നു.

കോവിഡ് പാക്കേജ് പോലെ പ്രതീക്ഷിച്ചതുതന്നെയാണു തീരമേഖലയെ സംരക്ഷിക്കാനുള്ള പാക്കേജും. തീരദേശമേഖലയിൽ 4 വർഷംകൊണ്ടു 11,000 കോടിയുടെ വികസന പദ്ധതികളാണു നടപ്പാക്കുക. തീരദേശ സംരക്ഷണം, തീരമേഖലയിലെ അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയാണു പാക്കേജിലുള്ളത്. കടലാക്രമണത്തിനും മറ്റു പ്രകൃതി പ്രതിഭാസങ്ങൾക്കും എതിരെ നാം സ്വീകരിച്ചുപോന്ന പരമ്പരാഗത പരിഹാരമാർഗങ്ങളുമായി ഇനി മുന്നോട്ടുപോകാനാകില്ലെന്നും ശാസ്ത്രീയ അവബോധത്തോടെ ദീർഘകാല പരിഹാരപദ്ധതി ആവിഷ്കരിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറയുന്നുണ്ട്.

പരിസ്ഥിതിദിനത്തിന്റെ തലേന്ന് അവതരിപ്പിക്കപ്പെട്ട ബജറ്റ്, പരിസ്ഥിതിസംരക്ഷണത്തിനു വലിയ ശ്രദ്ധ നൽകിയത് ഉചിതമായി. ജലാശയങ്ങളുടെയും നദികളുടെയും ജലവാഹകശേഷി മെച്ചപ്പെടുത്താനുള്ള ബൃഹദ്പദ്ധതിയാണു പ്രഖ്യാപിച്ചിട്ടുള്ളത്. പരിസ്ഥിതിസൗഹൃദ ഗതാഗതമെന്ന ലക്ഷ്യം മുൻനിർത്തി, ഹൈഡ്രജൻ ഇന്ധനമായി പത്തു ബസുകൾ നിരത്തിലിറക്കുകയാണ്. കെഎസ്ആർടിസിയുടെ പ്രവർത്തനനഷ്ടം കുറയ്ക്കുന്നതിന്റ പ്രാരംഭമെന്ന നിലയിൽ 3000 ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റുമെന്നും ബജറ്റ് പറയുന്നു.

കാർഷിക ഉൽപന്ന വിപണനത്തിനായി വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സേവനശൃംഖല ആരംഭിക്കുന്നതും പെട്ടെന്നു കേടുവരുന്ന വിളകൾ ഉപയോഗിച്ചു മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതുമൊക്കെ കാർഷികകേരളത്തിനു തുണയാവും. തോട്ടവിളകളുടെ വൈവിധ്യവൽക്കരണം കാലത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവിൽ പരമ്പരാഗത തോട്ടവിളകൾക്കു പുറമേ പുതിയ വിളകളും ഫലവർഗങ്ങളും കൃഷി ചെയ്യാനും പദ്ധതി തയാറാക്കുകയാണ്. റബർ കർഷകർക്കു വിതരണം ചെയ്യാൻ ബാക്കിനിൽക്കുന്ന സബ്സിഡി കുടിശിക പൂർണമായും കൊടുത്തുതീർക്കുന്നതിനായി 50 കോടി രൂപ വകയിരുത്തിയത് ഒട്ടേറെപ്പേർക്ക് ആശ്വാസം പകരും.

കോവിഡ് പ്രതിസന്ധി അടിമുടി തകർത്ത ടൂറിസം മേഖലയ്ക്കു നൽകിയ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. വിനോദസഞ്ചാര പുനരുജ്ജീവന പാക്കേജിനു സർക്കാർ വിഹിതം 30 കോടിയാണ്. രണ്ടു വിഷയാധിഷ്ഠിത ടൂറിസം റൂട്ടുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. മാർക്കറ്റിങ്ങിനുവേണ്ടി ടൂറിസം വകുപ്പിന് 50 കോടി രൂപകൂടി അനുവദിച്ചതും ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനത്തിനായി 400 കോടി രൂപ വായ്പ ലഭ്യമാക്കുന്നതും ഈ രംഗത്തിനു ജീവവായു നൽകും.

അതിദാരിദ്ര്യ ലഘൂകരണ പദ്ധതി, കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്കുള്ള 1000 കോടിയുടെ ബാങ്ക് വായ്പാപദ്ധതി, ചെറുകിട–ഇടത്തരം സംരംഭകർക്കു കുറഞ്ഞ പലിശനിരക്കിൽ വായ്പയ്ക്കുള്ള പദ്ധതി, പട്ടികജാതി/ വർഗ വികസനത്തിനു നൽകുന്ന ശ്രദ്ധ, പ്രവാസിക്ഷേമ പദ്ധതികൾ എന്നിവ ജനകീയമുദ്രകളുള്ളതാണ്. ഗാർഹികജോലികളിലെ കാഠിന്യം കുറയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്മാർട് കിച്ചൻ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് അനുവദിച്ച 5 കോടി രൂപ തീരെ അപര്യാപ്തമെന്നേ പറയാനാവൂ. കോവിഡ് മൂലം വലിയ തകർച്ച നേരിടുന്ന സിനിമാരംഗമടക്കമുള്ള പല മേഖലകളും പുനരുജ്ജീവിപ്പിക്കാൻ ബജറ്റിൽ ഒന്നുമില്ലതാനും.

കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 3.82 ശതമാനത്തിന്റെ ഇടിവുണ്ടായി എന്നതു വലിയ ഭീഷണിതന്നെയാണ്. പ്രതിസന്ധിഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം വ്യക്തമാക്കുന്ന ബജറ്റിലൂടെ അമ്പരപ്പിക്കുന്ന വലിയ പ്രഖ്യാപനങ്ങൾക്കൊന്നും ധനമന്ത്രി തയാറായിട്ടില്ല. പുതിയ നികുതികൾ പ്രഖ്യാപിച്ചിട്ടുമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ കടമെടുത്തേ സർക്കാരിനു മുന്നോട്ടുപോകാനാകൂ. കൂടുതൽ കടമെടുപ്പു വേണ്ടിവരുമ്പോൾ വരുംവർഷങ്ങളിൽ സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കു നീങ്ങുമെന്ന ആശങ്ക വലുതാണ്.

മന്ത്രി തോമസ് ഐസക്കിന്റെ അവസാന ബജറ്റിനോട് ഇൗ ബജറ്റിനുള്ള മുഖ്യസാമ്യം രണ്ടിലും വരുമാനം വർധിപ്പിക്കാൻ ശുപാർശകളില്ല എന്നതാണ്. നിലവിലുള്ള പല പദ്ധതികളുടെയും പണം വെട്ടിച്ചുരുക്കി വേണം പുതിയ പദ്ധതികൾക്കു പണം കണ്ടെത്തേണ്ടതെന്നു വ്യക്തം. ചെലവുചുരുക്കലിലൂടെ സർക്കാർതന്നെ ആദ്യം മാതൃക നൽകേണ്ടതുണ്ട്. കോവിഡ്കാല അതിജീവനത്തിനായി കേന്ദ്രപദ്ധതികൾ പൂർണമായി ഉപയോഗിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com