ADVERTISEMENT

കോവിഡ്കാല സാമ്പത്തികപ്രതിസന്ധികളിൽ വലയുന്നവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി പാചകവാതക വില വീണ്ടും ഉയർത്തിയിരിക്കുകയാണ്. ഈ കഠിനകാലത്തു ജനങ്ങളോടു ചെയ്യാനാകുന്ന ഏറ്റവും വലിയ നീതി ജീവിതച്ചെലവു കൂട്ടാതിരിക്കുകയാണെന്നതു സർക്കാർ ഇതുവരെ തിരിച്ചറിയാത്തതെന്തുകൊണ്ടാണ് ? എൽപിജിയെക്കാൾ വിലക്കുറവുള്ള, പൈപ്പിലൂടെയുള്ള പ്രകൃതിവാതകം ( പൈപ്ഡ് നാച്വറൽ ഗ്യാസ്-പിഎൻജി) ഉപയോഗിച്ചുള്ള സിറ്റി ഗ്യാസ് പദ്ധതി അടിയന്തരമായി വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുകൂടി ഇപ്പോഴത്തെ തുടർവിലവർധന ഓർമിപ്പിക്കുന്നു. 

പലവിധ വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന ജനങ്ങളെ പാചകവാതകം പോലുള്ള അവശ്യവസ്‌തുക്കളുടെ കാര്യത്തിലും അടിക്കടി ആശങ്കാകുലരാക്കുന്നതിനു ന്യായീകരണമില്ല. ചൊവ്വാഴ്ച 25 രൂപ കൂട്ടിയതടക്കം ഈ വർഷം ഇതുവരെ ഗാർഹിക സിലിണ്ടറിന് 165 രൂപയാണു വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക ഉപയോക്താക്കൾക്കുള്ള പാചകവാതക സബ്സിഡി ഇതുവരെ പുനഃസ്ഥാപിക്കാത്തത്, വിലവർധനയുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്. എൽപിജി സബ്സിഡി നിർത്തലാക്കിയോ, എന്നു പുനഃസ്ഥാപിക്കും എന്നതു സംബന്ധിച്ചു നിലവിൽ വ്യക്തതയുമില്ല. കേന്ദ്ര സർക്കാരാണു സബ്സിഡി അനുവദിക്കാനും പുനഃസ്ഥാപിക്കാനുമുള്ള തീരുമാനമെടുക്കേണ്ടത്. 

വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനു 2019 ഡിസംബറിൽ സിലിണ്ടറിന് 720 രൂപയുള്ളപ്പോഴാണു സർക്കാർ  സബ്സിഡി അവസാനിപ്പിച്ചത്. പാചകവാതക സബ്സിഡി നൽകാത്തതുകൊണ്ടുമാത്രം കേന്ദ്ര സർക്കാരിനു കഴിഞ്ഞ സാമ്പത്തികവർഷമുണ്ടായ നേട്ടം 20,000 കോടി രൂപയ്ക്കു മുകളിലാണ്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പെട്രോളിയം സബ്സിഡിത്തുക വെട്ടിക്കുറയ്ക്കുകയും ചെയ്തു. സാധാരണക്കാരെ സാരമായി ബാധിക്കുന്ന പാചകവാതക വിലവർധനയ്ക്കുള്ള ഏക പരിഹാരം സബ്സിഡി മാത്രമായതിനാൽ അത് അടിയന്തരമായി പുനഃസ്ഥാപിച്ചേതീരൂ. 

എൽപിജിയെക്കാൾ 30% ചെലവുകുറഞ്ഞ, 24 മണിക്കൂറും പൈപ്പിലൂടെ പാചക ആവശ്യത്തിനു ലഭ്യമാകുന്ന പ്രകൃതിവാതകം കേരളത്തിന്റെ അടുക്കളകളിൽ വാതകവിപ്ലവം സൃഷ്ടിക്കുമെന്നായിരുന്നു ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും. അതിലൂടെ, കുടുംബ ബജറ്റ് ചെലവുചുരുക്കാൻ ഒരു വഴിയും അവർ പ്രതീക്ഷിച്ചു. പക്ഷേ, പദ്ധതിക്ക് അനുമതി ലഭിച്ച് 6 വർഷമായിട്ടും ഇതുവരെ നൽകാനായത് എറണാകുളം ജില്ലയിലെ കളമശേരി, തൃക്കാക്കര നഗരസഭകളിലെ നാലായിരത്തിലേറെ അടുക്കളകളിൽ മാത്രം. എറണാകുളം ജില്ലയിലെ മറ്റു ചിലയിടങ്ങൾക്കു പുറമേ, മറ്റു ജില്ലകളിലും പ്രാരംഭ ജോലികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അടുക്കളയിൽ വാതകം ലഭിച്ചുതുടങ്ങിയിട്ടില്ല.  

തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക അനുമതികൾ ലഭിക്കാൻ വൈകുന്നതാണു പദ്ധതി ഇഴയാനുള്ള പ്രധാന കാരണമെന്നാണ് ആക്ഷേപം. അപേക്ഷ ലഭിച്ച് 21 ദിവസത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾ സിറ്റി ഗ്യാസ് പദ്ധതിക്കുള്ള അനുമതികൾ ലഭ്യമാക്കണമെന്നു സർക്കാർ മാസങ്ങൾക്കു മുൻപുതന്നെ കർശന നിർദേശം നൽകിയിരുന്നുവെങ്കിലും നടപടികൾക്കു വേഗം കൂടിയിട്ടില്ല. പിഎൻജി സംസ്ഥാനം മുഴുവൻ എത്തിക്കാൻ ഇനിയും വൈകിക്കൂടാ.

ഉപയോഗിക്കുന്ന വാതകത്തിനു മീറ്ററിലെ അളവുപ്രകാരമുള്ള വില നൽകിയാൽ മതിയെന്നതാണു പിഎൻജിയുടെ മറ്റൊരു നേട്ടം. സിറ്റി ഗ്യാസ് പദ്ധതി അടുക്കള വാതകവിതരണം മാത്രമല്ല ലക്ഷ്യംവയ്ക്കുന്നത്. വാഹന ഇന്ധനം (സിഎൻജി) ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗം തന്നെ. സിഎൻജി വാഹനങ്ങളുടെ എണ്ണം പെരുകുമ്പോഴും സ്റ്റേഷനുകളുടെ എണ്ണത്തിൽ പക്ഷേ വർധനയില്ല. കൂടുതൽ സിഎൻജി സ്റ്റേഷനുകൾ സ്ഥാപിച്ചാൽ വാഹന ഉടമകൾക്കും ചെലവു കുറഞ്ഞ ബദൽ ഇന്ധനവഴിയാവും തുറന്നുകിട്ടുക. 

വലിയ സാധ്യതകളുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ കാര്യത്തിൽ മെല്ലെപ്പോക്കു തുടരുന്നതു നിർഭാഗ്യകരമാണ്. പ്രകൃതിവാതകം കേരളത്തിൽ ലഭ്യമായിട്ടും വേണ്ടവിധം ഉപയോഗിക്കാനായില്ലെങ്കിൽ  അതു കാലത്തോടുള്ള അനീതികൂടിയാവുമെന്നു തീർച്ച.

English Summary: LPG prices affects kitchens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com