ADVERTISEMENT

തെറ്റു കണ്ടാൽ മൂടിവയ്ക്കുന്ന സംസ്കാരം സിപിഎമ്മിനില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കരുവന്നൂർ ബാങ്ക് തട്ടിപ്പിനു പിന്നിൽ നടന്നത് വെറും മൂടിവയ്ക്കലല്ല, കൊള്ളയ്ക്കു കൂട്ടുനിൽക്കലും പ്രതികളെ സംരക്ഷിക്കലുമാണ്. 

2021 ജൂൺ 30 എന്ന തീയതിക്കു കരുവന്നൂർ സഹകരണ ബാങ്കിന്റെ ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. ബാങ്കിന്റെ മൂലക്കല്ലിളക്കിയ 300 കോടിയുടെ തട്ടിപ്പു നടന്ന കാലത്തെല്ലാം സെക്രട്ടറി സ്ഥാനം വഹിച്ചയാൾ ഔദ്യോഗിക സർവീസിൽനിന്നു വിരമിച്ചത് അന്നാണ്. ബാങ്കിൽ പാർട്ടിയുടെ ആൾരൂപമായിരുന്ന ഇദ്ദേഹം തട്ടിപ്പിനു കൂട്ടുനിന്നെന്നും ബെനാമി ഇടപാടുകളിലൂടെ കോടികൾ സ്വന്തമാക്കിയെന്നും കാട്ടി സഹകരണ വകുപ്പിന് ഒന്നിലേറെ പരാതികൾ ലഭിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ജനം ബാങ്കിനു മുന്നിൽ സമരങ്ങൾ ആരംഭിച്ചപ്പോൾ ചുമതലകളിൽനിന്ന് അൽപം പിൻവലിഞ്ഞു നിന്നെന്നു മാത്രം. അപ്പോഴും ബാങ്ക് രേഖകളിൽ സെക്രട്ടറി സ്ഥാനത്ത് ഒപ്പുവച്ചുകൊണ്ടിരുന്നത് ഇദ്ദേഹം തന്നെ. ജൂൺ 30ന് വിരമിച്ച ദിവസം സഹപ്രവർത്തകരും പാർട്ടി ഭാരവാഹികളും ചേർന്ന് ചായസൽക്കാരം നൽകി ‘ആദരിച്ചാണ്’ ഇദ്ദേഹത്തെ യാത്രയാക്കിയത്. എല്ലാ ആനുകൂല്യങ്ങളും നേടി വിരമിച്ചു എന്നുറപ്പായ ശേഷം പൊലീസ് കേസെടുത്തപ്പോൾ ഇദ്ദേഹമായിരുന്നു ഒന്നാം പ്രതി! ഇനിയുമുണ്ട്, മൂടിവയ്ക്കൽ കഥകൾ യഥേഷ്ടം. 

അദ്ദേഹം തന്നെ ഇദ്ദേഹം 

കരുവന്നൂർ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട ശേഷം സഹകരണ വകുപ്പു പുറത്തിറക്കിയ ഉത്തരവു കണ്ടപ്പോൾ ഇരിങ്ങാലക്കുടക്കാർ മൂക്കത്തു വിരൽവച്ചു. തട്ടിപ്പിനു കുടപിടിച്ച ഭരണസമിതിക്കു പകരം ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കപ്പെട്ടയാൾ കഴിഞ്ഞ 4 കൊല്ലമായി മുകുന്ദപുരം താലൂക്ക് അസി. റജിസ്ട്രാർ ആണ്. അതായത്, ഈ 4 കൊല്ലവും കരുവന്നൂർ ബാങ്കിന്റെ ഓഡിറ്റ് നടപടികൾക്കു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥൻ! ഓരോ ഓഡിറ്റിലും തട്ടിപ്പുകൾ മലവെള്ളം പോലെ ഉയർന്നുവന്നെങ്കിലും ഉദ്യോഗസ്ഥൻ അനങ്ങിയില്ല. 2 വർഷം മുൻപു വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് സഹിതം ബിജെപി പ്രവർത്തകൻ കെ. സുരേഷ്, അസി. റജിസ്ട്രാർക്ക് ഔദ്യോഗികമായി പരാതി നൽകിയപ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രമക്കേടുകൾ പ്രതിപാദിക്കുന്ന 30 പേജുള്ള അന്വേഷണ റിപ്പോർട്ട് സഹകരണ ഇൻസ്പെക്ടർ അസി. റജിസ്ട്രാർക്കു സമർപ്പിച്ചത് 2019 ജൂലൈയിൽ. പക്ഷേ, റിപ്പോർട്ട് ‘മൂടിപ്പോയി’. കഴിഞ്ഞ വർഷം ജൂണിൽ 3 ഇൻസ്പെക്ടർമാർ ചേർന്നു തയാറാക്കിയ 85 പേജ് സമഗ്ര റിപ്പോർട്ട് ലഭിച്ചതും ഇതേ റജിസ്ട്രാർക്കു തന്നെ. അപ്പോഴും ‘മൂടിവയ്ക്കൽ’ തുടർന്നു. കുറ്റവാളികളെ പിടികൂടാനോ ബാങ്കിനെ രക്ഷിക്കാനോ നടപടിയുണ്ടായില്ല. നിവൃത്തികെട്ട് കഴിഞ്ഞ ദിവസം ഭരണസമിതി പിരിച്ചുവിട്ടപ്പോൾ അഡ്മിനിസ്ട്രേറ്റർ ആയി എത്തിയതും ഇതേ ആൾ തന്നെ. 

16 കൊല്ലം ഒരേ മാനേജർ 

കേസിലെ രണ്ടാം പ്രതിയും സിപിഎം പൊറത്തിശേരി ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹിയുമായ എം.കെ. ബിജു കരുവന്നൂർ ബാങ്കിൽ ഒരേ തസ്തികയിൽ ജോലിചെയ്തത് 16 കൊല്ലം. 2003 മുതൽ 2019 വരെ ഇദ്ദേഹമായിരുന്നു മാനേജർ. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബിജു വ്യാജപേരുകൾ ചമച്ച് വായ്പ തട്ടിയെടുത്തത് 26 കോടി രൂപയാണ്. പാർട്ടിയുടെ ഇഷ്ടക്കാർക്കും മറ്റുമായി 379 വായ്പകൾ മാനദണ്ഡങ്ങൾ പാലിക്കാതെ അനുവദിച്ചു. എല്ലാ തട്ടിപ്പിലും ഇദ്ദേഹത്തിന്റെ പങ്കു വ്യക്തമായിട്ടും ഒരുതവണ പോലും ബിജുവിന്റെ കസേരയ്ക്ക് ഇളക്കമുണ്ടായില്ല. ഒടുവിൽ 2019ൽ ആണ് ബിജുവിനെ സസ്പെൻഡ് ചെയ്തത്. 

പാർട്ടി മുക്കിയ റിപ്പോർട്ടുകൾ 

കരുവന്നൂർ ബാങ്ക് ക്രമക്കേട‍ിനെക്കുറിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് പാർട്ടിതന്നെ മുക്കി. അഴിമതിക്കാരുടെ സ്വാധീനശക്തി പ്രകടമായിത്തുടങ്ങുന്നത് അവിടെയാണ്. ഏതാനും വർഷം മുൻപു 3 കോടിയോളം രൂപയുടെ ക്രമക്കേടു നടന്നുവെന്നു സം‌ശയിക്കാവുന്ന സമയത്തു കിട്ടിയ പരാതിയിലെ കള്ളന്മാരെ പിടിച്ചിരുന്നുവെങ്കിൽ 300 കോടിയുടെ കൊള്ളക്കാർ ഉണ്ടാകുമായിരുന്നില്ല. അന്നത്തെ 3 കോടിക്കാരന്റെ നേതൃത്വത്തിലാണു 300 കോടിയിലേക്കു തട്ടിപ്പു വളർന്നത്. 

കരുവന്നൂർ ബാങ്കിൽ വൻ അഴിമതി നടക്കുന്നുവെന്ന സൂചന ആദ്യ പുറത്തുവരുന്നത് എ.സി.മൊയ്തീൻ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുന്ന കാലത്താണ്. ലോക്കൽ കമ്മിറ്റി അംഗവും ബാങ്കിലെ ജീവനക്കാരനുമായ സുരേഷ് ഇതെക്കുറിച്ച് ജില്ലാ സെക്രട്ടറിക്കു കത്തു നൽകി. 2 സെക്രട്ടേറിയറ്റ് അംഗങ്ങളെ കമ്മിഷനായി വച്ചു. പക്ഷേ, ആ റിപ്പോർട്ട് വെളിച്ചം കണ്ടില്ല. 

മൊയ്തീൻ സഹകരണ വകുപ്പു മന്ത്രിയായതോടെ വീണ്ടും ജില്ലാ നേതൃത്വത്തിനു പരാതി കിട്ടി. പക്ഷേ, അന്വേഷണമോ തിരുത്തലുകളോ പഴയ റിപ്പോർട്ട് പരിശോധിക്കലോ ഉണ്ടായില്ല. പരാതി നൽകിയയാളെ ബാങ്കിൽ നിന്നു സസ്പെൻഡ് ചെയ്യുകയും ചെയ്തു. പാർട്ടി അംഗത്വം പുതുക്കി നൽകിയതുമില്ല. അന്നത്തെ പരാതിയിൽ ചൂണ്ടിക്കാട്ടിയ എം.കെ. ബിജുവാണ് ഇപ്പോൾ 300 കോടി കൊള്ളയിലെ പ്രധാന പ്രതി. പരാതികൾ രൂക്ഷമായതോടെയാണു 2019ൽ സിപിഎം വീണ്ടും അന്വേഷണ കമ്മിഷനെ വച്ചത്. ആദ്യ റിപ്പോർട്ടിനെക്കു‌റിച്ചോ പരാതിയെക്കു‌റിച്ചോ രണ്ടാം കമ്മിഷൻ ഒന്നും പറയുന്നില്ല. 

തെറ്റു കണ്ടപ്പോഴെല്ലാം നടപടിയെടുത്തു വിശ്വാസ്യത ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നാണു മുഖ്യമന്ത്രി പിണ‌റായി വിജയൻ പറഞ്ഞത്. തെറ്റ് അദ്ദേഹം കണ്ടില്ലെന്നതു ശരിയാകാം. എന്നാൽ, പാർട്ടി കണ്ടില്ല എന്നു പറയാനാകില്ല. കാരണം, 2003ൽ ആണു ബാങ്കിലെ അഴിമതിയെക്കു‌റിച്ച് ആദ്യ പരാതി പാർട്ടിക്കു കിട്ടുന്നത്. 2010ൽ വീണ്ടും കൂട‌ുതൽ തെളിവുമായി പരാതി കിട്ടി. അന്നൊന്നും നടപടിയുണ്ടായിട്ടില്ല. 

karuvannur-office
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികൾ ബെനാമികളെ ഉപയോഗിച്ചു നടത്തിയിരുന്ന കമ്പനികളുടെ ഓഫിസ് പ്രവർത്തിച്ച ഇരിങ്ങാലക്കുടയിലെ കെട്ടിടം.

പ്രതികളുടെ ഭാര്യമാര്‍ക്ക് സൂപ്പർ മാർക്കറ്റ്; ഉദ്ഘാടനത്തിന് മുൻമന്ത്രി മൊയ്തീൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതികളായ എം.കെ. ബിജുവിന്റെയും സി.കെ. ജിൽസിന്റെയും ഭാര്യമാർ ചേർന്നാരംഭിച്ച സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തതു മുൻമന്ത്രി എ.സി. മൊയ്തീൻ. കഴിഞ്ഞ മന്ത്രിസഭയിൽ മൊയ്തീൻ അംഗമായിരിക്കെ ഒന്നര വർഷം മുൻപായിരുന്നു സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം. ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജുവും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 

ബിജുവിനെതിരായ തട്ടിപ്പ് ആരോപണങ്ങൾ ജനശ്രദ്ധ നേടിയതിനു ശേഷമായിരുന്നു ഉദ്ഘാടനം. ബിജുവിനെതിരെ പാർട്ടിക്കുള്ളിൽ വാക്കാൽ പരാതികൾ പറയുകയും അഴിമതിക്കെതിരെ പോരാടുകയും െചയ്തൊരു ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ഈ ഉദ്ഘാടനച്ചടങ്ങ് കാണാൻ പോയിരുന്നു. മന്ത്രി മടങ്ങിയതിനു ശേഷം ബ്രാഞ്ച് സെക്രട്ടറിയെ രഹസ്യമായി അടുത്തേക്കു വിളിച്ച‍ുവരുത്തിയ പ്രതി, വധഭീഷണി മുഴക്കിയെന്നു പരാതി ഉയർന്നിരുന്നു. പാർട്ടി ഇടപെട്ട് പരാതി ഒതുക്കി.

ബാങ്കിൽനിന്നു തട്ടിച്ച പണം പ്രതികൾ താഴെ പറയുന്ന കമ്പനികൾക്കു വിനിയോഗിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്:

തേക്കടി റിസോർട്സ് ലിമിറ്റഡ്: 10.49 കോടി രൂപ മുതൽമുടക്ക്. ബാങ്കിന്റെ മുൻ മാനേജർ എം.കെ. ബിജുവും കമ്മിഷൻ ഏജന്റ് ബിജോയിയും അടക്കം 8 പേർ ഡയറക്ടർമാർ. 2 വർഷം മുൻപ് റിസോർട്ട് നിർമാണം നിലച്ചു. 

മൂന്നാർ ലക്സ്‌വേ ഹോട്ടൽസ് ആൻഡ് റിസോർട്സ് ലിമിറ്റഡ്: 50 ലക്ഷം രൂപ മുതൽമുടക്ക്. ഡയറക്ടർമാർ ബിജുവും ബിജോയിയും ഇവരുടെ കുടുംബാംഗങ്ങളും. 

സിസിഎം ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്: 10 ലക്ഷം മൂലധനം. ബിജുവിന്റെ ഭാര്യയും അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യയും ഡയറക്ടർമാർ. 

പെസോ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്: 98 ലക്ഷം മുതൽമുടക്ക്. ബിജോയ്, ബിജു എന്നിവരടക്കം 4 ഡയറക്ടർമാർ. 

വായ്പയെടുത്തത് 25 ലക്ഷം; ജപ്തി നോട്ടിസിൽ 50 ലക്ഷം 

‘ദയവായി എന്റെ ഫോട്ടോയോ പേരുവിവരങ്ങളോ കൊടുക്കരുത്. എനിക്ക് ഇനിയും ഈ നാട്ടിൽ ജീവിക്കേണ്ടതാണ്...’– 75 ലക്ഷം രൂപയുടെ ബാധ്യത തലയിൽ വന്നു വീണതിന്റെ ഞെട്ടലിനെക്കാൾ ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി ഭയക്കുന്നത് പരാതി പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്താണ്. 

4 വർഷം മുൻപു വീടുനിർമാണത്തിനും മറ്റുമായി 25 ലക്ഷം രൂപ ഇദ്ദേഹം കരുവന്നൂർ സഹകരണ ബാങ്കിൽനിന്നു വായ്പയെടുത്തിരുന്നു. 2 വർഷം തിരിച്ചടവു മുടങ്ങിയില്ല. പക്ഷേ, പല ബാധ്യതകൾ മൂലം പിന്നീടു തിരിച്ചടവു തുടരാനായില്ല. വായ്പക്കുടിശിക തീർക്കണമെന്നു കാട്ടി ബാങ്കിൽനിന്നു നോട്ടിസുകൾ ലഭിച്ചിരുന്നു. പക്ഷേ, വായ്പ എത്രയ‍ാണെന്നോ കുടിശിക എത്രയാണെന്നോ നോട്ടിസിൽ രേഖപ്പെടുത്തിയിരുന്നില്ല എന്നതിനാൽ അപകടം മനസ്സിലായില്ല. 

2 ദിവസം മുൻപു ബാങ്കിൽ നിന്നു 2 പേർ വീട്ടിലെത്തി ജപ്തി മുന്നറിയിപ്പ് ‘വാക്കാൽ’ നൽകി. വായ്പയെടുത്ത 50 ലക്ഷം രൂപ പലിശ സഹിതം 75 ലക്ഷം രൂപയോളമായെന്നും 7 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കിൽ വീടു ജപ്തി ചെയ്യുമെന്നുമായിരുന്നു മുന്നറിയിപ്പ്. തന്റെ വായ്പ 25 ലക്ഷമാണെന്നും ബാങ്കിനു തെറ്റിയതാണെന്നും ഇദ്ദേഹം പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായ‍ില്ല.

എടുക്കാത്ത വായ്പയുടെ പേരിൽ ജപ്തി വരില്ല: റജിസ്ട്രാർ

കരുവന്നൂർ കേസിൽ എടുക്കാത്ത വായ്പയുടെ പേരിൽ ഒരാൾക്കും ജപ്തി നേരിടേണ്ടിവരില്ലെന്നു സംസ്ഥാന സഹകരണ സൊസൈറ്റി റജിസ്ട്രാർ പി.ബി. നൂഹ്. കുറ്റക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർ, വായ്പത്തട്ടിപ്പു നടത്തിയ മറ്റുള്ളവർ എന്നിവരിൽനിന്നായി തുക തിരികെ ഈടാക്കാൻ കർശന നടപടിയെടുക്കും. ക്രമക്കേടുകൾ അന്വേഷിക്കാൻ വ്യത്യസ്ത തലങ്ങളിലായി സംഘങ്ങളെ നിയോഗിച്ചു. 3 അസി. റജിസ്ട്രാർമാരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂർ ജോയിന്റ് റജിസ്ട്രാറുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും അന്വേഷണം നടക്കുന്നു. അന്വേഷണം ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കാനുമായി സംസ്ഥാന റജിസ്ട്രാറുടെ ഓഫിസ് കേന്ദ്രീകരിച്ച് അഡീഷനൽ റജിസ്ട്രാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപംനൽകിയെന്നും നൂഹ് അറിയിച്ചു. 

തൃശൂരിൽ ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിലെത്തിയ അദ്ദേഹം ജീവനക്കാരിൽനിന്നു നേരിട്ടു വിവരങ്ങൾ തേടി.

joyi
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപരേഖയുമായി ജോയി.

നിക്ഷേപിച്ച 10 ലക്ഷം എവിടെ?  നടന്ന് കാൽകുഴഞ്ഞ് ജോയി

ഏതാനും മാസങ്ങളായി തളിയക്കോണം പുത്തനങ്ങാടി ജോയിയുടെയും മകൻ നോയലിന്റെയും ജീവിതചര്യ നിശ്ചയിക്കുന്നത് കരുവന്നൂർ സഹകരണ ബാങ്ക് ആണ്. ഇവിടെ നിക്ഷേപിച്ച 10 ലക്ഷം രൂപ തിരികെ ലഭിക്കാൻ ഒന്നിടവിട്ട ദിവസങ്ങളിൽ ജോയിയും നോയലും മാറിമാറി ബാങ്കിലെത്തും. 

അക്കൗണ്ടിൽ എത്ര ലക്ഷം ബാലൻസ് ഉണ്ടെങ്കിലും ബാങ്കിൽനിന്ന് ഒരു ദിവസം 10,000 രൂപ മാത്രമേ ഒരാൾക്കു പിൻവലിക്കാൻ കഴിയൂ. അതും ബാങ്കിൽ ആദ്യമെത്തുന്ന 30 പേർക്കു മാത്രം. എട്ടരയ്ക്കു മുൻപേ ബാങ്കിലെത്തിയാൽ പോലും വരിയിൽ അൻപതോളം പേർ കാണും. ഉച്ചയ്ക്ക് ഒരു മണി വരെ കാത്തുനിന്നാൽ ഭാഗ്യം കടാക്ഷിക്കുന്ന ചില ദിവസങ്ങളിൽ 10,000 രൂപ പിൻവലിക്കാനാകും. ബാക്കി പണം എന്നെന്നേക്കുമായി നഷ്ടപ്പെട്ടാലോ എന്നുകരുതി ബാങ്കിൽ വരിനിൽക്കുന്ന പതിവ് മുടക്കാറേയില്ല. 

ac-moideen-new
എ.സി. മൊയ്തീൻ

ബിജു ബന്ധുവല്ലെന്ന് എ.സി. മൊയ്തീൻ 

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി മുൻ മന്ത്രി എ.സി. മൊയ്തീൻ. തട്ടിപ്പിന്റെ സൂത്രധാരന്മാരിൽ ഒരാളായ എം.കെ. ബിജു തന്റെ ബന്ധുവാണെന്ന ബിജെപി ആരോപണം ശരിയല്ലെന്നും മൊയ്തീൻ പറഞ്ഞു. ‘ബിജു കരീമിനെ അറിയില്ല. ഇനി ഏതെങ്കിലും ബന്ധുവിനു പങ്കുണ്ടെങ്കിൽ സർക്കാർ സ്വീകരിക്കുന്ന കടുത്ത ശിക്ഷാനടപടിയുണ്ടാകട്ടെ. ഇക്കാര്യത്തിൽ എന്റെ നിലപാടിന് ഒരു കാലത്തും മാറ്റമില്ല’ – മൊയ്തീൻ വ്യക്തമാക്കി. 

നാളെ: പേടിയാണ്, പരാതി പറയാനും പ്രതികരിക്കാനും 

തയാറാക്കിയത്:  ഉണ്ണി കെ.വാരിയർ, എസ്.പി.ശരത്

English Summary: Karuvannur bank scam: CPM protects accuses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com