ADVERTISEMENT

പുതിയ കേന്ദ്രവിജ്ഞാപനമനുസരിച്ചു കേരളം തയാറാക്കുന്ന തീരമേഖലാ പരിപാലന (സിആർസെഡ്) പദ്ധതി ഇനിയും വൈകുമെന്നത് അതിലുള്ള മാനദണ്ഡങ്ങൾപ്രകാരം വീടുവയ്ക്കാൻ കാത്തിരിക്കുന്നവരടക്കം ഒട്ടേറെപ്പേരെ ആശങ്കയിലാക്കുന്നു. മാനദണ്ഡങ്ങളിലുണ്ടാവുന്ന പ്രധാനമാറ്റങ്ങൾക്കു സംസ്ഥാനത്തിന്റെ തീരദേശത്തെ സംബന്ധിച്ചിടത്തോളം നിർണായക പ്രാധാന്യമുണ്ടായിട്ടും ഈ പദ്ധതി വൈകുന്നതിനു ന്യായീകരണമില്ല. 

നടപടിക്രമങ്ങൾ നാലു മാസത്തിനകം പൂർത്തിയാക്കാനാണു തീരമേഖലാ പരിപാലന അതോറിറ്റി തീരുമാനിച്ചിരുന്നതെങ്കിലും അടുത്ത വർഷത്തേക്കു നീളുമെന്നാണ് ഇപ്പോഴത്തെ മെല്ലെപ്പോക്കു നൽകുന്ന സൂചന. അന്തിമ തീരപരിപാലന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന ദിവസം മുതലാണ് ഇതിലെ മാനദണ്ഡങ്ങൾ നടപ്പാകുക. അതുവരെ 2011ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകേണ്ടത്. 

സുപ്രീം കോടതിവിധിയെത്തുടർന്നാണ്, 2019ലെ ഭേദഗതിവിജ്ഞാപനത്തിന്റെ ഭാഗമായി കേരളം പദ്ധതി രൂപരേഖ തയാറാക്കുന്നത്. അന്തിമാനുമതി വൈകുന്തോറും, നിയമപരമായി നടപ്പാക്കാനാകുന്ന നിർമാണപ്രവർത്തനങ്ങളും മറ്റും അനിശ്ചിതത്വത്തിൽത്തന്നെ തുടരുമെന്നതാണു യാഥാർഥ്യം. പാവപ്പെട്ട കുടുംബങ്ങൾക്കു വീടുനിർമാണത്തിനുള്ള അനുമതി പോലും നൽകുന്നില്ലെന്ന പരാതികൾ വ്യാപകമാണ്. ലൈഫ് മിഷനിലെ വീടുനിർമാണത്തിനുള്ള അപേക്ഷകൾ വരെ നിരസിക്കപ്പെടുന്നു.

തീരപരിപാലന പദ്ധതി തയാറാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ പൊതു അദാലത്ത് (പബ്ലിക് ഹിയറിങ്) നടത്തുന്നതിലെ ആശയക്കുഴപ്പമാണ് ഇപ്പോഴത്തെ കാലതാമസത്തിനു കാരണം. കോവിഡ് വ്യാപനം മൂലം ജില്ലകളിൽ ആളെക്കൂട്ടി എങ്ങനെ അദാലത്ത് നടത്തുമെന്ന ആശങ്കയാണ് അതോറിറ്റിക്കുള്ളത്. ഓൺലൈൻ വഴി അദാലത്ത് നടത്തിയാൽ കേന്ദ്ര നിർദേശത്തിനു വിരുദ്ധമായേക്കും. ഇതു ഭാവിയിൽ കോടതി വ്യവഹാരങ്ങൾക്ക് കാരണമാകാനും ഇടയുണ്ട്. 

കേരളം ഇതിനകംതന്നെ തീരദേശ പരിപാലന പ്ലാനുമായി ബന്ധപ്പെട്ട വൈകിയോട്ടത്തിന്റെ പല അധ്യായങ്ങളും കണ്ടുകഴിഞ്ഞു. തീരപരിപാലന വിജ്ഞാപനത്തിന്റെ (2011) അടിസ്ഥാനത്തിൽ മുൻപു തീരപരിപാലന പ്ലാൻ തയാറാക്കാൻ കേരളം 6 വർഷമാണെടുത്തത്. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം (എൻസെസ്) 2017 നവംബറിലാണ് ആ പ്ലാനിന്റെ കരടു സമർപ്പിച്ചത്. ഇതിന് അന്തിമ അംഗീകാരം ലഭിച്ചതാകട്ടെ 2019 ഫെബ്രുവരിയിലും. 2019ലെ വിജ്ഞാപനമനുസരിച്ചുള്ള പദ്ധതി 2020ൽ തയാറാകേണ്ടതായിരുന്നെങ്കിലും കോവിഡ് മൂലം മാപ്പിങ് ഉൾപ്പെടെയുള്ള നടപടികൾ വൈകുകയായിരുന്നു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും പഞ്ചായത്തുകൾക്കും അഭിപ്രായം സമർപ്പിക്കാനുള്ള സമയം നീട്ടിക്കൊടുക്കേണ്ടിവന്നു. മേയ് 31ന് ഈ സമയം അവസാനിച്ചിട്ടും എല്ലാ പഞ്ചായത്തുകളും അഭിപ്രായം അറിയിച്ചിട്ടില്ല. ഇവർക്ക് ഇനി പൊതു അദാലത്തിലാവും അവസരം നൽകുക. 

തീരപരിപാലന പദ്ധതി പ്രാബല്യത്തിലാകാൻ കാത്തിരിക്കുന്നവരുടെ  മനസ്സിലെ ആധി അധികൃതർ തിരിച്ചറിയണം. കേരളത്തിലെ 10 ജില്ലകളിൽ തീരദേശമേഖലാചട്ടം ലംഘിച്ചുള്ള നിർമാണത്തിന്റെ പേരിൽ 27,735 കേസുകളാണു കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതികൾ റിപ്പോർട്ട് ചെയ്തത്. 2011ലെ പ്ലാനിന്റെ അടിസ്ഥാനത്തിലാണു ചട്ടലംഘന നിർമിതികൾ കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനപ്രകാരം നിർമാണങ്ങൾക്കു തീരത്തുനിന്നുള്ള ദൂരപരിധി കുറച്ചതിനാൽ പകുതിയിലേറെ കെട്ടിടങ്ങളെയെങ്കിലും ഈ പട്ടികയിൽനിന്ന് ഒഴിവാക്കാനാകും. പക്ഷേ, അതിനു പദ്ധതി യാഥാർഥ്യമാകേണ്ടതുണ്ട്. 

തീരദേശ മേഖലയിൽ താമസിക്കുന്നവരെ ബാധിക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്നും പ്ലാൻ തയാറാക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിയമസഭയിൽ വ്യക്തമാക്കിയത് ഓർമിക്കാം. തീരദേശജനതയ്ക്കു സിആർസെഡ് പ്ലാനുമായി ബന്ധപ്പെട്ട പ്രയോജനങ്ങൾ ലഭിക്കുന്ന കാര്യത്തിൽ ഇനിയും കടമ്പകൾ ഉയർന്നുകൂടാ. പദ്ധതിയുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാൻ മുഖ്യമന്ത്രിതന്നെ ഇടപെടേണ്ടതുണ്ട്.

English Summary: CRZ protection Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com