‘ക്ലബ്ഹൗസിനെ ഞാനങ്ങെടുക്കുവാ’ – ആ ഗോപി നമ്മുടെ സുരേഷ് ഗോപിയല്ല !

suresh-gopi-clubhouse
SHARE

കേരളത്തിൽ ഈയിടെ തരംഗമായി മാറിയ പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമാണ് ക്ലബ്ഹൗസ്. ലൈവ് ആയുള്ള സംസാരങ്ങളാണ് അവിടെ. നേതാക്കളും താരങ്ങളും സർക്കാർ ഉദ്യോഗസ്ഥരുമടക്കം പ്രമുഖരായ ഒട്ടേറെയാളുകൾ അവിടെ വരികയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നു. ഈ പുതിയ പ്ലാറ്റ്ഫോമിലും നിർഭാഗ്യവശാൽ അവർ വന്നിരിക്കുന്നു – വ്യാജന്മാർ! കഴിഞ്ഞ ദിവസങ്ങളിൽ തങ്ങൾ ക്ലബ്ഹൗസിൽ ഇല്ലെന്നും അവിടെ കാണുന്ന പ്രൊഫൈലുകൾ വ്യാജമാണെന്നും അറിയിച്ചുകൊണ്ടു പ്രമുഖരായ ഒട്ടേറെ സിനിമാതാരങ്ങൾ രംഗത്തുവന്നു; സുരേഷ് ഗോപി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങി പലരും.

Vireal-2

ചില വ്യാജന്മാർ ഇവരുടെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി, അവരുടെ ശബ്ദത്തിൽ കൃത്രിമമായി സംസാരിക്കുക വരെ ചെയ്തുവത്രേ. ഇത്തരം പ്ലാറ്റ്ഫോമുകളുടെ സാധ്യതകളും പ്രയോജനവും കൂടി നശിപ്പിക്കുന്നതാണ് ഇതുപോലെയുള്ള പ്രവ‍ൃത്തികൾ എന്നതാണു സത്യം.

വാക്സീനെടുത്താൽ കാന്തമാകുമോ?

1200-covishield-vaccine

കോവിഡിനെക്കുറിച്ചുള്ള എണ്ണമറ്റ വിചിത്രവാർത്തകൾക്കിടയിൽ ഏറ്റവും രസകരമായ ഒന്ന് ഈയാഴ്ച പ്രചരിച്ചു. രണ്ടു ഡോസ് കോവിഡ് വാക്സീനെടുത്തവരുടെ ശരീരത്തിൽ കാന്തികശക്തി വരുമത്രേ. കാന്തം പോലെ ശരീരം ഇരുമ്പിനെയും മറ്റും ആകർഷിക്കുമെന്നാണു വാദം. യുഎസിലാണ് ഈ പ്രചാരണം തുടങ്ങിയത്. അവിടെ പ്രബലമായ വാക്സീൻവിരുദ്ധ ലോബിയാണ് ഈ വാദവുമായി മുന്നോട്ടുവന്നതെന്നാണു വിവരം.

ഒഹായോ സംസ്ഥാന അസംബ്ലിയിൽ ഇതു ചൂണ്ടിക്കാട്ടി വാക്സിനേഷൻ നിർത്തിവയ്ക്കണമെന്ന പ്രമേയം വരെ വന്നു. സംഗതി തെളിയിക്കാൻ ഒരു നഴ്സ് സഭയിൽ കാന്തികശക്തിയുടെ പ്രദർശനം തന്നെ നടത്താൻ ശ്രമിച്ചു. തന്റെ ശരീരത്തിൽ ഒരു താക്കോലും ക്ലിപ്പും ഒട്ടിപ്പിടിക്കുന്നു എന്നാണ് അവർ കാണിക്കാൻ ശ്രമിച്ചത്. പക്ഷേ, അത് അപ്പാടെ പൊളിഞ്ഞു! താക്കോലും ക്ലിപ്പുമൊക്കെ കാന്തികശക്തി പിടിക്കാതെ താഴെ വീണു.

അമേരിക്കയിൽ പരിപാടി പൊളിഞ്ഞെങ്കിലും ഇന്ത്യയിൽ പലയിടത്തുനിന്നും ശരീരത്തിൽ ലോഹവസ്തുക്കൾ ഒട്ടിപ്പിടിക്കുന്ന വിഡിയോകൾ വന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ നാസിക്കിലെ ഒരു മുതിർന്നയാളുടെ വിഡിയോ വൈറലാണ്. ഡൽഹിയിൽനിന്നു മറ്റൊരാളുടെ വിഡിയോയുമുണ്ട്. എന്നാൽ, ഈ പ്രതിഭാസത്തിന് കോവിഡ് വാക്സീനുമായി ബന്ധമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. സംഗതി ശരിയല്ലെന്നു സർക്കാർ ഏജൻസികളടക്കം അറിയിച്ചിട്ടുമുണ്ട്. 

ആ പത്രകട്ടിങ്ങും തനിവ്യാജൻ

Vireal-1

പലരും ഈ ദിവസങ്ങളിൽ ഷെയർ ചെയ്ത ഒരു പത്രവാർത്ത കട്ടിങ് ആണിത്. 2 ഡോസ് കോവിഷീൽഡ് വാക്സീനെടുത്ത പെൺകുട്ടി രണ്ടു കോവിഷീൽഡ് എടുത്ത പുരുഷന്മാരിൽനിന്നു വിവാഹലോചനകൾ ക്ഷണിക്കുന്നു എന്നാണു വാർത്ത. ഈ കാലത്തെ നല്ല തമാശ തന്നെ! എന്നാൽ, ഈ വാർത്താ കട്ടിങ് ഏതെങ്കിലും പത്രത്തിൽ വന്ന ഒറിജിനൽ വാർത്തയല്ല. ഇത്തരം കട്ടിങ്ങുകൾ തയാറാക്കാനുള്ള ചില ആപ്പുകൾ ഇന്റർനെറ്റിലുണ്ട്. നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുന്നത് പത്രകട്ടിങ് പോലെയാക്കിത്തരും. ഇതുപയോഗിച്ചു പല വ്യാജപ്രചാരണങ്ങളും തട്ടിപ്പുകളും വരെ മുൻപുണ്ടായിട്ടുണ്ട്. യഥാർഥ പത്രത്തിൽ വാർത്തയുണ്ടോ എന്നു പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം കൂടി അടിവരയിടുന്നതാണ് ഇത്!

Content Highlight: Vireal - reality behind the shared videos, photos and messages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA