ഇതുവരെ പറഞ്ഞത് ഇതായിരുന്നില്ല

HIGHLIGHTS
  • കോവിഡ് അനന്തര ചികിത്സ: എപിഎൽ വിഭാഗത്തോട് ഹൃദയശൂന്യ നിലപാട്
thiruvananthapuram-yesterday-927-covid-positive
SHARE

കോവിഡ് ബാധിതരെ സൗജന്യമായി ചികിത്സിക്കുന്നുവെന്നതു ഭരണനേട്ടമായി പറഞ്ഞുകൊണ്ടിരിക്കുന്നതു സംസ്ഥാന സർക്കാർതന്നെയാണ്. രാഷ്ട്രീയ പ്രചാരണമായിത്തന്നെ ഇത് ഉപയോഗിച്ചുവരികയും ചെയ്യുന്നു. എന്നിട്ടും, സർക്കാർ ആശുപത്രികളിൽ കോവിഡ് അനന്തര ചികിത്സയ്ക്കെത്തുന്ന എപിഎൽ വിഭാഗത്തിൽനിന്നു പണം ഈടാക്കാൻ തീരുമാനിച്ചത് അനുചിതവും വിവേചനപരവുമാണെന്ന പരാതി ഗൗരവമുള്ളതാണ്. സാങ്കേതികമായി എപിഎൽ വിഭാഗത്തിലാണെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിനുപേരെ ആശങ്കപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ തീരുമാനം. 

കോവിഡ് വന്നുപോയവരിൽ ചിലർക്കെങ്കിലും തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അതിനുവേണ്ട ചികിത്സച്ചെലവും കേരളത്തിലെ എത്രയോ കുടുംബങ്ങളെ കഷ്ടസ്ഥിതിയിലാക്കിയിട്ടുണ്ട്. കോവിഡ് അനന്തരം അതിസങ്കീർണമായ രോഗാവസ്ഥകളിലേക്കു പോകുന്നവരും കുറവല്ല. കോവിഡ് ബാധിതരുടെ ചികിത്സയിലും പരിചരണത്തിലും ശ്രദ്ധയൂന്നുന്ന നമ്മുടെ സർക്കാർസംവിധാനങ്ങൾ  കോവിഡ് അനന്തര ചികിത്സയോടു കാണിക്കുന്ന വിവേചനസമീപനത്തിനു ജനപക്ഷത്തുനിന്നു ന്യായീകരണമില്ലെന്നു തീർച്ച. 

എല്ലാ ചികിത്സകളും സൗജന്യമായിരുന്ന സർക്കാർ ആശുപത്രികളിൽ ഇതുവരെ പേ വാർഡിനു മാത്രമാണു തുക ഈടാക്കിയിരുന്നത്. പുതിയ തീരുമാനപ്രകാരം, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്പ്) റജിസ്റ്റർ ചെയ്തവർക്കും ബിപിഎൽ വിഭാഗങ്ങൾക്കും മാത്രമേ ഇനി സർക്കാർ ആശുപത്രികളിലെ കോവിഡ് അനന്തര ചികിത്സ സൗജന്യമായിരിക്കൂ. കോവിഡ് അനന്തര ചികിത്സയ്ക്കു സ്വകാര്യ ആശുപത്രികൾക്കു പരമാവധി വാങ്ങാവുന്ന നിരക്കിനൊപ്പമുള്ള ഉത്തരവിലാണു സർക്കാർ ആശുപത്രികളിലെ നിരക്കും ഉൾപ്പെടുത്തിയിരിക്കുന്നത്. എപിഎൽ വിഭാഗത്തിൽപ്പെട്ടവർ കോവിഡ് അനന്തര ചികിത്സയ്ക്കു ജനറൽ വാർഡിൽ കഴിഞ്ഞാൽ ദിവസം 750 രൂപ നൽകണമെന്ന വ്യവസ്ഥ കഷ്ടസാഹചര്യങ്ങളിലേക്കാവും ഒട്ടേറെപ്പേരെ കൊണ്ടുപോവുക. 

കയ്യിൽ പണമുള്ളവർക്കെന്തിനാണു സൗജന്യ ചികിത്സ എന്നാണു സർക്കാർ ന്യായമെങ്കിൽ ബിപിഎൽ, എപിഎൽ വിഭജനം എത്ര ശാസ്ത്രീയമാണെന്നും കുറ്റമറ്റതാണെന്നുമുള്ള ചോദ്യം സ്വാഭാവികമായും അതോടൊപ്പം ചേർത്തുവ‌യ്ക്കേണ്ടിവരും. സംസ്ഥാനത്തെ 90.67 ലക്ഷം കുടുംബങ്ങളിൽ 51.77 ലക്ഷവും എപിഎൽ വിഭാഗത്തിലാണ്. 3.54 കോടി ജനങ്ങളുള്ള കേരളത്തിൽ കേന്ദ്ര നിയന്ത്രണം അനുസരിച്ച് 1.54 കോടി ആളുകളെ മാത്രമേ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. സർക്കാർ ജോലിയോ മറ്റോ ലഭിക്കുമ്പോൾ ഇവരിൽ ആരെങ്കിലും എപിഎൽ   വിഭാഗത്തിലേക്കു മാറിയാൽ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുന്നതിനു ലക്ഷക്കണക്കിനുപേരാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. കോവിഡ്കാല വരുമാനനഷ്ടം എത്രയോ എപിഎൽകാരെ സാമ്പത്തികമായി തളർത്തിയിട്ടുമുണ്ട്. 

ഗൗരവമുള്ള കോവിഡ് അനന്തര ആരോഗ്യപ്രശ്നമുണ്ടായാൽ ചികിത്സയ്ക്കാവശ്യമായ വൻതുക ഇവരുടെയൊക്കെ കയ്യിലുണ്ടെന്നാണോ സർക്കാർ കരുതിയിരിക്കുന്നത്? പണം കൊടുത്ത് ഇവർ ചികിത്സിക്കണമെന്നാണു സർക്കാർ കരുതുന്നതെങ്കിൽ അതു സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വലയുന്ന ഒട്ടേറെ കുടുംബങ്ങളെ മറന്നുള്ള ചിന്തയാണെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ ആശുപത്രികളിൽ 60 ശതമാനത്തിലേറെയും സ്വകാര്യമേഖലയിലാണ്. കോവിഡ് അനന്തര ചികിത്സയ്ക്കു വൻതുക ഇനി നൽകേണ്ടിവരുമെന്ന ആധിയിലാണു സാധാരണക്കാർ. കോവിഡ് കാലമായതിനാൽ കാസ്പിൽ അംഗത്വം എടുക്കാൻ പതിനായിരക്കണക്കിനു കുടുംബങ്ങൾക്കു സാധിച്ചിട്ടില്ലെന്നതു മറ്റൊരു യാഥാർഥ്യം.

സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയെന്ന പതിറ്റാണ്ടുകളായുള്ള നയത്തിൽനിന്നു മെല്ലെ പിന്മാറുന്നതിനു മുന്നോടിയാണിതെന്നും വിമർശനമുണ്ട്. രാജ്യത്തു കേരളത്തിൽ മാത്രമാണു കോവിഡ് ചികിത്സ മുഴുവൻ സൗജന്യമായി നൽകുന്നതെന്നും തുടക്കം മുതൽ സൗജന്യ ചികിത്സയാണിവിടെയുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻതന്നെ മുൻപു പറഞ്ഞിട്ടുണ്ട്. സാങ്കേതികമായി എപിഎൽ വിഭാഗത്തിൽ ഉൾപ്പെടുകയും അന്നന്നത്തെ അന്നത്തിനുപോലും ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒട്ടേറെപ്പേർ, ഇപ്പോഴത്തെ തീരുമാനം കേട്ട് അന്നു മുഖ്യമന്ത്രി പറഞ്ഞതു ഓർമിക്കുന്നുണ്ടാവുമെന്നുറപ്പ്.

English Summary: Post Covid treatment charges in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA