ADVERTISEMENT

കോവിഡ്കാലത്ത് ലോകത്തിന് ആവേശവും ആശ്വാസവുമായിരുന്നു ടോക്കിയോ ഒളിംപിക്സ്. എല്ലാ മഹാമേളകളുണ്ടാകുമ്പോഴും സംഭവിക്കുന്നതു ടോക്കിയോ ഒളിംപിക്സിലുമുണ്ടായി – വ്യാജവാർത്തകളുടെയും വിവരങ്ങളുടെയും സമാന്തര ചാംപ്യൻഷിപ്! 

vireal-1

∙ നീരജ് ചോപ്രയായിരുന്നല്ലോ നമ്മളെ സംബന്ധിച്ചിടത്തോളം ടോക്കിയോയുടെ ഏറ്റവും വലിയ താരം. ജാവലിൻ ത്രോയിൽ നീരജിനു വെല്ലുവിളി ഉയർത്തുമെന്നു കരുതിയ താരങ്ങളിലൊരാളാണു പാക്കിസ്ഥാന്റെ അർഷാദ് നദീം; എന്നാൽ പിന്തള്ളപ്പെട്ടു. മത്സരത്തിനുശേഷം നദീമിന്റെതെന്ന പേരിൽ വന്ന ഒരു ട്വീറ്റ് ഇന്ത്യയിലും പാക്കിസ്ഥാനിലും വൻ പ്രതികരണങ്ങളുണ്ടാക്കി. ട്വീറ്റിൽ നദീം പറഞ്ഞത് ഇതായിരുന്നു:‘ എന്റെ ആരാധനാപാത്രമായ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. സോറി പാക്കിസ്ഥാൻ, എനിക്കു മെഡൽ നേടാനായില്ല.’ പരാജയപ്പെട്ട താരത്തിന്റെ ട്വീറ്റിലെ സ്പോർട്സ്മാൻ സ്പിരിറ്റിനെ പലരും അഭിനന്ദിച്ചു. പാക്കിസ്ഥാനിൽ ചിലർ എതിർപ്പുമായി രംഗത്തെത്തി. പല ഇന്ത്യൻ മാധ്യമങ്ങളും ഇതു വലിയ വാർത്തയുമാക്കി. എന്നാൽ, സത്യത്തിൽ ആ ട്വീറ്റ് ചെയ്തതു യഥാർഥ അർഷാദ് നദീം ആയിരുന്നില്ല. നദീമിന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നായിരുന്നു ആ ട്വീറ്റ്! പിന്നീടതു നീക്കം ചെയ്തു. 

∙ ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ സൂര്യനമസ്കാരം അവതരിപ്പിച്ചുവെന്ന അടിക്കുറിപ്പോടെയുള്ള വിഡിയോ ഇന്ത്യയിൽ വ്യാപകമായി പ്രചരിച്ചതു നമ്മുടെ പലരുടെയും വാട്സാപ്പിലും എത്തിയിട്ടുണ്ടാകും. 2015ൽ മംഗോളിയയിൽ ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച യോഗ പരിപാടിയുടെ വിഡിയോയിലെ ഒരു ഭാഗമായിരുന്നു അത്! പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഈ പരിപാടിയുടെ വിഡിയോ തന്റെ യുട്യൂബ് ചാനലിൽ മോദിയും അന്നു പങ്കുവച്ചിരുന്നു. 

∙ പുരുഷന്മാരുടെ ഹൈജംപിൽ ഖത്തറിന്റെ മുതാസ് ഈസ ബർഷിമും ഇറ്റലിയുടെ ജിയാൻമാർക്കോ ടാംബേരിയും സ്വർണമെഡൽ പങ്കിട്ടതായിരുന്നല്ലോ ഈ ഒളിംപിക്സിലെ ഏറ്റവും വലിയ വാർത്തകളിലൊന്ന്. എന്നാൽ, ഇതേക്കുറിച്ചു പ്രചരിച്ച പല കാര്യങ്ങളും വസ്തുതാപരമായിരുന്നില്ല. ഇരുവരും ഒരേ ഉയരം ചാടി നിൽക്കവേ, പരുക്കേറ്റ ടാംബേരിയുമായി മെഡൽ പങ്കുവയ്ക്കാൻ ബർഷിം സമ്മതിക്കുകയായിരുന്നു എന്നു പലരും എഴുതി.  ഇതുവ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, ടാംബേരിക്കു പരുക്കുണ്ടായിരുന്നില്ല. പരുക്കു കാരണം ടാംബേരിക്ക് 2016ലെ റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. 5 വർഷം മുൻപത്തെ ഈ പരുക്കാവണം ടോക്കിയോ ഒളിംപിക്സിലെ പരുക്കായി പ്രചരിച്ചത്. 

vireal-2

ഇരുവരുടെയും അവസരങ്ങളെല്ലാം കഴിഞ്ഞപ്പോൾ ഒരേ ഉയരം ചാടി മത്സരം ടൈ ആയി നിൽക്കുമ്പോൾ, ഒളിംപിക്സ് വ്യവസ്ഥകൾ പ്രകാരം ടൈബ്രേക്കറിലേക്കു പോകാതെ മെഡൽ പങ്കിടാൻ തീരുമാനിക്കുകയായിരുന്നു എന്നതാണു വസ്തുത. ഇരുതാരങ്ങളും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണെന്നതു സത്യമാണ്.  

കോയമ്പത്തൂരിൽ കുതിരാനോ? 

നമ്മുടെ കുതിരാനിലെ തുരങ്കങ്ങളിലൊന്ന് ഈയിടെ ഗതാഗതത്തിനു തുറന്നു കൊടുത്തിരുന്നല്ലോ. കുതിരാൻ തുരങ്കത്തെക്കുറിച്ചുള്ള ഒരാളുടെ ട്വീറ്റ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘കോയമ്പത്തൂർ മുതൽ തൃശൂർ വരെയുള്ള ടണൽ തുറന്നു. 2 മണിക്കൂർ യാത്രാസമയം വെറും 10 മിനിറ്റായി ചുരുങ്ങി. ഇന്ത്യ ഗവൺമെന്റിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനു നന്ദി. ഇതൊന്നും മാധ്യമങ്ങൾ പറയില്ല’ എന്നായിരുന്നു ട്വീറ്റ്. നൂറു കണക്കിനുപേർ ഇതു ട്വിറ്ററിലും അല്ലാതെയും പ്രചരിപ്പിക്കുകയും ചെയ്തു. 

കോയമ്പത്തൂർ – തൃശൂർ പാതയിലാണ് കുതിരാൻ തുരങ്കമെന്നൊക്കെയുള്ള കേട്ടുകേൾവി വച്ച് ഒരാൾ ചെയ്ത ട്വീറ്റാണെന്നു നമുക്കു മനസ്സിലാകുമെങ്കിലും ഉത്തരേന്ത്യയിലും മറ്റുമുള്ളവർ ഇതു വിശ്വസിക്കാനിടയുണ്ട്. ട്വീറ്റ് പിന്നീടു ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ടുകൾ ഇപ്പോഴും പറക്കുന്നുണ്ട്!  

വിശ്വസിക്കരുത്, ‘ഫോർവേഡ്  പദ്ധതികൾ’

vireal-3

പെൺമക്കൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സുവരെയുള്ള പെൺകുട്ടികളുടെ പേരിൽ 14 വർഷം പണം നിക്ഷേപിച്ചാൽ അക്കൗണ്ട് തുടങ്ങി ഇരുപത്തിയൊന്നാം കൊല്ലം പലിശയോടെ തുക ലഭിക്കും. ബാങ്കുകളോ പോസ്റ്റ് ഓഫിസോ  വഴി പദ്ധതിയിൽ ചേരാം. 

എന്നാൽ, ഈ പദ്ധതിയെക്കുറിച്ചു തെറ്റായ പല വിവരങ്ങളും ചേർത്തുള്ള വ്യാജസന്ദേശം വർഷങ്ങളായി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ വീണ്ടും വാട്സാപ്പിൽ ആ സന്ദേശം വന്നുകൊണ്ടിരിക്കുന്നു. പ്രമുഖ ബാങ്കിന്റെ ലോഗോയും മറ്റും ഉൾപ്പെടുത്തിയാണു പുതിയ സന്ദേശം. ‘ആയിരം രൂപ വീതം 14 വർഷം അടച്ചാൽ പെൺകുട്ടിക്ക് 21 വയസ്സാകുമ്പോൾ ബാങ്ക് 6 ലക്ഷം രൂപ തരും’ എന്നാണ് ഈ വാട്സാപ് സന്ദേശത്തിൽ പറയുന്നത്. ഇതു തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്. നിക്ഷേപിക്കുന്ന തുകയുടെയും പലിശയുടെയും അടിസ്ഥാനത്തിലാണു തിരികെ ലഭിക്കുന്ന തുക നിശ്ചയിക്കപ്പെടുക. 21 വയസ്സിൽ കിട്ടുമെന്നതും ശരിയല്ല. ചേർന്നു കഴിഞ്ഞ് 21–ാം വർഷം കിട്ടുമെന്നതാണു ശരി.  ബാങ്കുകളുടെ വെബ്സൈറ്റിലും കേന്ദ്ര സർക്കാരിന്റെ www.india.gov.in എന്ന ഔദ്യോഗിക സൈറ്റിലും പദ്ധതി സംബന്ധിച്ച ശരിക്കുള്ള വിവരങ്ങൾ കിട്ടും.

English Summary: Vireal, fake news on Tokyo olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com