കൈവരിക്കാനാകില്ല കൊതിപ്പിക്കും

mob-game
SHARE

അടിക്കടി നൽകുന്ന ടാസ്കുകളാണു കുട്ടികളെ വീണ്ടും വീണ്ടും ഓൺലൈൻ ഗെയിമുകൾ കളിക്കാൻ പ്രേരിപ്പിക്കുന്നത്. ലക്ഷ്യത്തിലെത്തിയാൽ അതോടെ കളിനിർത്താം എന്നു പലകുട്ടികളും കരുതും. എന്നാൽ, മിക്ക കളികളിലും ലക്ഷ്യം അനന്തമാണ്. ഒന്നു പൂർത്തിയാക്കിയാൽ അടുത്ത ടാസ്ക് എത്തും. ഒരിക്കലും അവസാനിക്കാത്ത കളികൾ

സർ, എന്റെ ലക്ഷ്യം ഇപ്പോൾ പഠനമല്ല. ഗെയിമിലെ ലെവലുകൾ അച്ചീവ് ചെയ്യുകയാണ്. എങ്ങനെയും ഗ്രാൻഡ് കിരീടം നേടണം. അവനവന്റെ ലക്ഷ്യം നേടാൻ ഏതറ്റം വരെയും പോകണം എന്നല്ലേ സർ?’’മാതാപിതാക്കളുടെ പരാതി കണക്കിലെടുത്തു വടകരയിലെ പൊലീസ് ഉദ്യോഗസ്ഥൻ‌ പത്താം ക്ലാസുകാരനെ വിളിച്ച് ഉപദേശിച്ചപ്പോൾ കേട്ട മറുപടിയാണിത്. ദിവസങ്ങളോളം കഷ്ടപ്പെട്ട ശേഷമാണ് അവനെ ടാസ്കുകളുടെ ലോകത്തുനിന്നു തിരികെ കൊണ്ടുവരാനായത്. 

ജീവിതത്തിൽ ലക്ഷ്യങ്ങളുണ്ടാകുന്നതും അതിനായി അധ്വാനിക്കുന്നതും ഒടുവിൽ അതു കൈക്കലാക്കുന്നതും വലിയകാര്യം തന്നെ. എന്നാൽ, ഓൺലൈൻ കളികളിൽ പലപ്പോഴും ടാസ്കുകൾ കൈവരിക്കാൻ കഴിയാറില്ല. സമയവും ആരോഗ്യവും പണവും പോകുമെന്നു മാത്രം. 

അങ്ങനെ, കളി നൽകിയ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് 2018ൽ പാലക്കാട്ടെ ഇരുപത്തിരണ്ടുകാരൻ കർണാടകയിലെ ചിത്രദുർഗയിലുണ്ടായ അപകടത്തിൽ മരിച്ചത്. കോയമ്പത്തൂരിലേക്കെന്നു പറഞ്ഞിറങ്ങിയ യുവാവ് എന്തിനു പുണെയിലേക്കു പോകണമെന്ന സംശയത്തിലാണു ബന്ധുക്കൾ അവന്റെ കിടപ്പുമുറി പരിശോധിച്ചത്. വാതിലിൽ എഴുതിപ്പതിച്ചിരുന്ന കടലാസിൽ ‘സഡിൽ സോർ ചാലഞ്ച്’ എന്ന ബൈക്ക് റൈഡിന്റെ സൂചനകൾ കിട്ടി. 

ബൈക്ക് യാത്രയിൽ കമ്പമുള്ളവർക്കു യുഎസ് ആസ്ഥാനമായ സംഘടന നൽകുന്ന ചാലഞ്ചാണിത്. 24 മണിക്കൂർകൊണ്ട് 1600 കിലോമീറ്റർ ഓടിയെത്താനായിരുന്നു നിർദേശം. എങ്കിൽ സംഘടനയുടെ അംഗത്വവും ബാഡ്ജും ലഭിക്കും. ഒറ്റപ്പാലത്തുനിന്നു പുറപ്പെട്ടു ബെംഗളൂരു–ഹൂബ്ലി വഴി പുണെയിലെത്താനായിരുന്നു പ്ലാൻ. ഹൂബ്ലിക്കും പുണെയ്ക്കുമിടയിൽനിന്നു നാട്ടിലേക്കു മടങ്ങുംവിധം മറ്റൊരു പ്ലാനും കിടപ്പുമുറിയിൽ കണ്ടെത്തി. 75% ആയിരുന്നു ചാലഞ്ച് പൂർത്തിയാക്കുന്നതിനു യുവാവ് കണക്കാക്കിയ ‘റിസ്ക് ഫാക്ടർ’. വേണ്ടസമയം സമയം 22 മണിക്കൂറും. 

    യാത്രയിൽ കരുതേണ്ട സാധനങ്ങളുടെ പട്ടികയും മുറിയിൽ നിന്നു ലഭിച്ചു.  ജാക്കറ്റ്, ഹെൽമറ്റ്, പ്രഥമ ശുശ്രൂഷാസാമഗ്രികൾ, ബൈക്ക് ഓടിക്കുന്നതിനിടയിൽ വെള്ളം കുടിക്കാവുന്ന നിലയിൽ കുഴൽ ഘടിപ്പിച്ച ബോട്ടിൽ, ചോക്ലേറ്റുകൾ തുടങ്ങിയവയായിരുന്നു പട്ടികയിൽ. ആ അതിവേഗപ്പാച്ചിലിൽ ലോറിയിടിച്ചായിരുന്നു അന്ത്യം. 

mobile-mother

രാത്രി, റെയിൽപാളം 

ഓൺലൈൻ കളിക്കിടെ അജ്ഞാതരുമായി നടത്തിയ ചാറ്റിങ്ങിലാണു പെരുമൺ സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥി ‘സാത്താൻ സേവ’ ഗ്രൂപ്പിൽ എത്തിയത്. ചാറ്റ് ചെയ്യുന്നതും വിഡിയോകോളിൽ വരുന്നതുമെല്ലാം വിദേശികൾ. ഗ്രൂപ്പിൽ കൈമാറുന്ന നിർദേശങ്ങൾ അതേപടി അനുസരിച്ചില്ലെങ്കിൽ കടുത്തശിക്ഷ നൽകുമെന്ന ഭീഷണിയായിരുന്നു പിന്നീട്. വിജനമായ റെയിൽപാതയിലൂടെ രാത്രി 12നു നടന്നു വിഡിയോ എടുത്തു നൽകണമെന്നതായിരുന്നു ഒരു ടാസ്ക്. രാത്രി റെയിൽവേ പാളത്തിലൂടെ നടന്ന കുട്ടി തന്നെ നിരീക്ഷിക്കാൻ ഒരാൾ അതേസമയം എത്തിയിരുന്നു എന്നറിഞ്ഞതോടെ ആകെ ഭയപ്പെട്ട് ഓടി. ടാസ്ക് പൂർത്തിയാക്കാനാകാതെ കുട്ടി കടുത്ത വിഷാദത്തിലേക്കു പോകുമ്പോഴാണു വീട്ടുകാർ ശ്രദ്ധിക്കുന്നത്. പിന്നീട് തുടർച്ചയായി കൗൺസലിങ് നൽകി രക്ഷിക്കുകയായിരുന്നു. 

നിരോധനമല്ല പരിഹാരം

ഓൺലൈൻ ഗെയിമുകളുടെ അടിമത്തത്തിൽനിന്നു കുട്ടികളെ തിരിച്ചുപിടിക്കാൻ ഗെയിമുകൾ നിരോധിക്കുകയാണു പരിഹാരം എന്നു കരുതുന്നവരുണ്ട്. സൈബർലോകത്തു നിരോധനം ഒരു പരിഹാരമല്ല. ഒന്നു നിരോധിച്ചാൽ മറ്റൊന്നു വരും. പബ്ജി നിരോധിച്ചതു ചൈനീസ് ആപ് ആയതിനാലാണ്. ഫ്രീ ഫയർ‌ രൂപംകൊണ്ടത് സിംഗപ്പൂരിലായതിനാൽ നിരോധനപരിധിയിൽ വരില്ല. കുട്ടികൾ സ്വയം നിയന്ത്രിക്കുകയും മാതാപിതാക്കൾ അവർക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുകയുമാണു പരിഹാരം. ലോക്ഡൗൺകാലത്തു കടുത്ത മാനസിക പിരിമുറുക്കം കുട്ടികളെ ഇത്തരം ഗെയിമുകളിലേക്ക് എത്തിക്കാം. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലയളവിൽ മാത്രം 66 കുട്ടികൾ ആത്മഹത്യ ചെയ്തെന്നാണു പൊലീസ് കണക്ക്. സ്കൂളുകൾ അടച്ചതോടെ മറ്റു കുട്ടികളുമായുള്ള ഇടപഴകൽ അവസാനിച്ചതും കായികവിനോദങ്ങൾ നിലച്ചതും മൂലം കുട്ടികളെ പ്രത്യേകം കരുതേണ്ടത് അത്യാവശ്യമാണ്.

john
സി.ജെ. ജോൺ

വേണം, ഡിജിറ്റൽ പെരുമാറ്റച്ചട്ടം 

ഡോ.സി.ജെ.ജോൺ (മാനസികാരോഗ്യ വിദഗ്ധൻ)

ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത വീടുകൾ ഇന്നില്ല. ഓൺലൈൻ വിദ്യാഭ്യാസം വ്യാപകമായതോടെ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനു പരിമിതികളുമുണ്ട്. എന്നാൽ, എന്തിന്, എപ്പോൾ, എവിടെ, എങ്ങനെ, എത്ര സമയം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിഷ്കർഷ വീടുകളിൽ ഉണ്ടാകണം. കുട്ടികൾക്കു ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങി നൽകുമ്പോൾ ഈ നിഷ്കർഷകൾ പാലിക്കാനുള്ള കരാറും ഉണ്ടാക്കണം. 

    കരാർ ലംഘിച്ചാൽ താൽക്കാലിക സ്ക്രീൻ വിലക്ക് ഏർപ്പെടുത്തുമെന്ന നിബന്ധനകളാകാം. പഠനാവശ്യത്തിനൊപ്പംതന്നെ അത്യാവശ്യം ആശയവിനിമയങ്ങൾക്കും മൊബൈൽ ഫോൺ അനുവദിക്കാം. എന്നാൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ കാര്യങ്ങൾക്കും മുതിർന്നവരുടെ അനുമതി നിർബന്ധമാക്കണം. പ്രായത്തിനു ചേർന്ന സ്ക്രീൻ വിനോദങ്ങൾക്ക് അനുമതി നൽകാം. കുട്ടികൾ അതീവ രഹസ്യസ്വഭാവത്തോടെ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട ആവശ്യമില്ല. മുതിർന്നവരുടെ കണ്ണെത്തുന്ന ദൂരത്തുതന്നെ അതു മതി. സ്വകാര്യതയിലും സുരക്ഷിത ഉപയോഗത്തിലും വിട്ടുവീഴ്ച പാടില്ലെന്നു കുട്ടികളെ ഓർമിപ്പിക്കണം. 

sailasia
ജി. സൈലേഷ്യ

പേടിപ്പിക്കരുത്; സമയമെടുക്കും

ജി.സൈലേഷ്യ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൊച്ചി)

കുട്ടികളുടെ പ്രശ്നങ്ങളുമായി സമീപിക്കുന്ന മാതാപിതാക്കൾ പലപ്പോഴും പറയുന്ന കാര്യമുണ്ട്: പല കാര്യങ്ങളും ഞങ്ങൾ ചെയ്തു നോക്കിയതാണ്. ഒരു മാറ്റവുമില്ല!’’ എന്നാൽ രണ്ടോ മൂന്നോ ദിവസം. ഏറിയാൽ ഒരാഴ്ച. അത്രയുംനാൾ മാത്രമാണു പലരും ശ്രമിക്കുന്നത്. മാറ്റങ്ങൾക്കായി 90 ദിവസമെങ്കിലും ശ്രമിക്കുകയാണു വേണ്ടത്. 

∙ ‘ഞാൻ പറയുന്ന കാര്യമാണു ശരി’ എന്നതാണു വാശിക്ക് അടിസ്ഥാനം. വാശി പിടിക്കുന്ന കുട്ടികളോട് അപ്പോൾ എന്തു പറഞ്ഞിട്ടും കാര്യമില്ല. അവരുടെ വാശി കൂടും. അപ്പോൾ സംസാരം വേണ്ട. വാശിയെല്ലാം കഴിയുമ്പോൾ വിഷയത്തിന്റെ മറ്റു വശങ്ങൾകൂടി പറഞ്ഞു കൊടുക്കുക. 

∙ നല്ലതല്ലെന്നു മനസ്സിലായിട്ടും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് ‘അഡിക്‌ഷൻ’. ഓൺലൈൻ ഗെയിമുകളിലെ അഡിക്‌ഷൻ ഒഴിവാക്കാൻ മറ്റൊരു ഓൺലൈൻവഴി പ്രായോഗികമല്ല. മനുഷ്യരുമായും പ്രകൃതിയുമായും ഇടപഴകാൻ കഴിയുന്ന തരത്തിലുള്ള കാര്യങ്ങളിലേക്ക് അവരെ നയിക്കണം.

∙ സ്വയം നിരീക്ഷിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. ഒരു കാര്യം എപ്പോൾ നിർത്തണമെന്നു സ്വയം തിരിച്ചറിയാൻ കുട്ടികൾക്കു ബോധപൂർവം പരിശീലനം നൽകണം. ഇക്കാര്യത്തിൽ രക്ഷിതാക്കൾതന്നെ മാതൃകയാകണം. 

∙ ഏറെ ശ്രമഫലമായി കുട്ടികളെ ഓൺലൈൻ ഗെയിമുകളിൽനിന്നു പിന്തിരിപ്പിച്ചുവെന്നു കരുതുക. പിന്നീട് അവർക്കു ധാരാളം സമയം ബാക്കിയാകും. ആ ‘വാക്വം’ എങ്ങനെയാണു നികത്തുക. ഒഴിവുസമയം പ്രയോജനപ്പെടുത്താൻ കഴിയുന്ന മറ്റേതെങ്കിലും വഴികൾ അവർക്കു മുന്നിൽ തുറക്കണം.

∙ ഏതെങ്കിലും ചെറിയ കാര്യങ്ങളെക്കുറിച്ചു മാതാപിതാക്കളും കുട്ടികളും ചേർന്ന് എല്ലാ ദിവസവും ലഘുചർച്ചകൾ നടത്താം. 

പ്രതീക്ഷ വിടരുത്, പരിഹാരമുണ്ട്

നിരീക്ഷിക്കാൻ ആപ്

കുട്ടികൾക്കു മൊബൈൽ ഫോൺ നൽകുന്നതിനു മുൻപ് അവരുടെ ഫോൺ ഉപയോഗം നിരീക്ഷിക്കാൻ കഴിയുന്നതും അനാവശ്യഉപയോഗം നിയന്ത്രിക്കുന്നതുമായ പേരന്റിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം. ഓൺലൈൻ പഠനത്തിനാണെങ്കിൽപോലും കഴിയുന്നതും അസമയത്ത് ഫോൺ ഉപയോഗം വേണ്ട. ക്ലാസിൽ പങ്കെടുക്കുമ്പോൾ മുറി അടച്ചിടാൻ അനുവദിക്കരുത്.

കുട്ടികളുടെ സുഹൃത്താകുക

രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം കളിക്കാനും കൂട്ടുകാർ എന്നപോലെ സംസാരിക്കാനും തയാറാകണം.  ആശങ്കകൾ ചോദിച്ചറിയണം. ചെറിയകാര്യങ്ങളിൽപോലും കുട്ടികളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കണം. 

മാറ്റങ്ങൾ അറിയുക

വൈകി ഉറങ്ങുക, വൈകി ഉണരുക തുടങ്ങി കുട്ടികളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കൃത്യമായി നിരീക്ഷിക്കണം. കിടപ്പുമുറിയിൽ ഇരുന്നുള്ള പഠനം പ്രോത്സാഹിപ്പിക്കരുത്. മൊബൈലിൽ സംസാരിക്കുന്നതു മാത്രമല്ല, എന്തുചെയ്യുന്നതും റെക്കോർഡ് ചെയ്യപ്പെടാനും പിന്നീടു പുറത്തുവരാനും പ്രചരിക്കാനുമുള്ള സാധ്യത പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. 

രക്ഷിതാക്കൾക്കും ഗ്രൂപ്പ്

കുട്ടികളുടെ ക്ലാസ് ഗ്രൂപ്പ് പോലെ രക്ഷിതാക്കളുടെയും വാട്സാപ് ഗ്രൂപ്പ് തുടങ്ങി, സ്കൂളിൽനിന്നു ലഭിക്കുന്ന നിർദേശങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താം. പഠനാവശ്യത്തിനു മൊബൈൽ ഫോൺ നൽകുമ്പോൾ അതിനുള്ള സൗകര്യങ്ങൾ മാത്രമുള്ള ഫോണുകളേ നൽകാവൂ. 

വിവരങ്ങൾക്കു കടപ്പാട്: എം.കെ.ഹരിപ്രസാദ്

(സൈബർ വിദഗ്ധനും കെഎപി കോഴിക്കോട് ആറാം ബറ്റാലിയൻ ഇൻസ്പെക്ടറും. സൈബറിടത്തിലെ വഴിപിഴച്ചുള്ള യാത്രയിൽ നിന്ന് 268 കുട്ടികളെ തിരികെ ജീവിതത്തിലേക്കു കൈപിടിച്ചു നയിച്ചു)

hariprasad
എം.കെ. ഹരിപ്രസാദ്

പറയാം,  ഇന്നു വിളിക്കൂ...

അപകടകരമായ ഒാൺലൈൻ ഗെയിമുകളിൽനിന്നു കുട്ടികളെ എങ്ങനെ പിന്തിരിപ്പിക്കാം. ഒാൺലൈൻ പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?  ‍ഡിജിറ്റൽ ഉപകരണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? ഇത്തരം സംശയങ്ങൾക്ക് 4 മാനസികാരോഗ്യ വിദഗ്ധർ ഇന്നു മറുപടി നൽകുന്നു. മാതാപിതാക്കൾക്കും കുട്ടികൾക്കും ഫോണിൽ വിളിക്കാം. വിളിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ല. 

കോഴിക്കോട്: 0495  2367522

ഇന്ന് ഉച്ചയ്ക്ക് 3 മുതൽ 4 വരെ  ഡോ.കെ.എൻ.റോഷൻ ബിജ്‌ലി (ഡയറക്ടർ, കോംപസൈറ്റ് റീജനൽ സെന്റർ ഫോർ പേഴ്സൻസ് വിത്ത് 

ഡിസെബിലിറ്റീസ്, കോഴിക്കോട്) ഡോ.സി.എ.സ്മിത (അസി. പ്രഫസർ, സൈക്യാട്രി & ചൈൽഡ് സൈക്യാട്രി ഇൻ ചാർജ്, മെഡിക്കൽ കോളജ്, കോഴിക്കോട്.) 

കൊച്ചി: 0484  4447555

ഇന്ന് ഉച്ചയ്ക്കു 2 മുതൽ 4 വരെ ഡോ.സി.ജെ.ജോൺ (സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി)

തിരുവനന്തപുരം: 0471 2334710

ഇന്നു വൈകിട്ട് 5 മുതൽ 6 വരെ ഡോ.അരുൺ ബി.നായർ (സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളജ്)

ഇൻപുട്സ്: മനോരമ ലേഖകർ

സങ്കലനം:  വി.ആർ.പ്രതാപ്

(പരമ്പര അവസാനിച്ചു) 

English Summary: Mobile online game addiction of students

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA