ADVERTISEMENT

ഇന്നു വയോജന പീഡനവിരുദ്ധ ബോധവൽക്കരണ ദിനം. വാർധക്യം എന്ന കാരണത്താൽ അവകാശങ്ങളും ക്ഷേമവും നിഷേധിക്കപ്പെട്ട്, ശാരീരിക- മാനസിക സമ്മർദങ്ങൾക്കു വിധേയരാക്കപ്പെടുന്നതിനെ വയോജന പീഡനമായി കണക്കാക്കാം എന്നാണു നിയമം. സ്വത്തു കൈക്കലാക്കി മുതിർന്നവരെ വൃദ്ധസദനങ്ങളിലോ അനാഥാലയങ്ങളിലോ ഉപേക്ഷിക്കുന്നതു മുതൽ ആവശ്യമായ ഭക്ഷണം, മരുന്ന്, വസ്ത്രം, വിശ്രമം, മാനസികോല്ലാസം എന്നിവ നിഷേധിക്കുന്നതും പേരക്കുട്ടികളുമായി സംസാരിക്കാനും അവരെ ലാളിക്കാനും അനുവദിക്കാതിരിക്കുന്നതും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്ദർശനങ്ങൾ വിലക്കുന്നതുമൊക്കെ അവരോടുള്ള പീഡനമുറകളാണ്. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ള സംസ്ഥാനമാണ് കേരളം. 2025 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നു വയോജനങ്ങളായിരിക്കും. കേരളത്തിൽ 55 ശതമാനത്തോളം വയോധികരും ഒറ്റയ്ക്കാണു കഴിയുന്നത് എന്നതാണു മറ്റൊരു ആശങ്കാജനകമായ കാര്യം.  

മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 2007ലെ ദ് മെയ്ന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൻ ആക്ട് പ്രകാരം ആർഡിഒ അധ്യക്ഷനായ മെയ്ന്റനൻസ് ട്രൈബ്യൂണൽ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ അനന്തരാവകാശിക്കെതിരെ ജീവനാംശം ആവശ്യപ്പെട്ടു പരാതി നൽകാം. കൈമാറ്റം ചെയ്ത വസ്തുവകകൾ ആധാരം റദ്ദു ചെയ്തു വയോധികർക്കു തിരികെ നൽകാൻ ചില വ്യവസ്ഥകൾക്കു വിധേയമായി ട്രൈബ്യൂണലിനു കഴിയും. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാതെ ഉപേക്ഷിക്കുന്ന മക്കൾക്കു മൂന്നുമാസം തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ നൽകാനും വ്യവസ്ഥയുണ്ട്.

പഞ്ചായത്തുകളിൽ വയോജന ജാഗ്രതാ കമ്മിറ്റി രൂപീകരിക്കുക, പൊലീസ് സ്റ്റേഷനുകളിൽ വയോജനങ്ങളുടെ റജിസ്റ്റർ സൂക്ഷിക്കുക, തനിയെ താമസിക്കുന്ന വയോജനങ്ങളെ പൊലീസ് ബീറ്റ് ഓഫിസർ സന്ദർശിക്കുക, ഇവർക്കെതിരെയുള്ള  കുറ്റകൃത്യങ്ങൾ പ്രത്യേക ശ്രദ്ധയോടെ കൈകാര്യം ചെയ്യുക തുടങ്ങിയ നടപടികൾ കാര്യക്ഷമമാക്കാൻ അധികൃതർ ശ്രദ്ധിക്കണം. 

അമരവിള രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി, സീനിയർ സിറ്റിസൻസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ

വിദ്യാർഥികളുടെ കഷ്ടപ്പാട് കാണണം

സംസ്ഥാനത്തെ വിദ്യാർഥികളിൽ 12% പേർക്കു ടിവിയും 14 % പേർക്കു ഫോണും 49 % പേർക്ക് ഇന്റർനെറ്റ് സൗകര്യവും ഇല്ലെന്നാണു സർവേഫലം. ഇതിനു പുറമേ വൈദ്യുതി തടസ്സവും ഇന്റർനെറ്റ് ലഭ്യമാകുന്നതിലെ പോരായ്മകളും ഉൾപ്പെടെയുള്ള മറ്റു പ്രശ്നങ്ങളും വിദ്യാർഥികളുടെ കഷ്ടപ്പാട് വർധിപ്പിക്കുന്നു. ഓൺലൈൻ പഠനകാലത്ത് വൈദ്യുതി തടസ്സം ഒഴിവാക്കാനും മറ്റും അധികൃതർ ഉണർന്നുപ്രവർത്തിച്ചെങ്കിലേ വിദ്യാർഥികളെ രക്ഷിക്കാനാകൂ. 

വാസുദേവൻ ആചാരി, എടരിക്കോട്, കോട്ടയ്ക്കൽ, മലപ്പുറം

ബിപിഎൽ റേഷൻ കാർഡ് നിഷേധിക്കരുത്

നാലുചക്രവാഹനം ഉള്ളവർക്കു ബിപിഎൽ റേഷൻ കാർഡ് നിഷേധിക്കാനുള്ള നീക്കം പുനഃപരിശോധിക്കണം. കോവിഡ്കാലത്ത് യാത്രാസൗകര്യം ഇല്ലാത്തതിനാൽ സാധാരണക്കാരിൽ ചിലർ പഴയ കാർ വാങ്ങിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ അടുത്ത രണ്ടു വിട്ടുകാർ ചേർന്നു പഴയ കാർ കുറഞ്ഞ വിലയ്ക്കു വാങ്ങിയ സംഭവങ്ങളും ഉണ്ട്. ഇവർക്കൊക്കെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതു ശരിയല്ല. പലർക്കും വരുമാനം ഇല്ലാതായ ഈ സമയത്ത് റേഷൻ കാർഡിന് കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതു ജനങ്ങളോടു ചെയ്യുന്ന ക്രൂരതയാണ്. 

ബി.പി.തോമസുകുട്ടി, കളമശേരി, കൊച്ചി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com