ADVERTISEMENT

റഷ്യയുടെമേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന സൈനിക–വാണിജ്യ ഉപരോധങ്ങളിൽ അയവു വരുമോ എന്നത് ഇന്ത്യയെ സംബന്ധിച്ച് . നിർണായകം. റഷ്യയിൽനിന്നു പുതിയ ആയുധങ്ങൾ വാങ്ങുന്നതിനെതിരെയാണ് യുഎസ് ഉപരോധം. റഷ്യയിൽനിന്ന് എസ്–400  മിസൈൽ പ്രതിരോധസംവിധാനം  വാങ്ങാൻ കരാർ തയാറാക്കിയിരിക്കുകയാണ് ഇന്ത്യ. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപരോധനയത്തിൽ ഇളവു വരുത്തണമെന്ന ഇന്ത്യയുടെ അഭ്യർഥനയ്ക്കു യുഎസ് വ്യക്തമായ മറുപടി നൽകിയിട്ടില്ല

യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നാളെ ജനീവയിൽ നടക്കുന്ന കൂടിക്കാഴ്ച വിജയിക്കണമെന്ന് ഏറ്റവും ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാവും ഇന്ത്യ. ‘‘മൂന്നു സുഹ‍‍ൃത്തുക്കളിൽ രണ്ടുപേർ തമ്മിൽ കലഹിച്ചാൽ മൂന്നാമനുണ്ടാകുന്ന വിഷമത്തിനു സമാനമാണ് ഇന്ന്് ഇന്ത്യയുടെ നില. ഈ രാജ്യങ്ങൾ തമ്മിലുള്ള ശണ്ഠ എത്രയും വേഗം അവസാനിക്കണമെന്നാണു നമ്മുടെ ആഗ്രഹം‘‘ – വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

യുഎസും റഷ്യയും (അന്നു സോവിയറ്റ് യൂണിയൻ) സ്ഥിരമായി കലഹിച്ചിരുന്ന ശീതയുദ്ധകാലത്ത് ഇന്ത്യയ്ക്ക് ഈ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചേരിചേരാ നയത്തിൽ ഉറച്ചുനിന്നുതന്നെ മോസ്കോയുമായി ശാക്തികബന്ധം സ്ഥാപിച്ചു നിലനിർത്താൻ ഇന്ത്യയ്ക്കു സാധിച്ചു. എന്നാൽ, സോവിയറ്റ് യൂണിയന്റെ തകർച്ചയും ചൈനയുടെ ഉയർച്ചയും അടുത്തകാലത്തായി ബലപ്പെട്ടുവരുന്ന റഷ്യ– ചൈന ചങ്ങാത്തവും മൂലം  ലോകരാഷ്ടീയം ആകെ മാറി. ഈ സാഹചര്യത്തിൽ അമേരിക്കയോടും റഷ്യയോടും ശാക്തികമായി ചേർന്നുനിൽക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കു വെല്ലുവിളി നേരിടുമ്പോഴാണ് ഈ ഉച്ചകോടി. 

റഷ്യയുടെമേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന സൈനിക–വാണിജ്യ ഉപരോധങ്ങളിൽ അയവു വരുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്ന പ്രധാനകാര്യം. റഷ്യയിൽ നിന്നു പുതിയ ആയുധങ്ങൾ വാങ്ങുന്നതിനെതിരെയാണു യുഎസ് ഉപരോധം. റഷ്യയിൽ നിന്ന് എസ്–400 മിസൈൽ പ്രതിരോധസംവിധാനം വാങ്ങാൻ കരാർ തയാറാക്കിവച്ചിരിക്കുകയാണ് ഇന്ത്യ. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപരോധനയത്തിൽ ഇളവു വരുത്തണമെന്ന ഇന്ത്യയുടെ അഭ്യർഥനയ്ക്കു യുഎസ് വ്യക്തമായ മറുപടി നൽകിയിട്ടില്ല.

biden

എസ്–400 വേണ്ടെന്നുവച്ച് പകരം അമേരിക്കയുടെ പേട്രിയട്ട് സംവിധാനമോ മറ്റോ വാങ്ങാമെന്നു തീരുമാനിച്ചാൽ അതു പരമ്പരാഗതമായുള്ള ഇന്ത്യ– റഷ്യ സൈനികബന്ധങ്ങളെ ബാധിക്കും. ഇന്ത്യൻ സൈനികവിഭാഗങ്ങളുടെ 60 ശതമാനത്തിലധികം ആയുധങ്ങൾ റഷ്യൻ നിർമിതമോ റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നിർമിച്ചവയോ ആണ്. റഷ്യയുമായി പിണങ്ങിയാൽ ആയുധഘടകങ്ങളുടെ വരവും അറ്റകുറ്റപ്പണിക്കുള്ള സഹകരണവും നിലയ്ക്കും. ചുരുക്കത്തിൽ ഒരു ആയുധം വേണ്ടെന്നു വച്ചാൽ സൈന്യത്തിന്റെ പകുതിയിലധികം ആയുധങ്ങൾ പ്രവർത്തനക്ഷമമല്ലാതാവും. 

ചൈനയിൽ നിന്നു സൈനികഭീഷണി നേരിടുന്ന ഇന്ത്യയ്ക്ക്, ചൈനയുടെ അടുത്ത ചങ്ങാതി ആയിരുന്നിട്ടും, റഷ്യ ആയുധങ്ങളും അവയുടെ ഘടകങ്ങളും നൽകിക്കൊണ്ടിരുന്നു  എന്നതും ഓർക്കണം. എന്നാൽ ഇത് എത്രനാൾ തുടരും എന്ന കാര്യത്തിൽ മോസ്കോയിലും ഡൽഹിയിലും ആശങ്കയുണ്ട്. കാരണം, ശാക്തികവും സാമ്പത്തികവുമായ വളർച്ചയ്ക്കു ചൈനയുമായുള്ള കൂട്ടുകെട്ടു കൂടിയേ കഴിയൂ എന്ന അവസ്ഥയിലാണു റഷ്യ. 

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ റഷ്യയ്ക്കു ചൈനീസ് വ്യവസായികളുമായുള്ള സഹകരണം അനിവാര്യം. അതേസമയം, ശാക്തികരംഗത്തു ചൈനയുടെ ജൂനിയറായി മുന്നോട്ടുപോകാനും താൽപര്യമില്ല. കിഴക്കൻ യൂറോപ്പിലും മധ്യേഷ്യയിലും തങ്ങൾക്കുണ്ടായിരുന്ന അപ്രമാദിത്തം ചൈനയ്ക്കോ അമേരിക്കയ്ക്കോ വിട്ടുകൊടുക്കാൻ അവർ ഒരുക്കവുമല്ല. 

അതിനാൽ ചൈനയുമായുള്ള അടുത്തബന്ധം നിലനിർത്തി യുഎസും യൂറോപ്പുമായി ബന്ധങ്ങൾ മെച്ചപ്പെടുത്താനാണു റഷ്യ ആഗ്രഹിക്കുന്നത്. ക്രൈമിയയിലും പശ്ചിമേഷ്യയിലെ റഷ്യൻ സ്വാധീന പ്രദേശങ്ങളിലും റഷ്യൻവിരുദ്ധ നടപടികൾ അമേരിക്ക അവസാനിപ്പിക്കണമെന്നാവും പുടിന്റെ ആവശ്യം. അതേസമയം, സൈബർ ഹാക്കിങ് അവസാനിപ്പിക്കാനും കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിൽ സഹകരണം നൽകാനും യൂറോപ്പുമായി ഊർജസഹകരണം ഉറപ്പാക്കാനും അമേരിക്ക കർശനമായി ആവശ്യപ്പെട്ടേക്കുമെന്നും കരുതുന്നു. 

‘യൂറോപ്പി’ലായിരിക്കുമോ പ്രധാനചർച്ച?

യൂറോപ്പുമായുള്ള ബന്ധങ്ങളായിരിക്കും ബൈഡൻ– പുടിൻ ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമെന്നാണു പലരും കരുതുന്നത്. യൂറോപ്പിന്റെ കാര്യത്തിൽ അമേരിക്കയും റഷ്യയും ഒരുതരം നഷ്ടബോധത്തിലാണ്. 

ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് യുഎസ്– യൂറോപ്പ് ബന്ധം വളരെ മോശമായി. എന്നാൽ പരമ്പരാഗതമായുള്ള ‘റഷ്യപ്പേടി’ മൂലം മോസ്കോയുമായി യൂറോപ്പ് അടുത്തിട്ടുമില്ല. ശാക്തികമായി ഏതാണ്ട് ഒറ്റപ്പെട്ട യൂറോപ്യൻ യൂണിയനുമായുള്ള ബന്ധങ്ങളിൽ ധാരണയുണ്ടാക്കാനാവും ഇരുവരും ശ്രമിക്കുകയെന്നാണു പ്രതീക്ഷ. ഇതു യുഎസിനും റഷ്യയ്ക്കും മാത്രമല്ല, യൂറോപ്പിനും നിർണായകം. 

റഷ്യയുമായുള്ള ചങ്ങാത്തവും സാമ്പത്തികശക്തിയും ഉപയോഗിച്ചു ചൈന യൂറോപ്പിലേക്കു വാണിജ്യപരമായെങ്കിലും കടന്നുകയറ്റം നടത്തുമെന്നാണു യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഭയം. ചൈനയെ ചെറുക്കാൻ ഇന്ത്യ– യുഎസ്– ജപ്പാൻ– ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ഇന്ത്യ– പസിഫിക് കൂട്ടുകെട്ടു മാത്രമാണുള്ളതെന്നു യൂറോപ്പിനു ബോധ്യമായിട്ടുണ്ട്. അതിനാലാണ് ഇന്ത്യ–പസിഫിക്കിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അടുത്തകാലത്തായി കൂടുതൽ താൽപര്യമെടുക്കുന്നത്.

English Summary: US-Russian Relations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com