ADVERTISEMENT

താലിബാനുമായുള്ള കരാർപ്രകാരം അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് സേന പിന്മാറിക്കഴിഞ്ഞു. ഇതോടെ രാജ്യം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് താലിബാൻ. വിവിധ പ്രദേശങ്ങൾ പിടിച്ചെടുത്തു മുന്നേറുന്ന താലിബാനിൽനിന്ന് ഓടിയൊളിക്കേണ്ട സ്ഥിതിയിലാണ് അഫ്ഗാൻ സൈനികർ. പുലിറ്റ്സർ ജേതാവായ ഇന്ത്യൻ  മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ധീഖിക്കു ജീവൻ നഷ്ടമായതും സൈനികർക്കെതിരെ താലിബാൻ നടത്തിയ വെടിവയ്പിനിടെ 

യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടതിനു പിന്നാലെ വളരെവേഗത്തിൽ രാജ്യത്തു പിടിമുറുക്കുകയാണു താലിബാൻ. സെപ്റ്റംബർ 11നു മുൻപു മുഴുവൻ അമേരിക്കൻ സൈനികരെയും പിൻവലിക്കാമെന്നായിരുന്നു യുഎസ്– താലിബാൻ കരാർ. എന്നാൽ സെപ്റ്റംബർവരെ കാത്തുനിൽക്കാതെ യുഎസ് സേന സ്ഥലം വിട്ടു. യുഎസ് സഖ്യസേനയുടെ അഫ്ഗാൻ അധിനിവേശത്തിന്റെ പ്രതീകമായിരുന്ന ബാഗ്രാം വ്യോമത്താവളം അവർ ഒഴിഞ്ഞത് അഫ്ഗാൻ സൈനിക നേതൃത്വത്തെപ്പോലും അറിയിക്കാതെ.

2020 ഫെബ്രുവരി 29നു ദോഹയിൽ യുഎസ്– താലിബാൻ പ്രതിനിധികൾ ഒപ്പുവച്ച കരാറിൽ അഫ്ഗാനിൽനിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റത്തിനായിരുന്നു ഊന്നൽ. യുഎസ് സേനാ സാന്നിധ്യമില്ലാത്ത അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച് ഒരുവരി പരാമർശം മാത്രം– അഫ്ഗാൻ സർക്കാരും താലിബാനും തമ്മിൽ ചർച്ചനടത്തി തീരുമാനിക്കുക. പാക്കിസ്ഥാൻ സേനയുടെ പിന്തുണയുള്ള താലിബാൻ, യുഎസ് പിന്മാറ്റം പൂർത്തിയായതോടെ വെടിനിർത്തൽ പ്രഖ്യാപിക്കാതെ, പരമാവധി പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കമാണു ശക്തമാക്കിയത്. പിന്നീട് അഷ്റഫ് ഗനി സർക്കാരുമായുള്ള സമാധാനചർച്ചയിൽ വിലപേശലിനു വേണ്ടിയാണിത്.

താലിബാനു തണൽ പാക്കിസ്ഥാൻ

താലിബാനു പാക്ക് സൈന്യം ആളും ആയുധവും നൽകുന്നുണ്ട്. മധ്യേഷ്യൻ രാജ്യങ്ങളിലെ വിവിധ സായുധ സംഘടനകളിലെ അംഗങ്ങളെയും പോരാളികളായി ഉപയോഗിക്കുന്നു. ഈ പടയോടു പിടിച്ചുനിൽക്കാനാവാതെ അഫ്ഗാൻ സൈനികർ കീഴടങ്ങുകയോ തജിക്കിസ്ഥാനിലേക്കു പലായനം ചെയ്യുകയോ ആണെന്നു റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാനിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ കഴിഞ്ഞ വാരാന്ത്യത്തിലും ഖത്തറിൽ അഫ്ഗാൻ സർക്കാർ– താലിബാൻ പ്രതിനിധികൾ തമ്മിൽ സമാധാനചർച്ച നടന്നു.

താലിബാന്റെ തന്ത്രം വ്യക്തമാണ്; ഒരു വശത്തുകൂടി അവരുടെ പോരാളികൾ തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങൾ ഓരോന്നായി പിടിച്ചെടുത്തു മുന്നേറുന്നു. അതേസമയം,  ഇടവേളകളിൽ സമാധാനചർച്ചകളിൽ വിലപേശുകയും ചെയ്യുന്നു. വെടിനിർത്തൽ ഇടവേളകൾ തങ്ങളുടെ പോരാളികളെ ഒരുമിച്ചുകൂട്ടാനാണു താലിബാൻ ഉപയോഗിക്കുന്നത്. താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻഡസാദാ ആവർത്തിക്കുന്നതു സമാധാനപരമായ രാഷ്ട്രീയ തീർപ്പിനാണു താൻ ആഗ്രഹിക്കുന്നതെന്നാണ്. പക്ഷേ, വെടിനിർത്തലിന് അവ‍ർ സന്നദ്ധരല്ല.

afghan-war

ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു പ്രധാനസമ്മേളനങ്ങൾ മേഖലയിൽ നടന്നു. ആദ്യത്തേത് അഫ്ഗാൻ അയൽരാജ്യമായ തജിക്കിസ്ഥാനിലെ ദുഷാൻബെയിലായിരുന്നു. ഇന്ത്യ അടക്കം ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷനിലെ അംഗരാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ സമ്മേളനമായിരുന്നു അത്. രണ്ടാമത്തേതു താഷ്കന്റിൽ നടന്ന മേഖലാ സാമ്പത്തിക സഹകരണ   സമ്മേളനം. താലിബാനെ നിയന്ത്രിക്കാൻ പാക്കിസ്ഥാൻ ഒന്നും ചെയ്തില്ലെന്ന് ആ യോഗത്തിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി തുറന്നുപറഞ്ഞു.

ഇറാനും റഷ്യയും ഇന്ത്യയെ കൈവിടുന്നു

ഒരർഥത്തിൽ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ചരിത്രം ആവർത്തിക്കുന്നതാണു നാം കാണുന്നത്. 1996ൽ കാബൂൾ പിടിച്ചെടുത്തശേഷം താലിബാൻ നേടിയ മേധാവിത്വത്തിനു സമാനമാണ് യുഎസ് ഒഴിഞ്ഞ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ മുന്നേറ്റം.  അഫ്ഗാനിസ്ഥാനിലെ അടിസ്ഥാനസൗകര്യ വികസനത്തിലും നിർമാണമേഖലയിലും ഇന്ത്യയുടെ നിക്ഷേപം 200 കോടി ഡോളറാണ്. യുഎസ് പൊടുന്നനെ കളം വിട്ടതോടെ ഇന്ത്യ അഫ്ഗാനിൽ ഒറ്റപ്പെട്ട നിലയിലാണ്. അഫ്ഗാൻ നയത്തിൽ യുഎസ് എന്നും പാക്കിസ്ഥാനെയാണ് ആശ്രയിച്ചിട്ടുള്ളത്. 

അന്തിമമായി അഫ്ഗാനിൽ യുഎസ് പരാജയപ്പെടാനുള്ള പ്രധാന കാരണവും പാക്കിസ്ഥാന്റെ നിസ്സഹകരണമാണ്. യുഎസ് താൽപര്യങ്ങൾ പാടെ അവഗണിച്ചു പാക്ക് സൈന്യം എന്നും താലിബാനെ സംരക്ഷിക്കുകയും ആയുധങ്ങൾ കൊടുത്തു സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു.  മറ്റൊന്ന്, വൈകിയ നേരത്ത് റഷ്യയുടെയും ഇറാന്റെയും സഹായം ഇന്ത്യ തേടിയെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. കാരണം 1990കളിൽനിന്നു വ്യത്യസ്തമായി  മറ്റു പല മുൻഗണനകളുമാണു മേഖലാരാഷ്ട്രീയത്തിൽ റഷ്യയുടെയും ഇറാന്റെയും നയങ്ങൾ നിശ്ചയിക്കുന്നത്. അതിൽ ദൗർഭാഗ്യവശാൽ ഇന്ത്യ ഒരു കക്ഷിയല്ല.  

റഷ്യയുടെ കാര്യമെടുത്താൽ പടിഞ്ഞാറൻ അതിർത്തിയിൽ യുക്രെയ്ൻ വിഷയത്തിൽ നാറ്റോ സഖ്യത്തിനെതിരെ ബലാബലം നിൽക്കാനാണു റഷ്യ നോക്കുന്നത്. അഫ്ഗാനിലെ ഇന്ത്യയുടെ ആശങ്കകൾ അവർക്കു പ്രശ്നമല്ല. ഇറാനാകട്ടെ ആണവവിഷയത്തിൽ യുഎസുമായുള്ള സംഘർഷത്തിനു വേഗം തീർപ്പുണ്ടാക്കാനുള്ള തത്രപ്പാടിലും. സ്വാഭാവികമായും ഇന്ത്യയെക്കാൾ, ചൈനയുമായി നല്ല ബന്ധമുണ്ടാക്കാനാണ് ഇറാന്റെ ശ്രമം. കഴിഞ്ഞ രണ്ടു ദശകത്തിനിടെ ഇറാൻ ബന്ധത്തിൽ, ഇന്ത്യ കൂടുതലായും യുഎസ് താൽപര്യങ്ങൾ പിൻപറ്റുന്ന നിലപാടുകളാണു സ്വീകരിച്ചത്. അഫ്ഗാനിലെ ഷിയാ ന്യൂനപക്ഷങ്ങളെ താലിബാൻ ആക്രമിക്കുന്നതു തടയുക എന്ന താൽപര്യം മാത്രമേ ഇറാന് അഫ്ഗാനിസ്ഥാനിലുള്ളു. ഇറാന്റെ ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ പകരം വികസനപദ്ധതികളിലും വ്യാപാരത്തിലും ഇറാന്റെ സഹകരണം താലിബാനു ലഭിക്കും.  

അമേരിക്കയുടെ താൽപര്യങ്ങൾക്കു പിന്നാലെ സഞ്ചരിച്ചതാണു മേഖലയിൽ ഇന്ത്യയുടെ അവസരങ്ങൾ പരിമിതമാകാൻ കാരണം. അമേരിക്ക സ്ഥലം വിട്ടതോടെ അഫ്ഗാനിൽ ഇന്ത്യക്കു കരുത്തുള്ള പങ്കാളി നഷ്ടമായി.

AFGHANISTAN-CONFLICT-MILITIA

ചൈനയ്ക്കും ആശങ്ക

അഫ്ഗാനിൽ തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പാക്കിസ്ഥാനെ ഉപയോഗിച്ചുവരുന്ന ചൈന, യുഎസ് പിന്മാറ്റത്തിനുശേഷമുള്ള താലിബാന്റെ അപ്രതീക്ഷിത ഉയർച്ചയിൽ അസ്വസ്ഥരാണ്.  വിശേഷിച്ചും വടക്കൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ മുന്നേറ്റം. പാക്ക് പ്രവിശ്യയായ ഗിൽജിത് ബാൾട്ടിസ്ഥാനോടു ചേർന്ന ബദഖ്ഷാൻ പ്രവിശ്യ അവർ പിടിച്ചെടുത്തതു ചൈനയ്ക്ക് ആശങ്ക ഉയർത്തി. ബദഖ്ഷാനിലെ വഖാൻ ഇടനാഴി പാക്ക്–ചൈന മുഖ്യവ്യാപാര പാതയാണ്.

singh
കെ.സി. സിങ്

ചൈനയിലെ സംഘർഷപ്രദേശമായ ഷിൻചിയാങ്  ഈ മേഖലയിലാണ്. ചൈനാ ഭരണകൂടവുമായി സായുധകലാപം നടത്തുന്ന ഷിൻചിയാങ്ങിലെ ഉയ്ഗർ വംശജരുടെ ചില തീവ്രവാദ സംഘങ്ങൾ താലിബാനിൽ ചേർന്നിട്ടുണ്ടെന്നാണു വിവരം. 2001ൽ യുഎസ് അധിനിവേശത്തിന്റെ തുടക്കത്തിൽ 22 ഉയ്ഗർ വംശജരെ  ഗ്വാണ്ടനാമോയിൽ യുഎസ് തടവിലാക്കിയിരുന്നു. പാക്കിസ്ഥാനിൽ അടുത്തിടെ ബസിലുണ്ടായ സ്ഫോടനത്തിൽ 9 ചൈനീസ് പൗരന്മാരാണു കൊല്ലപ്പെട്ടത്. മേഖലയിലെ സംഘർഷം തങ്ങളുടെ ‘വൺ ബെൽറ്റ് വൺ റോഡ്’ രാജ്യാന്തര സാമ്പത്തിക പദ്ധതിയെ തടസ്സപ്പെടുത്തിയേക്കുമെന്നും ചൈന ഭയപ്പെടുന്നു.

താലിബാന്റെ നയതന്ത്രം

രണ്ടാം വരവിൽ താലിബാൻ കൂടുതൽ നയതന്ത്രപരമായ നീക്കങ്ങൾ നടത്തുമെന്നാണു സൂചനകൾ. എന്നാൽ സാമൂഹികവും മതപരവുമായ കാര്യങ്ങളിൽ സംഘടനയുടെ പഴയ തീവ്രനിലപാടുകളിൽ അയവു വരുത്തുകയുമില്ല. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചാൽ ഏറ്റവും വലിയ അസ്ഥിരത സംഭവിക്കുക ജമ്മു കശ്മീരിലായിരിക്കുമെന്നാണു നിരീക്ഷണം. കശ്മീരിലെ സ്ഥിതി വഷളാക്കാൻ താലിബാൻ ഭീകരർ ഇടപെട്ടേക്കാം. പാക്കിസ്ഥാനിലും താലിബാൻ മൂലം ആഭ്യന്തര പ്രശ്നങ്ങൾ ഉയരുമെങ്കിലും ഇന്ത്യയ്ക്കു തിരിച്ചടി കിട്ടുമെങ്കിൽ സ്വന്തം പ്രയാസങ്ങൾ അവർ അവഗണിച്ചേക്കും.

(ഇറാൻ, യുഎഇ എന്നിവിടങ്ങളിൽ  ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു  ലേഖകൻ)

English Summary: Taliban advances in Afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com