ADVERTISEMENT

വരുമാനമാർഗങ്ങളെല്ലാം അടഞ്ഞ് ജീവിക്കാൻ പാടുപെടുന്നവരുടെ എണ്ണം ഈ കോവിഡ്കാലത്തു പെരുകിവരികയാണ്. കുടുംബം പോറ്റാൻ ഒരു വഴിയുമില്ലാതെ ഉഴറുകയാണവർ. അതുകൊണ്ടാണു തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പാതയോരത്തു മത്സ്യവിൽപനക്കാരിയെ കയ്യേറ്റം ചെയ്യുകയും മീൻ തട്ടിയെറിഞ്ഞു നശിപ്പിക്കുകയും ചെയ്ത നഗരസഭാ ഉദ്യോഗസ്ഥരുടെ ക്രൂരതകണ്ട് കേരളം ഞെട്ടിയത്. മനുഷ്യത്വമില്ലാത്ത ചെയ്തികൾ ചോദ്യംചെയ്ത നാട്ടുകാരെയും ഓട്ടോ ഡ്രൈവർമാരെയും ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയിലെ ജീവനക്കാരൻ കയ്യേറ്റം ചെയ്യുകയുമുണ്ടായി. 

സ്വാധീനമുള്ളവർ മുഷ്ക്കോടെ നിയമം കാറ്റിൽ പറത്തുന്ന നാട്ടിലാണ് ഒരു പാവം മത്സ്യവിൽപനക്കാരിയുടെ നേർക്ക് ഇത്രയും കടുത്ത ‘നിയമപാലന’മുണ്ടായതെന്നതു ലജ്ജാകരമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ തന്നെ അഞ്ചുതെങ്ങിൽ മത്സ്യവിൽപനക്കാരിക്കുണ്ടായ ദുരനുഭവവും ഏറെ പ്രതിഷേധത്തിനു കാരണമായിരുന്നു. വിൽപനയ്ക്കെത്തിച്ച മത്സ്യം കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ അഴുക്കുചാലിൽ വലിച്ചെറിഞ്ഞ്, വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്.

നിയമപാലനം കുറ്റമറ്റു നിർവഹിക്കേണ്ടതാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, മുൻപിൽ നിൽക്കേണ്ടതു മനുഷ്യത്വമാണ്. ജോലിയും വരുമാനവും ഇല്ലാതെ ദുരിതത്തിലാണു നമ്മുടെ സംസ്ഥാനത്തു ബഹുഭൂരിപക്ഷം പേരുമെന്നതു ജനകീയസർക്കാരും ആ സർക്കാരിനു കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും മറന്നുപോകരുത്.

രാജ്യാന്തര ആദിവാസിദിനത്തിന്റെ തലേദിവസമായ ഞായറാഴ്ച അട്ടപ്പാടിയിലെ ആദിവാസി ഊരിലുണ്ടായ അതിക്രമം, ആറ്റിങ്ങൽ സംഭവംപോലെ നിയമസഭയിലും പ്രതിഷേധത്തിനിടയാക്കി. ഷോളയൂർ പഞ്ചായത്തിലെ വട്ടലക്കി ഊരിലെത്തിയ പൊലീസ് സംഘമാണ് അടിപിടിക്കേസിൽ പ്രതികളായ ഊരുമൂപ്പൻ ചൊറിയനെയും മകൻ മുരുകനെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്. പൊതുപ്രവർത്തകർ കൂടിയായ ഇവർ, അറിയിച്ചാൽ സ്റ്റേഷനിൽ നേരിട്ടെത്തുന്നവരാണെന്നിരിക്കെ, ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവർക്കും ഇന്നലെയാണു ജാമ്യം ലഭിച്ചത്. മുരുകന്റെ ഭിന്നശേഷിക്കാരനും വിദ്യാർഥിയുമായ മകനെ ബഹളത്തിനിടെ പൊലീസ് മർദിച്ചതായും പരാതിയുണ്ട്. മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

കോവിഡ്കാലത്തിന്റെ ആകുലതകൾ എല്ലാവരെയും കൂടുതൽ മനുഷ്യത്വമുള്ളവരാക്കുമെന്നാണു കരുതേണ്ടതെങ്കിലും ചിലരെങ്കിലും അതു മറക്കുന്നതിന്റെ കാഴ്ചകളാണ് ഇവയെല്ലാം. നിയമപാലനത്തിന്റെ പേരിൽ മാനുഷികത മറന്ന പ്രവൃത്തികളുണ്ടായതു പൊതുസമൂഹത്തിന്റെ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്തു.

എവിടെയും ആരെയും എങ്ങനെയും പീഡിപ്പിക്കാൻ നിയമം ആർക്കും അധികാരം നൽകുന്നില്ല. അധികാരത്തിന്റെയും പദവിയുടെയും ധാർഷ്ട്യം കൊണ്ടാവരുത് നിയമപാലനം. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും പാവങ്ങൾക്കുമെതിരെ മാത്രം കണ്ണുരുട്ടുന്ന ഇരട്ടനീതിയാണ് ഇവിടെ നടപ്പാക്കുന്നതെന്ന ആരോപണം ശരിയല്ലെങ്കിൽ അതു തെളിയിക്കേണ്ട ബാധ്യത തീർച്ചയായും സർക്കാരിനുണ്ട്. 

നീതിപീഠങ്ങളും മനുഷ്യാവകാശ കമ്മിഷനും ഒട്ടേറെ സംഘടനകളുമെല്ലാം കാവൽക്കാരായി നിലകൊള്ളുമ്പോൾതന്നെ നമ്മുടെ അധികാരശ്രേണിയിൽ ഒരു ചെറിയ വിഭാഗത്തിനെങ്കിലും മനുഷ്യാവകാശബോധം തൊട്ടുതീണ്ടിയിട്ടില്ലെന്നു കരുതേണ്ടിവരും. ഇങ്ങനെയുള്ള ക്രൂരതകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുന്നതിലൂടെയാണ് ഒരു സർക്കാർ ജനകീയത തെളിയിക്കേണ്ടത്.

English summary: Inhumanity in Attingal and Attappadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com