ഫോൺ ചോർത്തൽ ഗുരുതര ആരോപണം

HIGHLIGHTS
  • സംശയത്തിന്റെ മു‌ന കേന്ദ്ര സർക്കാരിനു നേരെ
Pegasus-8
SHARE

ഇസ്രയേൽ ചാര സോഫ്റ്റ്‍വെയർ പെഗസസിന്റെ നിരീക്ഷണത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രമുഖ പ്രതിപക്ഷ നേതാക്കളും കേന്ദ്രമന്ത്രിമാരുംവരെയുണ്ടെന്ന റിപ്പോർട്ട് അതീവഗൗരവമുള്ളതും ആശങ്കാജനകവുമാണ്. കൂടുതൽ വ്യക്തികളുടെ പേരുകൾ പുറത്തുവരികയുമാണ്. ഇക്കൂട്ടത്തിൽ നാൽപതിലേറെ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്ന വിവരം മാധ്യമ സ്വാതന്ത്ര്യത്തെത്തന്നെ അപകടത്തിലാക്കുന്നു. 

പെഗസസ് എന്ന ‘സൈബർ ആയുധം’ അതിന്റെ നിർമാതാക്കൾ സർക്കാരുകൾക്കു മാത്രമാണു വിൽക്കുന്നതെന്നതിനാൽ, കേന്ദ്ര സർക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്നു കൈകഴുകാനാവുന്നതെങ്ങനെ? ഇപ്പോഴത്തെ വിവരം ഗുരുതര രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുമെന്നു തീർച്ച.  ഈ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെ പാർലമെന്റിൽ ശബ്ദമുയർത്തുകയുണ്ടായി. 

സമൂഹത്തിൽ നിർണായക സ്ഥാനങ്ങളിലുള്ളവരുടെ സ്വകാര്യതയിലേക്കു കടന്നുചെല്ലുന്നതും വിവരങ്ങൾ ചോർത്തുന്നതും കടുത്ത പൗരാവകാശലംഘനം തന്നെയാണ്. പെഗസസ് ഡേറ്റാബേസിൽ മുന്നൂറിലേറെ ഇന്ത്യക്കാരുടെ നമ്പരുകളുള്ളതായാണു വെളിപ്പെടുത്തൽ. ഇത് ഇവരുടെ ഫോൺ ചോർത്തിയെന്നതിനു സ്ഥിരീകരണമല്ലെന്നു വാദമുണ്ടെങ്കിലും ഇവരെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടിരുന്നു എന്നുതന്നെയല്ലേ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്? ഉപയോക്താവ് അറിയാതെ പെഗസസ് സോഫ്റ്റ്‌വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ പാസ്‍വേഡുകൾ, ഫോൺ നമ്പരുകൾ, എസ്എംഎസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം. പട്ടികയിലുള്ള ഇന്ത്യക്കാരിൽ 10 പേരുടെ ഫോണുകളിൽ നടത്തിയ ഫൊറൻസിക് പരിശോധനയിൽ പെഗസസ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തു. 

 ഇസ്രയേലിലെ സൈബർ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിൽനിന്നു ചാരവൃത്തിക്കായി സോഫ്റ്റ്‌വെയർ (സ്പൈവെയർ) വാങ്ങിയ സർക്കാരുകളിൽ ആരൊക്കെ ഇത് ഉപയോഗിക്കുന്നുണ്ടെന്ന വിവരം രഹസ്യമാണ്. ഇന്ത്യയിലെ കൂടുതൽ നിരീക്ഷണവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2018–19 കാലയളവിലായിരുന്നുവെന്നാണു സൂചന. പുറത്തുവന്ന പട്ടികയിൽ ഇന്ത്യയിലെ ഒട്ടേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടും  അവരിൽ മിക്കവരും കേന്ദ്ര സർക്കാരിന്റെ നോട്ടപ്പുള്ളികളായതുകൊണ്ടും സർക്കാരിനെതിരെ സംശയത്തിന്റെ മുന ഉയരുന്നു. ഫാ. സ്റ്റാൻ സ്വാമി പ്രതിയായിരുന്ന ഭീമ കൊറേഗാവ് കേസിലുൾപ്പെട്ട ചില മനുഷ്യാവകാശപ്രവർത്തകരുടെ കംപ്യൂട്ടറുകളിൽ പെഗസസ് പ്രയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ലക്ഷ്യം വ്യക്തമാണ്. 

കേന്ദ്ര സർക്കാരിനു താൽപര്യമില്ലാത്ത മാധ്യമപ്രവർത്തകരുടെ നമ്പരുകൾ പെഗസസ് ഡേറ്റാബേസിൽ കണ്ടെത്തിയത് ഇതിന്റെ ഗൂഢലക്ഷ്യങ്ങൾ കൂടുതൽ മറനീക്കി പുറത്തുകൊണ്ടുവരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായുടെ ബിസിനസ് വളർച്ചയെക്കുറിച്ചു വാർത്തയെഴുതിയ രോഹിണി സിങ് അടക്കം പലരും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ ഫോൺ ചോർത്തിയതു ശരിയാണെങ്കിൽ അതിലൂടെ കൈക്കലാക്കുന്നതു വാർത്തകളുടെ ഉറവിടങ്ങളടക്കം മാധ്യമവൃത്തിക്ക് അങ്ങേയറ്റം വിലപ്പെട്ടതും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുമായ വിവരങ്ങളായിരിക്കും. 

പെഗസസ് ഇടപെടൽ മുൻപും രാജ്യത്തു വിവാദക്കൊടുങ്കാറ്റ് ഉയർത്തിയതാണ്. 2019ൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ 1400 പേരുടെ ഫോൺ വിവരങ്ങൾ പെഗസസ് ഉപയോഗിച്ചു ചോർത്തിയെന്ന വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തപ്പെട്ടെന്നു കോൺഗ്രസ് അക്കാലത്ത് ആരോപണമുയർത്തുകയുണ്ടായി. പലവട്ടം ചർച്ച നടത്തിയിട്ടും പെഗസസ് ഉപയോഗിച്ചതിന്റെ വിവരം വാട്സാപ് അറിയിച്ചില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ, സംഭവത്തെക്കുറിച്ചു മാസങ്ങൾ മുൻപുതന്നെ കേന്ദ്രത്തെ 2 തവണ അറിയിച്ചെന്നു വാട്സാപ് തെളിവുസഹിതം വ്യക്തമാക്കിയതു സർക്കാരിനെ പ്രതിരോധത്തിലാക്കുകയുണ്ടായി.

അത്യധികം ഗൗരവമുള്ള ഇപ്പോഴത്തെ ആരോപണം അടിസ്ഥാനരഹിതമാണെങ്കിൽ നീതിയുക്തമായ അന്വേഷണത്തിലൂടെ ഇക്കാര്യം ജനങ്ങളെ എത്രയുംവേഗം ബോധ്യപ്പെടുത്തേണ്ട ചുമതല സർക്കാരിനുണ്ട്.

English Summary: Pegasus; Phone tapping allegations 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA