ADVERTISEMENT

ഡൽഹിയിലെ ഏറ്റവും വലിയ കാത്തിരിപ്പുമുറി സോണിയ ഗാന്ധിയുടെ ഓഫിസിനോടു ചേർന്നാണെന്നു കോൺഗ്രസുകാർ തമാശ പറയാറുണ്ട്. രണ്ടു ദശകത്തോളമായി കോൺഗ്രസിനെ നയിക്കുന്ന സോണിയ ഗാന്ധി, പാർട്ടിയിലെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും പദവികൾ തീരുമാനിക്കുന്ന കാര്യത്തിൽ തന്റേതായ സമയം എടുക്കാറുണ്ട്. എഐസിസി ഭാരവാഹികൾ ‘ഡബ്ല്യുആർ’ എന്നു ചുരുക്കിവിളിക്കുന്ന വെയ്റ്റിങ് റൂമിൽ തിരക്കൊഴിയുന്നില്ല. കാരണം പാർട്ടി ഭരിക്കുന്ന പഞ്ചാബിലെയും രാജസ്ഥാനിലെയും നേതൃതർക്കങ്ങളിലുള്ള തീരുമാനം നീണ്ടുപോകുകയാണ്.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വിമതകലാപം നയിച്ച സച്ചിൻ പൈലറ്റിന്റെ അനുയായികൾ പ്രശ്നപരിഹാരം തേടി ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്നു. പഞ്ചാബിൽ അമരിന്ദർ സിങ്ങിനെതിരെ പടയ്ക്കിറങ്ങിയ നവജ്യോത് സിദ്ധുവിനോട് ഈ മാസം പകുതി വരെ കാത്തിരിക്കാനാണു പറഞ്ഞിട്ടുള്ളത്. കാത്തിരിപ്പുമുറിയിൽ അവസാനമെത്തിയതു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പിസിസി ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനം കാത്ത് അവരും ഇരിക്കുന്നു. ഒഴിവുണ്ടെന്നു ഹൈക്കമാൻഡ് പറഞ്ഞിട്ടില്ലെങ്കിലും  യുഡിഎഫ് കൺവീനർ പദവി മോഹിച്ചും ചിലർ വെയ്റ്റിങ് റൂമിലുണ്ട്. കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണു കേൾക്കുന്നതെങ്കിലും നേതാക്കൾ ഇക്കാര്യത്തിൽ താൽപര്യം കാട്ടിയിട്ടില്ല.

ഹൈക്കമാൻഡിൽനിന്നു പരിഗണന കാത്തിരിക്കുന്ന മറ്റൊരു മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയാണ്. കഴിഞ്ഞമാസത്തെ യോഗത്തിൽ അദ്ദേഹം തന്റെ പരാതികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ അവതരിപ്പിച്ചു. പാർട്ടിയിലും സർക്കാരിലും ദീർഘകാലമായി പദവികൾ വഹിച്ചുപോന്ന മുൻ പ്രതിപക്ഷ നേതാവിനെ എഐസിസി ജനറൽ സെക്രട്ടറിയാക്കുമെന്ന് അനുയായികൾ പ്രതീക്ഷിക്കുന്നു. ഹൈക്കമാൻഡ് തന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി, തനിക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നു ചെന്നിത്തലയും പറയുന്നു. പക്ഷേ എഐസിസി പദവിയുടെ കാര്യം ചർച്ച ചെയ്തോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസിനോടു ചേർന്ന കാത്തിരിപ്പുമുറിയും നാൾതോറും വലുതായി വരികയാണ്. കാരണം കേന്ദ്രമന്ത്രിസ്ഥാനം മോഹിക്കുന്നവരെ ആകാംക്ഷയുടെ മുനയിൽ നിർത്താൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. അമിത് ഷായുടെ പിൻഗാമിയായി ജെ.പി.നഡ്ഡ ബിജെപി അധ്യക്ഷനായപ്പോൾ സംഘടനാതലത്തിൽ ചില അഴിച്ചുപണികൾ നടത്തിയെങ്കിലും കേന്ദ്രമന്ത്രിപദവികൾ മോഹിച്ചു നൂറിലേറെപ്പേരാണു കാത്തിരിക്കുന്നത്. മധ്യപ്രദേശ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയുടെ കാത്തിരിപ്പാണ് ഏറ്റവും നീളുന്നത്. കാത്തിരിപ്പു മുറിയിലേക്കു കയറിയ മറ്റൊരു പ്രമുഖൻ അസം മുൻമുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ആണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കക്ഷിയായ ജെഡിയുവിന്റെ പ്രതിനിധികളെ കേന്ദ്രമന്ത്രിസഭയിലെടുക്കുന്നതു സംബന്ധിച്ചു ചർച്ച പൂ‍ർത്തിയായെങ്കിലും കേന്ദ്രത്തിലേക്കു പോകാൻ വെയ്റ്റിങ് റൂമിൽ ആരൊക്കെയാണുള്ളതെന്നു നിതീഷ് വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രമന്ത്രിസഭാ വികസനം എന്നുണ്ടാകുമെന്നും നിതീഷ് വ്യക്തമാക്കിയില്ല.

ബിജെപിയുടെ പാർലമെന്ററി ബോർഡിലെ നാലു പ്രധാന ഒഴിവുകളിലും മോദിയുടെ തീരുമാനം നീളുന്നു. 2017ൽ ഉപരാഷ്ട്രപതിയായപ്പോൾ വെങ്കയ്യ നായിഡു രാജിവച്ച ഒഴിവിനു പുറമേ അനന്ത്കുമാർ, അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ് എന്നീ മുതിർന്ന നേതാക്കളുടെ വിയോഗത്തെത്തുടർന്നുണ്ടായ ഒഴിവുകളാണു പാർലമെന്ററി ബോർഡിലുള്ളത്. ഈ ഒഴിവുകളിലേക്കു വെയ്റ്റിങ് റൂമിൽ മുഖ്യമന്ത്രിമാരായ ബി.എസ്.യെഡിയൂരപ്പ, യോഗി ആദിത്യനാഥ്, മുൻമുഖ്യമന്ത്രിമാരായ വസുന്ധര രാജെ, രമൺ സിങ്, കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്, നിർമല സീതാരാമൻ എന്നിവരടക്കം ഉണ്ട്.

പ്രാദേശികകക്ഷികൾക്കും കാത്തിരിപ്പുമുറികളുണ്ട്. കേരള കോൺഗ്രസ് (എം) കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണിയുടെ ഭാഗമായി മികച്ച വിജയം നേടിയെങ്കിലും പാർട്ടി മേധാവി ജോസ് കെ.മാണി പരാജയപ്പെട്ടു. രാജ്യസഭാംഗത്വം രാജിവച്ചു തിരഞ്ഞെടുപ്പു നേരിട്ട അദ്ദേഹത്തിന് ഉചിതമായ പദവി നൽകുന്ന കാര്യത്തിൽ സിപിഎം തീരുമാനമെടുത്തിട്ടില്ല. സിപിഎമ്മിന്റെ കാത്തിരിപ്പുമുറിയിലുള്ള ഏറ്റവും പ്രധാനപ്പെട്ട നേതാവ് കോടിയേരി ബാലകൃഷ്ണനാണ്. പാർട്ടി സെക്രട്ടറി പദവിയിൽനിന്ന് അദ്ദേഹം ദീർഘകാല അവധിയിലാണ്. കോടിയേരിയുടെ മടങ്ങിവരവു സംബന്ധിച്ചു പാർട്ടിക്കുള്ളിൽ ചർച്ച നടന്നിരുന്നോ എന്നും നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com