ADVERTISEMENT

കർണാടക നിയമസഭയിലെ യെഡിയൂരപ്പയുടെ യാത്ര 1983ൽ ആരംഭിച്ചതു കണ്ണീരോടെയായിരുന്നു. ഇപ്പോൾ ആ യാത്രയുടെ പരിസമാപ്തിയും കണ്ണീരണിഞ്ഞുതന്നെ. 38 വർഷം മുൻപ് , കോൺഗ്രസിന്റെ പ്രബലനായ എംഎൽഎയെ തറപറ്റിച്ചാണു യെഡിയൂരപ്പയുടെ ആദ്യ തിരഞ്ഞെടുപ്പുവിജയം. 18 അംഗ ബിജെപി നിയമസഭാകക്ഷിയുടെ തലവനാകാൻ അദ്ദേഹം മോഹിച്ചു. എന്നാൽ പാർട്ടി ഹൈക്കമാൻഡ് തിരഞ്ഞെടുത്തതു യെഡിയൂരപ്പയെപ്പോലെതന്നെ നിയമസഭയിൽ പുതുമുഖമായ മുതിർന്ന ജനസംഘം നേതാവ് വി.എസ്.ആചാര്യയെയാണ്.

രണ്ടരവർഷം മുൻപു മാത്രം രൂപീകൃതമായ ബിജെപി അന്നു സഭയിൽ രാമകൃഷ്ണ ഹെഗ്ഡെയുടെ ന്യൂനപക്ഷ സർക്കാരിനെ പിന്തുണച്ചു. ഹൈക്കമാൻഡ് ആചാര്യയെ കക്ഷി നേതാവാക്കിയെന്ന വിവരം കണ്ണീരോടെയാണു യെഡിയൂരപ്പ കേട്ടത്. ഒരിക്കൽ താൻ ബിജെപിയുടെ നിയമസഭാകക്ഷി നേതാവിന്റെ കസേരയിൽ മാത്രമല്ല, മുഖ്യമന്ത്രിയുടെ കസേരയിലും ഇരിക്കുമെന്ന് അന്ന് അദ്ദേഹം അനുയായികളോടു പറഞ്ഞു. യെഡിയൂരപ്പയുടെ സ്വപ്നം സഫലമായത് 2007ൽ ആണ്– ഒരു വട്ടമല്ല, നാലുവട്ടം അദ്ദേഹം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നു. ഓരോ വട്ടവും കണ്ണീരോടെ കസേര വിട്ടു.

ബിജെപിയിലെ തലമുറമാറ്റത്തിന്റെ ഭാഗമായി യെഡിയൂരപ്പ വഴിമാറുമ്പോൾ, ഒരു കാര്യം പറയാതെ വയ്യ– കർണാടകയിൽ ബിജെപിയുടെ വളർച്ചയ്ക്കു നല്ലതെന്നോ ചീത്തയെന്നോ നോക്കാതെ എല്ലാ അടവുകളും അദ്ദേഹം പ്രയോഗിച്ചു. രാമകൃഷ്ണ ഹെഗ്ഡെയെ ആദ്യം ഉപയോഗിച്ചു; പിന്നീട് ഉപേക്ഷിച്ചു. ഹെഗ്ഡെയുടെ ബലമായിരുന്ന ലിംഗായത്തുകളുടെയും ഉത്തരകർണാടകയിലെ മറ്റു ജാതിസമുദായങ്ങളുടെയും ഇടയിൽ സ്വാധീനശക്തി നേടി. ആർഎസ്എസിന്റെയും ജനസംഘത്തിന്റെയും ഹിന്ദുത്വ അജൻഡയ്ക്കപ്പുറത്തേക്കു ജാതിസഖ്യങ്ങളെ പടുത്തുയർത്തി. തീരജില്ലകളിൽ ആ നീക്കം വിജയകരമായിരുന്നു.

1980കളിൽ കർണാടകയെ പിടിച്ചുകുലുക്കിയ കർഷക മുന്നേറ്റങ്ങളെ രാഷ്ട്രീയശക്തിയാക്കിയതിൽ യെഡിയൂരപ്പയോടു പൊരുതിനിന്നതു മുൻ മുഖ്യമന്ത്രി എച്ച്.ഡി.ദേവെഗൗഡയായിരുന്നു. ദേവെഗൗഡയുടെ ഉത്തരദേശ വിരുദ്ധത, ആ മേഖലയിൽ യെഡിയൂരപ്പയുടെ അടിത്തറ ഉറപ്പുള്ളതാക്കാനും സഹായിച്ചു. മറ്റു ബിജെപി നേതാക്കളോടു പോരടിച്ചുള്ള മുന്നേറ്റത്തിൽ യെഡിയൂരപ്പയ്ക്ക് ഒരു തിരിച്ചറിവുകൂടിയുണ്ടായി. രാഷ്ട്രീയത്തിൽ ബലം നിലനിർത്താൻ ജാതി മാത്രം പോരാ; പണശക്തികൂടി നിർണായകമാണ്. 2007ലും 2019ലും യെഡിയൂരപ്പ നടത്തിയ ‘ഓപ്പറേഷൻ താമര’ പണശക്തിയാൽ എതിർപക്ഷത്തെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കലായിരുന്നു. രണ്ടു ഘട്ടത്തിലും മന്ത്രിസ്ഥാനവും മറ്റു വാഗ്ദാനങ്ങളും വച്ചുനീട്ടി എംഎൽഎമാരെ വിലയ്ക്കു വാങ്ങി ബിജെപിക്കു ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുക്കാനായി. എന്നാൽ, യെഡിയൂരപ്പയുടെ സർക്കാരുകൾ കൃഷിക്കും ജലസേചനത്തിനും വലിയ ആനുകൂല്യങ്ങൾ നൽകാൻ എല്ലാ ബജറ്റിലും ശ്രദ്ധിച്ചു.

പാർട്ടിയിലെ യാഥാസ്ഥിതികവാദികളെ കാര്യമാക്കാതെ സാമൂഹികവിഷയങ്ങളിലും മദ്യനയത്തിലും ഉദാരമായ നിലപാടുകൾ സ്വീകരിച്ചു. കർണാടകയിലെ മറ്റു പല നേതാക്കളെയും പോലെ, യെഡിയൂരപ്പയും ഭരണനിർവഹണത്തിൽ ആശ്രയിച്ചതു കുടുംബാംഗങ്ങളെയും ഏറ്റവും വിശ്വസ്തരുടെ ഒരു ചെറിയവൃന്ദത്തെയും മാത്രമായിരുന്നു. മുൻപൊരിക്കൽ അദ്ദേഹത്തിന്റെ വിശ്വസ്തരിലൊരാൾ മുഖ്യമന്ത്രിയുടെ കള്ളയൊപ്പിട്ട സംഭവത്തിൽപ്പോലും അദ്ദേഹം ആരോപണം തമാശയാക്കി മാറ്റി. തന്റെ വലതുകൈ വയ്യാത്തതുകൊണ്ട് ഇടതുകൈകൊണ്ട് ഇട്ട ഒപ്പാണ് അതെന്ന് അദ്ദേഹം ന്യായീകരിച്ചു.

പാർട്ടിക്കുള്ളിൽ വിമതകലാപം എളുപ്പമല്ലാത്ത ഒരു കാലത്തിലേക്കു യെഡിയൂരപ്പ എത്തിയിരിക്കുന്നു. 2002ൽ, അന്നു കേന്ദ്രമന്ത്രിയായിരുന്ന അനന്ത്കുമാറിന്റെ മേധാവിത്വം സഹിക്കാനാവാതെ ബിജെപി വിടുമെന്നു യെഡിയൂരപ്പ ഭീഷണി മുഴക്കിയതാണ്. പിന്നീട് 2011ൽ മുഖ്യമന്ത്രിക്കസേരയിൽനിന്നു നീക്കിയപ്പോൾ സ്വന്തം കക്ഷിയുണ്ടാക്കി. 2013ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെ വലിയ തോതിൽ അട്ടിമറിക്കുകയും ചെയ്തു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷമാണു യെഡിയൂരപ്പയെ വീണ്ടും ബിജെപിയുടെ നേതൃത്വത്തിലേക്കു പുനരധിവസിപ്പിച്ചത്. അനന്ത്കുമാർ വിഭാഗത്തെ ഒറ്റപ്പെടുത്താൻ മോദി സഹായവും നൽകി. എന്നാൽ, രണ്ടു വർഷം മുൻപ് എംഎൽഎമാരുടെ കൂറുമാറ്റപദ്ധതി നടപ്പാക്കുമ്പോൾ, ആ രാഷ്ട്രീയക്കളിയുടെ നിയന്ത്രണം അമിത് ഷായ്ക്കായിരുന്നു. 18 വിമത എംഎൽഎമാരെ മുംബൈയിൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ തണലിലാണു പാർപ്പിച്ചത്.
അമിത് ഷായുടെ ഭേദിക്കാനാവാത്ത രാഷ്ട്രീയബുദ്ധിക്കു രണ്ട് അറകളാണുള്ളതെന്നു ഡൽഹിയിൽ രാഷ്ട്രീയ നിരീക്ഷകർ പറയാറുണ്ട്; ഒന്ന്– ഓരോ ബിജെപി നേതാവിനെയും പ്രവർത്തകനെയും നിരീക്ഷിക്കാനുള്ളത്. രണ്ട്– ചെറുതും വലുതുമായ ഓരോ പ്രതിപക്ഷ പാർട്ടിയെയും നിരീക്ഷിക്കാൻ. ഈ രണ്ട് അറകൾക്കൊപ്പം മൂന്നാമതൊന്നുകൂടി ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നു– 2014നുശേഷം വിവിധ സംസ്ഥാനങ്ങളിൽ മറ്റു കക്ഷികളിൽനിന്നു ബിജെപിയിലേക്കു കുടിയേറിയ നേതാക്കളുടെ വിപുലവും വിഭിന്നവുമായ കൂട്ടത്തെ (ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ടയും അടക്കം) കൈകാര്യം ചെയ്യാനാണിത്.

കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങി അധികം അറിയപ്പെടാത്ത എംഎൽഎ, എംപിമാരുടെ പേരുകൾവരെ കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു കേൾക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും മുൻപു ബിജെപി നേതൃത്വത്തിനു കർണാടകയിലെ സങ്കീർണമായ സാഹചര്യങ്ങളും സാധ്യതകളും വിലയിരുത്താതെ വയ്യ. ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി തീരഥ് സിങ് റാവത്തിനെപ്പോലെ ദുർബലനായ മുഖ്യമന്ത്രിയെ നിയമിച്ചു കൈപൊള്ളിയതിന്റെ ഓർമ ഹൈക്കമാൻഡിനുണ്ട്.

കർണാടകയിൽ കോൺഗ്രസ് കരുത്തുചോരാത്ത പ്രതിപക്ഷമാണ്. ഗ്രൂപ്പു വഴക്കും വിമതശല്യവും മൂലം ജനതാദൾ സെക്കുലർ ദുർബലമായിട്ടുണ്ടെങ്കിലും അവരുടെ വോട്ടുവിഹിതം രണ്ടു ദേശീയ പാർട്ടികളുടെയും ഭാവിയെ നിർണയിക്കും. വരുന്ന രണ്ടു വർഷവും യെഡിയൂരപ്പയുടെ മുഖത്തു പുഞ്ചിരി നിലനിർത്താൻ ശ്രദ്ധിക്കുക എന്നതാണു ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായകം. കാരണം അദ്ദേഹത്തിന്റെ കണ്ണീരും കോപവും ബിജെപിക്കു ക്ഷീണമായിത്തീരാം.

Content Highlights: BS Yediyurappa, Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com