വനം– റവന്യു കൂട്ടുകൃഷി; പാറയും മരവും പലവഴി

HIGHLIGHTS
  • കർഷകനെ ഓടിക്കും; കാശുമായി വരുന്നവനുവേണ്ടി നിയമം മാറ്റിയെഴുതും
Rosewood
വയനാട് മുട്ടിലിൽ നിന്നു മരംമാഫിയ വെട്ടിയെടുത്ത ഈട്ടിമരങ്ങൾ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ. ഫിഷ് ഐ ലെൻസ് ഉപയോഗിച്ചു പകർത്തിയ ചിത്രം. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙മനോരമ
SHARE

കഴിഞ്ഞ മേയ് രണ്ടിനു സംസ്ഥാനത്തു ഭരണത്തുടർച്ചയാണു ജനം വിധിച്ചതെങ്കിലും പിറ്റേന്നു വനം വകുപ്പ് ആസ്ഥാനത്ത് ഒരു ‘തലമാറട്ടെ’ പ്രതിഭാസം അരങ്ങേറി. വനം മേധാവി (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് – ഹോഫ്)  പി. കെ.കേശവൻ 29 ദിവസത്തെ അവധിയിൽ പ്രവേശിച്ചു. തൊട്ടുപിന്നിൽ ഏറ്റവും സീനിയറായ ഡി.കെ.വർമയെ ‘ഹോഫ്’ ആക്കി നിയമിക്കാൻ കേശവൻ തന്നെ നിർദേശിച്ചു.

വെറുതെയുള്ള അധികച്ചുമതല അല്ല; ഹോഫിന്റെ എല്ലാവിധ അധികാരങ്ങളോടെയും ഏറ്റവും ഉയർന്ന ശമ്പളത്തോടെയുമായിരിക്കണം നിയമനം എന്ന് അദ്ദേഹം പ്രത്യേകം താൽപര്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ എണ്ണം പറഞ്ഞ സേനയുടെ തലപ്പത്ത് ഒരു മാറ്റം കൊണ്ടുവരുന്നത് ഇത്രയും ‘സിംപിൾ’ ആണോ എന്നു വകുപ്പിൽ തന്നെ അന്നു വല്ലാതെ ശങ്ക ഉയർന്നു.

രാഷ്ട്രീയ തലപ്പത്തു പുതിയൊരു ചരിത്രം കുറിച്ചതിനു പിന്നാലെ വനം മേധാവിയുടെ നിയമനകാര്യത്തിലും കേരളം പുതിയൊരു ചരിത്രമെഴുതുകയായിരുന്നു. അയൽ സംസ്ഥാനങ്ങളിലേതുൾപ്പെടെ വനം േമധാവിമാരും ചീഫ് സെക്രട്ടറിയും ഉള്ള വിദഗ്ധസമിതി ചുരുക്കപ്പട്ടിക ഉണ്ടാക്കുകയും അതിൽനിന്നു മന്ത്രിസഭ തീരുമാനിക്കുന്നവരെ നിയമിക്കുകയും വേണം എന്നാണു ചട്ടം. ഇവിടെ അതൊന്നും ഉണ്ടായില്ല.

തന്റെ പിൻഗാമിയെ പി.കെ.കേശവൻ തന്നെ കണ്ടെത്തി, ശുപാർശ ചെയ്തു. പൊതുഭരണ വകുപ്പ് അഡിഷനൽ സെക്രട്ടറി ആ ശുപാർശ ഉത്തരവാക്കി അച്ചടിച്ചു കൊടുക്കുകയും ചെയ്തു. വോട്ടെണ്ണൽ നടക്കുന്നതിനു മൂന്നു ദിവസം മുൻപ്, കാവൽമന്ത്രിസഭയുള്ള ഘട്ടത്തിലാണ് ഉത്തരവിറങ്ങിയത് എന്നു പ്രത്യേകം ശ്രദ്ധിക്കണം. 

പക്ഷേ, പുതിയ മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചുകൂട്ടിയ ആദ്യയോഗത്തിൽ വനം വകുപ്പിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് അവധിയിലായിരുന്ന  കേശവൻ തന്നെയായിരുന്നു. 29 ദിവസത്തെ അവധിയെടുത്ത കേശവന്റെ പിൻനിരയിലായിരുന്നു  അന്നത്തെ യഥാർഥ ‘ഹോഫ്’ ആയ ഡി. കെ.വർമയുടെ സ്ഥാനം. 

ചുമതലയേറ്റതിനു പിന്നാലെ ഓട്ടപ്രദക്ഷിണം

പുതിയ വനം മേധാവി ചുമതലയേറ്റതിനു പിന്നാലെ സംസ്ഥാനമൊട്ടാകെ ഒരു പര്യടനത്തിനിറങ്ങി. പാറമടകൾക്കു നൽകിയ അനുമതി പുനഃപരിശോധിക്കുകയായിരുന്നു ലക്ഷ്യം. ചാലക്കുടി, പാലക്കാട്, നിലമ്പൂർ വഴി കോഴിക്കോടും വയനാടും സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും നിലമ്പൂരിൽ എത്തിയപ്പോഴേക്കും യാത്ര വിവാദമായതിനെത്തുടർന്നു തലസ്ഥാനത്തു നിന്നു വിളി വന്നു മടങ്ങേണ്ടി വന്നു. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം എന്ന ‘അടിയന്തര’ ആവശ്യം ചൂണ്ടിക്കാട്ടിയാണു ലോക്ഡൗൺകാലത്ത് വനം മേധാവി പരിശോധനയ്ക്ക് ഇറങ്ങിയത്. മുൻപ് ഇദ്ദേഹം തന്നെയാണ് ഈ പല പാറമടകൾക്കും ഒരു വർഷത്തെ ലൈസൻസ് നൽകിയിരുന്നത്. 

പണം കായ്ക്കുന്ന പാറമടകൾ

വനം– റവന്യു വകുപ്പുകൾക്കു പണം വിളയുന്ന മറ്റൊരിടം കൂടിയുണ്ട്; പാറമടകൾ. ഒന്നു കണ്ണടച്ചാൽ മടിശീല നിറയും. പാറമട സ്ഥിതിചെയ്യുന്നത് ആരുടെ ഭൂമിയിലാണെന്നു പരസ്പരം ചോദിച്ചുകൊണ്ടിരുന്നാൽ മതി. തീരുമാനം വരുന്നതിനിടയിൽ പാറയും പോകും, അവിടെ നിന്നിരുന്ന മരങ്ങളും പോകും. പത്തനംതിട്ടയിൽ സംഭവിച്ചത് അതാണ്.

ചേത്തയ്ക്കൽ വില്ലേജിൽ പാറഖനനത്തിന് അനുമതി തേടി സ്വകാര്യകമ്പനി അധികൃതരെ സമീപിച്ചു. ഭൂമി ആരുടേതാണ് എന്നതായി അപ്പോൾ വകുപ്പുകൾക്കു സംശയം. അതിർത്തിത്തർക്കം പോലെ അതങ്ങനെ നീണ്ടു. റവന്യു പരിശോധനയ്ക്കു തഹസിൽദാരും വില്ലേജ് ഓഫിസറും പലവട്ടം ശ്രമിച്ചെങ്കിലും ‘വഴുക്കുന്ന പാറകളും വിഷപ്പാമ്പുകളും കണ്ടു പിൻവാങ്ങി’ എന്നാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

 ഭൂമി ആരുടേതെന്ന് ഒരു സ്ഥിരീകരണവും ഉണ്ടായില്ല. ഖനനത്തിനെത്തിയ കമ്പനിക്കു വേണ്ടി ഉന്നത രാഷ്ട്രീയശക്തികൾ കൂടി രംഗത്തെത്തിയതോടെ കടലാസു ജോലികളെല്ലാം വേഗത്തിലായി. പ്രദേശത്തുണ്ടായിരുന്ന കോടിക്കണക്കിനു രൂപയുടെ മരങ്ങൾ ദിവസങ്ങൾക്കുള്ളിൽ വെട്ടിമാറ്റി. 

എല്ലാം കഴിഞ്ഞപ്പോഴാണു വനം വകുപ്പ് സടകുട‍ഞ്ഞ് എഴുന്നേറ്റത്. ഗഹനമായ പഠനത്തിനു ശേഷം അവർ ആ സത്യം കണ്ടെത്തി – ചേത്തയ്ക്കലിലേതു റിസർവ് വനമായി പ്രഖ്യാപിച്ചതാണ്. അതായത് വനഭൂമിയിലാണു ക്വാറി തുടങ്ങാൻ പോയതും വ്യാപകമായി മരങ്ങൾ അരിഞ്ഞു തള്ളിയതും. 

ഒടുവിൽ കഴിഞ്ഞ ജൂലൈയിൽ വനംമേധാവി ഒരു ഉത്തരവിട്ടു. വനഭൂമി വെട്ടി വെളുപ്പിക്കാൻ കൂട്ടുനിന്ന റേഞ്ച് ഓഫിസർക്കും ഡപ്യൂട്ടി റേഞ്ചർക്കും സസ്പെൻഷൻ. ഡിഎഫ്ഒയ്ക്കു കോഴിക്കോട്ടേക്കു സ്ഥലംമാറ്റം. യഥാർഥത്തിൽ ഇവിടെ ആരാണു കുറ്റക്കാരെന്ന അന്വേഷണത്തിലാണു സർക്കാരിപ്പോഴും. ഭൂമിയുടെ തരം ഏതെന്നു വ്യക്തമാക്കാതിരുന്ന റവന്യു വകുപ്പാണോ? അതോ സ്വന്തം സംരക്ഷണച്ചുമതലയുള്ള ഭൂമി ഏതെന്നു തിരിച്ചറിയാത്ത വനം വകുപ്പാണോ? 

വളച്ചൊടിക്കും നിയമങ്ങൾ

സ്വന്തം താൽപര്യങ്ങൾക്ക് അനുസൃതമായി നിയമങ്ങൾ ഏതു വിധത്തിൽ വളച്ചൊടിക്കാം എന്ന ഗവേഷണമാണു വനം – റവന്യു വകുപ്പുകളിൽ നടക്കുന്നത്. സാധാരണക്കാരനായ കർഷകൻ പത്തോ ഇരുപതോ സെന്റ് സ്ഥലത്തു നിൽക്കുന്ന മരം വെട്ടി വിൽക്കാൻ അനുമതി ചോദിച്ച് എത്തുമ്പോൾ അവനെ നെട്ടോട്ടം ഓടിക്കും. പണപ്പെട്ടിയുമായി കച്ചവടം ലക്ഷ്യമിട്ട് എത്തുന്നവനു വേണ്ടിയാണെങ്കിൽ നിയമങ്ങൾ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ച് അനുകൂലമാക്കിക്കൊടുക്കും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇപ്പോഴത്തേത്. 

പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള ഷെഡ്യൂൾ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതു കർഷകതാൽപര്യം സംരക്ഷിക്കാൻ എന്ന പേരിലായിരുന്നെങ്കിലും അതിനായി നിയമവിരുദ്ധ ഉത്തരവിറക്കിയതു നിക്ഷിപ്ത താൽപര്യത്തോടെയാണെന്നു വ്യക്തമാണ്. സൗകര്യം പോലെ വ്യാഖ്യാനിക്കാവുന്ന ഉത്തരവിറക്കാൻ ചുക്കാൻപിടിച്ചതു സർക്കാരിൽ വൻസ്വാധീനമുള്ള ചിലരും വനം–റവന്യു വകുപ്പിലെ ഉന്നതരുമായിരുന്നു. ഇത് ആരൊക്കെയെന്നു വിശദ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരികയുള്ളൂ. 

ചന്ദനം, തേക്ക്, ഈട്ടി, എബണി എന്നിവയാണു ഷെഡ്യൂൾ മരങ്ങൾ. ഭൂമി കർഷകർക്കു പതിച്ചു നൽകിയാലും അവിടെയുള്ള ഷെഡ്യൂൾ മരങ്ങൾ 1964ലെ കേരള ഭൂപതിവുചട്ടം പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. പട്ടയഉടമയ്ക്ക് ഇത്തരം മരങ്ങൾ വില അടച്ചു സ്വന്തമാക്കാനുമാകില്ല. പട്ട ഉടമ അവ സംരക്ഷിക്കണമെന്നാണു ചട്ടം. അതായതു പട്ടയഭൂമിയിലെ ഈ നാലുഗണത്തിലുള്ള മരങ്ങൾ ഒരു സാഹചര്യത്തിലും പട്ടയഉടമയ്ക്കു മുറിച്ചു വിൽക്കാനാവില്ല.

ഈ നിയമത്തിൽ ഇളവു വേണമെന്നു കർഷക സംഘടനകൾ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.  2020 മാർച്ചിൽ ആദ്യം സർക്കുലറായും പിന്നീട് ഒക്ടോബർ 24ന് ഉത്തരവായും സർക്കാർ ഇളവ് അനുവദിച്ചു. നിയമം നിലനിൽക്കെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അതിനെ മറികടക്കാനാവില്ലെന്ന് അറിയാമായിരുന്നിട്ടും അതു ചെയ്തതിനു പിന്നിലായിരുന്നു കള്ളക്കളി.

‘കർഷകഭൂമിയിൽ കർഷകർ വച്ചുപിടിപ്പിച്ചതും കിളിർത്തു വന്നതും പതിച്ചുകിട്ടിയ സമയത്തു വൃക്ഷവില അടച്ചു റിസർവ് ചെയ്തതുമായ, ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം പട്ടയ ഉടമയ്ക്കാണെന്നും അവ അവർക്കു മുറിക്കാമെന്നുമായിരുന്നു’ വിവാദ ഉത്തരവ്. ‘ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും’ എന്ന് ഉൾപ്പെടുത്തിയതോടെ എല്ലാ ഷെഡ്യൂൾ മരങ്ങളും വെട്ടാം എന്നായി വ്യാഖ്യാനം. 

ഇത്തരം മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന നിർദേശവും ഉൾപ്പെടുത്തി. നിയമവിരുദ്ധമായതു ചെയ്യുന്നതു തടസ്സപ്പെടുത്തിയാൽ നടപടിയെടുക്കും എന്ന വിചിത്രമായ ഈ നിർദേശത്തിനു പിന്നിലും മരംമുറിക്കായി സാഹചര്യം ഒരുക്കിയ മാഫിയ തന്നെയായിരുന്നു. ഉത്തരവിറങ്ങി പിൻവലിക്കുന്നതിനിടെയുള്ള ചുരുങ്ങിയ കാലത്താണു വ്യാപക മരംകൊള്ള അരങ്ങേറിയത്.  

കർഷകനു തുണയാകണം

പട്ടയഭൂമിയിലെ മരംമുറി പിടികൂടിയതോടെ ക‍ർഷകരെ ഒന്നാകെ വിരട്ടാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ വനം– റവന്യു വകുപ്പുകൾ. ജന്മാവകാശഭൂമിയിലെ മരങ്ങളുടെയെല്ലാം കണക്കെടുക്കാനുള്ള നീക്കം അവർ ആരംഭിച്ചതായാണു സൂചന. അതായത് ഒരു മരവും വെട്ടാൻ അനുവദിക്കാതെ, വലിയ പ്രതിഷേധത്തിനു വഴിയൊരുക്കുക. അപ്പോൾ നിയമം ലളിതമാക്കാനുള്ള സമ്മർദമേറും.

കൂട്ടത്തിൽ, ഇതുവരെ തെറ്റുകാരായി കരുതിയിരുന്നവർ വിശുദ്ധരായി മാറും. വിവിധ ഡിപ്പോകളിൽ കൂട്ടിയിട്ടിരിക്കുന്ന കള്ളത്തടികൾ കൂട്ടത്തോടെ മില്ലുകളിലേക്കു നീക്കും. കർഷകന് അനുകൂലമായ നിയമം തന്നെയാണു വരേണ്ടത്. കാരണം, മരങ്ങൾ സംരക്ഷിക്കാൻ പലപ്പോഴും കർഷകൻ തന്നെയാണു മുന്ന‍ിട്ടിറങ്ങുന്നത്. പക്ഷേ, ഇവിടെ നടക്കുന്നതു കർഷകന്റെ പേരിൽ മാഫിയകളെ സംരക്ഷിക്കലാണ്. 

അതാണു വനം വകുപ്പ്

സ്വന്തമായി ഒരു വിജിലൻസ് സംവിധാനം ഉണ്ടെങ്കിലും വനം വകുപ്പിലെ ഒട്ടേറെ ഉദ്യോഗസ്ഥരെയാണു കൈക്കൂലിയുമായി പൊലീസ് വിജിലൻസ് അടുത്തിടെ പിടികൂടിയത്. വടകരയിൽ റോഡരികിൽ വച്ചാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ വിജിലൻസ് 85,000 രൂപയുമായി പിടികൂടിയത്. വോട്ടെടുപ്പിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. ഇന്നുവരെ അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. പരിസ്ഥിതി ദിനപരിപാടിയിൽ വനം മന്ത്രിയുടെ വലംകൈ ആയി അദ്ദേഹമുണ്ടായിരുന്നു. 

ഭരണസംവിധാനത്തെയും ജനത്തെയും കൊഞ്ഞനംകുത്തി ഇങ്ങനെ പലതും നടക്കും അവിടെ. കാരണം ചില ഉദ്യോഗസ്ഥരാണ് അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഭരണസംവിധാനവും ജനങ്ങളും വെറും കാഴ്ചക്കാർ. ഒരുവിധ ജനകീയഓഡിറ്റിനും വിധേയമല്ല, വനം വകുപ്പിലെ ക്രയവിക്രയങ്ങൾ.

കാട്ടിനകത്ത് എന്തു നടക്കുന്നു എന്ന് പുറത്ത് ആർക്കും അറിയില്ല. തടയണ നിർമാണവും സോളർ വേലികെട്ടലും ഫയർലൈൻ തെളിക്കലും സാമൂഹിക വനവൽക്കരണവും എല്ലാ വർഷവും നടക്കും. നിർമിച്ചു തീരും മുൻപേ എല്ലാം ആന ചവിട്ടിപ്പൊളിക്കും. നട്ടു മാറും മുൻപേ തൈകൾ ആട് തിന്നും. അപ്പോൾ വീണ്ടും നിർമിക്കും, വീണ്ടും നടും. 1982 മുതൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം വച്ചു പിടിപ്പിച്ച തൈകൾ വളർന്നിരുന്നെങ്കിൽ കേരളം എന്നേ ആമസോൺ പോലൊരു വനമായി മാറിയേനേ.

കണ്ണടച്ചു; മരം വീണു

കേരളമൊട്ടാകെ നടന്ന വ്യാപക മരംമുറിക്കു  നേരെ കണ്ണടയ്ക്കുന്നതിനൊപ്പം വിവാദ ഉത്തരവ് മരവിപ്പിക്കാൻ ലഭിച്ച നിയമോപദേശവും അധികൃതർ അവഗണിച്ചു. ഉത്തരവു ചട്ടവിരുദ്ധമാണെന്ന നിയമോപദേശം റവന്യു, വനം വകുപ്പുകൾക്കു നേരത്തെ ലഭിച്ചിരുന്നു.  ഉത്തരവിലെ വാചകം ദുർവ്യാഖ്യാനം ചെയ്തു മുട്ടിൽ സൗത്ത് വില്ലേജിൽ മരംമുറി നടക്കുന്നുണ്ടെന്നു വയനാട് പബ്ലിക് പ്രോസിക്യൂട്ടറാണ് റവന്യു അധികാരികൾക്കു മുന്നറിയിപ്പു നൽകിയത്. അന്നത്തെ വനംമന്ത്രിയുടെ മേശപ്പുറത്തും ഫയൽ എത്തിയെങ്കിലും ഉത്തരവു മറയാക്കിയുള്ള മരംവെട്ടൽ എല്ലായിടത്തും തുടർന്നു.  

(അവസാനിച്ചു)

English Summary: Deed land and wood smuggling

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA