വാചകമേള

vachakamela-10-07-2021
SHARE

∙ ബെന്നി പി. നായരമ്പലം: ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ വിലയിരുത്തിയാൽ, അന്നാ ബെൻ ഒരു റിയലിസ്റ്റിക് ആർട്ടിസ്റ്റാണ്.  അച്ഛൻ എന്ന രീതിയിലാണെങ്കിൽ, മക്കൾ എന്തു കാണിച്ചാലും അതിൽ ഒരു കുറവ് കാണില്ലല്ലോ. പക്ഷേ, എന്റെ മകളായതുകൊണ്ടു പറയുന്നതല്ല അവൾ നല്ല ഒരു നടിയാണ്.

∙ മമ്മൂട്ടി: മൺമറഞ്ഞു പോയി 27 വർഷം കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ്. വൈക്കം എന്റെ കൂടി ജന്മനാടാണ്. ഒരുപാട് പ്രസിദ്ധരായ എഴുത്തുകാരും കലാകാരൻമാരുമൊക്കെ വൈക്കത്തു നിന്നുണ്ട്. ഒരുപക്ഷേ, എഴുത്തുകാരനായിരുന്നെങ്കിൽ എന്റെ പേര് വൈക്കം മുഹമ്മദ് കുട്ടിയെന്നാകുമായിരുന്നേനെ. നമ്മുടെ സാഹിത്യലോകത്തിന്റെ സൗഭാഗ്യം കൊണ്ട് ഞാൻ അങ്ങനെയായില്ല. 

∙ സി.ആർ. പരമേശ്വരൻ: സ്പാനിഷ് സിവിൽ വാറിന്റെയും വിയറ്റ്‌നാം യുദ്ധത്തിന്റെയും ഘട്ടങ്ങളിൽ എന്ന പോലെ പ്രവർത്തിച്ചിരുന്ന ലോകമനഃസാക്ഷി എന്നൊന്ന് ഇന്നുണ്ടെന്നു തോന്നുന്നില്ല. ഉള്ളത് ഒരു വശത്ത് തീവ്രവലതുവാദവും മറുവശത്ത് ഇസ്‌ലാമോ ലെഫ്റ്റിസവുമാണ്. അവയ്ക്കിടയിൽ ഉള്ള ലിബറലിസത്തിന്റെ നേരിയ തുരുത്ത് പഴയ മൂന്നാം ലോക രാജ്യങ്ങളിൽ ഏറെക്കുറെ മുഴുവനായും പാശ്ചാത്യരാജ്യങ്ങളിൽ ഭാഗികമായും അലിഞ്ഞില്ലാതായിരിക്കുന്നു.

∙ ബാലചന്ദ്രമേനോൻ: എന്റെ ‘ഏപ്രിൽ പതിനെട്ടും’ ‘കാര്യം നിസ്സാര’വും മനസ്സിൽ നട്ട ഓരോ വിത്താണ്. അതു വൃക്ഷമായി വളരും. ഓരോ തലമുറ കഴിഞ്ഞു പോകും. ഈ പടങ്ങൾ ഇന്നും കാണാം. ഇപ്പോഴും ടിവിയിൽ വരുമ്പോൾ ബോറടിപ്പിക്കാത്ത സിനിമകളാണ് മികച്ച ചിത്രങ്ങൾ. അതിന്റെ പുറത്തു കരിവാരിത്തേച്ചുകൊണ്ട് ആർക്കും ഒന്നും നേടാൻ കഴിയില്ല.

∙ വി.ടി. മുരളി: പാട്ടുകൾ എന്നത് വെറും പശ്ചാത്തലസംഗീതം മാത്രമായി മാറി. നിലനിൽപില്ലാത്തതും ഹൃദയത്തിൽ പ്രതിഷ്ഠ നേടുന്നതുമായ പാട്ടുകൾ ഇല്ലാതെയായി. ചെറുപ്പക്കാർ ഇപ്പോൾ പറയുന്നത് എത്ര ലൈക്ക് കിട്ടി എന്നതിന്റെയും അല്ലേൽ വൈറൽ എന്നതിന്റെയും അടിസ്ഥാനത്തിലാണല്ലോ. ഹൃദയത്തിൽ പ്രതിഷ്ഠ നേടിയ പാട്ടുകളെക്കുറിച്ചു നമ്മൾ ആരും ഇപ്പോൾ സംസാരിക്കുന്നില്ല.

∙ അടൂർ ഗോപാലകൃഷ്ണൻ: ഇന്നും ഒരു ഭേദപ്പെട്ട സിനിമയ്ക്ക് പ്രേക്ഷകർ കുറവാണ്. അത്തരം സിനിമകൾ ഇറങ്ങുന്നതിനു മുൻപുതന്നെ അതു പൊളിയുമെന്ന് തിയറ്ററുടമകൾക്കറിയാം. അവർക്ക് അങ്ങനെയൊരു ദിവ്യജ്ഞാനമുണ്ട്!

∙ ബിച്ചു തിരുമല: ആസ്വാദകരെ ഇഷ്ടപ്പെടുത്തുന്ന പാട്ടെഴുതാൻ കഴിഞ്ഞു എന്നുതന്നെയാണ് വിശ്വാസം. അതുതന്നെയാണ് സന്തോഷവും. പുതിയ കാലത്തെ കുട്ടികൾ വരെയും ആ പാട്ടുകളെക്കുറിച്ചൊക്കെ പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നിയിട്ടുണ്ട്. എല്ലാത്തരം പാട്ടുകളും എഴുതി വിജയിപ്പിച്ചു എന്നു പറയാറുണ്ട് പലരും. അത് ഒരു മായാജാലമാണോ എന്നു ചോദിച്ചാൽ ദൈവാനുഗ്രഹമെന്നേ പറയാനൊക്കൂ.

Content Highlight: Vachakamela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA