ADVERTISEMENT

മനുഷ്യത്വത്തിന്റെയും കരുതലിന്റെയും പാരസ്പര്യത്തിന്റെയും ഇഴയടുപ്പം ഏറ്റവുമധികം പ്രകടമാകേണ്ട ഈ കോവിഡ്കാലത്തുണ്ടാവുന്ന ഹീനസംഭവങ്ങൾ കേരളത്തെ വല്ലാതെ നടുക്കുന്നു. കുഞ്ഞുങ്ങൾക്കെതിരായ കൊടുംക്രൂരതയാണ് ഇതിൽത്തന്നെ ഏറെ നികൃഷ്ടം. കണ്ണൂർ കേളകത്ത് ഒരു വയസ്സുള്ള പെൺകുഞ്ഞിനെ തല്ലിച്ചതച്ചു തോളെല്ലു തകർത്തതാണ് ഈ നിന്ദ്യപരമ്പരയിൽ ഒടുവിലത്തേത്. ഈ കേസിൽ അമ്മയും സുഹൃത്തുമാണ് അറസ്റ്റിലായത് എന്നത് ഈ കൊടുംക്രൂരതയുടെ മറുമാനങ്ങൾ കാണിച്ചുതരികയും ചെയ്യുന്നു.

കുട്ടികൾ സ്വന്തം വീട്ടിൽ ഏറ്റവും സുരക്ഷിതരാണെന്ന പൊതുധാരണയിൽ ക്രൂരമായി വിള്ളലേൽക്കുകയാണ്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയുമൊക്കെ തണലിൽ അവർക്ക് അപകടമൊന്നും സംഭവിക്കില്ലെന്ന വിശ്വാസം തെറ്റെന്നു തെളിയിക്കുന്ന സംഭവങ്ങളാണു നാം തുടർച്ചയായി കേട്ടുപോരുന്നത്. കേളകത്തെ ആ കുഞ്ഞ് ഇളംശരീരത്തിലേറ്റുവാങ്ങിയ പീഡനങ്ങൾക്ക് ആരു സമാധാനം പറയും? കുഞ്ഞ് രണ്ടാഴ്ചയ്ക്കിടെ പലവട്ടം മർദനത്തിന് ഇരയായതായി പൊലീസ് പറയുന്നു. 

വീടുകൾക്കുള്ളിൽ കുട്ടികളെ ദ്രോഹിക്കുന്നത് ഏറ്റവും അടുപ്പമുള്ളവരാകുമ്പോൾ, പല സംഭവങ്ങളും പുറത്തുവരാതെ മൂടിവയ്ക്കപ്പെടുന്നുമുണ്ട്. പുറത്തുവരുന്നതാകട്ടെ, ക്രൂരതകളുടെ വളരെ ചെറിയൊരു ശതമാനം മാത്രവും. ക്രൂരമർദനങ്ങളും ലൈംഗിക പീഡനങ്ങളും ഉൾപ്പെടെ, കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും വാർത്തകൾ നാൾക്കുനാൾ വർധിക്കുമ്പോൾ, നാട്ടിലും വീട്ടിലും നമ്മുടെ കുട്ടികൾ എത്രമാത്രം സുരക്ഷിതരാണെന്ന വലിയ ചോദ്യം ഉയരുന്നു. ഈ കുഞ്ഞുങ്ങളുടെ മനസ്സിനേറ്റ മുറിവുണക്കാൻ കഴിയില്ലെന്ന യാഥാർഥ്യം ബാക്കിയാവുന്നുമുണ്ട്. 

കുട്ടികളോടുള്ള ഇത്തരം അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാവുന്നതല്ല. പൊലീസ് സ്േറ്റഷനുകളിൽ ശിശുക്ഷേമത്തിനായുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം. ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമസമിതി പ്രവർത്തകരും ഉൾപ്പെട്ട ജാഗ്രതാസമിതികളുടെ കാര്യക്ഷമമായ പ്രവർത്തനം ഈ വല്ലാത്ത കാലത്തിന്റെ ആവശ്യംതന്നെയാണ്. സാമൂഹിക ജാഗ്രതയുടെ കരവലയത്തിനുള്ളിൽ സുരക്ഷിതരായും സന്തോഷത്തോടെയും നമ്മുടെ കുട്ടികൾ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

എല്ലാറ്റിലുമുപരി, നമ്മുടെ നല്ല മനസ്സ് എവിടെയാണു കളഞ്ഞുപോയതെന്ന് ഓരോ മലയാളിയും ആത്മപരിശോധന നടത്തുകയും വേണം. ജീവിതശൈഥില്യങ്ങളുടെയും സ്വാർഥചിന്തകളുടെയും ദുരാഗ്രഹങ്ങളുടെയും ഇരകളായി കുഞ്ഞുങ്ങൾ മാറുന്ന സാഹചര്യത്തിലേക്ക് എങ്ങനെ നാം വന്നെത്തിയെന്നു ഗൗരവമായി ചിന്തിക്കണം. ബന്ധങ്ങളുടെ ശൈഥില്യമാണു പലപ്പോഴും ഇത്തരം സംഭവങ്ങളിൽ ചെന്നെത്തുന്നത് എന്നുകൂടി ഓർമിക്കാം. കേളകത്തെ സംഭവം അതിന് ഉദാഹരണവുമാണ്. 

ഒരു പ്രാണിയെപ്പോലും അകാരണമായി കൊല്ലരുതെന്നു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌തുപോന്ന സാമൂഹികവ്യവസ്‌ഥിതി നിലനിന്നിരുന്ന നാടായിരുന്നു ഇത്. ആ നാടിന് എന്താണു പറ്റിയത് ? സാക്ഷരതയിലും സംസ്‌കാരത്തിലും മുന്നിലാണെന്ന് ഊറ്റംകൊള്ളുന്ന കേരളത്തെ ഇരുട്ടു വിഴുങ്ങുന്നതു നാം തിരിച്ചറിയണം. ആ തിരിച്ചറിവു വീട്ടിൽ തുടങ്ങണം; കുടുംബബന്ധത്തിൽ പ്രതിഫലിക്കണം. 

‘ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ, ഒരുകോടി ഈശ്വരവിലാപം’ എന്നെഴുതിയതു കവി വി.മധുസൂദനൻ നായരാണ്, ‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിതയിൽ. ക്രൂരമർദനത്തിനിരയായ കേളകത്തെ കുഞ്ഞിന്റെ കരച്ചിൽകൂടി ഇനി നമ്മുടെ ഉറക്കംകെടുത്തിക്കൊണ്ടേയിരിക്കും. ആ കുഞ്ഞിന്റെ അനുഭവം ഇനിയൊരു കുഞ്ഞിനുമുണ്ടായിക്കൂടാ.

English Summary: Violence against children in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com