ADVERTISEMENT

റവന്യു വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ റവന്യു സെക്രട്ടേറിയറ്റ് നടത്തുമെന്നു മന്ത്രി കെ.രാജൻ. മലയാള മനോരമയുടെ മിനിസ്റ്റർ ലൈവ് ഫോൺ ഇൻ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. റവന്യു സെക്രട്ടറി മുതൽ കലക്ടർമാർ വരെയുള്ളവരുടെ യോഗമായിരിക്കും ഇത്. തഹസിൽദാർമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം കലക്ടറും വില്ലേജ് ഓഫിസർമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ഡപ്യൂട്ടി കലക്ടറും വിളിച്ചുകൂട്ടണം. ഈ ക്രമത്തിൽ വില്ലേജ് ഓഫിസർമാർ വരെ ജീവനക്കാരുടെ യോഗം നടത്തണം. ഇതിനിടയിൽ ആവശ്യമെങ്കിൽ വില്ലേജ് ഓഫിസർമാർ വരെയുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി ആശയവിനിമയം നടത്തും.

ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചു ജനസൗഹൃദ വില്ലേജ് ഓഫിസുകൾ ഉണ്ടാക്കാനാണു സർക്കാർ ശ്രമിക്കുന്നത്. മെച്ചപ്പെട്ട സൗകര്യമില്ലാതെ മെച്ചപ്പെട്ട സേവനം നൽകാനാകില്ല. സ്റ്റാഫ് പാറ്റേൺ, വാഹന സൗകര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഗൗരവത്തോടെ കാണുമെന്നും മന്ത്രി വ്യക്തമാക്കി. പരമാവധി രേഖകൾ ഓൺലൈനിലൂടെ നൽകാനുള്ള സംവിധാനം 100 ദിവസത്തിനകം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

‘ലൈവ് മിനിസ്റ്റർ’ പരിപാടിയിലെ തിരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും:

∙ പട്ടയത്തിന് അപേക്ഷ നൽകിയാൽ നടപടിയുണ്ടാകാൻ ആറും ഏഴും വർഷം വേണം.
റവന്യു വകുപ്പ് അടിമുടി ഡിജിറ്റലാക്കാൻ നടപടി തുടങ്ങുകയാണ്. കോർസ് എന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ച് 100% വില്ലേജുകളിലും ഡിജിറ്റൽ റീ സർവേ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. ഇതു പൂർത്തിയായാൽ സർക്കാർ, സ്വകാര്യ ഭൂമി കൃത്യമായി തരംതിരിക്കാനാകും. പട്ടയം ഉൾപ്പെടെയുള്ള രേഖകളുടെ വിതരണം പതിന്മടങ്ങു വേഗത്തിലാകും.

∙ പല തലമുറകളായി ഭൂമി കൈവശം വയ്ക്കുന്ന ഒട്ടേറെപ്പേർക്ക് ‘ടൈറ്റിൽ’ ഇല്ലെന്ന സാങ്കേതികത്വത്തിന്റെ പേരിൽ പട്ടയം നൽകുന്നില്ല.
നിയമപരമായ ഉത്തരവുകളിലൂടെയേ പോംവഴി കാണാനാകൂ. ഭൂമിയില്ലാത്തവനു ഭൂമി കൊടുക്കാൻ ഏത് ഉത്തരവുകളിലാണോ മാറ്റം വരുത്തേണ്ടത്, നിയമാനുസൃതമായി തന്നെ അതു പരിഷ്കരിക്കും.

∙ സേവനാവകാശ നിയമം നടപ്പായിട്ടു പോലും വില്ലേജ് ഓഫിസുകളിൽ നിന്നു രേഖകൾ ലഭിക്കാൻ കാലതാമസം നേരിടുന്നു.
1666 വില്ലേജ് ഓഫിസുകളെയും ജനസൗഹൃദ–ജനപക്ഷ കേന്ദ്രമാക്കി മാറ്റും. സ്മാർട് വില്ലേജ് എന്ന സങ്കൽപം യാഥാർഥ്യമാക്കിയാണ് ഈ ലക്ഷ്യം കൈവരിക്കുക. ഇ–ട്രാൻസാക്‌ഷൻ, 100% ഡിജിറ്റൈസേഷൻ എന്നിവ ഒരുക്കും. ഭൂനികുതി അടയ്ക്കാൻ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും 100 ദിവസത്തിനകം നിലവിൽവരും. റവന്യു വകുപ്പിന്റെ ‘വിഷൻ ആൻഡ് മിഷൻ 2021–26’ എന്ന പേരിൽ വലിയൊരു ദൗത്യം തുടങ്ങിക്കഴിഞ്ഞു.

∙ ഭൂ തരംതിരിവുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയിട്ടു മാസങ്ങളായി.
ഭൂ തരംതിരിവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 3നു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിൽ ഉദ്യോഗസ്ഥർക്കുണ്ടായ സംശയങ്ങൾ പരിഹരിക്കുന്നതിനിടെയാണു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഈ ഫയൽ മുന്നിലെത്തിയിട്ടുണ്ട്. അടുത്തയാഴ്ച ഉത്തരവിറങ്ങും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ജീവനക്കാരെ ഉപയോഗിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രൈവ് നടത്തും.

∙ നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പട്ടയം നിഷേധിക്കപ്പെട്ടവർ ഒരുപാടുണ്ട്.
അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുക എന്ന സർക്കാർ സ്വപ്നം സഫലീകരിക്കുകയാണ് എന്റെ മുന്നിലെ പ്രധാന ലക്ഷ്യം. എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നതിന്റെ ആദ്യപടിയാണ് എല്ലാ ഭൂമിക്കും രേഖയുണ്ടാകുക എന്നത്. 1966 മുതലുള്ള റീസർവേ പാതിവഴിക്കു നിലച്ചു കിടക്കുകയാണ്. 1664 വില്ലേജുകളിൽ 1024 എണ്ണത്തിൽ മാത്രമേ റീസർവേ പൂർത്തിയായിട്ടുള്ളൂ. അതായത്, 54 കൊല്ലം കൊണ്ട് 54% മാത്രം. ഈ നിലയ്ക്കു പോയാൽ സർവേ പൂർത്തിയാക്കാൻ ഇനിയും വേണം 46 കൊല്ലം. അടുത്തിടെ 88 വ‍ില്ലേജുകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു റീസർവേ പൂർത്തിയാക്കിയത്. ഇതേ മാതൃകയിൽ കോർസ് സംവിധാനത്തിന്റെ സഹായത്തോടെ സർവേ ഡിജിറ്റൈസ് ചെയ്യും. 28 കോർസ് സ്റ്റേഷനുകൾ ഇതിനായി സ്ഥാപിക്കണം. എല്ലാ ഭൂമിക്കും രേഖയുണ്ടായാൽ സർക്കാർ ഭൂമി തിരിച്ചെടുക്കാനാക‍ും. വൻകിട കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കാൻ വഴിതെളിയും. ഇതു ഘട്ടംഘട്ടമായി നടപ്പാക്കും.

∙ ഭൂമി വിൽക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കിൽ റജിസ്ട്രേഷൻ, റവന്യു വകുപ്പുകളുടെ സേവനത്തിന് പലവട്ടം പലതരം ഓഫിസ് കയറിയിറങ്ങണം.
നിലവിൽ റജിസ്ട്രേഷൻ, റവന്യു, സർവേ വകുപ്പുകൾ വ്യത്യസ്ത സോഫ്റ്റ്‍വെയറുകളാണ് ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ്‍വെയറുകൾ കൂട്ടിയോജിപ്പിക്കാൻ നടപടിയെടുക്കും. പൊതുവായ ഇന്റഗ്രൽ പോർട്ടൽ ആണു ലക്ഷ്യം. ഡിജിറ്റൈസേഷൻ അടക്കമുള്ള ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ കൃത്യമായ മോണിറ്ററിങ് ആവശ്യമാണ്. ഇതിനായി എല്ലാ ആഴ്ചയും മന്ത്രിയുടെ സാന്നിധ്യത്തിൽ സർവേ – റവന്യു ഉദ്യോഗസ്ഥ നേതൃത്വം പങ്കെടുക്കുന്ന റവന്യു സെക്രട്ടേറിയറ്റ് ചേരും. എല്ലാ മാസവും കലക്ടർ, ഡപ്യൂട്ടി കലക്ടർ, ആർഡിഒ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 2 മാസത്തിലൊരിക്കൽ തഹസിൽദാർ, വില്ലേജ് ഓഫിസർമാർ എന്നിവരെ ഓൺലൈനായി അഭിസംബോധന ചെയ്യും.

∙ ജോലിഭാരം കൂടുന്നതടക്കം ഒട്ടേറെ പ്രശ്നങ്ങൾ ജീവനക്കാർ അനുഭവിക്കുന്നുണ്ട്.
ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ എന്തെന്നറിഞ്ഞാൽ അതു പരിഹരിച്ച് അവരുടെ സേവനം കൂടുതൽ മികച്ചതാക്കാൻ കഴിയും. ഈ ലക്ഷ്യത്തോടെയാണു വില്ലേജ് ഓഫിസർമാരുമായി ഞാൻ നേരിട്ട് ഓൺലൈനിലൂടെ കൂടിക്കാഴ്ച നടത്തിയത്. ജോലിഭാരം കൂടുന്നു എന്ന പ്രശ്നം ഡിജിറ്റൈസേഷനിലൂടെ ഒരുപരിധി വരെ കുറയ്ക്കാനാകും. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ വന്നാൽ സർക്കാർ സന്ധി ചെയ്യില്ല.

∙ റാന്നി പൊന്തൻപുഴയിൽ അഞ്ഞൂറോളം കർഷകരുടെ ഭൂമി വനമേഖല ആണെന്ന പേരിൽ വനംവകുപ്പ് പിടിച്ചുവച്ചിരിക്കുകയാണ്.
പൊന്തൻപുഴയിലെ പ്രശ്നം ഫയലായി മുന്നിലെത്തിയിരുന്നു. അനുകൂല നടപടിയെടുക്കുന്ന കാര്യത്തിൽ കാബിനറ്റ് തീരുമാനം വേണ്ടി വന്നേക്കാം. കുറഞ്ഞ കാലത്തിനുള്ളിൽ നടപടിയെടുക്കാൻ സർക്കാർ പരിശ്രമിക്കും.

∙ ഫോണിലൂടെ പ്രശ്ന‌പരിഹാരവും
ഫോൺ ഇൻ പരിപാടിയിലേക്കു തിരുവനന്തപുരം ബാലരാമപുരത്തെ കോട്ടുകാൽകോണത്തു നിന്നു വിളിച്ച അപ്പു ജോത്സ്യർക്കു പറയാനുണ്ടായിരുന്നത് ഒരു കുഞ്ഞുപരാതിയാണ്. ‘കോവിഡനന്തരം ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ കഴിയുകയാണ് ഞാനും ഭാര്യയും. എന്റെ വീടിനു നേർക്ക് ഒരു പാഴ്മരം ചാഞ്ഞു നിൽക്കുന്നുണ്ട്. ഇതു വെട്ടാൻ അപേക്ഷ നൽകിയിട്ട് അധികൃതർ നടപ്പാക്കുന്നില്ല..’
ഉടൻ മന്ത്രി കെ. രാജൻ നേരെ ഫോണെടുത്തു വിളിച്ചതു കലക്ടർ നവ്ജ്യോത് ഖോസയെ. മന്ത്രി പ്രശ്നം ധരിപ്പിച്ചയുടൻ കലക്ടർ വില്ലേജ് ഓഫിസറെ വിളിക്കുന്നു. പരാതി ശരിയാണെന്ന് കലക്ടർ മന്ത്രിയെ അറിയിക്കുന്നു. അടുത്ത പ്രവൃത്തിദിവസം തന്നെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാൻ കലക്ടർക്കു മന്ത്രി നിർദേശം നൽകുന്നു. മാസങ്ങളായി അലട്ടുന്ന പ്രശ്നത്തിന് ഏതാനും മിനിറ്റിനുള്ളിൽ പരിഹാരം.

English Summary: Phone-in programme with minister K Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com