ADVERTISEMENT

ജനാധിപത്യത്തിൽ വിയോജിപ്പിനും ചോദ്യംചെയ്യലിനുമൊക്കെ ഇടമുണ്ടെന്നാണു സങ്കൽപം. പക്ഷേ, അതിനിർണായക ചോദ്യങ്ങൾക്കു മറുപടിനൽകാതെ സർക്കാർ പാലിച്ച ധിക്കാരപരമായ മൗനം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തെ ഫലശൂന്യമാക്കുന്നതാണു രാജ്യം കണ്ടത്. പെഗസസ് ഫോൺ ചോർത്തലിനെക്കുറിച്ചു ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തുടർച്ചയായി വിസമ്മതിച്ചതുമൂലം ഇക്കാര്യത്തിൽ തൃപ്തികരമായ മറുപടി ലഭിക്കാനുള്ള രാജ്യത്തിന്റെ അവകാശമാണു നിഷേധിക്കപ്പെട്ടത്.

മുൻനിശ്ചയപ്രകാരം ഇന്നായിരുന്നു സമാപിക്കേണ്ടിയിരുന്നതെങ്കിലും കാര്യമായ നടപടികളൊന്നും നടത്താനാവാതെ പാർലമെന്റിന്റെ ഇരുസഭകളും ബുധനാഴ്ച അനിശ്ചിതകാലത്തേക്കു പിരിയുകയാണുണ്ടായത്. പെഗസസ് ഫോൺ ചോർത്തൽ, കൃഷിനിയമങ്ങൾ, കോവിഡ് രണ്ടാംവരവ് കൈകാര്യം ചെയ്തതിലെ പാളിച്ച തുടങ്ങിയവ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഒറ്റക്കെട്ടായി എല്ലാ ദിവസവും സഭാനടപടികൾ തടസ്സപ്പെടുത്തിയിരുന്നു. പെഗസസ് തന്നെയായിരുന്നു മുഖ്യ പ്രതിഷേധ വിഷയം. പെഗസസ് വാങ്ങി ഉപയോഗിച്ചിട്ടുണ്ടോ എന്ന ഗൗരവമുള്ള ചോദ്യത്തിനു സർക്കാർ പാർലമെന്റിൽ ഉത്തരം പറയേണ്ടതായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാൻ അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതി ബിൽ മാത്രമാണു പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ പാസാക്കിയത്. ഇൻഷുറൻസ് നിയമഭേദഗതി ബില്ലുൾപ്പെടെ 19 ബില്ലുകളും രണ്ട് ഉപധനാഭ്യർഥന ബില്ലുകളും ശബ്ദവോട്ടോടെ പാർലമെന്റ് പാസാക്കുകയായിരുന്നു. പാർലമെന്റ് സ്‌തംഭനവേളയിൽ നിർണായക ബില്ലുകൾപോലും ചർച്ചയില്ലാതെ പാസാക്കുമ്പോൾ ജനങ്ങളുടെ അവകാശംതന്നെയാണു നിഷേധിക്കപ്പെടുന്നത്.

ബഹളം നടക്കുമ്പോൾ സുപ്രധാനങ്ങളായ സകല ബില്ലുകളും ചർച്ച ചെയ്യാതെ പാസാക്കുന്ന നടപടി സഭാചട്ടങ്ങളുടെ ലംഘനം മാത്രമല്ല, ഭരണഘടനയുടെ ലംഘനം കൂടിയാണെന്നു ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി ഇന്നലെ മലയാള മനോരമയിൽ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. പെഗസസ് ചർച്ച നടത്താൻ സർക്കാർ തയാറാകാത്തതാണു പ്രധാന കാരണമെങ്കിലും അതിനെതിരെ ഒരു സമ്മേളനകാലം മുഴുവൻ അലങ്കോലപ്പെടുത്തുന്നതു ശരിയാണോ എന്ന ചോദ്യം അപ്രസക്തമല്ലെന്നും അദ്ദേഹം എഴുതുകയുണ്ടായി. പാർലമെന്റ് തടസ്സമില്ലാതെ നടത്താനുള്ള പ്രധാന ഉത്തരവാദിത്തം സർക്കാരിനാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാർലമെന്റ് സ്‌തംഭനം ഒരു ദേശീയനഷ്‌ടമാണെന്ന് ആദ്യം തിരിച്ചറിയേണ്ടതു നമ്മുടെ എംപിമാരാണ്. ലോക്‌സഭയും രാജ്യസഭയും ഒരു മണിക്കൂർ ചേരുന്നതിനുള്ള ചെലവു മൂന്നരക്കോടിയിലേറെ രൂപയെന്നാണ് ഏകദേശ കണക്ക്. അർധപട്ടിണിക്കാരും പാവപ്പെട്ടവരും ഭൂരിപക്ഷമുള്ള ഈ രാജ്യത്തെ 138 കോടിയിലേറെ ജനങ്ങളുടെ വിയർപ്പിന്റെ വിലയാണിത്. അതാണു നിഷ്ഫലം ചോർന്നുപോകുന്നത്.

പാർലമെന്റിന്റെ ശീതകാല സമ്മേളനം 2016ൽ തുടർച്ചയായി സ്തംഭിച്ച സാഹചര്യത്തിൽ, അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി വേദനാപൂർവം നടത്തിയ രൂക്ഷപരാമർശം ഇപ്പോഴും പലരും മറന്നിരിക്കാനിടയില്ല. ‘ദൈവത്തെയോർത്തു പാ‌ർലമെന്റ് ചർച്ചയുടെയും സംവാദത്തിന്റെയും വേദിയാക്കുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. പാർലമെന്റിൽ അനിശ്ചിതത്വം തുടരുമ്പോൾ തനിക്കു രാജിവയ്ക്കാനാണു തോന്നുന്നതെന്ന് അക്കാലത്തു ലോക്സഭയിൽ മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയും തുറന്നടിച്ചിരുന്നു. രാജ്യസഭയിൽ മേശപ്പുറത്തുകയറി പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തെക്കുറിച്ചു പ്രതികരിക്കവേ സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം വിതുമ്പിക്കരയുകയുണ്ടായി.

ജനങ്ങൾക്കുവേണ്ടി ജനപ്രതിനിധികൾ ചോദിക്കുന്ന ഗൗരവമുള്ള ചോദ്യങ്ങൾക്കു മറുപടി ലഭിക്കാതെയും അലങ്കോലപ്പെട്ടും മറ്റൊരു പാർലമെന്റ് സമ്മേളനംകൂടി ഫലശൂന്യമാകുന്നതു നമ്മുടെ ജനാധിപത്യത്തെ അവഹേളിക്കലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com