ADVERTISEMENT

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും അഭിമുഖീകരിക്കാത്തവിധം കോവിഡ് ഇപ്പോൾ കേരളത്തെ സങ്കീർണമായൊരു പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) കേരളത്തിലായതിനാൽ, നിലവിലെ നമ്മുടെ കോവിഡ് നിയന്ത്രണ നടപടികൾ എത്രമാത്രം ഗുണം ചെയ്യുന്നുണ്ടെന്ന ചോദ്യം പ്രസക്തമാണ്.

മൂന്നാം വ്യാപന ഭീഷണിയും വാക്സീൻ ക്ഷാമവുമൊക്കെ ആശങ്കകളായി ഇതിനൊപ്പമുണ്ട്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ശനി, ഞായർ ദിവസങ്ങളിലെ പൂർണ ലോക്ഡൗൺ അടക്കമുള്ള കാര്യങ്ങളിൽ പുനർവിചിന്തനം വേണമെന്ന ആവശ്യം ഇപ്പോഴും ബാക്കിനിൽക്കുന്നു.

കോവിഡ് വ്യാപനത്തിനെതിരെ തീർച്ചയായും നിയന്ത്രണങ്ങൾ ആവശ്യംതന്നെ. എന്നാൽ, പല നിയന്ത്രണങ്ങളും അശാസ്ത്രീയമാണെന്നാണു വിമർശനം. ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങളാണ് എന്നതിനാൽ വ്യാഴവും വെള്ളിയും വലിയ തിരക്കാണു സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആ തിരക്ക് കൈവിട്ട അവസ്ഥയിലെത്തുകയും ചെയ്യുന്നു. നിയന്ത്രണത്തിനു പിന്നാലെ വരുന്ന തിങ്കളാഴ്ചയും സ്ഥിതി വ്യത്യസ്തമല്ല. ആഴ്ചയിൽ രണ്ടു ദിവസം പൂർണമായും അടച്ചിടുന്നത്, തുറക്കുന്ന ദിവസങ്ങളിലെ തിരക്കു കൂട്ടുന്നുവെന്നും ഇതു കോവിഡ് വ്യാപനത്തിനിടയാക്കുന്നുവെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മദ്യവിൽപനശാലകളിലും മറ്റും വെള്ളിയാഴ്ചകളിൽ കാണുന്ന വലിയതിരക്ക് കോവിഡിനുള്ള ക്ഷണപത്രം തന്നെയല്ലേ? 

കൂട്ടംചേരൽ കർശനമായി നിയന്ത്രിച്ച്, സംസ്ഥാനത്തു വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളും എല്ലാ ദിവസവും തുറക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടിരിക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ആളുകളുടെ തിരക്കു വർധിപ്പിച്ചു വ്യാപനത്തിന് ഇടയാക്കുന്ന രീതിയിലാണെന്നും അവർ പറയുന്നു. 

പ്രവർത്തന നിയന്ത്രണം നീക്കണമെന്നു വാണിജ്യ–വ്യാപാര മേഖലയും ആവശ്യപ്പെട്ടിട്ടുണ്ട്. കടകൾ കൃത്യമായി തുറക്കാനാകാതെ വ്യാപാരികൾ നട്ടംതിരിയുകയാണെന്ന യാഥാർഥ്യം സർക്കാർ മനസ്സിലാക്കേണ്ടതാണ്. ജീവിതം കഷ്ടസ്ഥിതിയിലായ തങ്ങൾക്ക് ഇനിയെങ്കിലും പിടിച്ചുനിൽക്കണമെങ്കിൽ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യമാണു വ്യാപാരികൾ ഉന്നയിക്കുന്നത്. കോവിഡ്കാലത്തെ സ്തംഭനാവസ്ഥയിൽ സംസ്ഥാനത്ത് ഇതിനകം പൂട്ടിയതു ജിഎസ്ടി റജിസ്ട്രേഷനുള്ള ആയിരക്കണക്കിനു വ്യാപാരസ്ഥാപനങ്ങളാണെന്നതു സങ്കടകരമാണ്. പിടിച്ചുനിൽക്കാനാവാതെ എത്രയോ സ്ഥാപനങ്ങൾ പൂട്ടാനൊരുങ്ങുകയുമാണ്. ഹോട്ടലുകളാണ് അടച്ചുപൂട്ടിയതിൽ കൂടുതലും.  

കോവിഡ് മൂന്നാം തരംഗം തലയ്ക്കു മുകളിലുണ്ടെന്നും അത് ഒഴിവായിപ്പോകില്ലെന്നും ദേശീയതലത്തിൽ ഐഎംഎ മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. ആളുകളുടെ അലംഭാവവും ആൾക്കൂട്ടം ഒഴിവാക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെ വീഴ്ചയും ആശങ്കയുയർത്തുന്നുവെന്നും അവർ പറയുന്നു. മൂന്നാം തരംഗം മുന്നിൽക്കണ്ടു ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാകും വരുന്ന 6 മാസം ആരോഗ്യമന്ത്രാലയം ശ്രമിക്കുകയെന്നും പ്രത്യേക പാക്കേജായ 23,000 കോടി രൂപ ഇതിനായി വിനിയോഗിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം തരംഗം എന്ന വലിയ ഭീഷണി നേരിടാൻ കേരളം എത്രത്തോളം സജ്ജമാണ് എന്ന ചോദ്യം ഉയർന്നുവരുന്നുമുണ്ട്.

തദ്ദേശസ്ഥാപന മേഖലയിലെ ടിപിആർ അടിസ്ഥാനമാക്കി ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി മാറ്റണമെന്നു കോവിഡ് വിദഗ്ധസമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും പരിശോധന നടക്കുന്നതു ശാസ്ത്രീയമായിട്ടല്ലെന്നും ടിപിആർ കുറയ്ക്കാനുള്ള സമ്മർദം പരിശോധനാരീതികളെ ബാധിക്കുന്നുണ്ടെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സമിതിയുടെ ശുപാർശ. ഒന്നാം ഡോസ് വാക്സീനെടുത്ത ലക്ഷക്കണക്കിനുപേർക്കു സംസ്ഥാനത്തു നിർദിഷ്ടതീയതി കഴിഞ്ഞിട്ടും രണ്ടാം ഡോസ് ലഭിച്ചിട്ടില്ല എന്നതു മറ്റൊരു ആശങ്കയാണ്. 

ലക്ഷ്യബോധവും ഏകോപിത പ്രവർത്തനങ്ങളുമുണ്ടെങ്കിൽ കോവിഡിനെ കാര്യമായി നിയന്ത്രിക്കാമെന്നതിന്റെ മാതൃകാപാഠങ്ങൾ ചില സംസ്ഥാനങ്ങൾ ഇതിനകം നമുക്കു തന്നുകഴിഞ്ഞു. സുരക്ഷിത അകലവും ശുചിത്വവും സ്വയം ഉറപ്പാക്കി, കോവിഡിനെതിരായ പോർമുഖത്തു സമൂഹം സർവസജ്ജമായി നിലയുറപ്പിക്കുകയാണു വേണ്ടത്. കൈവന്ന ഇളവുകൾ വിവേകത്തോടെ വിനിയോഗിക്കണമെന്നു നമുക്കു നമ്മെത്തന്നെ വീണ്ടും ഓർമിപ്പിക്കാം. ജാഗ്രതയിൽ ഒരു ചെറുവീഴ്ചപോലും ഉണ്ടാകാതെ ജീവിതം മുന്നോട്ടുപോയേ തീരൂ.

English Summary: Kerala must rethink on Covid restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com