ADVERTISEMENT

കൊതുകു പരത്തുന്ന സിക വൈറസ് സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്തു കണ്ടെത്തുകയും കൂടുതൽ പേരിൽ സ്ഥിരീകരിക്കുകയും ചെയ്തതോടെ നമ്മുടെ മുന്നിൽ പുതിയ ആരോഗ്യഭീഷണി രൂപപ്പെട്ടിരിക്കുകയാണ്. കോവിഡിന്റെ നീളുന്ന ആക്രമണത്തിൽ തളർന്നുപോയ കേരളം പുതിയൊരു വൈറസിനെതിരെക്കൂടി പ്രതിരോധം തീർക്കേണ്ട അവസ്ഥയുണ്ടായതു നിർഭാഗ്യകരംതന്നെ.

ഗർഭിണികളെയാണു സിക വൈറസ് സാരമായി ബാധിക്കുന്നതെന്നതും ഗർഭകാലത്ത് ഈ വൈറസ് ബാധിച്ചാൽ ജനിക്കുന്ന കുട്ടിക്കു ചിലപ്പോൾ അംഗവൈകല്യമുണ്ടായേക്കാമെന്നതും അതീവ ഗൗരവത്തോടെ വേണം കാണാൻ. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയൊഴിച്ച്, നിലവിൽ സിക വൈറസിനെ പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്നു വികസിപ്പിച്ചെടുത്തിട്ടില്ല എന്നത് ഈ സാഹചര്യത്തെ കൂടുതൽ ഭീഷണമാക്കുകയും ചെയ്യുന്നു.

കിഴക്കൻ ആഫ്രിക്കയിലെ യുഗാണ്ടയിലുള്ള സിക വനത്തിലെ കുരങ്ങുകളിൽ 1947ൽ ആദ്യമായി കണ്ടെത്തിയ ഈ വൈറസ് മനുഷ്യരെയും ബാധിക്കുമെന്ന് 1952ൽ വെളിപ്പെട്ടതോടെ ലോകം മറ്റൊരു രോഗഭീഷണിയെക്കൂടി നേരിടാൻ തുടങ്ങി. അതീവജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽപെടുത്തി, ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയത് 2016ൽ ആണ്. ഇന്ത്യയിലാദ്യമായി സിക വൈറസ് സാന്നിധ്യം ഗുജറാത്തിൽ നാലു വർഷം മുൻപു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യനിലവാരത്തിൽ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനങ്ങളിലൊന്നായിരുന്ന കേരളത്തിൽ രോഗങ്ങളുടെ കൂട്ടായ ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. ശുചിത്വത്തിലൂടെയും പ്രതിരോധത്തിലൂടെയും നാം പറഞ്ഞുവിട്ട പഴയകാല രോഗങ്ങൾവരെ തിരിച്ചുവന്നിരിക്കുന്നു. പുതിയ രോഗങ്ങൾ നമ്മെ കീഴടക്കുകയും ചെയ്യുന്നു. കോവിഡിന്റെ കടുത്ത ആഘാതം നാം അനുഭവിച്ചുവരികയുമാണ്. ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ ഇവിടെ പതിവായിക്കഴിഞ്ഞു. കൊതുകുകൾ വഴി പരക്കുന്ന മറ്റൊരു രോഗംകൂടി മൂളിപ്പറക്കുമ്പോൾ, ശുചിത്വത്തിന്റെ കാര്യത്തിൽ മലയാളികൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ഇൗഡിസ് കൊതുകുകളെ നശിപ്പിക്കാനുള്ള ഉൗർജിത പ്രവർത്തനങ്ങളാണ് സിക വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങളിൽ പ്രധാനം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കേരളം സ്വീകരിച്ചുവരുന്ന അലസത ആശങ്ക വർധിപ്പിക്കുന്നു. മനുഷ്യന്റെ വാസസ്ഥലങ്ങൾക്ക് അനുബന്ധമായി പെരുകുന്നവയാണ് ഇൗഡിസ് കൊതുകും. ഒരു ടീസ്പൂൺ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തുപോലും ഇവ മുട്ടയിടുന്നു. ഇവ പകൽസമയത്തു കടിക്കുന്ന കൊതുകായതിനാൽ ഗൃഹശുചിത്വവും സമൂഹശുചിത്വവും ഒന്നിച്ചു പാലിക്കുമ്പോൾ മാത്രമേ വേണ്ടവിധം പ്രതിരോധിക്കാൻ കഴിയൂ. മഴക്കാലത്തു കൊതുകുകൾ വർധിക്കുമെന്ന ഭീഷണിയുമുണ്ട്.

കൊതുകു പെരുകി പകർച്ചവ്യാധി പടരുന്നതു മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു തുല്യമെന്നു മുൻപു ഡൽഹി ഹൈക്കോടതി പറഞ്ഞതു വീണ്ടുമോർമിക്കാം. ജനപങ്കാളിത്തമില്ലെങ്കിൽ കൊതുകുനിവാരണ പരിപാടികളും ശുചിത്വയജ്ഞങ്ങളും പരാജയപ്പെടുമെന്ന അനുഭവം മറക്കാനും പാടില്ല. തദ്ദേശസ്ഥാപനങ്ങൾ ബജറ്റ് വിഹിതത്തിൽ നല്ല പങ്ക് രോഗപ്രതിരോധനടപടികൾക്കായി നീക്കിവയ്ക്കുകയും പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനുള്ള ആത്മാർഥത കാട്ടുകയും വേണം. മാലിന്യസംസ്കരണവും വെള്ളക്കെട്ടുനിവാരണവും വിപത്തിന്റെ തോതു കുറച്ചുകൊണ്ടുവരും. സിക ബാധ ചെറുക്കുന്നതിനു ‌നിലവിൽ നടത്തിവരുന്ന കൊതുകുനിവാരണ പരിപാടികൾ ശക്തമാക്കിയേതീരൂ.

സികയുടെ അപ്രതീക്ഷിതമായ കടന്നുവരവിനെ സംസ്ഥാനം സർവസജ്ജമായി പ്രതിരോധിക്കേണ്ടിയിരിക്കുന്നു. ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഇതിനായി കൈകോർത്തുനീങ്ങേണ്ടതുണ്ട്. പ്രതിരോധത്തിനായി ആരോഗ്യ വകുപ്പു തയാറാക്കിയ കർമപദ്ധതി അടിയന്തരമായി യാഥാർഥ്യമാകണം. വൈറസ് പടരുന്നതു തടയാൻ ആവശ്യമായ എല്ലാ സഹായവും  കേരളത്തിനു നൽകുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുഖ്യമായും കോവിഡ് പ്രതിരോധത്തിൽ കേന്ദ്രീകരിച്ചുപോരുന്ന നമ്മുടെ ആരോഗ്യസംവിധാനങ്ങൾ സിക ബാധ ചെറുക്കുന്ന കാര്യങ്ങളിൽക്കൂടി ഗൗരവശ്രദ്ധ നൽകണം.

English Summary: Zika virus threat in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com