ADVERTISEMENT

പക വീട്ടാൻ ഉള്ളതാണ്. വീട്ടിയാണു നമുക്കു ശീലവും’. അർജുൻ ആയങ്കിയുടെ സംഘത്തിൽപ്പെട്ട മർവാൻ ദുബായിലുള്ള ഒരു കള്ളക്കടത്തുസംഘാംഗത്തിന് അയച്ച സന്ദേശത്തിലെ പഞ്ച് ഡയലോഗാണിത്. മർവാനെ കൂത്തുപറമ്പിലെ പാർട്ടിഗ്രാമത്തിൽ നിന്ന് എങ്ങനെയും പുറത്തുചാടിക്കാനുള്ള ശ്രമത്തിലാണു ദുബായിലെ സ്വർണക്കടത്തു സംഘങ്ങൾ. മുൻപു യുഎഇയിലുണ്ടായിരുന്ന മർവാനെക്കുറിച്ചു കസ്റ്റംസും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ മർവാൻ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗമാണെന്നു പറഞ്ഞിരുന്നു. 

ആയങ്കിയുടെ സംഘത്തെ യഥാർഥത്തിൽ നയിക്കുന്നതു മർവാനാണെന്നു ദുബായ് സംഘങ്ങൾ കരുതുന്നു. തങ്ങളുടെ സ്വർണക്കടത്തു പലതവണ ‘പൊട്ടിച്ച’ മർവാനെ, പാർട്ടിഗ്രാമത്തിൽ നിന്നു പുറത്തുചാടിക്കാൻ പലതവണ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ലെന്നു ദുബായ് സംഘാംഗം വെളിപ്പെടുത്തിയിട്ടുണ്ട്. 3 വർഷത്തോളമായി മർവാനെ നോട്ടമിട്ടിരിക്കുകയാണെന്നും അർജുൻ ആയങ്കി ആദ്യമായാണു ശ്രദ്ധയിൽപ്പെടുന്നതെന്നും ഇയാൾ പറയുന്നു.  പാർട്ടിഗ്രാമത്തിൽ നിന്നു പുറത്തെത്തിയാൽ പകരംവീട്ടും.  മർവാന്റെ അനുയായിയെ ദുബായ് സംഘം പിടികൂടി മർദിച്ചിരുന്നു. ഇസ്തിരിപ്പെട്ടി വച്ചു പൊള്ളിച്ചതടക്കമുള്ള മർദനമുറകളാണ് അന്നു പ്രയോഗിച്ചത്. ഇതിൽ മർവാൻ പ്രകോപിതനാണെന്നു ദുബായ് സംഘാംഗം കരുതുന്നു. ദുബായ് സംഘാംഗത്തിനു മർവാൻ മെസഞ്ചറിൽ അയച്ച സന്ദേശം ഇങ്ങനെ: 

‘കൂത്തുപറമ്പു നിന്നിട്ട്, മലപ്പുറം കോഴിക്കോട് ഏരിയയിൽ ഉള്ള പാസഞ്ചറെ വച്ച് കൊടുവള്ളി ടീമിനു പണി കൊടുക്കാൻ കഴിയുമെങ്കിൽ നിന്നെ കണ്ടിരിക്കും. (ഇടയ്ക്കൊരു തെറിയുമുണ്ട്.)പക വീട്ടാൻ ഉള്ളതാണ്. വീട്ടിയാണു നമുക്കു ശീലവും.’

സ്വർണക്കടത്തു സംഘങ്ങളും പൊട്ടിക്കൽ ക്വട്ടേഷൻ സംഘങ്ങളും തമ്മിൽ സംഘർഷം തുടരുകതന്നെ ചെയ്യുമെന്ന സൂചനയാണ് ഇവയിലെല്ലാമുള്ളത്. മാത്രമല്ല, അതു നാട്ടിൽ വലിയ അളവിലുള്ള ക്രമസമാധാനപ്രശ്നങ്ങൾക്കു വഴിതുറക്കാം എന്നതിന്റെയും. 

സൈഡായിട്ട്  ചെറിയ കള്ളക്കടത്ത് 

ചെറുകിട ക്വട്ടേഷനുകൾക്കും സ്വർണക്കടത്തിലെ പൊട്ടിക്കൽ ഓപ്പറേഷനുകൾക്കും അപ്പുറം അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും മറ്റു സംഘങ്ങളുമെല്ലാം വളർന്നു എന്ന തിരിച്ചറിവിലാണ് അവരെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സിപിഎം നേതാക്കളുടെ ഇപ്പോഴത്തെ പ്രസ്താവനകൾ. കൂടുതൽ മേഖലകളിലേക്കും പുതിയ ബന്ധങ്ങളിലേക്കും ഇവർ വളരുന്നതിന്റെ സൂചന പാർട്ടിക്കു കുറച്ചുകാലം മുൻപു ലഭിച്ചതാണെങ്കിലും ഇരുകൂട്ടർക്കും ദോഷമില്ലാതെ പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ കണ്ടെത്തലുകളും ഈ സംഘങ്ങളുടെ വളർച്ചയാണു സൂചിപ്പിക്കുന്നത്. കരിപ്പൂരിൽ 21നു പിടികൂടിയ 2.23 കിലോ സ്വർണത്തിനുള്ള പണം ദുബായിൽ ലഭ്യമാക്കിയത് അർജുനാണെന്നത് ഇതിൽ പ്രധാനം. 

arjun-ayanki-customs-custody
അർജുൻ ആയങ്കി

ഇന്ത്യൻ വിപണിയിൽ 1.11 കോടി വിലമതിക്കുന്ന സ്വർണമാണ് അന്നു പിടികൂടിയത്. വലിയ തുകയ്ക്കുള്ള ഇടപാടുകൾ നടത്താനുള്ള പണം ഇവർക്ക് എവിടെ നിന്നു ലഭിക്കുന്നു,  മറ്റാരെങ്കിലും ഇവർക്കു പിന്നിലുണ്ടോ, മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നു പണം ലഭിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുന്നു. അർജുൻ ആയങ്കിയുടെ സംഘം ‘കൊടകര മോഡൽ’ കുഴൽപണ കവർച്ചകളും നടത്തിയിട്ടുണ്ടെന്ന സൂചനയുടെ പിന്നാലെയും കസ്റ്റംസുണ്ട്. സംഘാംഗങ്ങൾ, ഇടനിലക്കാർ, പണം മുടക്കുന്നവർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതോടെ കള്ളക്കടത്തിനപ്പുറം അന്വേഷണത്തിന്റെ വ്യാപ്തി വർധിക്കാം.  പ്രതികളുടെ പ്രാദേശിക രാഷ്ട്രീയബന്ധങ്ങൾ മാത്രമാണു പുറത്തുവന്നിട്ടുള്ളത്. മുതിർന്ന രാഷ്ട്രീയ നേതാക്കളെ ആരെയും പരിചയമില്ലെന്നാണ് അർജുൻ ആയങ്കി കസ്റ്റംസിനു നൽകിയിട്ടുള്ള മൊഴി.

ചെമ്പടയുടെ സ്വന്തം 

സ്വർണക്കടത്തു ക്വട്ടേഷനിലേക്കും മറ്റ് ഇടപാടുകളിലേക്കും കടന്നതോടെ അർജുന്റെയും ആകാശിന്റെയുമൊക്കെ ജീവിതനിലവാരത്തിൽ വലിയ മാറ്റമാണുണ്ടായത്. വിലപിടിപ്പുള്ള ജീപ്പിലാണ് ആകാശിന്റെ യാത്ര. സ്വന്തമായി ഡ്രൈവറുണ്ട്. നിലവിലുള്ള വീടിനടുത്തായി, വലിയ വീടിന്റെ നിർമാണം നടക്കുന്നു. കഴി‍ഞ്ഞദിവസം പുറത്തുവന്ന ശബ്ദരേഖയിൽ പരാമർശിച്ച ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും ആകാശിന്റെ ഏറ്റവുമടുത്ത കൂട്ടുകാരാണ്. ശബ്ദരേഖ, മുടക്കോഴി സ്വദേശി കുട്ടൻ എന്നു വിളിക്കുന്ന അശ്വിൻ ലാലിന്റേതാണെന്നും വ്യക്തമായിട്ടുണ്ട്. കുട്ടനും ആകാശിന്റെ സംഘത്തിൽപ്പെട്ടയാളാണ്. ഒരു വർഷമായി കുട്ടൻ ഗൾഫിലാണ്. 

Quotation-gangs-

ആകാശിന്റെ നേതൃത്വത്തിലുള്ള തില്ലങ്കേരിയിലെ ‘ചെമ്പട’ ഗ്രൂപ്പിൽ ഒട്ടേറെ ചെറുപ്പക്കാർ അംഗങ്ങളാണ്. ടിപി കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞതു പാർട്ടിഗ്രാമത്തിൽപ്പെട്ട മുടക്കോഴി മലയിലായിരുന്നു. ചെറുപ്പക്കാരെ സംഘങ്ങളിലേക്ക് ആകർഷിക്കാൻ സമൂഹമാധ്യമങ്ങളിലെ സ്വാധീനം ഇവർ ഉപയോഗിച്ചിരുന്നതായി കസ്റ്റംസും പറയുന്നു. പാർട്ടി സൈബർ പോരാളികൾ എന്ന നിലയിൽ നിന്നായിരുന്നു ഈ മാറ്റം. 

പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട ശേഷം സമൂഹമാധ്യമത്തിൽ പാർട്ടിയെ അടിമുടി ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പോരാളിയായി പ്രത്യക്ഷപ്പെട്ടതോടെ ആകാശിന് ഉന്നതതലങ്ങളിലുള്ള പിടിപാട് പ്രാദേശിക നേതൃത്വവും അദ്ഭുതാദരങ്ങളോടെ കാണുകയായിരുന്നു. ഈ അവസരം മുതലെടുത്താണു പാർട്ടി പരിവേഷവുമായി ആകാശ് നിറഞ്ഞുനിന്നതും ധാരാളം പാർട്ടി അനുഭാവികളെയും പ്രവർത്തകരെയും തന്റെ വലയത്തിലേക്ക് ആകർഷിച്ചതും. പ്രസ്ഥാനം നൽകിയ കൂടപ്പിറപ്പ് എന്നാണു സമൂഹമാധ്യമങ്ങൾ വഴി സൗഹൃദപ്പട്ടികയിൽ എത്തിയവർ ആകാശിനെ വിശേഷിപ്പിച്ചിരുന്നത്. ആകാശിനു പാർട്ടിയുമായി ബന്ധമില്ലെന്ന് ഇപ്പോൾ പാർട്ടി പറയുമ്പോൾ അണികൾ അന്തം വിടുന്നതും അതുകൊണ്ടാണ്. 

ടിപി വധത്തിനു മുൻപുമുണ്ട് പാർട്ടി ക്വട്ടേഷൻ 

ശത്രുക്കളെ വകവരുത്താൻ സിപിഎം ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നു എന്നു തെളിഞ്ഞതു ടി.പി.ചന്ദ്രശേഖരൻ വധക്കേസിലാണ്. എന്നാൽ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് പിടികൂടിയതോടെ മുൻപും പല കേസുകളിലും ക്വട്ടേഷൻ സംഘത്തെ പാർട്ടി ഉപയോഗിച്ചിട്ടുണ്ട് എന്ന വിവരം പ്രതികൾത്തന്നെ വെളിപ്പെടുത്തി.  യുവമോർച്ച നേതാവായിരുന്ന കെ.ടി.ജയകൃഷ്ണന്റെ കൊലപാതകമായിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. ഈ കൊലപാതകത്തിൽ താനും പങ്കാളിയായിരുന്നുവെന്നു ടി.പി.കേസിലെ നാലാം പ്രതി ടി.കെ.രജീഷാണ് വെളിപ്പെടുത്തിയത്. കേസിൽ പ്രതിയാക്കപ്പെട്ടവരിൽ ഒരാൾ മാത്രമാണ് അന്നത്തെ കൊലപാതകസംഘത്തിൽ ഉണ്ടായിരുന്നത് എന്നും രജീഷ് വെളിപ്പെടുത്തിയിരുന്നു. 

ജയകൃഷ്ണൻ വധത്തിനു പുറമേ  2002നും 2009നും ഇടയിൽ കണ്ണൂർ ജില്ലയിൽ നടന്ന പത്തോളം രാഷ്ട്രീയ കൊലപാതകങ്ങളിൽ പങ്കാളികളായിരുന്നു എന്നു ടിപി കേസിലെ ചില  പ്രതികൾ വെളിപ്പെടുത്തിയതോടെ പാർട്ടി –ക്വട്ടേഷൻ ബന്ധത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെന്നു വ്യക്തമായി. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൃത്യം നടപ്പാക്കുകയും ഡമ്മി പ്രതികളായി പ്രവർത്തകരുടെ പട്ടിക നൽകുകയും ചെയ്യുന്ന രീതി പക്ഷേ ആദ്യമായി പൊളിഞ്ഞതു ടിപി വധക്കേസിലാണെന്നു മാത്രം.

നാദാപുരത്തെ  കണ്ണൂർ മോഡൽ

സ്വർണക്കടത്തും  കുഴൽപണ ഇടപാടും  പാർട്ടി നിയന്ത്രണത്തിലുള്ള ക്വട്ടേഷൻ സംഘങ്ങൾ നിയന്ത്രിക്കുന്ന കണ്ണൂർ മോഡലിന്റെ ചെറുപതിപ്പുകൾ കോഴിക്കോട്ടെ നാദാപുരം മേഖലയിലുണ്ട്. പാർട്ടി പ്രവർത്തകനായ യുവാവിനെ രണ്ടു വർഷം മുൻപ് ആത്മഹത്യയിലേക്കു നയിച്ചതും ഇത്തരം ചില സംഘങ്ങളാണെന്നു സുഹൃത്തുക്കൾ ആരോപിക്കുന്നു. 

3 വർഷം മുൻപു വടകര കൈനാട്ടിയിൽ ജ്വല്ലറി ഉടമയുടെ 50 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തിരുന്നു. ഈ കേസ് അന്വേഷിച്ച പൊലീസാണു നാദാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിന്റെ സ്വർണ,കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയത്. കള്ളക്കടത്തുസ്വർണം വിൽക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.  ഒന്നോ രണ്ടോ തവണ കൃത്യമായി ചെറിയ അളവിൽ സ്വർണം കൊടുത്തു പണം വാങ്ങും. അടുത്ത തവണ വലിയതുകയ്ക്കുള്ള സ്വർണം കയ്യിലുണ്ടെന്നു പറഞ്ഞു പണവുമായി എത്താൻ ആവശ്യപ്പെടും. ഉടമയെ ആക്രമിച്ച് ഈ പണം തട്ടിയെടുക്കും. സംഘത്തിൽപ്പെട്ട രണ്ടുപേരെ അന്നു പൊലീസ് പിടികൂടിയതോടെ പ്രതികളുടെ പാർട്ടിബന്ധം വെളിച്ചത്തു വന്നു. കവർച്ച നടന്നതിനടുത്ത ദിവസം ഈ സംഘത്തിനൊപ്പം കണ്ടെന്ന പ്രചാരണം ഉണ്ടായതോടെ ഭയന്നാണു പാർട്ടി പ്രവർത്തകനായ യുവാവ് ആത്മഹത്യ ചെയ്തതെന്നു സുഹൃത്തുക്കൾ പറയുന്നു. കേസിൽ കൂടുതൽ പാർട്ടി പ്രവർത്തകർ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പിന്നീടു കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 

രണ്ടു മാസം മുൻപ് ആയഞ്ചേരിയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് 1.10 കോടി രൂപ തട്ടിയെടുത്ത സംഭവത്തിനു പിന്നിലും ഇതേ സംഘത്തിന്റെ പങ്കു സംശയിക്കുന്നു. ആകാശ് തില്ലങ്കേരിയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവാണു സംഘത്തിനു നേതൃത്വം നൽകുന്നത്. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിലും കടത്തുസ്വർണം തട്ടിയെടുക്കുന്നതിലും വടകര,നാദാപുരം മേഖലയിലെ സംഘങ്ങളും സജീവമാണ്. 

ചെറുസംഘങ്ങൾ ഇത്രയൊക്കെ ചെയ്യുമ്പോൾ ഉന്നതങ്ങളിൽ പിടിപാടുള്ളവർ ഇതിനെക്കാൾ വലിയ ഓപ്പറേഷനുകളാണു നടപ്പാക്കുന്നത്. തട്ടിക്കൊണ്ടുപോകലും ചെയ്സിങ്ങും ഒന്നും ഇവർക്ക് ആവശ്യമില്ല. മാന്യമായ ഭീഷണി മാത്രം. കിട്ടേണ്ടതു കിട്ടേണ്ട സ്ഥലത്തുചെല്ലും. 

അതെക്കുറിച്ച് നാളെ... 

തയാറാക്കിയത്: ജിജോ ജോൺ പുത്തേഴത്ത്, അനിൽ കുരുടത്ത്, കെ.ജയപ്രകാശ് ബാബു, വി.ആർ.പ്രതാപ്, ജിതിൻ ജോസ്.

സങ്കലനം: നിധീഷ് ചന്ദ്രൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com