ADVERTISEMENT

സൂപ്പർഹിറ്റുകൾ സൃഷ്ടിച്ചിട്ടും മലയാളസിനിമയുടെ പൂമുഖവാതിൽക്കൽ മൂളിനിൽക്കാനേ എസ്.രമേശൻ നായരുടെ സിനിമാപ്പാട്ടുകൾക്കു കഴിഞ്ഞുള്ളൂ എന്നതു മലയാളികളുടെ നഷ്ടം. എഴുതിയ പാട്ടുകൾ ഹിറ്റും സിനിമ സൂപ്പർഹിറ്റും ആയിട്ടും അദ്ദേഹം ഒരിക്കലും തിരക്കുള്ള പാട്ടെഴുത്തുകാരനായില്ല. ചലച്ചിത്രലോകത്തിന്റെ കച്ചവടക്കണക്കുകൾ കവിതയും സ്നേഹവും നിറഞ്ഞ മനസ്സിനു വഴങ്ങിയില്ലെന്നതാവും ശരി. അദ്ദേഹത്തെ അകറ്റിനിർത്താൻ ചില ശ്രമങ്ങളുണ്ടായെന്നും കഥയുണ്ട്.

‘ശങ്കരാഭരണം’ എന്ന സിനിമയ്ക്കുവേണ്ടി ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീതസംവിധായകനായ കെ.വി.മഹാദേവന്റെ ഈണത്തിലായിരുന്നു 1985ൽ രമേശൻ നായരുടെ സിനിമാപ്രവേശം. ‘രംഗം’ എന്ന ഈ ചിത്രത്തിലെ സ്വാതിഹൃദയ (യേശുദാസ്), വനശ്രീ മുഖം നോക്കി (കൃഷ്ണചന്ദ്രൻ,ചിത്ര) എന്നീ ഗാനങ്ങൾ ആസ്വാദകർ ഏറ്റുവാങ്ങി. ശശികുമാറിന്റെ ‘പത്താമുദയം’ എന്ന ചിത്രത്തിൽ ദർശൻ രാമന്റെ സംഗീതത്തിൽ ‘മംഗളം പാടുന്ന സംഗീതം’ എന്ന പാട്ടും പിന്നാലെ ജനപ്രിയത നേടി.

തൊട്ടടുത്തവർഷം, മലയാളിയുള്ള കാലത്തോളം മൂളിനടക്കാൻ പ്രിയദർശന്റെ ‘രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന ചിത്രത്തിനുവേണ്ടി എം.ജി.രാധാകൃഷ്ണനുമായി ചേർന്ന് ‘പൂമുഖവാതിൽക്കൽ’ എന്ന സൂപ്പർഹിറ്റ് സൃഷ്ടിച്ചു,രമേശൻനായർ. നീയെൻ കിനാവോ (ഹലോ മൈഡിയർ റോങ് നമ്പർ), കിളിയേ കിളിയേ കിളിമകളേ (ധീം തരികിട തോം) തുടങ്ങിയ ഗാനങ്ങളും മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. പിറ്റേവർഷം ബാലചന്ദ്രമേനോന്റെ ‘അച്ചുവേട്ടന്റെ വീട്’ എന്ന ചിത്രത്തിനുവേണ്ടി വിദ്യാധരനുമായി ചേർന്ന് ‘ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്ന ഭാവമധുരഗാനം ഒരുക്കിയെങ്കിലും പിന്നെയും മലയാള സിനിമത്തറവാട് അദ്ദേഹത്തെ പൂമുഖത്തുതന്നെ നിർത്തി. ‘ഞങ്ങളുടെ കൊച്ചുഡോക്ടർ’, ‘കുറുപ്പിന്റെ കണക്കുപുസ്തകം’, ‘സുഖം സുഖകരം’ തുടങ്ങിയ ചിത്രങ്ങളിൽ അവസരം നൽകി ബാലചന്ദ്രമേനോൻ വീണ്ടും അദ്ദേഹത്തിനു വഴിയൊരുക്കിയെങ്കിലും അതു മേനോന്റെയും നല്ല കാലമായിരുന്നില്ല.

1995ലെ  ‘പുതുക്കോട്ടയിലെ പുതുമണവാളൻ’, ‘അനിയൻബാവ ചേട്ടൻ ബാവ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കു പാട്ടെഴുതിയതു രമേശൻനായരായിരുന്നു. 2 വർഷത്തിനുശേഷം ഇളയരാജയുമായി ചേർന്ന് ‘ദേവസംഗീതം നീയല്ലോ’ (ഗുരു), ഔസേപ്പച്ചനുമായി ചേർന്ന് ‘ഒരു രാജമല്ലി’, ‘ഓ പ്രിയേ’ (അനിയത്തിപ്രാവ്) തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ ഒരുക്കിയതോടെ കൈനിറയെ ചിത്രങ്ങൾ കിട്ടി. പക്ഷേ, അതും താൽക്കാലികമായിരുന്നു. 1998ൽ ‘മയിൽപ്പീലിക്കാവ്’ എന്ന ചിത്രത്തിൽ ബേണി ഇഗ്നേഷ്യസുമായി ചേർന്നൊരുക്കിയ ‘ഒന്നാനാം കുന്നിന്മേൽ’, ‘മയിലായ് പറന്നുവാ’ എന്നീ ഗാനങ്ങളും മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായ ‘പഞ്ചാബി ഹൗസി’നുവേണ്ടി സുരേഷ് പീറ്റേഴ്സുമായി ചേർന്നു സൃഷ്ടിച്ച ‘എല്ലാം മറക്കാം നിലാവേ’, ‘സോനാരേ’ തുടങ്ങിയ ഗാനങ്ങളും യുവതലമുറയ്ക്കു ചുവടുവയ്പിന്റെ താളമായവയാണ്. 

1999ൽ വിദ്യാസാഗറുമായി ചേർന്ന് ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിൽ വീണ്ടും രമേശൻ നായർ അദ്ഭുതം സൃഷ്ടിച്ചു. ‘അമ്പാടിപ്പയ്യുകൾ മേയും’,‘മഞ്ഞുപെയ്യുന്നു’ തുടങ്ങിയ ഇതിലെ ഗാനങ്ങളും  ‘കിളിപ്പെണ്ണേ’, ‘മഞ്ഞുപോലെ’ (ദോസ്ത്–വിദ്യാസാഗർ), ‘മുത്തും പവിഴവും’, ‘പ്രണയസൗഗന്ധികങ്ങൾ’ (ഡാർലിങ് ഡാർലിങ്–ഔസേപ്പച്ചൻ) തുടങ്ങിയ ഗാനങ്ങളും പുതിയകാലത്തിന്റെ സ്വരപ്പകർച്ച ഏറ്റുവാങ്ങിയവയായിരുന്നു.

അറുനൂറിലേറെ ചലച്ചിത്രഗാനങ്ങളാണു രമേശൻ നായരുടെ തൂലികയിൽനിന്നു പിറന്നത്. ശലഭം വഴിമാറുമാ മിഴിരണ്ടിലും, (അച്ഛനെയാണെനിക്കിഷ്ടം), ശരപ്പൊളി മാല ചാർത്തി (ഏപ്രിൽ 19), എത്രപൂക്കാലം(രാക്കുയിലിൻ രാഗസദസ്സിൽ), താലിക്കുപൊന്ന് (ദൈവത്തിന്റെ മകൻ), പൂവരശിൻ കുടനിവർത്തി (ദില്ലിവാലാ രാജകുമാരൻ), പ്രിയസഖി, ഗോകുലത്തിൽ (കയ്യെത്തും ദൂരത്ത്), ആവണിപ്പൊന്നൂഞ്ഞാൽ (കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ), ‘നന്ദ ലാലാ’ (ഇൻഡിപ്പെൻഡൻസ്) എന്നിവയും അദ്ദേഹത്തിന്റെ ജനപ്രിയ ഗാനങ്ങളിൽപ്പെടുന്നു.

English Summary: Remembering S. Rameshan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com