ADVERTISEMENT

സമൂഹത്തിനു പൊതുവേ സ്വീകാര്യമല്ലാത്ത ഇടപാടുകളിൽ മുഴുകിയവരെ അകറ്റിനിർത്തണമെന്നും ദൗർബല്യങ്ങൾ തിരുത്താൻ തയാറാകാത്ത പ്രവർത്തകരെ കയ്യെ‍ാഴിയണമെന്നും 2013ലെ പാലക്കാട് പാർട്ടി പ്ലീനത്തിലെ സംഘടനാരേഖയിൽ ചർച്ചചെയ്ത സിപിഎം ഇപ്പോൾ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്. പാർട്ടിയുടെ മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ചില സംഘങ്ങൾ പാർട്ടിബന്ധം മറയാക്കി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണു പാർട്ടി നേരിടുന്ന പ്രശ്നം.

രാജ്യാന്തര ആസൂത്രണമുള്ള സ്വർണക്കടത്തുകളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും നേതൃത്വം പാർട്ടിബന്ധമുള്ളവരുടെ പേരുകളിലേക്കാണ് എത്തുന്നത്. രാമനാട്ടുകരയിൽ 5 പേർ മരിച്ച അപകടത്തെത്തുടർന്ന്, സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസ് പിടിയിലായ അർജുൻ ആയങ്കിയും മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയും ഇവരുടെ സംഘാംഗങ്ങളും നടത്തുന്ന ഇടപാടുകളാണു പൊതുസമൂഹത്തിൽ പാർട്ടിയെയും പ്രതിക്കൂട്ടിലാക്കുന്നത്. ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നവരെ തള്ളിപ്പറയാനായി പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പത്രസമ്മേളനം വിളിച്ച് ആകാശും അർജുനും ഉൾപ്പെടെ 20 പേരുടെ വിവരങ്ങൾ പറഞ്ഞെങ്കിലും ഇത്രയുംകാലം ഇവരുടെ കാര്യത്തിൽ എന്തിനു നിശ്ശബ്ദരായി എന്ന ചോദ്യം ബാക്കിയാകുന്നു. 

കളങ്കിതരായവരെ സംഘടനയിൽനിന്നു പുറത്താക്കിയതാണെന്നാണ് ഔദ്യോഗിക ഭാഷ്യം. പക്ഷേ, അതിനുശേഷവും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇവർ പാർട്ടി പ്രവർത്തനവുമായി സജീവമായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പാർട്ടി സൈബർ പോരാളികൾ എന്ന താരപരിവേഷത്തിലായിരുന്നു ഇവരുടെയെല്ലാം ജീവിതം. പാർട്ടി നേതാക്കളുമൊത്തുള്ള ചിത്രങ്ങളും ചുവന്നവേഷവും മുദ്രാവാക്യങ്ങളും എതിരാളികൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങളുമെല്ലാം ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കൊടി കെട്ടിയ ക്വട്ടേഷൻ’ എന്ന പരമ്പര ഈ ഭീഷണസാഹചര്യത്തിന്റെ കാണാപ്പുറങ്ങളാണു തേടിയത്.

പാർട്ടി ബന്ധത്തിന്റെ തണലിലും സമൂഹമാധ്യമങ്ങളിലെ സ്വാധീനത്തിലുമാണ് ഇത്തരം സംഘങ്ങൾ കള്ളക്കടത്ത് ഉൾപ്പെടെയുള്ള ഇടപാടുകൾ ആസൂത്രണം ചെയ്തിരുന്നതെന്ന അന്വേഷണസംഘത്തിന്റെ നിഗമനങ്ങൾ ഗുരുതര സാമൂഹികപ്രശ്നത്തിലേക്കാണു വിരൽചൂണ്ടുന്നത്. സ്വർണക്കടത്തിലൂടെ നേടുന്ന കള്ളപ്പണം ആഡംബര ജീവിതത്തിനു വിനിയോഗിച്ചു മറ്റു യുവാക്കളെയും ഈ വഴിയിലേക്ക് ആകർഷിക്കാൻ ഇവർ ശ്രമിച്ചിരുന്നതായി കോടതിയിൽ കസ്റ്റംസ് ബോധിപ്പിച്ചിട്ടുണ്ട്.

പാർട്ടി തള്ളിപ്പറഞ്ഞപ്പോൾ പലതും വിളിച്ചുപറയേണ്ടി വരുമെന്നു ഭീഷണിയുടെ സ്വരത്തിലുണ്ടായ പ്രതികരണവും അതിനോടു പാർട്ടിനേതൃത്വം കണ്ണടച്ചതും പാർട്ടി എന്തിന് ഇവരെ ഭയക്കുന്നു എന്ന ചോദ്യത്തിലേക്കാണ് എത്തിക്കുന്നത്. ചെറുപ്രായത്തിൽത്തന്നെ പാർട്ടിക്കേസുകളിൽ പ്രതിയായെന്നും തങ്ങൾക്കും ജീവിക്കണ്ടേ എന്നുമുള്ള ഇവരുടെ ചോദ്യത്തിനു മുൻപിൽ പലപ്പോഴും പാർട്ടിക്കു പലതിനുനേരെയും കണ്ണടയ്ക്കേണ്ടി വരുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽനിന്നുപോലും നടത്തിയ ഇടപാടുകളുടെ കാര്യത്തിലും സിപിഎമ്മിന്റെ ഈ കണ്ണടയ്ക്കൽ  പൊതുസമൂഹം കണ്ടു. മുൻപും പല കേസുകളിലും പാർട്ടി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചിട്ടുണ്ട് എന്ന വിവരം ടിപി കേസിലെ പ്രതികൾ വെളിപ്പെടുത്തുകയും ചെയ്തു.

ചെറുകിട ക്വട്ടേഷനുകൾക്കും സ്വർണക്കടത്തിലെ ‘പൊട്ടിക്കൽ ഓപ്പറേഷനുകൾ’ക്കും അപ്പുറം ഇത്തരം സംഘങ്ങൾ വളർന്നു എന്ന തിരിച്ചറിവിലാണ് ഇവരെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സിപിഎം നേതാക്കളുടെ ഇപ്പോഴത്തെ പ്രസ്താവനകൾ. ഈ രോഗം തുടക്കത്തിലേ എന്തുകൊണ്ടു ചികിത്സിച്ചില്ല എന്ന സമൂഹത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ അവർക്കു കഴിയുന്നില്ല.  

പണമുണ്ടാക്കാൻ ചെറുപ്പക്കാർ കള്ളക്കടത്ത് ഉൾപ്പെടെയുള്ള ഏതുവഴിയിലേക്കും സഞ്ചരിക്കുന്നതും അധ്വാനവർഗത്തിനു തണലേകുന്ന പാർട്ടിയുടെ നിഴൽപറ്റുന്നതും സിപിഎം ചർച്ച ചെയ്യേണ്ട വിഷയമാണ്. പാർട്ടിയുടെ ആഭ്യന്തരപ്രശ്നത്തിനപ്പുറം, സ്വർണക്കടത്തു സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വലിയ അളവിലുള്ള ക്രമസമാധാനപ്രശ്നമാകുകയും നാടിന്റെ സമ്പദ്‌ഘടനയ്ക്കു വെല്ലുവിളിയാകുകയും ചെയ്യുന്നു. ഇത്തരക്കാരെ അകറ്റിനിർത്താനും സമൂഹത്തിനു പുതിയമാതൃകകൾ സൃഷ്ടിക്കാനും എന്തുനടപടിയാണു സിപിഎം സ്വീകരിക്കുന്നതെന്ന് ഉറ്റുനോക്കുകയാണു കേരളം. മറ്റു പാർട്ടികളും ഇതിൽനിന്നു പാഠങ്ങൾ കണ്ടെടുക്കേണ്ടതുണ്ട്.

English Summary: Political parties support to criminal groups - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com