ADVERTISEMENT

ആർ‌ടി‌ഐ അപ്പീൽ അപേക്ഷകളുടെ എണ്ണക്കൂടുതൽ കാരണം കേരളത്തിൽ കൂടുതൽ വിവരാവകാശ കമ്മിഷണർമാരെ നിയമിക്കാത്തതിൽ സർക്കാരിനെ സുപ്രീം കോടതി വിമർശിച്ചത് അടുത്തിടെ. കൂടുതൽ ആർ‌ടി‌ഐ കമ്മിഷണർമാരെപ്പോലെതന്നെ നമ്മുടെ സംസ്ഥാനത്തും ആർ‌ടി‌ഐ വെബ്‌സൈറ്റ് തീർച്ചയായും ആവശ്യമാണ്. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ആർടിഐയ്ക്ക് അവരുടെ സംസ്ഥാന വെബ്സൈറ്റ് ഉണ്ട്, പക്ഷേ നമുക്കില്ല. സാങ്കേതികവിദ്യ ഇത്രയധികം മെച്ചപ്പെട്ടകാലത്തും നമുക്കൊരു സംസ്ഥാന വിവരാവകാശ വെബ്സൈറ്റ് ഇല്ലെന്നതു നാണക്കേടാണ്. എല്ലാ വകുപ്പുകളെയും സർക്കാർ ഓഫിസുകളെയും ഉൾപ്പെടുത്തി വെബ്സൈറ്റ് തയാറാക്കാൻ സർക്കാർ തയാറാകണം. 

എം.ഇബ്രാഹിം ബാദ്ഷ, എരിമയൂർ, പാലക്കാട്

മാതൃഭാഷാപഠനം നിർബന്ധമാക്കണം

കേരളത്തിൽ എസ്എസ്എൽസി പരീക്ഷ വിജയിക്കുന്ന കുട്ടികളിൽ പലർക്കും മലയാളം ശരിയായി എഴുതാനും വായിക്കാനും അറിയില്ല എന്ന സത്യം വിദ്യാഭ്യാസവകുപ്പിലെ ഉന്നതർ മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും പ്രാഥമികതലത്തിൽ മാതൃഭാഷയ്ക്കു പ്രാധാന്യം കൊടുക്കുമ്പോൾ അങ്ങനെ ചെയ്യാത്ത ഏകസമൂഹമായിരിക്കും നമ്മൾ. മാതൃഭാഷ അറിയാത്ത തലമുറ വളർന്നുവരുന്നതു നാടിന്  നാണക്കേടാണ്. വിദേശത്തു ജോലികിട്ടാൻ ഇംഗ്ലിഷ് പഠിക്കണമെന്നാണു മാതാപിതാക്കളുടെ നിർബന്ധം. വിദേശത്തു ജോലിക്കുപോകാനാണോ നാം കുഞ്ഞുങ്ങളെ വളർത്തുന്നതും പഠിപ്പിക്കുന്നതും. മലയാളപഠനം സ്കൂൾ വിദ്യാർഥികൾക്കു നിർബന്ധമാക്കാൻ അധികൃതർ ശ്രദ്ധിക്കണം.

സി.കെ.പൗലോസ്, വെങ്ങോല, എറണാകുളം

അതിതീവ്ര ഹെഡ് ലൈറ്റ് ദുരുപയോഗം തടയണം

ഇപ്പോൾ നിരത്തിലിറങ്ങുന്ന ചില വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള അതിതീവ്ര ഹെഡ് ലൈറ്റ് പലരും ദുരുപയോഗം ചെയ്യുകയാണ്. പലപ്പോഴും ഈ വാഹനങ്ങൾ മുൻപേ പോകുന്ന വാഹനങ്ങളെ മറികടക്കുന്ന വേളയിൽ തുടരെത്തുടരെ ഫ്ലാഷ് അടിക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാകാൻ കാരണമാകുന്നു. അപകടമുണ്ടാക്കുംവിധം അതിതീവ്രലൈറ്റ് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണം. 

സുരേഷ് ബാബു, തൃശൂർ

ലാഭം നോക്കുന്ന സർക്കാർ

സർക്കാരിന്റെ നോട്ടം ഇപ്പോൾ ലാഭമുണ്ടാക്കുന്ന വഴികളെക്കുറിച്ചാണെന്നു തോന്നുന്നു. സർക്കാർ ആശുപത്രികളിലെ എപിഎൽ രോഗികൾക്കുള്ള കോവിഡ് അനന്തര ചികിത്സയ്ക്കു നിരക്ക് നിശ്ചയിച്ച നടപടി ഇതിന്റെ സൂചനയാണ്. ആശുപത്രികളിൽ എല്ലാവർക്കും കോവിഡ് പരിചരണം സൗജന്യമാണെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് മൂലമുള്ള സാമ്പത്തിക നഷ്ടത്തെ അതിജീവിക്കാൻ ജനങ്ങൾ പാടുപെടുന്ന സമയത്ത്, രോഗത്തിന്റെ കെടുതികൾക്കൊപ്പം, സർക്കാർ സൗജന്യ ആരോഗ്യ പരിരക്ഷ ഉപേക്ഷിക്കുന്നത് നിർദയ നടപടിയാണ്.

കെ.എ.സോളമൻ, എസ്എൽ പുരം, ആലപ്പുഴ

കടലിന് കവചം തീർക്കാൻ കാറ്റാടി മരങ്ങൾ വേണ്ട

കടൽത്തീരം സംരക്ഷിക്കാൻ കണ്ടൽചെടികളോടൊപ്പം കാറ്റാടി മരങ്ങളും നടാനുള്ള തീരുമാനം പരിശോധിക്കണം. കാറ്റാടി മരങ്ങൾ മണ്ണൊലിപ്പു തടയാനും പല സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പൂവും പൂമ്പൊടിയും നാട്ടിൽ വ്യാപിക്കുന്നതു ജനങ്ങളിൽ ശ്വാസം മുട്ടലും അലർജിയും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്.   മുൻപു വ്യാപകമായി നട്ടുവളർത്തിയിരുന്ന അക്കേഷ്യ മരങ്ങൾ ഇപ്പോൾ ഒഴിവാക്കുന്നതും ഇതുകൊണ്ടാണ്. കണ്ടൽമരങ്ങളും പ്രകൃതിയും സംരക്ഷിക്കാൻ നമ്മുടെ കാലാവസ്ഥയ്ക്കും ജനങ്ങൾക്കും അനുയോജ്യമായ മരങ്ങൾ നടാൻ അധികാരികൾ ശ്രദ്ധിക്കണം. 

കാവല്ലൂർ ഗംഗാധരൻ, ഇരിങ്ങാലക്കുട, തൃശൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com