അതിരുകളില്ലാത്ത മനുഷ്യദുരിതങ്ങൾ പകർത്തിയ ഡാനിഷ് സിദ്ദീഖി

danish
ഡാനിഷ് സിദ്ദീഖി. കഴിഞ്ഞവർഷം ദേശീയ ലോക്‌ഡൗണിനെത്തുടർന്ന് ഡൽഹിയിൽനിന്നു കാൽനടയായി നാടുകളിലേക്കു പോകുന്ന അതിഥിത്തൊഴിലാളികൾ. ഡാനിഷ് പകർത്തിയ ചിത്രം.
SHARE

പത്രപ്രവർത്തനത്തിനുള്ള അമേരിക്കയിലെ ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്സർ സമ്മാനം ആദ്യമായി ഇന്ത്യയിലേക്ക് എത്തിയത് രണ്ടു മാധ്യമപ്രവർത്തകരിലൂടെയാണ്–രോഹിൻഗ്യ അഭയാർഥികളുടെ ദുരിതജീവിതം പകർത്തിയ റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ ഡാനിഷ് സിദ്ദീഖി, അദ്നാൻ അബിദി എന്നിവർക്കായിരുന്നു 2018ലെ പുരസ്കാരം ലഭിച്ചത്. ‘തളർച്ച ബാധിച്ച ഒരു സ്ത്രീയുടെ നിസ്സഹായത ഈ ചിത്രത്തിലൂടെ നിങ്ങൾക്കു കാണാം. പിന്നിൽ എന്താണു സംഭവിക്കുന്നതെന്നറിയാതെ. ഇതാണു ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിച്ച ഫ്രെയിം’ പുലിറ്റ്സർ പുരസ്കാരം നേടിയ ചിത്രത്തെക്കുറിച്ചു ഡാനിഷ് സിദ്ദീഖി പറഞ്ഞു.

വാർത്തയിൽ മനുഷ്യമുഖം കൊണ്ടുവരാനുള്ള വ്യഗ്രതയോടെ അഫ്ഗാനിലെ സംഘർഷഭൂമിയിലേക്കു പോയ സിദ്ദീഖി നിത്യതയിലേക്കു വിടപറഞ്ഞു പോയിരിക്കുന്നു. പുലിറ്റ്സർ സമ്മാനം നേടിയ ചിത്രങ്ങളിൽ അടക്കം ഡാനിഷ് ഊന്നൽകൊടുത്തതു മാനുഷികതയ്ക്കായിരുന്നു. ഡൽഹി കലാപത്തിന്റെയും രണ്ടാം കോവിഡ് വ്യാപനത്തിന്റെയും യാഥാർഥ്യം ലോകം അറിഞ്ഞതു ഡാനിഷിന്റെ ചിത്രങ്ങളിലൂടെയാണ്.

ഈ രണ്ടു സംഭവങ്ങളിലും ഡാനിഷ് ലെൻസിലൂടെ കണ്ടതു സാധാരണ മനുഷ്യരുടെ ദുരിതങ്ങളാണ്. ഡൽഹി കലാപത്തിൽ നിസ്സഹായനായ യുവാവിനെ സായുധരായ സംഘം മർദിക്കുന്നതിന്റെ നടുക്കുന്ന ദൃശ്യം രാജ്യത്തിനകത്തും പുറത്തും മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പൗരത്വ നിയമവിരുദ്ധസമരം ചെയ്യുന്ന ജാമിയ മിലിയ വിദ്യാർഥികൾക്കുനേരെ അക്രമി തോക്കുചൂണ്ടുന്ന ദൃശ്യവും കോവിഡ് ബാധിതരെ കൂട്ടത്തോടെ ദഹിപ്പിക്കുന്നതിന്റെ ദാരുണകാഴ്ചയും ഡാനിഷ് പകർത്തിയതു രാജ്യാന്തര ശ്രദ്ധ നേടി. ദ്വാരം ഖുഷ്വാ എന്ന തൊഴിലാളി, ശിവ എന്ന തന്റെ അഞ്ചുവയസ്സുകാരൻ മകനെ ചുമലിലേറ്റി ഡൽഹിയിൽനിന്നു സ്വദേശത്തേക്കു പലായനം ചെയ്യുന്ന ദൃശ്യം കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തു മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.

തങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഒരു സ്ഥലത്തെ വാർത്ത കാണാനും അറിയാനും ആഗ്രഹിക്കുന്ന സാധാരണ മനുഷ്യർക്കു വേണ്ടിയാണു താൻ ചിത്രമെടുക്കുന്നതെന്നായിരുന്നു ഡാനിഷ് പറഞ്ഞിരുന്നത്. അഫ്ഗാനിലെ അപകടകരമായ മേഖലയിലേക്കു സൈനികർക്കൊപ്പം ക്യാമറയുമായി പോകാൻ അദ്ദേഹത്തിനു ധൈര്യം നൽകിയത് ആ സ്ഥലങ്ങളിലെ സാധാരണ മനുഷ്യരുടെ യാതനകൾ പുറംലോകത്തെ അറിയിക്കാനുള്ള ആവേശമാണ്.

1983 മേയ് 11ന് ആണ് അഹമ്മദ് ഡാനിഷ് സിദ്ധീഖി ജനിച്ചത്. ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽനിന്നു മാസ് കമ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദം നേടിയശേഷം ഹിന്ദുസ്ഥാൻ ടൈംസ്, ടിവി ടുഡേ ചാനൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. പിന്നീടാണു റോയിട്ടേഴ്സിൽ ചേർന്നത്. ഫോട്ടോകൾക്കും വിഡിയോകൾക്കും ഒപ്പം വാർത്തകൂടി എഴുതി നൽകുന്ന രീതിയായിരുന്നു സിദ്ദീഖിയുടേത്.

കാബൂളിലേക്കു പോകുന്നതിനു 2 ആഴ്ച മുൻപ്,തന്നെ കാണാനെത്തിയ ഡാനിഷിന്റെ ഓ‍ർമയാണ് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ ഫാരിദ് മമുദ്‍സെ പങ്കുവച്ചത്. സുഹൃത്തിന്റെ വിയോഗം ഞെട്ടിക്കുന്നുവെന്നാണ് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി ട്വീറ്റ് ചെയ്തത്.

അഫ്ഗാനിസ്ഥാനിൽ സിദ്ദീഖി കണ്ടത്

ഈ മാസം 13നു റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഡാനിഷ് സിദ്ദീഖിയുടെ റിപ്പോർട്ടിൽ അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതി വിശദമായി വിവരിക്കുന്നുണ്ട്. കാണ്ടഹാറിനു സമീപം നടന്ന രൂക്ഷമായ ഏറ്റുമുട്ടലിന്റെ റിപ്പോർട്ടും വിഡിയോ ദൃശ്യങ്ങളുമാണ് ഇതിലുള്ളത്. 

   കാണ്ടഹാറിനു സമീപത്തെ ചെക്പോസ്റ്റിൽ 14 അഫ്ഗാൻ സൈനികരും താലിബാനു കീഴടങ്ങിയപ്പോൾ അഹമ്മദ് ഷാ എന്ന പൊലീസ് ഉദ്യോഗസ്ഥൻ മാത്രം ചെറുത്തുനിന്നു. 18 മണിക്കൂറോളം ചെക്പോസ്റ്റിൽ കുടുങ്ങിപ്പോയ അഹമ്മദ് ഷായെ മോചിപ്പിക്കാനാണു നാൽപതോളം വരുന്ന അഫ്ഗാൻ പ്രത്യേക സേനാസംഘം കാണ്ടഹാറിൽനിന്നു പുറപ്പെട്ടത്. സേനയുടെ എട്ടു കവചിത വാഹനങ്ങളിലൊന്നിൽ സിദ്ദീഖിയും.

അഹമ്മദ് ഷാ മറഞ്ഞിരിക്കുന്ന സ്ഥലത്തേക്ക് സൈന്യം നീങ്ങിയതോടെ താലിബാൻ റോക്കറ്റാക്രമണം തുടങ്ങി. കവചിത വാഹനങ്ങളിൽ മൂന്നെണ്ണത്തിനു റോക്കറ്റ് പതിച്ചു കാര്യമായ കേടുപാടുകൾ പറ്റി. ഒളിസ്ഥലത്തിരുന്നു വെടിയുതിർക്കുന്ന താലിബാൻ ഭീകരരെ കൃത്യമായി കണ്ടെത്തി പ്രത്യാക്രമണം നടത്താൻ കഴിയുന്നുണ്ടായിരുന്നില്ല. അതിനിടെ, സൈനിക വാഹനങ്ങൾക്കിടയിൽ റോഡിൽ കുടുങ്ങിപ്പോയ ഒരു അഫ്ഗാൻ ബാലന്റെ ഭീതിദമായ സ്ഥിതിയും ഡാനിഷ് അയച്ച വിഡിയോയിൽ കാണാം. ഇതിനിടെയാണു സിദ്ദീഖി സഞ്ചരിച്ച കവചിത വാഹനത്തിനുനേരെയും റോക്കറ്റ് ആക്രമണമുണ്ടായത്. ഈ രംഗം വിഡിയോയിലുണ്ട്. കഷ്ടിച്ചാണ് ആ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്.

കാലിനു മുറിവേറ്റ നിലയിൽ ചെക്പോസ്റ്റിൽ കുടുങ്ങിപ്പോയ സൈനികനെ വിജയകരമായി മോചിപ്പിക്കാൻ സേനയ്ക്കു കഴിഞ്ഞു.

പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന സ്പിൻ ബോൽദാക് പട്ടണം പാക്ക്–അഫ്ഗാൻ ചരക്കുനീക്കത്തിലെ പ്രധാന കേന്ദ്രമാണ്. തന്ത്രപ്രധാനമായ ഈ പട്ടണം താലിബാൻ ബുധനാഴ്ച പിടിച്ചെടുത്തു. ഇവിടത്തെ വ്യാപാരകേന്ദ്രങ്ങളടക്കം താലിബാനിൽനിന്നു തിരിച്ചുപിടിക്കാനാണ് അഫ്ഗാൻ സേന അവിടേക്കു നീങ്ങിയത്.

English Summary: Tribute to Danish Siddiqui

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA