വാട്ടർ മെട്രോ പദ്ധതി ഇഴഞ്ഞുകൂടാ

HIGHLIGHTS
  • യാത്രാസൗകര്യത്തോടൊപ്പം ടൂറിസം വളർച്ചയും ദ്വീപുകളുടെ വികസനവും ലക്ഷ്യങ്ങൾ
SHARE

കൊച്ചി നഗരത്തിന്റെ ചുറ്റുമായി കിടക്കുന്ന 10 ദ്വീപുകളെ കോർത്തിണക്കി ആധുനിക ജലഗതാഗതവും ദ്വീപുകളുടെ വികസനവും ലക്ഷ്യമിട്ടുള്ള വാട്ടർ മെട്രോ പദ്ധതി അനന്തമായി നീണ്ടുപോകുന്നതു ജനങ്ങളിലുണ്ടാക്കുന്ന ആശങ്ക വലുതാണ്. കഴിഞ്ഞ സർക്കാരിന്റെ തുടക്കത്തിൽതന്നെ നിർമാണോദ്ഘാടനം നടത്തി, മൂന്നുവർഷം കൊണ്ടു പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച വാട്ടർ മെട്രോ ഇപ്പോഴും ഒരു ബോട്ട് പോലും ഓടിക്കാനാകാത്ത അവസ്ഥയിലാണെന്നതു നിർഭാഗ്യകരംതന്നെ. 

നവലോകത്തിനു ചേർന്നവിധം, വലിയ സാധ്യതകളുള്ള 747 കോടി രൂപയുടെ ഈ പദ്ധതി നേരിടുന്ന അനിശ്ചിതത്വം ഗൗരവമുള്ളതാണ്. 38 ജെട്ടികളും 78 അത്യാധുനിക ബോട്ടുകളുമായി 76 കിലോമീറ്റർ ദൂരം സർവീസ് നടത്താനുദ്ദേശിച്ചുള്ള വാട്ടർ മെട്രോ പദ്ധതിയുടെ ഇപ്പോഴത്തെ മെല്ലെപ്പോക്കിനു ന്യായീകരണമില്ല. ഏതാനും ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുന്നതും വൈറ്റിലയിലെ ടെർമിനൽ പൂർത്തിയായതും ആദ്യ ബോട്ട് നിർമിച്ചതും മാത്രമാണ് ഇതുവരെയുള്ള പുരോഗതി. ആദ്യ റൂട്ട് ആയി വൈറ്റില– കാക്കനാട് ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്തു. കൊച്ചി കപ്പൽശാലയിൽ നിർമിച്ച ആദ്യബോട്ട് നീരണഞ്ഞുവെങ്കിലും പരീക്ഷണം കഴിഞ്ഞു സർവീസ് തുടങ്ങാൻ അനുമതി ലഭിച്ചിട്ടില്ല. ലോക്ഡൗണിൽപെട്ടതുമൂലം കപ്പൽശാലയ്ക്കു മറ്റു ബോട്ടുകൾ പൂർത്തീകരിക്കാനായിട്ടുമില്ല. 

എന്തുകൊണ്ടാണു പദ്ധതിക്ക് ഇൗ ഗതിവന്നത്? ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയെന്നോ സ്ഥാപനതലത്തിലുണ്ടായ വീഴ്ചയെന്നോ പറയാം. പണമില്ലാഞ്ഞിട്ടല്ല വൈകിയത്. വാട്ടർ മെട്രോയ്ക്ക് ഉപയോഗിക്കുന്ന ബോട്ടുകളുടെ ചട്ടക്കൂട് അലൂമിനിയത്തിൽ വേണോ സ്റ്റീലിൽ വേണോ എന്നു തീരുമാനിക്കാൻതന്നെ രണ്ടരവർഷത്തോളം വേണ്ടിവന്നു. പരിസ്ഥിതി അനുമതിക്കും വേണ്ടിവന്നു, വർഷങ്ങൾ. ഏതാനും മാസങ്ങൾ കഴിഞ്ഞു പദ്ധതി ആരംഭിച്ചാൽതന്നെ ദ്വീപുകളെയും നഗരത്തെയും ബന്ധിപ്പിച്ചുള്ള ആധുനിക ഫെറി സർവീസ് മാത്രമായി ഇതു ചുരുങ്ങുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. അങ്ങനെയെങ്കിൽ, നഷ്ടം മാത്രം മുതൽക്കൂട്ടായ മറ്റൊരു ‘വെള്ളാന’യായി വാട്ടർ മെട്രോ മാറിയേക്കാം. അതിനിട വരാതിരിക്കാൻ സർക്കാർ ഇപ്പോൾത്തന്നെ ശ്രദ്ധിക്കണം. 

വെറും ഫെറി സർവീസ് ആയല്ല വാട്ടർ മെട്രോ വിഭാവനം ചെയ്തത്. നഗരത്തോടു ചേർന്നു കിടക്കുമ്പോഴും ഏറെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ദ്വീപു ജനതയുടെ ജീവിതനിലവാരം ഉയർത്തുകയെന്ന ലക്ഷ്യവും കൂടിയുണ്ടതിന്. മെട്രോ ട്രെയിനിന്റെ അതേ ഗുണനിലവാരവും സുരക്ഷിതത്വവും ഉള്ള ജലയാത്ര, കൂടുതൽ വേഗത്തിലും ഇടതടവില്ലാതെയുമുള്ള സർവീസ്, മെട്രോയിലും ബസിലും ബോട്ടിലും ഒറ്റ ടിക്കറ്റ്... എന്നിങ്ങനെ പോകുന്നു വാട്ടർ മെട്രോയുടെ പ്രത്യേകതകൾ. എന്നാൽ, ബോട്ട് സർവീസ് എന്നതിലേക്കു പദ്ധതി ചുരുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഇപ്പോൾതന്നെ ദ്വീപുകളെ ബന്ധിപ്പിച്ചു ഫെറി സർവീസ് നടത്തുന്നുണ്ട്. മിക്കവാറും ദ്വീപുകൾ പാലങ്ങൾ വഴി നഗരവുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്്. ഈ സാഹചര്യത്തിൽ ആളുകൾ വാട്ടർ മെട്രോയിലേക്ക് ആകർഷിക്കപ്പെടുമോ എന്നു സംശയമുണ്ട്. 

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനു (കെഎംആർഎൽ) കീഴിൽ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണു വാട്ടർ മെട്രോയുടെ പ്രവർത്തനം. ഇപ്പോഴതു കെഎംആർഎല്ലിനും സർക്കാരിനും ഓഹരി പങ്കാളിത്തമുള്ള പ്രത്യേക കമ്പനിയാണ്. പദ്ധതിയുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാൻ എല്ലാവരുടെയും ആത്മാർഥമായ സഹകരണം ഉണ്ടായേതീരൂ. ഈ സ്വപ്നപദ്ധതി എത്രയുംവേഗം പൂർണശോഭയോടെ യാഥാർഥ്യമാകണം. അതിനു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ശ്രദ്ധ ഉണ്ടാവുകയും വേണം. 

English Summary: Water metro project - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA