ADVERTISEMENT

പരോപകാരിയും സാമൂഹികപ്രവർത്തകനുമായിരുന്ന അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടു ഗ്രാമത്തിലെ മുഴുവൻ ആളുകളും ഞെട്ടി. കണ്ണുനീരോടെ സംസ്കാരശുശ്രൂഷയിൽ പങ്കെടുത്തിരുന്നവരോടു ചരമപ്രസംഗകൻ പറഞ്ഞു: ഇതൊരു ഭാഗ്യമരണമാണ്. പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ ഇദ്ദേഹത്തെ വലച്ചില്ല. മാത്രമല്ല, ഇന്നലെ മധ്യാഹ്നം വരെ നാട്ടിലെ ക്ഷേമപ്രവർത്തനങ്ങളിലും അതിനുശേഷം വീട്ടിലെ ആഘോഷപരിപാടികളിലുമായിരുന്നു ഇദ്ദേഹം സമയം ചെലവഴിച്ചത്. രാത്രി മനസ്സമാധാനത്തോടെ ഉറങ്ങുന്നതിനിടയിലാണു വിടചൊല്ലിയത്. സ്വസ്ഥമായി മരിക്കാൻ കഴിയുന്നതും ഭാഗ്യമാണ്. 

മരണശേഷം ആർക്കും വിശുദ്ധരാകാൻ കഴിയില്ല. നേരോടെ ജീവിച്ചതിനു മരണശേഷം ലഭിക്കുന്ന സാക്ഷ്യപത്രമാണത്. എങ്ങനെ മരിച്ചു എന്ന ചോദ്യത്തെക്കാൾ പ്രസക്തവും പ്രയോജനകരവുമാണ് എങ്ങനെ ജീവിച്ചു എന്ന ചോദ്യം. മരണകാരണത്തെക്കുറിച്ചുള്ള ചർച്ചകൾക്കു മണിക്കൂറുകൾ മാത്രമേ ആയുസ്സുള്ളൂ.

ജീവിതരീതിയെക്കുറിച്ചുള്ള വിശകലനങ്ങൾ തലമുറകൾക്കു ശേഷവും തുടരാം. മരണമെങ്ങനെ എന്നതു മുന്നറിവില്ലാത്ത യാഥാർഥ്യവും ജീവിതമെങ്ങനെ എന്നതു തിരക്കഥയെഴുതി തയാറാക്കാവുന്ന കാര്യവുമാണ്. ആകസ്മികതയ്ക്ക് അവയർഹിക്കുന്ന സ്ഥാനംകൂടി അനുവദിച്ചാൽ പുനഃക്രമീകരണങ്ങളും പുനർനിർമാണങ്ങളുമായി ജീവിതമൊരുക്കാം.

തന്റെ ജീവിതമാണോ അതോ മരണമാണോ ആളുകളെ സന്തോഷിപ്പിക്കുക എന്നു സ്വയം വിലയിരുത്തിയാൽ തിരുത്തലോടുകൂടിയ പുതിയ രൂപകൽപനയ്ക്കും സാധ്യത തെളിയും. ഒരാൾ സംസാരവിഷയമാകുന്നതു രണ്ടുവിധത്തിലാണ്. ഒന്നുകിൽ അനിതരസാധാരണമായ വിശുദ്ധികൊണ്ട്, അല്ലെങ്കിൽ അലോസരപ്പെടുത്തുന്ന അശ്ലീലം കൊണ്ട്. ചിലയാളുകളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്നതിനുള്ള പാഠമാണ്, ചിലരുടേത് എങ്ങനെ ജീവിക്കരുത് എന്നതിന്റെ നേർരേഖയും. ജീവനുള്ളപ്പോൾപോലും ആരുമറിയാതെ കടന്നുപോയവരും ജീവിതാവസാനത്തിനുശേഷവും അനേകരുടെ മുന്നിൽ അടയാളമായി നിൽക്കുന്നവരുമുണ്ട്. 

ജീവിക്കുന്ന എല്ലാവരും മരിക്കുന്നുണ്ടെങ്കിലും മരിച്ച എല്ലാവരും ജീവിച്ചിട്ടില്ല. വാർധക്യത്തിലെത്തിയിട്ടും ജീവിക്കാതെ മരിക്കുന്നവരും ചെറുപ്പത്തിൽതന്നെ ജീവിച്ചു മരിച്ചവരും ഉണ്ട്. തിരഞ്ഞെടുപ്പ് മരണത്തിലില്ലെങ്കിലും ജീവിതത്തിലുണ്ട്. എന്തിനെക്കുറിച്ചുമുള്ള ആത്യന്തിക വിലയിരുത്തൽ അത് എന്തുമാത്രം പ്രയോജനപ്രദമായിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും, അതു പദാർഥമായാലും ജീവിതമായാലും.

സഹജീവികൾക്കു സന്തുഷ്ടസ്മരണകൾ നൽകുന്ന ചില സൗഹൃദനിമിഷങ്ങളെങ്കിലും സമ്മാനിച്ചില്ലെങ്കിൽ പിന്നെന്തു ജീവിതം. ആരുടെയെങ്കിലുമൊക്കെ പ്രാർഥനകളിൽ ഉണ്ടാകാനുള്ള എളുപ്പമാർഗം അതല്ലേ. ആത്മാവിനുവേണ്ടി പ്രാർഥിക്കുന്നവരെക്കാൾ ദീർഘായുസ്സിനുവേണ്ടി പ്രാർഥിക്കുന്നവരല്ലേ ചുറ്റുമുണ്ടാകേണ്ടത്. 

Content Highlight: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com