ADVERTISEMENT

നീളുന്ന നിയന്ത്രണങ്ങൾ പൂട്ടിടുന്നതു നാടിനു മാത്രമല്ല, ജനത്തിന്റെ ജീവിതമാർഗത്തിന് കൂടിയാണ്. മാറിച്ചിന്തിക്കണമെന്ന കോവിഡ് വിദഗ്ധസമിതിയുടെ നിർദേശങ്ങൾ സർക്കാർ സ്വീകരിക്കുമോ എന്നാണ് കേരളത്തിന് അറിയേണ്ടത്

25 ലക്ഷം രൂപ മുതൽമുടക്കിയ സ്ഥാപനത്തിനു കിട്ടിയ ഒഴിപ്പിക്കൽ നോട്ടിസുമായി നടുങ്ങിനിൽക്കുകയാണു കെ.കെ.സാബിർ. കോഴിക്കോട് കുറ്റ്യാടിയിൽ 19 വർഷമായി കംപ്യൂട്ടർ പഠനകേന്ദ്രം നടത്തുന്ന സാബിർ ലക്ഷങ്ങൾ മുടക്കി സ്ഥാപനം നവീകരിച്ചപ്പോഴാണു കോവിഡ് എത്തിയത്. ഒന്നരവർഷത്തിനിടെ സ്ഥാപനം പ്രവർത്തിച്ചത് 3 മാസം മാത്രം. വരുമാനം നിലച്ചു വാടക കുടിശിക ആയതോടെ കെട്ടിടയുടമ കോടതിവഴി ഒഴിപ്പിക്കൽ നടപടി തുടങ്ങി. 

തുടർച്ചയായ അടച്ചിടൽ മൂലം തകരാറിലായ കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നന്നാക്കാൻ പോലും പണമില്ലാതെ ഇരിക്കുമ്പോഴാണ് ഇടിത്തീ പോലെ ഒഴിപ്പിക്കൽ നോട്ടിസ് ലഭിച്ചത്. മറ്റൊരു കെട്ടിടത്തിലേക്കു സ്ഥാപനം മാറ്റാനാണെങ്കിൽ വൻതുക മുടക്കണം. ഒന്നരവർഷമായി കടം വാങ്ങി മുന്നോട്ടുപോകുന്ന സാബിറിനെ സംബന്ധിച്ച് അതും അസാധ്യം. വരുമാനമില്ലെങ്കിലും കെട്ടിടവാടകയിലോ വൈദ്യുതി, ഇന്റർനെറ്റ് ചാർജിലോ ഇളവു ലഭിക്കുന്നുമില്ല. മുൻകൂറായി വിദ്യാർഥികളിൽനിന്നു വാങ്ങിയ ഫീസും തിരിച്ചുകൊടുക്കേണ്ട അവസ്ഥയാണ്. ഇതു സാബിറിന്റെ മാത്രം അനുഭവമല്ല. കേരളത്തിലാകെ ആയിരക്കണക്കിനു തൊഴിൽപരിശീലന കേന്ദ്രങ്ങളാണു പ്രതിസന്ധിയിലായത്. 

സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെപ്പേർ കച്ചവടം നിർത്തിയെന്നാണു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കണക്ക്. കൂലിപ്പണിക്കാർ മുതൽ കലാകാരന്മാർവരെ 10 ലക്ഷത്തിലേറെപ്പേർക്കു തൊഴിൽ നഷ്ടപ്പെട്ടതായാണ് അനുമാനം. നിലവിലെ രീതിയിൽ ലോക്ഡൗൺ തുടരുന്നതിനെതിരെ ചോദ്യങ്ങളുയരുന്നതും അതുകൊണ്ടുതന്നെ.

പതിവാക്കരുത് ലോക്ഡൗൺ

കോവിഡ് നിയന്ത്രണത്തിനു ലോക്ഡൗൺ ഏർപ്പെടുത്തുന്നത് അടിയന്തരഘട്ടത്തിൽ മാത്രമാകണമെന്ന വിലയിരുത്തലിലാണു സംസ്ഥാന സർക്കാരിന്റെതന്നെ വിദഗ്ധസമിതി. വൈറസ് ബാധ ആരോഗ്യരക്ഷാ സംവിധാനത്തെ തകിടം മറിക്കാനിടയുള്ള ഘട്ടത്തിൽ ഒരു പ്രദേശം തുടർച്ചയായി ഏറെനാൾ അടച്ചിടുമ്പോൾ മാത്രമേ ലോക്ഡൗൺ പ്രയോജനം ചെയ്യൂ. അശാസ്ത്രീയ ലോക്ഡൗൺ രോഗവ്യാപനം കുറയ്ക്കില്ലെന്നു മാത്രമല്ല സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

കേരളത്തിൽ കോവിഡ് വ്യാപനത്തിനു കാരണം മൂന്നാം തരംഗമല്ല; രണ്ടാം തരംഗത്തിനു കാരണമായ ഡെൽറ്റ വകഭേദമാണ്. ഇപ്പോഴത്തേതു രണ്ടാം തരംഗത്തിന്റെ തുടർച്ചയാണെന്നു സമിതി വിലയിരുത്തുന്നു. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) ശാസ്ത്രീയമായ പകർച്ചവ്യാധി സൂചകമല്ലെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സമ്മർദങ്ങളുടെ ഭാഗമായി കൂടുതൽ പരിശോധനകൾ നടത്തി കൃത്രിമമായി ടിപിആർ കുറയ്ക്കാൻ ശ്രമമുണ്ടെന്നും സമിതി വിലയിരുത്തി.

പൂട്ടാം, സൂക്ഷ്മതയോടെ

ജനജീവിതം ദുരിതത്തിലാക്കുന്ന ലോക്ഡൗൺ രീതി മാറ്റണമെന്നു സർക്കാരിനു ശുപാർശ ചെയ്തിരിക്കുകയാണു വിദഗ്ധസമിതി. അതിതീവ്രവ്യാപന മേഖലകളിൽ മൈക്രോ കണ്ടെയ്ൻമെന്റ് അടിസ്ഥാനത്തിൽ ലോക്ഡൗൺ തുടരാം. 

ആശുപത്രികളിലെത്തുന്ന കോവിഡ് ബാധിതരുടെ എണ്ണം, അവരുടെ ആരോഗ്യനില, രോഗതീവ്രത എന്നിവ വിലയിരുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളിൽ ജനസംഖ്യാനുപാതികമായി എത്രപേർക്കു രോഗമുണ്ടെന്നു വിലയിരുത്തി വാർഡുതല നിയന്ത്രണങ്ങളാകാം. വാക്സീൻ വിതരണം വേഗത്തിലാക്കാൻ മാർഗങ്ങൾ തേടണം. സ്വകാര്യ ആശുപത്രികളിലൂടെ വാക്സീൻ സൗജന്യമായി ലഭ്യമാക്കാൻ കമ്പനികളുടെ സാമൂഹികസേവന ഫണ്ടുകൾ പ്രയോജനപ്പെടുത്തണമെന്നും സമിതിയുടെ ശുപാർശയിലുണ്ട്.

സ്വകാര്യ ആശുപത്രികളോട് സർക്കാർ വാങ്ങിയത് 20 കോടി വാക്സീനുമില്ല, കാശുമില്ല

സ്വകാര്യ ആശുപത്രികൾക്കു വാക്സീൻ നൽകാൻ മാനേജ്മെന്റുകളിൽനിന്നു പിരിച്ച 20 കോടി രൂപ സംസ്ഥാന സർക്കാർ മടക്കിനൽകുന്നില്ല. ഈ ആശുപത്രികൾക്കുകൂടി വാക്സീൻ ലഭ്യമാക്കി കുത്തിവയ്പിന്റെ വേഗം കൂട്ടാനും ശ്രമമില്ല. കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങളിൽ 70% സ്വകാര്യ മേഖലയിലാണ്. വാക്സിനേഷനിൽ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കിയില്ലെങ്കിൽ തിരിച്ചടിയാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

ജൂൺ 29ന് അകം തുക അടച്ചാൽ ജൂലൈ 10ന് ആശുപത്രികളിൽ വാക്സീൻ എത്തിക്കുമെന്നാണു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ പണം വാങ്ങിയ ശേഷം ആരോഗ്യവകുപ്പു കാലുമാറി. കമ്പനിയിൽനിന്നു വാക്സീൻ നേരിട്ടു വാങ്ങാനായിരുന്നു നിർദേശം. അടച്ച 20 കോടി രൂപ തിരികെച്ചോദിച്ചപ്പോൾ പരിഗണിക്കാമെന്നു മാത്രമായിരുന്നു മറുപടി. കേന്ദ്ര സർക്കാർ 75% വാക്സീനാണു സൗജന്യമായി നൽകുന്നത്. ശേഷിക്കുന്ന 25% സ്വകാര്യ ആശുപത്രികൾ വഴിയാണു വിതരണം ചെയ്യുന്നത്. സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് വാക്സീൻ 6000 ഡോസും കോവാക്സിൻ 2880 ഡോസും വാങ്ങിയാൽ മാത്രമേ കമ്പനികൾ നേരിട്ടു വിതരണം ചെയ്യുകയുള്ളൂ. തുക മുൻകൂറായി നൽകുകയും വേണം. സംസ്ഥാനത്തെ 1300 സ്വകാര്യ ആശുപത്രികളിൽ 4% മാത്രമാണ് ഇത്തരത്തിൽ വാക്സീൻ വാങ്ങുന്നത്. കോവിഷീൽഡ് 6000 ഡോസിന് 36 ലക്ഷം രൂപ നൽകണം. ചെറുകിട ആശുപത്രികൾക്ക് ഇതു താങ്ങാനാകില്ല.

cheriyan
ഡോ. ചെറിയാൻ വർഗീസ്, ഡോ. പ്രവീൺ പ്രദീപ്, ഡോ. പി.ടി.സക്കറിയാസ്, ഡോ. അൽത്താഫ് അലി, ഡോ. മോഹൻ റോയ്.

പല സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികൾക്കു സബ്സിഡി നിരക്കിൽ വാക്സീൻ ലഭ്യമാക്കുമ്പോൾ കേരളം ഇനിയും നയം വ്യക്തമാക്കിയിട്ടില്ല. കേരളത്തിൽ കോവിഷീൽഡിന് നികുതിയും സർവീസ് ചാർജും ഉൾപ്പെടെ 780 രൂപയാണു സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. പല സംസ്ഥാനങ്ങളിലും സർവീസ് ചാർജ് മാത്രം വാക്സീനെടുക്കുന്നവർ നൽകിയാൽ മതി. വാക്സീന്റെ തുക ആശുപത്രികൾക്കു സർക്കാർ നൽകും. തമിഴ്നാട്ടിലാകട്ടെ സ്വകാര്യ ആശുപത്രികളിലൂടെ സൗജന്യ വാക്സീൻ വിതരണവും ആരംഭിച്ചു.

രക്ഷപ്പെടാൻ ഇതാണു മാർഗം

സംയുക്ത സൂചിക

40 വയസ്സിനു മുകളിലുള്ള പരമാവധിപ്പേർക്ക്  ഓണത്തിനു മുൻപു വാക്സീൻ ഉറപ്പാക്കണം. താലൂക്കുതലത്തിൽ ടിപിആർ, ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ ലഭ്യത എന്നിവയുടെ അടിസ്ഥാനത്തിൽ സംയുക്ത സൂചിക തയാറാക്കി പ്രതിരോധം ആസൂത്രണം ചെയ്യാം. ആരോഗ്യവകുപ്പിലെ ഒഴിവുകൾ ഉടൻ നികത്തണം.

ഡോ. ചെറിയാൻ വർഗീസ്. ലോകാരോഗ്യ സംഘടന നോൺ കമ്യൂണിക്കബിൾ ഡിസീസസ് മാനേജ്മെന്റ് വിഭാഗം മേധാവി

വാക്സീൻ വായ്പ

സമ്പൂർണ വാക്സിനേഷൻ ലക്ഷ്യമിട്ടു യുദ്ധകാലാടിസ്ഥാനത്തിൽ നീങ്ങണം. വാക്സീൻ ക്ഷാമമുണ്ടെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ വിഹിതം കൂടി തൽക്കാലം വാങ്ങാൻ നടപടികൾ സ്വീകരിക്കണം. ഇതിനു കേന്ദ്രവുമായും മറ്റു സംസ്ഥാനങ്ങളുമായും ധാരണയിലെത്തണം.

ഡോ. പ്രവീൺ പ്രദീപ്, എപ്പിഡെമിയോളജിസ്റ്റ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കോ‘വീട്’ വേണ്ട

വീടുകളിലെ ഐസലേഷൻ ഫലപ്രദമല്ല. ഒരാളിൽനിന്നു കുടുംബത്തിലെ എല്ലാവർക്കും പകരുന്ന സ്ഥിതിയാണ്. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും (സിഎഫ്എൽടിസി) കമ്യൂണിറ്റി ലിവിങ് സെന്ററുകളും വ്യാപിപ്പിച്ച്, പോസിറ്റീവായവരെ മാറ്റിപ്പാർപ്പിക്കണം. സർക്കാർ വാക്‌സീന്റെ സൗജന്യവിതരണം സ്വകാര്യ ആശുപത്രികളിലൂടെയും നടത്തണം. നിലവിലെ കോവിഡ് പരിശോധനാരീതി മാറ്റി സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ ആർടിപിസിആർ ടെസ്റ്റ് നടത്തണം. രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കി വാക്സീൻ വിതരണം ആരോഗ്യവകുപ്പു നേരിട്ടു നടത്തണം.

ഡോ. പി.ടി.സക്കറിയാസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്

ഇമ്യൂൺ പാസ്പോർട്ട്

കേരളത്തിൽ ഏകദേശം 2 കോടി ആളുകൾ വാക്സിനേഷനിലൂടെയോ കോവിഡ് വന്നുപോയോ, പൂർണമായോ ഭാഗികമായോ രോഗപ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട്. ഇവർക്കെങ്കിലും നിയന്ത്രണങ്ങളിൽ ഇളവു നൽകണം. ഇവരെ തിരിച്ചറിയാൻ ഡിജിറ്റൽ രൂപത്തിലെങ്കിലും ഇമ്യൂൺ പാസ്പോർട്ട് നൽകണം.

ഡോ. അൽത്താഫ് അലി.  അസോഷ്യേറ്റ് പ്രഫസർ, എപ്പിഡെമിയോളജിസ്റ്റ്, മഞ്ചേരി ഗവ. മെഡിക്കൽ കോളജ്

ധൈര്യം  നൽകാം

ലോക്ഡൗൺ കാരണമുള്ള മാനസികപ്രശ്നങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യണം. സാമ്പത്തിക പ്രയാസം മൂലമുള്ള ആത്മഹത്യകൾ തടയാൻ ബോധവൽക്കരണം വേണം.

ഡോ. മോഹൻ റോയ്, ആർഎംഒ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്

ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്

ലോക്ഡൗൺ പ്രതിസന്ധിയിൽ മാനസികസമ്മർദം അനുഭവിക്കുന്നവർക്ക് ആരോഗ്യവകുപ്പിന്റെ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതിയിൽ ടെലിഫോണിലൂടെ കൗൺസലിങ് സൗകര്യമുണ്ട്. വിളിക്കേണ്ട ടോൾ ഫ്രീ നമ്പരുകൾ: 1056, 104

നാളെ ∙ പോകണോ, ടിപിആർ വഴിയേ?

തയാറാക്കിയത്: മഹേഷ് ഗുപ്തൻ, മനോജ് കടമ്പാട്, റൂബിൻ ജോസഫ്, കെ.പി. സഫീന.

സങ്കലനം: ജയ്സൺ പാറക്കാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com