ചോര വീഴ്ത്തുന്ന പ്രണയം

rakhil-manasa-01
രഖിൽ, മാനസ
SHARE

ഇരുപതാംനൂറ്റാണ്ട് കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ കൊലക്കുറ്റ വിചാരണ യുഎസിലെ പ്രസിദ്ധ ഫുട്ബാൾ താരം ഒ.ജെ.സിംപ്സണിന്റെതായിരുന്നു. അദ്ദേഹത്തിനെതിരായി ചുമത്തിയ കുറ്റം ഭാര്യ നിക്കോൾ ബ്രൗൺ സിംപ്സണെയും അവരുടെ സുഹൃത്ത് റോൺ ഗോൾഡ്‌മാനെയും കുത്തിക്കൊലപ്പെടുത്തിയെന്നതായിരുന്നു. സിംപ്സൺ ഭാര്യയുടെ കൊലപാതകത്തെക്കുറിച്ചു പറഞ്ഞത് ഇപ്രകാരം: ”ഞാൻ ഈ കുറ്റം ചെയ്തുവെന്നുതന്നെ വയ്ക്കുക. അങ്ങനെയാണെങ്കിൽ അതിനു കാരണം ഞാൻ അവളെ അത്രമേൽ സ്നേഹിച്ചുപോയി എന്നതാണല്ലോ.”

അത്രമേൽ സ്നേഹിക്കുന്നു; ദീർഘകാലമായി നടന്നുവരുന്ന സ്ത്രീപാതകങ്ങളുടെ ഉത്തരവാദികളായ പുരുഷന്മാർ, കാൽപനികപ്രേമത്തിന്റെ പുകമറയ്ക്കു പിന്നിൽനിന്നുകൊണ്ടു മുന്നോട്ടുവയ്ക്കുന്ന ന്യായീകരണമാണിത്. അടുത്തകാലത്ത് കോതമംഗലത്തിനടുത്തുള്ള നെല്ലിക്കുഴിയിൽ ഡെന്റൽ വിദ്യാർഥിനിയായ മാനസയെ, അവളിൽ അനുരക്തനായ രഖിൽ എന്ന ചെറുപ്പക്കാരൻ വെടിവച്ചു കൊന്നു. അതിനുമുൻപ് ആലപ്പുഴയിലെ പൊലീസുകാരിയായ സൗമ്യ, കാക്കനാട് അത്താണിയിലെ ദേവിക, തൃശൂരിലെ അനാഥയായ നീതു, പെരിന്തൽമണ്ണയ്ക്കടുത്തു കുത്തേറ്റു മരിച്ച ദൃശ്യ... ഇവരുടെയെല്ലാം മരണത്തിലേക്കു നയിച്ചതു പുരുഷന്റെ പ്രണയാഭ്യർഥനയ്ക്കു ‘പറ്റില്ല’ എന്ന മറുപടി നൽകിയതാണ്. 

ഈ സംഭവങ്ങളിലെല്ലാം കൊല്ലപ്പെട്ടതു സ്ത്രീകളാണ്. ഒരു കണക്കനുസരിച്ച്, ലോകത്തിൽ ഭാര്യയെയോ മറ്റു സ്ത്രീകളെയോ കൊലപ്പെടുത്തുന്ന പുരുഷന്മാരിൽ 40% പറയുന്ന കാരണം തീവ്രപ്രണയമാണ്. സ്ത്രീകൾ നടത്തുന്ന പുരുഷക്കൊലപാതകങ്ങളിൽ 6 ശതമാനത്തിനു മാത്രമേ സ്ത്രീ–പുരുഷബന്ധം കാരണമാകുന്നുള്ളൂ.അതിൽ  മിക്കവയ്ക്കും കാരണം അസഹ്യമായ ഗാർഹികപീഡനമാണ്. കടുത്ത സ്വാർഥതയും ലൈംഗികമായ അസൂയയുമാണ് പുരുഷന്മാരെ ഇത്തരം കൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്നതെന്നാണു പൊതുവേ കരുതുന്നത്. 

ns-madhavan
എൻ.എസ്. മാധവൻ

അപ്പോൾ ഉദിക്കുന്ന സ്വാഭാവികമായ ചോദ്യം എന്തുകൊണ്ടു തീവ്രപ്രണയം അനുഭവിക്കുന്ന എല്ലാ പുരുഷന്മാരും കൊലപാതകികളാകുന്നില്ല എന്നതാണ്. മനശ്ശാസ്ത്രജ്ഞരായ ആരോൺ  ബിസീയേവും റുഹമ ഗൂസ്സിൻസ്കിയും ചേർന്നു പുരുഷകൊലയാളികളെക്കുറിച്ചു പഠനം നടത്തി 2008ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, നെല്ലിക്കുഴിയിൽ നടന്ന മാനസയുടെ ദാരുണാന്ത്യം സംബന്ധിച്ച കാര്യങ്ങളിലേക്കു കൂടുതൽ വെളിച്ചം വീശാം. പുരുഷക്കൊലയാളികളിൽ 6 ലക്ഷണങ്ങളാണ് ഇവർ കണ്ടെത്തിയത്: 1. കൊലയാളികളായ പുരുഷന്മാരുടെ ലോകം അവർ കാംക്ഷിക്കുന്ന സ്ത്രീ മാത്രമായി ചുരുങ്ങുന്നു. 2. ജീവിതത്തിനു മറ്റ് അർഥങ്ങളോ കാരണങ്ങളോ അവർക്കില്ല. 3 പുരുഷകേന്ദ്രിതമായ അധികാരം, ദുരഭിമാനം, നിയന്ത്രണം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗതമായ അവബോധം, അവയ്ക്കു ക്ഷതമേൽക്കുമ്പോൾ തോന്നുന്ന നാണക്കേട്. 4. ഒത്തുതീർപ്പുകൾക്കു തയാറല്ലാത്ത മുരട്ടുസ്വഭാവം. 6. ഇണയെ കുരുതികൊടുക്കുന്നതിനെ പ്രണയം ന്യായീകരിക്കുന്നു എന്ന സങ്കൽപം. 

ഇന്ത്യയിലെ സാഹചര്യത്തിൽ ഇതിന്റെ കൂടെ ഒരു കാര്യം കൂട്ടിച്ചേർക്കേണ്ടതായി വരും: കുടുംബങ്ങളിൽ ആൺകുട്ടികൾക്കു നൽകുന്ന പ്രാമുഖ്യം. ‘പറ്റില്ല’ എന്ന വാക്ക് അവർ കേട്ടു ശീലിക്കുന്നില്ല. 

തോമസ് ജോസഫ്: സാഹിത്യത്തിലെ ഏകാകി

മലയാള സാഹിത്യത്തിലെ ഏകാകിയായിരുന്നു അടുത്തിടെ അന്തരിച്ച കഥാകൃത്ത് തോമസ് ജോസഫ്. സാഹിത്യചരിത്രം എഴുതുമ്പോൾ അദ്ദേഹത്തിനു മാത്രമായി ഒരു അധ്യായം മാറ്റിവയ്ക്കേണ്ടതായുണ്ട്. അദ്ദേഹം ആരെയും പിന്തുടർന്നില്ല; അദ്ദേഹത്തെ പിന്തുടരാനും പറ്റില്ല. ശബളിമമായ ഏകാന്തതയിൽ അദ്ദേഹം കഥകളെഴുതുകയല്ല ചെയ്തത്; ആദ്യം അവ നടക്കുന്ന പ്രപഞ്ചങ്ങളുടെ സൃഷ്ടി നടത്തുന്നു; പിന്നീട് അവയിലേക്കു കഥകൾ മൂശയൊഴിക്കുന്നു. 

malayalam-writer-thomas-joseph
തോമസ് ജോസഫ്

കടലിന്റെ പരിസരത്തിൽ ജീവിച്ചതുകൊണ്ടാണോ എന്നറിയില്ല, തോമസ് ജോസഫിന്റെ കഥകളിൽ അപരിചിതമായ ലോകങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. തീരദേശവാസികളുടെ കുട്ടിക്കാലം ചക്രവാളത്തിനപ്പുറമുള്ള അദൃശ്യമായ ഭൂഖണ്ഡങ്ങളെപ്പറ്റി പല ഊഹങ്ങളാലും നിറഞ്ഞതാണ്. നമ്മുടെ ചുറ്റുപ്പാടുകളെ മൂടിയ അദൃശ്യമായ തിരശ്ശീലകൾ ചികഞ്ഞുമാറ്റി പുതിയ ലോകങ്ങൾ തോമസ് ജോസഫ് പരിചയപ്പെടുത്തുന്നു. വില്യം ബ്ലേക്ക് തുടങ്ങിയ അപൂർവം ചില എഴുത്തുകാർക്കേ ഇത്തരം ലോകങ്ങളുണ്ടായിരുന്നുള്ളൂ. 

‘ചിത്രശലഭങ്ങളുടെ കപ്പൽ’, ‘അദ്ഭുതസമസ്യ’, ‘മരിച്ചവർ സിനിമ കാണുകയാണ്’ തുടങ്ങി ഏഴു ചെറുകഥാസമാഹാരങ്ങളും ഒരു നോവലും സമ്മാനിച്ചുകൊണ്ടാണു തോമസ് ജോസഫ് കടന്നുപോയത്. 

അനിവാര്യമാകുമ്പോൾ മാത്രം എഴുതിയ ഒരു സാഹിത്യകാരൻ. പി.കെ. രാജശേഖരൻ പറഞ്ഞപോലെ, തോമസ് ജോസഫിന്റെ കഥകൾ ജീവിതത്തെ ജ്ഞാനസ്നാനപ്പെടുത്തുന്ന പുരോഹിതകർമമായിരുന്നു. തോമസ് ജോസഫിനു ശേഷവും അദ്ദേഹത്തിന്റെ കഥകൾ ജീവിക്കും; അവ വായനക്കാർക്കു പുതിയ ദർശനം നൽകിക്കൊണ്ടേയിരിക്കും. 

സ്കോർപ്പിയൺ കിക്ക്
അവസാനനിമിഷങ്ങളിലെ കളിയിലൂടെ ഗോൾകീപ്പർ പി.ആർ.ശ്രീജേഷ് ഹോക്കിയിൽ ഇന്ത്യയ്ക്കു വെങ്കലം ഉറപ്പിച്ചു.

കിഴക്കമ്പലംകാരനായതുകൊണ്ട് ട്വന്റി ട്വന്റി കളികൾ കണ്ടുകണ്ട് അവസാനനിമിഷങ്ങളിലെ പിരിമുറുക്കമെല്ലാം ശ്രീജേഷിനു പരിചയമുള്ളതല്ലേ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA