ADVERTISEMENT

ബിജെപിയുടെ പാർലമെന്ററി ബോർഡിലെ ഒഴിവുകളിൽ പാർട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡ ഉടൻ നിയമനം നടത്തിയേക്കുമെന്ന സൂചന സംഘടനയ്ക്കുള്ളിൽ പരന്നിട്ടുണ്ട്. പാർട്ടിയുടെ പരമോന്നത സമിതിയായ പാർലമെന്ററി ബോർഡിൽ നിലവിലുള്ളത് ഏഴംഗങ്ങൾ മാത്രം. ഒഴിവുകൾ നാല്. ആദ്യത്തേത് എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയാകാനായി പാർട്ടി പദവി ഒഴിഞ്ഞപ്പോഴാണ്. അനന്തകുമാർ, അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ് എന്നീ പ്രമുഖനേതാക്കളുടെ മരണം ഒഴിവുകൾ നാലാക്കി. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പാർട്ടി അധ്യക്ഷന്മാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അമിത് ഷാ, രാജ്യസഭയിലെ ബിജെപി നേതാവായ കേന്ദ്രമന്ത്രി തവർചന്ദ് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, സംഘടനാകാര്യ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരാണു നിലവിലെ ബോർഡ് അംഗങ്ങൾ. 

പുതിയ അംഗങ്ങൾ ആരൊക്കെയെന്നതു സംബന്ധിച്ചു പല അഭ്യൂഹങ്ങളുണ്ട്. മുതിർന്ന നേതാക്കളും മുഖ്യമന്ത്രിമാരുമായ ബി.എസ്.യെഡിയൂരപ്പ, യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, നിർമല സീതാരാമൻ എന്നിവർ വന്നേക്കുമെന്നു കേൾക്കുന്നു. അത്ര പ്രശസ്തരല്ലാത്ത മറ്റു നേതാക്കളെ നഡ്‌ഡ തിരഞ്ഞെടുത്തേക്കുമെന്നും സംസാരമുണ്ട്. വാജ്പേയിയെയും മോദിയെയും പോലുള്ള ശക്തരായ നേതാക്കൾ അന്തിമ തീരുമാനമെടുക്കുമ്പോഴും ബിജെപിയുടെ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, നിയമസഭാ കക്ഷി നേതാക്കൾ എന്നിവരെയെല്ലാം ഔപചാരികമായി തിരഞ്ഞെടുക്കുന്നതു പാർട്ടി പാർലമെന്ററി ബോർഡാണ്.

സംഘടനയുടെ ഉന്നതാധികാര സമിതിയെ പിബി എന്ന ചുരുക്കപ്പേരിൽ വിളിക്കുന്നത് ബിജെപിയിൽ മാത്രമല്ല, കോൺഗ്രസിലും സിപിഎമ്മിലും കൂടിയാണ്. കോൺഗ്രസിൽ പാർലമെന്ററി ബോർഡ് ആണ്; സിപിഎമ്മിൽ പൊളിറ്റ്ബ്യൂറോയും. നയപരമായ തീരുമാനങ്ങൾ എടുക്കുക മാത്രമല്ല, പാർട്ടി സംസ്ഥാന കമ്മിറ്റികളുടെ തീരുമാനങ്ങൾക്ക് അംഗീകാരം നൽകുക എന്ന ചുമതല കൂടി പൊളിറ്റ് ബ്യൂറോയ്ക്കുണ്ട്. കേരളത്തിൽ മുൻമന്ത്രിമാർ മാറിനിന്നു പുതുമുഖങ്ങളെ മന്ത്രിമാരാക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം പൊളിറ്റ് ബ്യൂറോ ശരിവച്ചതുപോലെ.

പക്ഷേ, ബിജെപി പാർലമെന്ററി ബോർഡ് പോലെ തന്നെ 11 അംഗ സമിതിയായ കോൺഗ്രസിന്റെ പാർലമെന്ററി ബോർഡ് 1992നു ശേഷം പുനഃസംഘടിപ്പിച്ചിട്ടില്ല. മൂന്നു ദശകമായി പാർലമെന്ററി ബോർഡിന്റെ അധികാരം പൂർണമായും കോൺഗ്രസ് അധ്യക്ഷനിൽ നിക്ഷിപ്തമാണ്.  പി. വി.നരസിംഹറാവു, സീതാറാം കേസരി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരാണ് ഇക്കാലങ്ങളിൽ പാർട്ടി അധ്യക്ഷരായത്. പാർലമെന്ററി ബോർ‍ഡിലെ ചർച്ചകൾക്കു പകരം, പാർട്ടി അധ്യക്ഷൻ തന്നെ മുഖ്യമന്ത്രിമാരെയും നിയമസഭാ കക്ഷിനേതാക്കളെയും നിയോഗിക്കുന്നതു കോൺഗ്രസിനു ശീലമായിട്ടുണ്ട്. 

അതിനാൽ ഈ മൂന്നു കക്ഷികളിലെയും പിബിയുടെ അവസ്ഥ ഗംഗ, യമുന, സരസ്വതി എന്നീ നദികളെപ്പോലെയാണ് എന്നു പറയാറുണ്ട്. കാരണം സരസ്വതി ഭൂമിക്കടിയിലൂടെ ഒഴുകുന്നുവെന്നു വിശ്വസിക്കപ്പെടുന്ന അദൃശ്യമായ നദിയാണ്.

കോൺഗ്രസിൽ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ടു കത്തെഴുതിയ 23 നേതാക്കളുടെ നേതാവായ ഗുലാം നബി ആസാദ് തിരഞ്ഞത് അദൃശ്യമായ സരസ്വതിയെയാണ്. എല്ലാ അധികാരങ്ങളും പാർട്ടി അധ്യക്ഷനിൽ കേന്ദ്രീകരിക്കാതെ, സംഘടനാസമിതികൾ പുനഃസംഘടിപ്പിക്കണമെന്നായിരുന്നു ഗുലാം നബി അടക്കമുള്ള നേതാക്കളുടെ ആവശ്യം.

1992നു മുൻപു പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ പാർലമെന്ററി ബോർഡ് അംഗങ്ങളെ നിയോഗിക്കുകയാണു പാർട്ടി അധ്യക്ഷൻ ചെയ്തിരുന്നത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും ഒപ്പമുണ്ടാകും.

പക്ഷേ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർമാൻ, പാർട്ടി പ്രസിഡന്റ് എന്നീ ഇരട്ടപ്പദവികൾ വഹിക്കുന്ന സോണിയ ഗാന്ധിയിലേക്ക് എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചതോടെ മറ്റു സമിതികൾക്കു കാര്യമില്ലാതായി. 2019ൽ ലോക്സഭാ കക്ഷിനേതാവായി അധിർ രഞ്ജൻ ചൗധരിയെയും രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധി നേരിട്ടു നിയോഗിച്ചു. എതിർപ്പു പ്രകടിപ്പിക്കാതെ പാർട്ടി അത് അംഗീകരിക്കുകയും ചെയ്തു.

ബിജെപിയിൽ പക്ഷേ, പാർലമെന്ററി ബോർഡ് യോഗങ്ങൾ കൃത്യതയോടെ ചേരാറുണ്ട്. അസമിൽ ബിജെപി ഭരണം നിലനിർത്തിയപ്പോൾ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ഉപമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും തമ്മിൽ അധികാരത്ത‍ർക്കമുണ്ടായി. ഈ പ്രശ്നം ബിജെപി പരിഹരിച്ചതു പാർലമെന്ററി ബോർഡ് ചേർന്നാണ്. 

ആഭ്യന്തരമന്ത്രി അമിത് ഷാ, ശർമയെ പിന്തുണച്ചു. രാജ്‌നാഥ് സിങ്ങും ഗഡ്കരിയും സോനോവാളിന് ഒരവസരം കൂടി നൽകണമെന്നു വാദിച്ചു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശർമയ്ക്കു മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിനെ അനുകൂലിച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ ശർമയാണ് അസമിൽ ആദ്യമായി അധികാരം പിടിക്കാൻ ബിജെപിയെ സഹായിച്ചത്. ശർമയ്ക്കു കൊടുത്ത വാക്കു പാലിക്കണമെന്നാണു മോദി നിലപാടെടുത്തത്.

കോൺഗ്രസിലും ബിജെപിയിലും വിപുലമായ കേന്ദ്ര തിരഞ്ഞെടുപ്പു സമിതികളുമുണ്ട്. ലോക്സഭ, രാജ്യസഭ, നിയമസഭാ തിരഞ്ഞെടുപ്പു സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് ഈ സമിതിയാണ്. 

ബിജെപി തിരഞ്ഞെടുപ്പുസമിതി, പാർലമെന്ററി ബോർഡ് യോഗങ്ങൾ പാർട്ടി ആസ്ഥാനത്താണു ചേരുക. കോൺഗ്രസിൽ തിരഞ്ഞെടുപ്പു സമിതി ചേരുന്നതു പാർട്ടി ആസ്ഥാനത്തോടു ചേർന്നുള്ള സോണിയയുടെ വസതിയിലെ കോൺഫറൻസ് റൂമിലാണ്.

സിപിഎം പിബി യോഗങ്ങൾ പതിവായി ഡൽഹിയിലാണു ചേരാറുള്ളത്. ഡൽഹിയിൽ ഉള്ള നേതാക്കളെ മാത്രം വച്ചു യോഗം ചേരുന്ന രീതിയെ അവൈലബ്ൾ പിബി എന്നും പറയും. കൗതുകകരമായ കാര്യം, കേരളത്തിലെ പുതിയ മന്ത്രിസഭാരൂപീകരണം സംബന്ധിച്ച തീരുമാനം പിബി അംഗീകരിക്കുമ്പോൾ ഹാജരുണ്ടായിരുന്നതു കേരളത്തിൽ നിന്നുള്ള നേതാക്കൾ മാത്രമാണ്– പിണറായി വിജയൻ, എസ്. രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി – സംസ്ഥാന കമ്മിറ്റി യോഗത്തിനു മുൻപും ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷവും പിബി യോഗത്തിൽ ഇവർ മാത്രമായിരുന്നു. തീരുമാനങ്ങൾ യഥാസമയം പാർട്ടി ആസ്ഥാനത്തും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെയും അറിയിക്കുകയും ചെയ്തു.

പാർലമെന്ററി ബോർഡ് പുനരുജ്ജീവിപ്പിക്കാൻ താൽപര്യമുണ്ടെന്നതിന്റെ ഒരു സൂചനയും കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഇനിയുമുണ്ടായിട്ടില്ല. പാർട്ടിയുടെ രാഷ്ട്രീയ സ്മരണകളുടെ ഭാഗം മാത്രമായി പാർലമെന്ററി ബോർഡ് അവശേഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com