ADVERTISEMENT

പ്രിയ വായനക്കാർ ദയവായി കലണ്ടറിൽ നോക്കുക; അല്ലെങ്കിൽ ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് നോക്കുക.

തീയതി ഓഗസ്റ്റ് 11.

ഓഗസ്റ്റ് 11നു മുൻപു വാങ്ങിക്കഴിച്ച ശർക്കരവരട്ടി എത്രയൊക്കെ വിരട്ടിയാലും ഇനിയുള്ള ദിവസങ്ങളിൽ വരട്ടാനാവില്ല എന്നതു ലോകനിയമമാണ്. പക്ഷേ, നമ്മളറിയാതെ കാലം വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. വരാനിരിക്കുന്ന കാലത്തേക്കു നീളുന്ന കണ്ണുള്ളവർക്കേ ഭാവിയുള്ളൂ. രാജ്യം അവരുടേതാണ്. 

ഇനി ഇതോടൊപ്പമുള്ള ചിത്രത്തിലൊന്നു സൂക്ഷിച്ചു നോക്കുക. ശർക്കരവരട്ടിയുടെ നിർമാണത്തീയതി ഓഗസ്റ്റ് 28. ഇന്നേക്കു 17 ദിവസം കഴിഞ്ഞു ജനിക്കാൻപോകുന്ന വരട്ടിയാണു നാം കറുമുറാ കടിച്ചുതിന്നത്. ഓണം സ്പെഷൽ വിഭവമായാലും നിർമിച്ചുകഴിഞ്ഞു കഴിക്കുന്നതല്ലേ അഭികാമ്യം എന്നു ചോദിക്കാൻ അപ്പുക്കുട്ടനു തോന്നിപ്പോകുന്നു.  

കടകളിലും മറ്റും പോകാൻ വാക്സിനേഷൻ നടത്തിയതിന്റെ രേഖ, ആർടിപിസിആർ‌ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് വന്നുപോയി എന്നതിന്റെ രേഖ ഇവയിലേതെങ്കിലുമൊന്ന് അഭികാമ്യമാണെന്നാണു കഴിഞ്ഞ ബുധനാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞത്. നിയമസഭയിൽ പറഞ്ഞാൽ പറഞ്ഞതുതന്നെ എന്നാണു നിയമസഭയിൽ പോകാത്ത നമ്മൾ വിശ്വസിച്ചുവച്ചിരിക്കുന്നത്. എന്നാൽ, മന്ത്രിയുടെ നിയമസഭാ പ്രസ്താവനയ്ക്കുശേഷം ചീഫ് സെക്രട്ടറിയുടെ ഉത്തരവു വന്നപ്പോൾ അഭികാമ്യം മാറി; കർശന നിബന്ധനയായി. 

അപ്പോഴാണു പ്രിയപുത്രൻ ആരോമലുണ്ണിക്കു സംശയമുണ്ടായത്: അഭികാമ്യം എന്നാൽ എന്ത്?

നിഘണ്ടു പ്രകാരമാണെങ്കിൽ ആഗ്രഹിക്കത്തക്കതാണ് അഭികാമ്യം. 

മേൽപടി രേഖകൾ ആഗ്രഹിക്കത്തക്കതാണെന്നു മന്ത്രി പറഞ്ഞപ്പോൾ, ഉത്തരവിറക്കിയവർ ആ ആഗ്രഹത്തിൽ അൽപം അത്യാഗ്രഹം ചേർത്തു. നിയമസഭയിൽ എല്ലാ മന്ത്രിമാരുടെയും മുൻപാകെ ഒരു നിഘണ്ടു ഉണ്ടാവുന്നത് അഭികാമ്യം എന്നു പറയാമോ എന്തോ? സ്പീക്കറുടെ മേശപ്പുറത്തെങ്കിലും അങ്ങനെയൊന്നുണ്ടാവുന്നത് അഭികാമ്യമാണ് എന്നു തീർച്ചയായും പറയാം. 

നിയമസഭയിൽ പറയുന്നതുപോലെ ഉത്തരവിറങ്ങുന്നതാണ് അഭികാമ്യം, അഥവാ ഉത്തരവിൽ വരുന്നതുപോലെതന്നെ നിയമസഭയിലും പറയുന്നതാണ് അഭികാമ്യം എന്നു നമുക്കു തോന്നും. 

മന്ത്രിമാരായാലും ചീഫ് സെക്രട്ടറിയായാലും വാക്കുകളുടെ ശരിയായ അർഥം അറിഞ്ഞിരിക്കുന്നത് അഭികാമ്യമാണെന്ന കാര്യത്തിൽ സംശയമില്ല. യോഗ്യതകളെച്ചൊല്ലി സംശയനിഴലിലായ ഒരു ബഹുമാന്യ വനിതയെ അധ്യക്ഷയാക്കിയശേഷം നിർമിക്കുന്ന മലയാള മഹാനിഘണ്ടു മേശപ്പുറത്തു വയ്ക്കാതിരിക്കുന്നതാണ് അഭികാമ്യം എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

English Summary: Allegations against Onam special kit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com